Homeവായനആഹിർ ഭൈരവ് (കഥകൾ)

ആഹിർ ഭൈരവ് (കഥകൾ)

Published on

spot_imgspot_img

വായന

രമേശ് പെരുമ്പിലാവ്

ആഹിർ ഭൈരവ് (കഥകൾ)
ഷാജി ഹനീഫ്
പാം പബ്ലിക്കേഷൻസ്

ഒരു ചെറിയ സംഭവം എങ്ങനെ കഥയാക്കാം എന്നു പറഞ്ഞു കൊണ്ട് തുടങ്ങാം. നമ്മളിങ്ങനെ ഒരു ബസ് സ്റ്റാൻഡിൽ ബസ് പുറപ്പെടാൻ കാത്തിരിക്കുന്നു. അപ്പോൾ ഒരു പയ്യൻ നാരങ്ങയുമായി വരുന്നു. ചിലർ നാരങ്ങ വാങ്ങുന്നു. ഒരു കൂട്ടർ വീട്ടിലേക്ക് കൊണ്ടു പോകുന്നു. മറ്റു ചിലർ അവിടെ ഇരുന്ന് കഴിക്കുന്നു തൊലി പുറത്തേയ്ക്ക് എറിയുന്നു. ഇതൊക്കെയാണ് ആ നാരങ്ങ വിൽക്കുന്ന പയ്യൻ്റെ വരവ് സാധാരണക്കാരിൽ ഉണ്ടാക്കുന്നത്.

എന്നാൽ എഴുതാൻ അറിയുന്ന ഒരാൾക്ക് ചിന്തകളെ ഉപയോഗിക്കാം ഭാവനയെ കൂട്ടുപിടിക്കാം. അതിൽ കഥയും കവിതയും കണ്ടെത്താം. ഈ നാരങ്ങ ഉണ്ടായ മലയടിവാരത്തിലെ തോട്ടത്തെക്കുറിച്ച് ചിന്തിക്കാം. അതിലൊരു കാവൽക്കാരനുണ്ടെന്ന് സങ്കൽപ്പിക്കാം. കാവൽക്കാരനൊരു പ്രണയമുണ്ടെന്ന് വിചാരിക്കാം. ആരുമില്ലാത്ത നേരങ്ങളിൽ അയാളുടെ കാമുകി അയാളെ തേടി വരുന്നുണ്ടാവാം. പ്രണയവും രതിയും അവരുടെ സ്വപ്നങ്ങളും എഴുതാം. തോട്ടം മുതലാളി കാവൽക്കാരനില്ലാത്ത സമയത്ത് അയാളുടെ കാമുകിയെ ഉപദ്രവിച്ചെന്നോ, ആ പെൺകുട്ടി കൊല്ലപ്പെട്ടുവെന്നോ, പ്രതികാരമായി കാവൽക്കാരൻ മുതലാളിയെ കൊല ചെയ്ത്, ജയിലിൽ പോയി എന്നൊക്കെ നമ്മുടെ ഭാവനയിൽ വിരിയിച്ചെടുക്കാം. വെറുമൊരു നാരങ്ങ വിൽക്കുന്ന കുട്ടിയിൽ ഏതു വിധമാണ് കല കൂടിച്ചേർന്ന് കഥയായി മാറുന്നത്. ഒരു എഴുത്തുകാരൻ എങ്ങനെ ഒരു ചെറിയ സംഭവം കഥയാക്കുന്നുവെന്ന് സൂചിപ്പിച്ചതാണ്. ഷാജി ഹനീഫിന്റെ അപൂർണ്ണവൃത്തങ്ങൾ എന്ന കഥയിൽ അങ്ങനെ ഒരു സംഭവം ഉണ്ട്. കാഴ്ചയെ ഭാവനയാൽ വികസിപ്പിക്കുന്നത്.

ramesh-perumbilaavu
രമേശ് പെരുമ്പിലാവ്

ഷാജിയുടെ ആഹിർ ഭൈരവ് എന്ന കഥാസമാഹാരം വായിച്ചു തുടങ്ങാം. ഒരു ചെറിയ കഥയിലൂടെയാണ് തുടക്കം. “തമോഃശാന്തി ” എന്നാണ് ആദ്യ കഥയുടെ പേര്. ഇതൊരു പല്ലൻ കഥയാണ്. പാൽപ്പല്ലു മുളച്ചതു മുതൽ ഉള്ള പല്ല് വിശേഷങ്ങളുടെ ഈ കഥയിൽ കഥാകൃത്ത് എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. തുപ്പിയ കറുപ്പ് ഇരുട്ടായി വീടിനെ മൂടിയപ്പോൾ ഭയലേശമന്യേ അവൻ ഉമ്മറപ്പടി കയറാനാഞ്ഞു. അകത്തുനിന്ന് അമ്മയുടെ സ്നേഹസ്വരം. മോനേ… സൂക്ഷിച്ച് … എങ്കിലും ആ ഇരുട്ടിൽ സുരക്ഷിതത്വം തോന്നി. എന്ന് പറഞ്ഞ് കഥ അവസാനിപ്പിക്കുന്നു. ആദ്യ കഥ തന്നെ വായനക്കാരന് ക(പ)ല്ലുകടി ആവേണ്ടിയിരുന്നില്ല.

ആദ്യ കഥയിലൂടെ വായനക്കാരനിൽ (എന്നിൽ) മടുപ്പുണ്ടാക്കിയ കഥാകാരൻ വിടരാൻ കൊതിച്ച് എന്ന രണ്ടാം കഥയിലൂടെ താന്നൊരു അസ്സൽ കഥപറച്ചിലുകാരനാണെന്ന് വിഷ്വൽ സാദ്ധ്യതകളെ വരച്ചിട്ട് ഹൃദ്യമായൊരു വിശുദ്ധ പ്രണയ കഥ, കാവ്യം പോലെ പറഞ്ഞു. കഥയിലെ ബാക്കു എന്ന നായകൻ ഫാന്റസിയുടെ തലത്തിലേക്ക് കഥയെ കൊണ്ടു പോകുന്നത് വായനക്കാരന് മനസ്സിലാവുന്നത് കുഞ്ഞായിശയുടെ ഗദ്ഗദത്തോടെയുള്ള ആത്മഗദത്തിൽ നിന്നാണ്. അതു വരെ മറ്റൊന്നായിരുന്ന കഥയെ തകിടം മറിക്കുന്നു ഉമ്മയുടെ ആ വാചകം. നല്ല കഥ, നല്ല ഭാഷ. അതിനുമപ്പുറം കാഴ്ചയെ വായനയിലേക്ക് കൊണ്ടുവരുന്ന ചിത്രങ്ങൾ ഒരുക്കിയ ഒരു പാട് ഫ്രെയിമുകൾ ഈ കഥയിലുണ്ട്.

മൂന്നാമത്തെ കഥയായ ഒട്ടകപ്പാതകളിൽ എത്തുമ്പോൾ കഥാകാരൻ പ്രവാസത്തിന്റെ കഥയിലേക്ക് കടക്കുന്നു. മരുഭൂമിയും മലയും ഒട്ടകജീവിതവുമൊക്കയാണ് ഈ കഥയുടെ ഭൂമിക. ചിറ്റഗോംഗ്കാരനായ ഒമർ എന്ന ബാലനെ ആദ്യമായി സദ്ദാം എന്ന കഥയിലെ കേന്ദ്ര കഥാപാത്രം കണ്ടുമുട്ടുന്നതും തന്റെ തന്നെയൊരു അവസ്ഥയെ അവനിലൂടെ കാണാൻ ശ്രമിക്കുന്നതും സ്വപ്നത്തിൽ പോലും അവൻ കടന്നു വരുകയും അവനെ തേടി ജബൽ നൂർ മലയുടെ താഴ്വാരത്തിലേക്ക് ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നതുമെല്ലാം സമർത്ഥമായ കൈയ്യടക്കത്തോടെ പറയാൻ കഥാകാരന് സാധിക്കുന്നുണ്ട്. പ്രകൃതിയൊരു കഥാപാത്രമായി കഥയിൽ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞ കഥയാണ് ഒട്ടകപ്പാതകൾ.

നാലാമത്തെ കഥ വ്യർത്ഥ ജ്യാമിതി. പ്രവാസത്തിന്റെ ദാമ്പത്യ ജീവിതശൈഥില്യങ്ങളെ വരച്ചിടുന്ന ഈ കഥയിൽ കുടുംബ ജീവിതവും, പ്രണയവും, വ്യഭിചാരവും ജാരസംസർഗവും വിശ്വാസ വഞ്ചനയും പറയുന്നുണ്ട്. കഥ പറയാൻ കണക്കുകളെ കൂട്ടുപിടിച്ച ഭാഷാശൈലി ശീർഷകം മുതലേ ഈ കഥയിൽ മുഴച്ച് നിൽക്കുന്നു. വളരെ ക്ലീഷേ പ്രയോഗങ്ങളുള്ള ഈ കഥ എന്നിലെ വായനക്കാരനെ ഒട്ടും തൃപ്തിപ്പെടുത്തുന്നില്ല. എന്നാൽ ഷാജിയിലെ എഴുത്തുകാരനെ അടയാളപ്പെടുത്തുന്ന ചില പ്രയോഗങ്ങൾ ഈ വരികളിൽ കണ്ടെത്താൻ പറ്റുന്നുണ്ട്.

‘കൊക്കിൽ നിന്ന് താഴെ ജലത്തിലേക്കു വീണ മീൻ തേടി പരാജയപ്പെട്ട കടൽക്കാക്ക മദ്ധ്യാഹ്നത്തിന്റെ മഞ്ഞളിപ്പിൽ അബ്രയിലേക്കു വയറുന്തിനിൽക്കുന്ന ബാങ്ക് കെട്ടിടത്തിൽ പ്രതിബിംബിച്ച് പറന്നകന്നു.’ ഈ കഥയിൽ നിന്നും കിട്ടിയ നല്ല വരികളിലൊന്ന്.
തീവണ്ടിയാത്രയുടെ കാഴ്ചകൾ പങ്കുവെച്ച അഞ്ചാമത്തെ കഥയായ ഗമനം പ്രത്യേകിച്ച് എന്തെങ്കിലും പറയുന്നുണ്ടെന്ന് തോന്നിയില്ല. എഴുതാൻ കഴിവുള്ള ഒരാളുടെ വെറും ഒരു വിവരണം മാത്രമാണ് ഈ കഥ.

ആറാമത്തെ കഥയായ അപൂർണ്ണവൃത്തങ്ങൾ പറയുന്നതും തീവണ്ടിയാത്ര തന്നെയാണ്. തൊട്ട് തൊട്ട് രണ്ട് കഥകൾ ഒരേ വിഷയം പറയുന്നു. എനിക്ക് തോന്നിയത് ഈ രണ്ട് കഥകളും കൂടി ഒരൊറ്റ കഥയാക്കാമായിരുന്നുവെന്നാണ്. ഈ കഥ, മിന്നി മറയുന്ന ചില കാഴ്ചകളിൽ എങ്ങനെ ഒരു കഥ കണ്ടെത്താമെന്ന് കഥാകാരൻ പറഞ്ഞു തരുന്നു.

ഒരു വണിക്കിന്റെ പുനഃപ്രവേശം, മൂന്നാം ലോകം എന്നിവയാണ് ഏഴും എട്ടും കഥകൾ. രണ്ട് കാലങ്ങളെ അവതരിപ്പിക്കുന്ന രണ്ട് കഥകൾ. വണിക്കിന്റെ കഥയിൽ വിഥേയത്വവും പിടിപ്പുകേടും കുത്തക മുതലാളിത്വത്തിനോ അധിനിവേശത്തിനോ കീഴടങ്ങുന്ന കഥ പറയുമ്പോൾ, മൂന്നാം ലോകം മനുഷ്യന്റെ വെട്ടിപ്പിടിക്കലുകളുടെ വേഗതയെ വരച്ചിടുന്നു. മനുഷ്യന്റെ ഈ കണ്ണും മൂക്കും ഇല്ലാത്ത പാച്ചിൽ ഏത് ദുരന്തിലേക്കുള്ള പലായനമാണെന്ന് കഥാകാരൻ ആശങ്കപ്പെടുന്നു.

തിരയിളക്കമില്ലാത്ത നദിക്കു മുകളിൽ പാലം, ഒരു അലസനായ ഭോഗിയെ പോലെ മുതുകു വളച്ചു നിന്നു. പിറവം കൊള്ളാൻ വെമ്പുന്ന നവീന സംസ്കാരങ്ങളുടെ അണ്ഡകോശങ്ങൾ ആഴങ്ങളിലെവിടെയോ നിരാശയോടെ ഉഴറി നടന്നു. അർക്കൻ അണയാൻ ഒരു ചാൺ ബാക്കിനിൽക്കെ നക്ഷത്രങ്ങളില്ലാത്ത ആകാശത്ത് രാജാളിപ്പക്ഷി ഒരു വെള്ളരിപ്രാവിനെ കൂർത്ത് മൂർത്ത കാൽനഖങ്ങളിൽ കുരുക്കി ദൂരെ മങ്ങിക്കാണുന്ന വിൻഡ് ടവർ ലക്ഷ്യമാക്കി പറന്നകന്നു. (മൂന്നാം ലോകം)

എത്ര കൃത്യമായ പ്രയോഗങ്ങളിലൂടെയാണ് എഴുത്തുകാരൻ ഭാഷയെ കഥയിൽ അടയാളപ്പെടുത്തുന്നത് എന്നറിയാൻ ഈ വരികൾ ധാരാളം. പ്രവാസത്തിന്റെ പൊട്ടക്കുളത്തിന്റെ ലേബലിനപ്പുറത്തേയ്ക്ക് സാഹിത്യ മേലാളന്മാരുടെ, നിരൂപകവൃന്ദങ്ങളുടെ അയലത്ത് എത്താതെ പോകുന്നു ചില കഥകൾ. മുഖ്യധാരാ പരിസരങ്ങളിൽ മുഖചിത്രമാകുന്ന ചില കഥയെഴുത്തുകാർ എഴുതിയതാണ് ഈ രണ്ടു കഥകളുമെങ്കിൽ ഇവയുടെ വിധി മറ്റൊന്ന് ആവുമായിരുന്നു.

shaji haneef
ഷാജി ഹനീഫ്

ഒമ്പതാമനായി വരുന്ന അതിഥി എന്ന കഥ ചില ദുരൂഹതകൾ ബാക്കിവെച്ച് അവസാനിക്കുന്നു. രഘുവിന്റെ അടുത്തു നിന്നും വരുന്നയാൾ, രമണിയ്ക്കായ് കൊണ്ടുവരുന്ന പാർസലും, കത്തും. എതിരേൽക്കാൻ ഒരു പവിത്രേട്ടൻ. ഒന്നും തെളിയിച്ച് പറയാതെ ഞാൻ എന്ന കഥാപാത്രം മടങ്ങിപ്പോകുന്നു. ശേഷം വായനക്കാരന് ചിന്തിക്കാം. കഥയിൽ പലതും അവ്യക്തമെങ്കിലും മനോഹരമായ ഭാഷാപ്രയോഗങ്ങളാൽ ഈ കഥയും എഴുത്തുകാരന്റെ വാക്ചാതുര്യം വെളിപ്പെടുത്തുന്നു.

അനന്തരം കഥ തുടരുകയാണ് പത്താമത്തെ കഥയിൽ നമ്മൾ എത്തി നിൽക്കുമ്പോൾ കഥാകൃത്ത് തന്റെ മുൻ കാലങ്ങളിൽ നിന്നും കുതറി മാറി ഉത്തരാധുനിക ചെറുകഥകളുടെ ക്രാഫ്റ്റിലേക്ക് കഥയെ കൊണ്ടു വരുന്നു. തൊണ്ണൂറുകൾ മുതല്‍ ആവിര്‍ഭവിച്ച ഭാവുകത്വത്തെയാണ് ഉത്തരാധുനികതയെന്നു പൊതുവെ വിശേഷിപ്പിക്കുന്നത്. തൊണ്ണൂറുകൾക്ക് മുമ്പുള്ള തലമുറയില്‍പ്പെട്ടവരുടെ ഒരു തുടർച്ചയായി ഈ പ്രവണതയെ കാണാം. തോമസ് ജോസഫ്, വി.വിനയകുമാര്‍, അശോകന്‍ ചരുവില്‍, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി, ഉണ്ണി ആര്‍. തുടങ്ങിയ ഒട്ടേറെ കഥാകൃത്തുക്കള്‍ ഇത്തരം പരീക്ഷണങ്ങൾ കഥയിൽ നടത്തിയിട്ടുണ്ട്.

“ഹേ … കഥാകൃത്തേ … ഇതിൽ അതിശയിക്കാനെന്തിരിക്കുന്നു. കഥകളുടെ ചരിത്രം അറിയാത്തതുകൊണ്ടാണ് നിങ്ങളിങ്ങനെ വ്യാകുലപ്പെടുന്നത്. കാലദേശാനുവർത്തികളായ ഒരു രചനയും കഥാകൃത്തിന്റേതല്ല. വാത്മീകിയും ഷെഹർ സാദെയും, ഈസോപ്പും എന്തിനേറെ ദേശക്കാരായ വരരുചിയും, വിക്രമാദിത്യ വേതാളം പോലും കഥാപാത്രങ്ങളേക്കാൾ ഒരു നിലക്ക് കഥാകൃത്തുക്കളായിരുന്നു.

ചിത്രായുധൻ എന്ന എഴുത്തുകാരനെ, താൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ തിരുത്താൻ ശ്രമിക്കുകയാണ്. ഒരു വേള എഴുത്തുകാരനിൽ നിന്നും തൂലിക തട്ടിയെടുത്ത് കഥ തന്നിഷ്ടപ്രകാരം മുന്നോട്ട് കൊണ്ടുപോകാൻ കഥാപാത്രം ഇടപെടൽ നടത്തുന്നു. അനന്തരം കഥ മറ്റൊരു തരത്തിൽ തുടരുകയാണ്.
മൂകസാഗരം എന്ന പതിനൊന്നാമത്തെ കഥയിൽ എത്തി നിൽക്കുമ്പോൾ, പ്രത്യേകിച്ച് ഒന്നും പറയാനില്ലാതെ ഈ കൊച്ചു കഥയ്ക്കു മുന്നിൽ ഞാനും മൂകനാവുന്നു.

‘മഹായാനം’ കഥ പന്ത്രണ്ട് . കളിക്കൂട്ടുകാരായ രണ്ട് പേർ. ഒരു പോലെ ജീവിച്ച, ഒരേ ജീവിതാനുഭങ്ങളുള്ളവർ വ്യത്യസ്ത ആശയങ്ങളുടെ പേരിൽ വിരുദ്ധ ദ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു. രാഷ്ട്രീയം വിഷയമാവുന്നതാണ് ഈ കഥ.
സ്വയം ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ കൊല ചെയ്യപ്പെടുന്ന കൂട്ടുകാരിൽ ഒരുവൻ. നീതിപീഠം നൽകിയ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മറ്റേയാൾ. പശ്ചാതാപ വിവശനായ ഈ കഥാപാത്രം തന്റെ അന്തിമ വിധിയെ കുറിച്ച് ആകുലപ്പെടുന്നു. വർത്തമാന രാഷ്ട്രീയ വൈര്യങ്ങളിൽ ബലിയാടാവുന്നവരുടെ കഥ പറയുന്നു മഹായാനം എന്ന കഥ.

അധിനിവേശം പതിമൂന്നാം നമ്പറിലെ കഥയാണ്. ആധുനികയുഗം തന്നെയായിരുന്നു അധിനിവേശത്തിന്റെ അന്ധകാരയുഗവും. പടിഞ്ഞാറന്‍ നാഗരികതയുടെ ചരിത്രകാരന്മാര്‍ വിവരിച്ചുപോന്നിട്ടുണ്ട്. ഈ അന്ധകാരയുഗത്തെ ഭേദിച്ച് നവോത്ഥാനത്തിന്റെയും ആധുനികതയുടെയും വെളിച്ചം പൊട്ടിക്കിളിര്‍ത്തതായും ലോകമെമ്പാടും പരന്നതായും നവോത്ഥാനചരിത്രകാരന്മാര്‍ പറഞ്ഞുപോന്നിരുന്നു.

എന്നാല്‍, നവോത്ഥാനത്തിന്റെയും ആധുനികതയുടെയും യുഗം എന്ന് അവര്‍ പേരിട്ടുവിളിച്ച അതേ കാലയളവ് തന്നെ ഭൂമിയുടെ മറുപകുതിയിലെ-ആഫ്രോ, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ – കോടാനുകോടി മനുഷ്യരെ സംബന്ധിച്ചിടത്തോളം മറ്റൊരു അന്ധകാരയുഗത്തിന്റെ ആരംഭമായിരുന്നു. ലളിതമായി പറഞ്ഞാല്‍ ആധുനികതയോടൊപ്പം പിറന്ന ഈ അന്ധകാരയുഗത്തിന്റെ പേരാണ് അധിനിവേശം. മരുഭൂമിയുടെ എല്ലാ സാദ്ധ്യതയും ഉപയോഗിച്ച് എഴുതിയ കഥയാണ് അധിനിവേശം. കഥയിലേക്ക് നിരവധി ബിംബങ്ങളെ കൊണ്ടുവരാൻ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്.

അധിനിവേശത്തിന്റെ കരടിക്കൂട്ടം കടന്നുവരുന്നതും, നാം അവരെ വിശിഷ്ട അതിഥികളെ പോലെ വിരുന്നൊരുക്കി സ്വീകരിക്കുന്നതും അവർ നമ്മെ കീഴടക്കുന്നതും നമ്മുടെ യുവത ഹിമ കരടികളുടെ കൂർത്ത നോട്ടങ്ങളെ നേരിടാനാവാതെ ഓടിയൊളിക്കുന്നതും ഈ കഥ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളാണ്.
കഥ പതിനാല് ജനിമൃതികൾ അവർക്കു നൽകിയത്. ഈ കഥ വായിച്ചപ്പോൾ സലീം ഇന്ത്യ (കേച്ചേരി) എഴുതിയ ഖബറുകൾ എന്ന കഥ ഓർമ്മ വന്നു. മയ്യത്ത് കാത്ത് കിടന്ന് ഏകാന്തത സഹിക്കാനാവാതെ ഒരു ഖബർ കുഴിവെട്ടുകാരനെ തന്നെ കുഴിയിലേക്ക് ക്ഷണിക്കുന്ന കഥ.

നാളുകളായി ഒരു മരണവും നടക്കാത്ത മഹല്ലിലെ കുഴിവെട്ടുകാരനാണ് കലന്തൻ. പരമ്പരകളായി ഖബറുവെട്ടുകാരാണ് കലന്തന്റെ കുടുംബം. പള്ളിക്കാട് അയാൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. താൻ വെട്ടിയിട്ട ഖബറിനടുത്ത് ഇരിക്കുമ്പോഴാണ് കലന്തൻ ഒരു നാൾ ആ ചോദ്യം കേൾക്കുന്നത്. ” അല്ല കലന്തോ നീയെപ്പളാ വരാ?” ഖബർ അത് ചോദിച്ചു തീർന്നില്ല. അതിനു മുമ്പേ സംഭ്രമത്താൽ കെട്ടി മറിഞ്ഞ് ഖബറിലേക്ക് വീണു കലന്തൻ.

” ഇങ്ങനെ വേണ്ട. നിനക്കിപ്പൊ ജീവനുണ്ട്. നിന്നെ നാറീട്ടും വയ്യ കലന്തോ. ഇന്ന് പതിരായ്ക്ക് നീ മരിക്കും. നാളെ വെള്ളിയാഴ്ചയാണല്ലോ. ജുമുഅക്കു മുൻപ് ലന്തങ്കോട്ടുകാർ നിന്നെ കുളിപ്പിക്കും. കുളിപ്പിച്ചു മൈലാഞ്ചി വിതറി സുന്ദരമാക്കിയ മയ്യത്തായി പനിനീരും പിന്നെ ജന്നത്തുൽ ഫിർദൗസ് എന്ന സെൻറും പൂശി സുഗന്ധപ്പെടുത്തിയ മയത്തായി, മൂക്കിലും ചെവിയിലും കയ്യിന്റെ കക്ഷങ്ങളിലും കാലിന്റെ ഒടിയിലും പഞ്ഞി വെച്ചലങ്കരിച്ച മയ്യത്തായി നല്ല അസ്സല് മൽ മലിന്റെ തുണിയിൽ കഫൻ ചെയ്ത അന്തസ്സുള്ള മയ്യത്തായി ജുമുഅയുടെ കുത്തുബക്കു മുൻപ് നീ വരണം. നിനക്കു വേണ്ടി ഞാൻ കാത്തു കാത്തിരിക്കും.

തർക്കത്തിനൊടുവിൽ കുതിരയെപോലെ കുതിച്ച് കുനകുത്തി കലന്തൻപള്ളിക്കാട്ടിൽ നിന്നും ജീവനും കൊണ്ട് ഓടുന്നതാണ് കഥാന്ത്യം. ഷാജിയുടെ കുഞ്ഞാലിക്കഥ ഗ്രാമ്യഭാഷയുടെ മന്ത്രികതയാൽ ഹൃദ്യമായി പറഞ്ഞ കഥയാണ്. അരികു ജീവിതങ്ങളെ അടയാളപ്പെടുത്തുക എന്നൊരു ദൗത്യത്തിനു കൂടി ഈ കഥയിലൂടെ കഥാകാരൻ ശ്രമപ്പെടുന്നുണ്ട്. ചരിത്രത്തിലൊന്നും ഇടമില്ലാത്തവരുടെ കഥയാണ്. ‘ജനിമൃതികൾ അവർക്കു നൽകിയത് ‘

athmaonline

അവസാനത്തെ കഥ റൂഹാനിക്കിളിയുടെ കരച്ചിൽ പോലെയെന്ന് കഥാകൃത്ത് പറയുന്ന ആഹിർ ഭൈരവാണ്. ആഹിർ ഭൈരവ് എന്നതൊരു രാഗത്തിൻ്റെ പേരാണ്. ഈ രാഗത്തിന് ഹൈപ്പർടെൻഷൻ കുറയ്ക്കാനുള്ള കഴിവുണ്ട് എന്ന് പറയുന്നുണ്ട്. സംഗീതം കൊണ്ട് ചികിത്സിക്കുന്നവർ. മരണം മുൻകൂട്ടി അറിയിക്കുന്ന പക്ഷിയാണ് റൂഹാനിക്കിളി. വിഭജനാനന്തരം പാടിത്തീരാത്ത ഒരു പ്രണയ ഗാനം പോലെ പൂർവ്വാനുരാഗത്തിന്റെ രണ്ടു ഇരകളായ ലാഹോറും ആഗ്രയും തങ്ങളുടെ കലാ സംസ്കാരങ്ങളെ മുറുകെ പിടിക്കുന്നതാണ് ഈ കഥയുടെ മർമ്മം. ബഡേ ഗുലാം ബക്ഷ് എന്ന ഉസ്താദ് കഥയിലെ കേന്ദ്ര കഥാപാത്രം. പിതാക്കൾ പാതി വഴിയിൽ ഉപേക്ഷിച്ച ഗാനങ്ങളുടെ അനാഥത്വം ഉറക്കം കെടുത്തുന്ന ദരിദ്രനായ പാട്ടുകാരൻ തന്റെ കുടുംബം പോലും നോക്കാൻ ശേഷിയില്ലാതെ ഉഴറുന്നു. അപൂർണ്ണമായി അയാൾ ചിട്ടപ്പെടുത്തിയ അപൂർവ്വരാഗം മകൾക്ക് മഹറായി കൊടുക്കേണ്ടി വരുന്ന സംഗീതത്തിലെ കച്ചവട സാദ്ധ്യതകളും കഥയിൽ പറയുന്നുണ്ട് കഥാകൃത്ത്. സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ് ആഹിർ ഭൈരവ്.

പതിനഞ്ച് കഥകളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാവുന്നത് ഷാജിയുടെ കഥകളിൽ ഭാഷയെ നല്ല കരവിരുതോടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. എന്നാൽ ഇതിലെ കഥകളിൽ ഭൂരിപക്ഷവും ഒരേ സ്വഭാവം ധ്വനിപ്പിക്കുന്ന കഥകളാണ് (ഭാഷയുടെ പ്രയോഗങ്ങളിൽ) പലപ്പോഴായി പലയിടങ്ങളിൽ പല കാലങ്ങളിൽ വായിക്കുമ്പോൾ അങ്ങനെ ഒരു ഫീൽ വായനക്കാരന് തോന്നില്ല. എന്നാൽ ഒരു സമാഹാരത്തിൽ ഒന്നിച്ച് വായിക്കേണ്ടി വരുമ്പോൾ ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും പല ബിംബങ്ങളും അത്തരത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്.

ഒട്ടും ആകർഷണിയമല്ലാത്ത ഒരു കവർ ചിത്രമാണ് ഈ പുസ്തകത്തിൻ്റേത്. പുസ്തകത്തിൻ്റെ പേരു പോലും വ്യക്തമല്ലാത്ത നിർമ്മിതി. ഷാജി ഹനീഫ് ഭാഷയെ ഉള്ളം കയ്യിലിട്ട് അമ്മാനമാടാൻ കഴിവുള്ള കഥാകാരനാണ്. ഇതൊരു പഴയ സമാഹാരമാണ്. ഇക്കാലത്ത് കഥയിൽ ഇത്തരം ഭാഷയുടെ കളികൾ വേണ്ടതില്ല. ലളിതമായി പറഞ്ഞു പോകുന്നതാണ് കഥയുടെ പുതുവഴികൾ.
പുതിയ സമാഹാരം കഥയുടെ പുതുവഴികൾ മുന്നോട്ട് വെയ്ക്കട്ടെയെന്ന് ആശംസിക്കുന്നു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...