ആഴങ്ങളില്‍

Published on

spot_imgspot_img

ആരിഫ സാമ്പ്റ

വെറുതെ വീട്ടില്‍ ചൊറിയും കുത്തിയിരുന്നപ്പോഴാണ് മലയാളത്തിലൊരു ഡിഗ്രി കൂടെ എടുത്താലോന്നൊരു തോന്നലുണ്ടായത്. മലയാള സാഹിത്യവും കൂടെ കയ്യിലിരുന്നാല്‍ ഒരു നോവലൊക്കെ എഴുതി ഒരു ചെറിയ എഴുത്തുകാരി പേരും വാങ്ങി കുടുംബത്തിലൊക്കെ ഒന്ന് പറഞ്ഞ് നടക്കാമെന്നായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ നിലമ്പൂരില്‍ വെച്ച് നടക്കുന്ന ഒരു സെമിനാര്‍ ഒത്തുവന്നത്. . പ്രസിദ്ധരായ പല എഴുത്തുകാരും പ്രഫസര്‍മാരും പങ്കെടുക്കുന്നതിനാല്‍ കുറച്ച് എഴുത്തുകാരെയൊക്കെ പരിചയപ്പെട്ട് ഓസിനല്‍പം സാഹിത്യവും മനസ്സിലാക്കാന്ന് കരുതിയാണ് പോയത്. ഉദ്ഘാടകന്‍ അന്നത്തെ വിസി ആയിരുന്ന സലാം സാറാണ്. ചെയറില്‍ പല പ്രശസ്തരായ പ്രൊഫസര്‍മാരുമുണ്ട്.



ഞാന്‍ നേരത്തെ വന്ന് മുന്‍ നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ഹാള്‍ നിറയാന്‍ തുടങ്ങി. ഓരോ പ്രശസ്തരും കയറി വരുമ്പോള്‍ എന്റെ തന്നെ സാറും സെമിനാര്‍ കണ്‍വീനറുമായ ഷിഹാബ് സര്‍ എന്നെ വന്ന് കണ്ട് സീറ്റ് കിട്ടാത്ത പ്രശസ്തന് എന്റെ സീറ്റ് കൈമാറാന്‍ യാചിക്കും. ഞാന്‍ എന്റെ വിശാല മനസ്കത കൊണ്ട് പിന്നിലോട്ട് മാറിയിരിക്കും. ഒരുപാട് തവണ ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് രസിച്ചില്ല. അവസാനം വന്നപ്പോള്‍ അദ്ദേഹത്തെ കാണാത്തത് പോലെ എന്റെ അരികെ ഇരുന്ന തമിഴ് നാട്ടുകാരിയായ ജാസ്മിനോട് സംസാരിച്ച് കൊണ്ടിരുന്നു. അവര്‍ പേപ്പര്‍ പ്രസന്റ് ചെയ്യാന്‍ വന്നതാണ്. ഒരു ചുവന്ന നാടന്‍ പട്ടുസാരിയും തലയില്‍ നിറയെ മുല്ലപ്പൂ ചൂടിയ ഒരു സ്ത്രീ. പലരും ചിന്തിക്കുന്ന പോലെ തന്നെ വിവരവും വിദ്യാഭ്യാസവുള്ളവരെന്നാല്‍ നല്ല മോഡേണായി വസ്ത്രം ധരിച്ചവര്‍ എന്നൊരു പ്രകടമല്ലാത്ത വിവേചനപരമായ ഒരു ചിന്താഗതി എനിക്കന്നുണ്ടായിരുന്നു. കുറച്ച് സമൂഹവുമായി ഇടപഴകിയപ്പോള്‍ വേഷത്തിലെ ആ ജാതിയത എന്നില്‍നിന്നും ഇല്ലാതായി. ജാസ്മിനെ കുറിച്ച് ആദ്യനോട്ടത്തില്‍ ഞാനങ്ങനെയാണ് വിലയിരുത്തിയത്. പക്ഷേ പത്ത് മിനുട്ടിനുള്ളില്‍ അവരത് എനിക്ക് തിരുത്തിതന്നു. ആരോ ഒരാളുടെ പേപ്പര്‍ അവതരണത്തിന് ശേഷം ഒരു തമിഴ് വിദ്യാര്‍ത്ഥി ചോദ്യം ചോദിക്കുകയും എന്നാല്‍ അയാളവന്റെ ചോദ്യത്തെ മനസ്സിലായില്ല എന്ന് പറഞ്ഞ് അവഗണിക്കാന്‍ ശ്രമിച്ചപ്പോൾ ജാസ്മിന്‍ ചാടി എഴുന്നേറ്റ് ആ തമിഴ് പയ്യന്‍റെ ചോദ്യത്തെ ഏറ്റ് പിടിച്ച് ശരം കണക്കെ ചോദ്യങ്ങളുതിർത്തു .. സദസ്സില്‍ അത് വരെ ഉണ്ടായിരുന്ന ശബ്ദകോലാഹങ്ങള്‍ നിന്നു. സത്യത്തില്‍ അവരെന്താണ് സംസാരിച്ചതെന്നൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല.. കാരണം ഞാനവരുടെ വീറ് നോക്കി കാണുകയായിരുന്നു.



അല്ലെങ്കിലും മലയാളികള്‍ക്ക് തമിഴരോടും ബംഗാളികളോടും പരമമായ പുച്ഛമാണ്. എന്നാലോ ബംഗാളികളായ ടാഗോറിനേയും രാജാറാംമോഹന്‍ റോയിയേയും തമിഴനായ എപിജെ അബ്ദുള്‍കലാമിനേയും വിട്ടൊരു പാഠപുസ്തകവുമില്ല. എന്തൊരു നാടാണഹേ ? ഇങ്ങനെ ആലോചിച്ചിരിക്കെയാണ് താഴെനിന്ന് മുദ്രാവാക്യം വിളി കേട്ടത്. ഉദ്ഘാടകനുള്ള സ്വീകരണമാകാം. ആദ്യമായാണ് ഒരു വിസിയെ ഇത്രയടുത്ത് നിന്ന് ഞാന്‍ നേരില്‍ കാണാന്‍ പോകുന്നത്. ഞാനതിന്റെ എക്സൈറ്റ്മെന്റിലായിരുന്നു. അയാള്‍ വിയര്‍ത്ത് കുളിച്ച് രണ്ട് ഗണ്‍മാന്‍മാരോടൊപ്പം കയറി വന്നു. സദസ്സാകെ ഒരു സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത പരന്നു. ഞാന്‍ അദ്ദേഹത്തെ തന്നെ ചെവിയോര്‍ത്ത് നില്‍ക്കുമ്പോഴാണ് എന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നയാള്‍ എന്നെ വിളിക്കുന്നത്.

“ആരിഫയല്ലേ?”

‘’അതെ ‘’ എന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ മാത്രാണ് ഞാനയാളുടെ മുഖം ശ്രദ്ധിച്ചത്. വെളുത്ത് മെലിഞ്ഞ ആ മനുഷ്യനെ എന്റെ ഭൂതകാലത്തിലെവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്. അയാളുടെ പേരിനേക്കാള്‍ സുപരിചിതമായ എന്തിനോ വേണ്ടി എന്റെ ഹൃദയം ഓര്‍മ്മയില്‍ പരതി. ഞാനെന്നോ മറന്ന് പോയ അവളെ അയാളുടെ മുഖം ഓര്‍മ്മിപ്പിച്ചു. അയാളുടെ പേരിന് പകരം അവളുടെ പേരാണ് ഞാന്‍ പറഞ്ഞത് “സാദിയ’’ അയാളത് കേട്ടില്ലെന്ന് തോന്നുന്നു. അവളെ ഞാനിത്രയും കാലം മറന്നിരിക്കയായിരുന്നു. മറവിയുടെ കാറ്റ് അവളെ എന്നില്‍നിന്നും ഒരുപാട് അകലേക്ക് കൂട്ടികൊണ്ട് പോയിരുന്നു. ഏകദേശം പതിനഞ്ചിലേറെ വര്‍ഷങ്ങളെടുത്തു അവളെയൊന്ന് ഓര്‍ക്കാന്‍. എന്റെ ബാല്യകാല സഖി. എന്റെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവളായ കൂട്ടുകാരി. ഒന്നാം ക്ലാസ് മുതല്‍ ഒരു ക്ലാസിലായിരുന്നുവെങ്കിലും നാലാം ക്ലാസ് മുതലായിരുന്നു ഇണപിരിയാത്ത കൂട്ടുകാരാകുന്നത്. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ കേട്ടുകൊണ്ടിരുന്ന അവളുടെ ഏകപക്ഷീയമായ പ്രണയത്തിന്റെ മൂകസാക്ഷി. അവളുടെ രഹസ്യങ്ങളുടെ താക്കോല്‍.
ഞങ്ങളുടെ പല ക്ലാസുകളും തുടങ്ങിയത് തന്നെ അവളുടെ അയല്‍വാസിയായ ഷാജഹാനെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു. ഒരു നോട്ട് ബുക്ക് നിറയെ ഷാജഹാന്‍ എന്നെഴുതിവെച്ചാല്‍ അവന് അവളോട് സ്നേഹം ഉണ്ടാകുമെന്ന് ഏതോ ഒരു അന്ധവിശ്വാസി പറഞ്ഞത് കേട്ട് സ്കൂളിലേക്ക് വാങ്ങിയ അധിക ബുക്കിലും അവള്‍ ഷാജഹാനെന്ന് നിറച്ചു. അന്നേ അത്തരം വിശ്വാസങ്ങളെ ചോദ്യം ചെയ്തിരുന്ന ഞാന്‍ അവളുടെ വിശ്വാസത്തെ മാത്രം ചോദ്യം ചെയ്തില്ല. ചിലപ്പോഴൊക്കെ ദൈവത്തിന് വേണ്ടി ‘ഷാജഹാന്‍’ എന്ന ഇംപോസിഷന്‍ എഴുതാന്‍ അവളെ ഞാനും സഹായിച്ചു. നാട്ടിലെ പ്രമാണിയുടെ ഒറ്റമകളായതിനാല്‍ പുതിയ ബുക്ക് കിട്ടാന്‍ അവള്‍ക്ക് പ്രയാസമൊന്നുമുണ്ടായിരുന്നില്ല.



അവന് കൊടുക്കാന്‍ വേണ്ടി ആദ്യമായൊരു കത്ത് എഴുതുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. പ്രണയിച്ചിട്ടില്ലെങ്കിലും എന്റെ ഉപദേശപ്രകാരമാണ് അവള്‍ കത്ത് തയ്യാറാക്കിയത്.

‘’പ്രിയപ്പെട്ട ഷാജഹാന്‍,
ഭൂമിയില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും സുന്ദരമായത് എന്നും ജനല്‍ കമ്പികള്‍ക്കിടയിലൂടെ എന്നെ നോക്കി ചിരിക്കുന്ന നിലാവാകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതിനേക്കാളും സുന്ദരമായത് ഈ ലോകത്തുണ്ടെന്നറിയുന്നത് നീ എന്നെ നോക്കി ചിരിക്കുന്ന അന്നാണ്.
എന്ന് …’’

എന്റെ സാഹിത്യാഭിരുചി അവള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അമ്മായീടെ മകന്റെ ബുക്കില്‍ അവനാര്‍ക്കോ കൊടുക്കാന്‍ എഴുതിവെച്ച വരികള്‍ മനപ്പാഠമാക്കിയതാണെന്നെന്ന സത്യം ഞാനവളോട് ഒരിക്കലും പറഞ്ഞില്ല. പിന്നീടങ്ങോട്ട് ഒരുപാട് കത്തുകളെഴുതി. എനിക്ക് കഴിയാവുന്നത്ര വരികള്‍ പലയിടങ്ങളില്‍ നിന്ന് ഞാന്‍ കട്ടെടുത്ത് അവള്‍ക്ക് കൈമാറി.
അവന്‍റെ മറുപടി എന്താകുമെന്നുള്ള ആകാംക്ഷ അവളേക്കാള്‍ എനിക്കായിരുന്നു. പിറ്റേന്ന് അവള്‍ വരുന്നതിനായി ഞാന്‍ കാത്തുനിന്നു. പക്ഷേ അതിനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവള്‍ വിഷമിക്കുന്നത് കണ്ട് ഞാനധികം ചോദിച്ചില്ല.
ഹൈസ്കൂളിലേക്ക് മാറുന്ന സമയം അവള്‍ നിര്‍ബന്ധിച്ചതിനാലാണ് തിരൂരങ്ങാടിയിലെ സ്കൂളില്‍ ചേരാന്‍ ഞാനും വാശി പിടിച്ചത്. കാരണം ഒന്നു മാത്രായിരുന്നു ഷാജഹാന്‍ പഠിക്കുന്ന കോളേജിന് മുന്നിലൂടെ പോകുമ്പോള്‍ അവള്‍ക്ക് അവനെ കാണാം.
ഒരിക്കല്‍ കോളേജിന് മുന്നിലൂടെ നടന്ന് പോകുമ്പോഴാണ് ആദ്യമായി ഞാനയാളെ കാണുന്നത്. കരഞ്ഞ് കലങ്ങിയ പോലെയുള്ള കണ്ണുകള്‍ എന്നാല്‍ സ്ത്രീകളെ പോലെ നീണ്ട പീലികളുണ്ടായിരുന്നു അയാള്‍ക്ക്. എന്തോ ഒരു ആകര്‍ഷണം അയാളുടെ ഭാവത്തിനുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ എനിക്ക് തോന്നി. വളരെ കുറച്ച് തവണയെ ഞങ്ങള്‍ അയാളെ കോളേജിന് മുന്നില്‍ കണ്ടുള്ളു. അയാള്‍ ഒരു ബുദ്ധിജീവിയാണെന്നും എപ്പോഴും ലൈബ്രറിയിലും മറ്റുമാകുമെന്ന് ആരോ അവളോട് പറഞ്ഞിരുന്നു. കാണുമ്പോഴൊക്കെ സാദിയയോട് പുഞ്ചിരിക്കാന്‍ അയാള്‍ മറന്നില്ല. അപ്പോഴൊക്കെയും അവള്‍ അയാള്‍ക്ക് വേണ്ടി കത്തെഴുതുകയും ഞാന്‍ സഹായിയായി തുടരുകയും ചെയ്തു. പത്താം ക്ലാസായപ്പോഴേക്കും കൂട്ടത്തില്‍ പലര്‍ക്കും കത്തെഴുതികൊടുത്തു.. അവരില്‍ പലരുടേയും പ്രണയം പുഷ്പിച്ചു. സാദിയയുടേത് മാത്രം തുടങ്ങിയിടത്ത് തന്നെ കിതച്ച് നിന്നു.



അങ്ങനെയാണ് പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ ട്രൈനിങ് അധ്യാപകരുടെ കൂട്ടത്തില്‍ ഷാജഹാനും വരുന്നത്. സാദിയയുടെ ഭാഗ്യമെന്ന് പറയട്ടെ ഞങ്ങള്‍ക്ക് ഇംഗ്ലീഷെടുക്കാന്‍ വന്നത് ഷാജഹാന്‍ ആയിരുന്നു. അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായിരുന്നു അയാള്‍ക്ക്. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘The road not taken ’ എന്ന കവിത അയാള്‍ വളരെ ഭംഗിയായി വിശദീകരിച്ച് തന്നു. ഇത്രക്ക് ഭംഗിയായി ആരും ഇംഗ്ലീഷ് പറയുന്നത് ഞാനതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ സാദിയയുടെ മാത്രമായിരുന്ന ഷാജഹാന്‍ ഞങ്ങളുടെ ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും ഷാജഹാനായി മാറി. പക്ഷേ ഞാന്‍ സാദിയയോട് നീതി പാലിച്ചു. കൂട്ടുകാരിയുടെ പ്രണയഭാജനത്തെ നോക്കുന്നത് പോലും തെറ്റാണെന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍.

അയാള്‍ ക്ലാസില്‍ വരികയും ഞങ്ങളെല്ലാവരോടും വളരെ സ്നേഹത്തില്‍ പെരുമാറുകയും ചെയ്തു. എന്നാല്‍ ഒരല്‍പം കര്‍ക്കശക്കാരനായിരുന്നു. അയാള്‍ ഞങ്ങളുടെ ഡെസ്കിനരികെ വരുമ്പോഴെല്ലാം സാദിയ എന്റെ കൈയ്യിലമര്‍ത്തി. അവര്‍ അയല്‍വാസികളും പരിചയക്കാരായിരുമായിരുന്നിട്ടും പുഞ്ചിരിക്കയല്ലാതെ മറ്റൊന്നും അയാള്‍ ചോദിച്ചതായി കണ്ടില്ല. അതിലല്‍പം നീരസം സാദിയക്കുണ്ടായിരുന്നു.



അങ്ങനെ ട്രൈനിങ് അധ്യാപകര്‍ പിരിഞ്ഞുപോകുന്ന ദിവസം വന്നു. അന്ന് പലരും പ്രിയപ്പെട്ട അധ്യാപകര്‍ക്ക് നല്‍കാന്‍ ചിലതെല്ലാം കരുതിവെച്ചിരുന്നു. സാദിയയും ഒരു നല്ല ഗിഫ്റ്റ് വാങ്ങിവെച്ചു. അപ്പോഴാണ് അവളെന്നോട് പറഞ്ഞത് എഴുതിയ ഒരു കത്ത് പോലും അയാള്‍ക്ക് കൈമാറിയില്ലെന്ന സത്യം.

‘’ പിന്നെന്തിനാ നീ എന്നെ കൊണ്ട് കഷ്ടപ്പെട്ട് കത്തെഴുതിച്ചത് ? ഇതത്ര എളുപ്പമാണെന്നാണോ നീ കരുതിയത് ? വെറുതെ വാക്കുകള്‍ പെറ്റുപോരുമോ ? വാക്കുകള്‍ക്കും ചിന്തകള്‍ക്കും ഒത്തൊരുമയുണ്ടാക്കാന്‍ എന്തൊരു പാടാണെന്നറിയുമോ ?
‘’അങ്ങനെയല്ല. എനിക്കതിന് ധൈര്യമുണ്ടായിരുന്നില്ല.”
‘’എന്നാല്‍ പിന്നെന്തിന് വീണ്ടും എന്നോട് എഴുതാന്‍ പറഞ്ഞത് ?. ഓരോ തവണയും നീ കൊണ്ട്പോയപ്പോഴും ഞാന്‍ കരുതിയത് നീ കൊടുത്തുകാണുമെന്നാണ്‌. അയാളില്‍ നിന്നും മറുപടികളൊന്നും കിട്ടാത്തതിനാല്‍ നിനക്കത് എന്നോട് പറയാന്‍ സങ്കടമുണ്ടാകുമെന്ന് കരുതിയാണ് ചോദിച്ച് ബുദ്ധിമുട്ടിക്കാതിരുന്നത്”
“അന്നൊന്നും എനിക്കതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇന്നന്നോടൊപ്പം അയാളോടുള്ള പ്രണയവും വളര്‍ന്നിരിക്കുന്നു കൂടെ ധൈര്യവും, അവസാനമായി ഒരു കത്ത് കൂടെ എഴുതു. ഇന്ന് തീര്‍ച്ചയായും അവരെ എന്റെ സ്നേഹം നിന്റെ കത്തിലൂടെ അറിയിക്കും’’.



എനിക്കവളോട് സഹതാപം തോന്നി. ഇതുവരെ ആരെയും പ്രണയിക്കാത്ത എനിക്കെങ്ങനെയാണ് പ്രണയത്തിന്റെ വേദന അറിയുക. സാദിയ നിനക്ക് വേണ്ടി ഞാനൊരിക്കല്‍കൂടി ഒരു പ്രണയ ലേഖനം എഴുതാം.

‘’ അതല്ല സാദിയ , ഇനിയെങ്ങനെയാണ് സാറിനെ ഷാജഹാന്‍ എന്ന് അഭിസംബോധനം ചെയ്യുക. ഇപ്പോള്‍ അദ്ദേഹം നമ്മുടെ അധ്യാപകനല്ലേ ?’’
‘’എങ്കില്‍ എന്റെ പ്രിയനേ എന്ന് എഴുതിക്കോളൂ. അദ്ദേഹത്തെ അങ്ങനെ വിളിക്കാനാണെനിക്ക് തോന്നുന്നത്’’. അവള്‍ ഒരു കള്ള ചിരിയോടെ പറഞ്ഞു.

തെറ്റില്ല. പ്രണയം മനുഷ്യനെ അന്ധനാക്കും. അത് ഗുരുവെന്നോ ശിഷ്യനെന്നോ മുതലാളിയെന്നോ തൊഴിലാളിയെന്നോ പരിഷ്കൃതനെന്നോ പ്രാകൃതനെന്നോ എന്നില്ല. പ്രണയം സംഭവിക്കുന്നു. അത്രമാത്രം.



‘’എന്റെ പ്രിയനേ
അങ്ങനെ വിളിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. കാരണം അങ്ങ് എന്റെ ഗുരുവാകുന്നതിനും എത്രയോ കാലങ്ങള്‍ക്ക് മുന്നെ അങ്ങയെ പ്രണയിച്ച് തുടങ്ങിയതാണ് ഞാന്‍. കേള്‍ക്കുന്നവര്‍ അതിശയിച്ചേക്കാം. പക്ഷേ സത്യം ഇതാണ് അങ്ങയെ ഞാന്‍ പ്രണയിക്കുന്നു. എന്റെ ആത്മാവ് കൊണ്ട്. അങ്ങയോടുള്ള പ്രണയം കൊണ്ട് എനിക്ക് ഭ്രാന്തായിരിക്കുന്നു. പലപ്പോഴും എന്റെ ഉള്ളിലിരുന്ന് ആരോ അരുതെന്ന് പറയുന്നുണ്ട്. തെറ്റാണെന്ന് പറയുന്നുണ്ട്. പക്ഷേ ഈ തെറ്റിനെയാണ് ഞാനിന്നേറ്റവും പ്രണയിക്കുന്നത്.
എന്റെ പ്രണയം പാപമായി അങ്ങേക്ക് തോന്നുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കു.
എന്ന്
…. ‘’

മനപ്പൂര്‍വ്വം ഞാന്‍ പേരെഴുതിയില്ല. ഇനിയതാരുടെയെങ്കിലും കൈയ്യില്‍ കിട്ടി പ്രശ്നമായെങ്കിലോ !. സാദിയ അത് ഗിഫ്റ്റിനുള്ളില്‍ വെച്ച് പൊതിഞ്ഞു. ഓരോരുരത്തരും ഗിഫ്റ്റ് കൊടുക്കുന്ന കൂട്ടത്തില്‍ അവളത് അദ്ദേഹത്തിന് നല്‍കി. ‍
അവളില്‍ ഒരു സമുദ്രം അലയടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവളുടെ കൈകളില്‍ അമര്‍ത്തി ഞാനവള്‍ക്ക് ധൈര്യം പകര്‍ന്നു. ഉച്ചയൂണിന്റെ സമയത്ത് ഒരാണ്‍കുട്ടി വന്ന് ഷാജഹാന്‍ സര്‍ സാദിയയയെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. അവള്‍ വിറച്ച് കൊണ്ടാണ് പോയത്. അതേ വിറയലോടെ അവള്‍ ക്ലാസില്‍ വന്നിരുന്നു.



“ സര്‍ വായിച്ചോ ?”
“മ്മ്”
“എന്ത് പറഞ്ഞു ?”
‘’നന്നായി പഠിക്കാന്‍ പറഞ്ഞു’’
‘’സാരമില്ല’’ ഞാനവളെ സമാധാനിപ്പിച്ചു.

അവളന്ന് മുഴുവന്‍ മൗനിയായിരുന്നു. പിന്നീടങ്ങോട്ടും അവള്‍ മൗനിയായിരുന്നു. അന്നാണ് ഞാനയാളെ എന്റെ ജീവിതത്തില്‍ അവസാനമായി കാണുന്നത്. പിന്നീടങ്ങോട്ട് കാണണമെന്ന് ചിന്തിച്ച് കാണുകയുമില്ല. കണ്ടതുമില്ല. ഒരിക്കല്‍ പോലും ഓര്‍ത്തത് പോലുമില്ല. പക്ഷേ ഇന്നദ്ദേഹമാണരികെ ഇരിക്കുന്നത്. ഇങ്ങോട്ട് ചോദിക്കുന്നു ആരിഫയല്ലേന്ന്. എത്ര വര്‍ഷം പഴക്കമുണ്ടാകും. അതും വെറും കുറച്ച് ദിവസങ്ങളുടെ മാത്രം പരിചയം. എന്നിട്ടും എന്നെ ഓര്‍ക്കുന്നു. എന്റെ പേരെല്ലാം അറിയുമായിരുന്നോ ? സാദിയ പറഞ്ഞതാകുമോ ? അപ്പോള്‍ മാത്രമാണ് സാദിയയെ പിരിഞ്ഞിട്ട് എത്ര കാലമായെന്ന് ഓര്‍ക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് അവള്‍ക്ക് എന്ത് സംഭവിച്ചെന്നറിയില്ല. തുടര്‍പഠനത്തിന് മറ്റൊരു സ്കൂളിലേക്ക് മാറിയതോടെ പതിയെ പതിയെ ഓര്‍മ്മയെല്ലാം നരച്ച് മണ്‍മറഞ്ഞ് പോയി.

എങ്കിലും എന്തുകൊണ്ടാകും ഒരിക്കല്‍ പോലും സാദിയയെ ഞാന്‍ ഓര്‍ക്കാതിരുന്നത് ? അവളും വിളിച്ചതേയില്ല.

“മാഷിന് എന്നെയൊക്കെ ഓര്‍മ്മയുണ്ടോ ? “
“അതെന്താ അങ്ങനെ ചോദിച്ചത് ? “
“അതല്ല. ഓര്‍ക്കുമെന്ന് കരുതിയില്ല.”
“ഇപ്പോള്‍ മനസ്സിലായല്ലോ ഓര്‍ക്കുന്നുണ്ടെന്ന്”



അദ്ഭുതമെന്ന് പറയട്ടെ ഞാന്‍ സാദിയയെ കുറിച്ച് ചോദിക്കാന്‍ വാ തുറക്കുന്നതിന് മുന്നെ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു.

‘’സാദിയ അന്ന് എല്ലാം പറഞ്ഞിരുന്നു’’
അവളന്ന് വ്യക്തമായൊന്നും പറഞ്ഞില്ലെങ്കിലും ഞാന്‍ അദ്ദേഹത്തോട് അറിയാമെന്ന് പറഞ്ഞു.
“അവള്‍ സുഖമായിരിക്കുന്നുവോ ?”
“എന്നിട്ടെന്താണ് പിന്നീട് കോണ്‍ടാക്ട് ചെയ്യാതിരുന്നത് ?” എന്റെ ചോദ്യത്തിനിടയില്‍ കയറി അയാള്‍ ചോദിച്ചു.
“എനിക്ക് നമ്പര്‍ അറിയില്ലായിരുന്നു.”
അയാള്‍ അല്‍പ സമയത്തേക്ക് മൗനിയായിരുന്നു
“സാദിയ ?” ഞാന്‍ വീണ്ടും ചോദിച്ചു.
അയാള്‍ അതിനും മറുപടി പറഞ്ഞില്ല. കേട്ടത് പോലുമില്ലെന്ന് തോന്നുന്നു.
“ഞാന്‍ തന്‍റെ ഫാദറുമായി ഒരിക്കല്‍ സംസാരിച്ചിരുന്നു.”
“എന്റെ ഫാദറിനെ അറിയോ ?”
“അന്ന് സാദിയയാണ് പറഞ്ഞത് താന്‍ കത്തെഴുതിയതും തനിക്ക് എന്നോടുള്ള ഇഷ്ടവും”.
എനിക്ക് അയാള്‍ പറഞ്ഞത് മനസ്സിലായില്ല.
“ഇഷ്ടമോ ?” അറിയാതെ എന്റെ വായില്‍ നിന്ന് വീണു.
“ ഗിഫ്റ്റില്‍ നിന്നും കത്ത് കിട്ടി അവളെ ഞാന്‍ വിളിപ്പിച്ചില്ലേ? ഒന്ന് പേടിപ്പിച്ചപ്പോഴാണ് അവള്‍ കാര്യം പറഞ്ഞത് കത്ത് താനെഴുതി കൊടുത്തതാന്നും പിന്നെ തനിക്ക്.. “



എനിക്ക് കാര്യം വ്യക്തമാകാന്‍ തുടങ്ങി. സാദിയയോട് എനിക്ക് ദേഷ്യവും വെറുപ്പും ഒരുമിച്ചുണ്ടായി.
സാദിയ ഇതാണോ നിന്റെ വിശുദ്ധ പ്രണയം ! ഒരു നിമിഷത്തെ നിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി നീ നിന്റെ സുഹൃത്തിനെ ഒറ്റുകൊടുത്തിരിക്കുന്നു. നീ ഞാനാണെന്ന് കരുതിയവളാണ് ഞാന്‍. എന്നിട്ടും. പ്രണയം ഇന്നല്ല അന്നേ നശിച്ചിരുന്നു. അയാള്‍ എന്തിനാണ് എന്റെ ഫാദറിനെ കണ്ടതെന്ന് എനിക്ക് മനസ്സിലായി. എല്ലാം എനിക്ക് വ്യക്തമായി. എനിക്ക് ദേഷ്യം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പക്ഷേ സത്യം ഇയാള്‍ അറിഞ്ഞേ തീരു. സാദിയ അയാളുടെ ഭാര്യ അല്ലെന്ന് ഞാന്‍ ഊഹിച്ചു. ഇനി ആണെങ്കിലും തനിക്കൊരു ചുക്കുകില്ല. പ്രണയത്തെ ഒറ്റുകൊടുത്തവളാണവള്‍. സുഹൃത്തിനെ ചതിച്ചവളാണവള്‍. അവള്‍ക്ക് മാപ്പില്ല.

അവള്‍ എവിടെയെന്ന് ഞാന്‍ ചോദിച്ചില്ല. ആരാണെന്ന് ചോദിച്ചില്ല. അവളെ കുറിച്ച് ഒന്നും എനിക്കറിയണ്ടായിരുന്നു.
അയാളെന്തൊക്കെയോ അപ്പോഴും പറയുന്നുണ്ട്. അതൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.

“ഞാന്‍ നിങ്ങളെ പ്രണയിച്ചിട്ടില്ല. ഞാന്‍ നിങ്ങള്‍ക്ക് കത്തും എഴുതിയിട്ടില്ല”.

അയാളുടെ മറുപടിക്ക് നില്‍ക്കാതെ ഞാന്‍ എഴുന്നേറ്റു നടന്നു. പ്രണയമെന്നാല്‍ സത്യമാണ്. അതിന് മനുഷ്യനെ വഞ്ചിക്കാന്‍ കഴിയില്ല. ഒറ്റുകൊടുക്കാന്‍ കഴിയില്ല. അത് മരണം വരെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും. ഇവിടെ പ്രണമയമല്ല മറ്റെന്തോവാണ് മറ്റെന്തോ.. !

athmaonline-aazhangalil-arifa-zambra
ആരിഫ സാമ്പ്റ

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...