Monday, September 27, 2021

ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി

നിഖില ബാബു

ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട്

നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല…ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും പതിരും പോലെ അവരെ ഇരുധ്രുവങ്ങളിലേക്ക് പറിച്ചുനട്ടില്ല, നീതിദേവതയുടെ തുലാസിൽ വെച്ച് അളന്നുനോക്കിയില്ല. മണൽ ഘടികാരം പോലെ അവർ മാറിയും മറിഞ്ഞും ജീവിച്ചു. എമദും റാണയും സിമിനും നാദറും റസിയായും എല്ലിയും അഹമ്മദും സെപ്പിദായുമെല്ലാം അങ്ങനെയുള്ളവരായിരുന്നു, അവർ ഇപ്പോഴും അങ്ങനെ തന്നെയാണ്. സിനിമ തുടങ്ങും മുമ്പേ അവർ നമ്മളോട് സംസാരിച്ചു തുടങ്ങുന്നു. നമ്മുടെ പരിചയക്കാരാകുന്നു. തൊട്ടരികിൽ വെച്ച് വർത്തമാനം പറയുന്നു. കഥയിലെ യാത്രക്കിടയിൽ വെച്ച് കയറുന്നവരായോ കലമ്പലുകൾക്കിടയിലേക്ക് കേറി ചെല്ലുന്നവരായോ ഒക്കെ സിനിമ കാണുന്നവർ മാറുന്നു. സിനിമ നേരത്തെ തുടങ്ങിയെന്ന ധാരണയിൽ കൊട്ടകക്കുള്ളിലേക്ക് കേറുന്നവളുടെ അങ്കലാപ്പാണ് ഫർഹാദിയുടെ സിനിമാലോകത്തേക്ക് കേറുമ്പോഴും തോന്നുക. പിന്നീട് മെല്ലെ മെല്ലെ അവരുടെ ഭൂതവും വർത്തമാനവും മനസ്സിലാക്കാൻ ശ്രമിക്കുന്നു. തൊട്ടുനോക്കുന്നതു പോലെ എളുപ്പത്തിൽ അവരൊന്നും പറഞ്ഞുവെക്കുന്നില്ല. മൊണാലിസ ചിരി പോലെ, ലളിതമെങ്കിലും ഗൂഢമായി അവർ നമുക്ക് മുന്നിൽ നിൽക്കുന്നു. പക്ഷേ, എല്ലാം നമ്മളറിയുന്നു. അയാളുടെ മനുഷ്യരനുഭവിക്കുന്ന നിസ്സഹായത തലച്ചോറിലെത്തും മുമ്പേ ഹൃദയമറിയുന്നു. കാഴ്ചക്കാരുടെ ഹൃദയത്തിലേക്കാണ് ഫർഹാദി പാലമിട്ടിരിക്കുന്നത്.

the_Salesman-asghar-farhadi-athmaonline
The Salesman (2016)

സിനിമ കാണാൻ പഠിച്ച പയ്യന്നൂർ കോളജിലെ ഇരുട്ടുമുറിയിൽ വെച്ചാണ് അസ്ഗർ ഫർഹാദിയുടെ പേര് ആദ്യമായി കേൾക്കുന്നത്. സിനിമ കാണൽ ജീവിതത്തെ മുമ്പും പിമ്പുമായി വേർതിരിക്കാൻ കസേരയിൽ ചാഞ്ഞിരുന്നു കണ്ടുതുടങ്ങിയ ആ സെയിൽസ്മാനെ (The Salesman, 2016) തന്നെയാണ് ഞാനിന്നും കൂട്ടുപിടിക്കാറുള്ളത്. സ്ത്രീ-പുരുഷബന്ധങ്ങളിലെ സംഘർഷങ്ങളും നിസ്സഹായവസ്ഥകളും ഫർഹാദിയോളം ആഴത്തിൽ തിരശീലയിലെത്തിച്ചവർ വിരളമായിരിക്കും. കഥാവസാനം ഒന്നായി തീരുന്ന (ഒന്നായി തീർക്കുന്ന) മനുഷ്യബന്ധങ്ങളല്ല അവ. വ്യക്തിബന്ധങ്ങൾക്കിടയിൽ കണ്ടുശീലിച്ച, കാലാതിവർത്തിയായ സ്നേഹത്തിന്റെ വാഴ്ത്തുപാട്ടുകളുമല്ല. മറിച്ച്, സംഘർഷങ്ങളും ആശങ്കകളും വേർപിരിയലുകളും ഇഴയടുപ്പവുമെല്ലാം ബാക്കിവെച്ച് അവ നമ്മെ കടന്നുപോകുന്നു. അതിൽ സ്നേഹവും സ്നേഹരാഹിത്യവുമുണ്ട്. സമാധാനവും കലഹവുമുണ്ട്. ചിരിയും കരച്ചിലുമുണ്ട്. ചിലപ്പോൾ കഥാഗതി പതിഞ്ഞ താളത്തിലാകുന്നു, മറ്റു ചിലപ്പോൾ ചടുലവും. കഥാപാത്രങ്ങൾ വാതോരാതെ സംസാരിക്കുമ്പോഴും ഉള്ളിൽ അത്രത്തോളം തന്നെ നിശബ്ദമാകുന്നു. നിശബ്ദമാകുമ്പോഴും തിരയോളം ഉച്ചത്തിൽ സംസാരിക്കുന്നു. സംവിധായകൻ കീറിമുറിച്ചു, പല ദിക്കിലായി ഉപേക്ഷിച്ച കടലാസുതുണ്ടുകൾ പെറുക്കി കൂട്ടി ഒന്നാക്കുകയാണ് കാഴ്ചക്കാർ. എന്നിട്ടും ചില വിട്ടഭാഗങ്ങൾ അവശേഷിക്കുന്നു. സിനിമ കഴിഞ്ഞും ആ ഭാഗങ്ങൾക്കായി നമ്മൾ തിരികെ നടക്കുന്നു. ഒരേ സമയം ഫർഹാദിയുടെ സിനിമകൾ നാടകീയവും യഥാതഥവുമാകുന്നു. ഡ്രാമയും റിയാലിറ്റിയും ഇടകലരുന്നു. അത്രമേൽ യാഥാർഥ്യത്തോട് ചേർന്നുനിൽക്കുമ്പോഴും അവ നമ്മെ മടുപ്പിക്കുന്നില്ല. അത്രമേൽ നാടകീയമാകുമ്പോഴും അവ ഒരിക്കലും അസ്വാഭാവികമാകുന്നില്ല. അതിവൈകാരികതയുടെയും അനിശ്ചിതത്തിന്റെയും നിമിഷങ്ങളിലൂടെ സിനിമ കടന്നുപോകുമ്പോഴും തികഞ്ഞ കയ്യടക്കം സംവിധായകന്റെ മികവ് തന്നെയാണ്.

Dancing in the dust - Asghar Farhadi athmaonline
Dancing in the dust (2013)

നാടകത്തിലും ടിവിയിലുമെല്ലാം കഴിവ് തെളിയിച്ച ഫർഹാദി, ഡാൻസിങ് ഇൻ ദ് ഡസ്റ്റി (Dancing in the dust)ലൂടെ 2003ലാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് ആഗോളശ്രദ്ധ നേടിയ എബൗട്ട് എല്ലി (About Elly)യും എ സെപറേഷനും (A Separation) ദ് സെയിൽസ്മാനും (The Salesman) ഉൾപ്പെടെ സംവിധായക കുപ്പായത്തിൽ എട്ട് സിനിമകൾ. നിരവധി അന്താരാഷ്ട്ര ബഹുമതികൾ. ഇതിൽ തന്നെ മികച്ച വിദേശ ചിത്രത്തിനുള്ള രണ്ട് ഓസ്‌കാറുകൾ. 2012ൽ ലോകത്തെ സ്വാധീനിച്ച 100 പേരിലൊരാളായി ടൈം മാഗസിൻ പട്ടികയിലും ഫർഹാദി ഇടം നേടി. 2021ൽ കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രിക്സ് നേടിയ എ ഹീറോ(A Hero) വരെ എത്തിനിൽക്കുന്നു ഈ ഫർഹാദി ഗാഥ. ഇറാനിലെ രാഷ്ട്രീയ-സാമൂഹിക അസ്ഥിരതകളും നിയമങ്ങളും വിശ്വാസങ്ങളുമെല്ലാം സൃഷ്ടിക്കുന്ന വെല്ലുവിളികളെല്ലാം മറികടന്ന് അബ്ബാസ് കയറോസ്തമിക്കും മജീദ് മജീദിക്കും മൊഹ്സെൻ മഖ്മൽബഫിനും സമീറ മഖ്മൽബഫിനും ജാഫർ പനാഹിക്കുമൊപ്പം ഇറാനിൽ നിന്നും ലോക സിനിമാഭൂപടത്തിൽ അസ്ഗർ ഫർഹാദിയും ഇടം പിടിക്കുന്നു. മുൻ യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധനയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ഓസ്‌കാർ ചടങ്ങിൽ നിന്ന് വിട്ടുനിന്നും ഇറാനിയൻ ഭരണകൂടം വിലക്കേർപ്പെടുത്തിയ സംവിധായകൻ ജാഫർ പനാഹിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സിനിമയ്ക്ക് പുറത്തും ഫർഹാദി തന്റെ നിലപാടുകളിൽ നിലയുറപ്പിച്ചു.

A Hero - Asghar Farhadi athmaonline
A Hero (2021)

ഇറാനിയൻ ജീവിത പശ്ചാത്തലത്തിൽ നട്ടുവളർത്തുമ്പോഴും ലോകത്തോളം വലിപ്പമുള്ള മരമായി മാറുന്നവയാണ് മിക്ക ഫർഹാദി ചിത്രങ്ങളും. എബൗട്ട് എല്ലിയിൽ എല്ലി എന്ന പ്രധാന കഥാപാത്രത്തെ കുറിച്ച് പറയുമ്പോഴും അത് അവളെ കുറിച്ച് മാത്രമല്ലെന്ന് ഫർഹാദി ഓരോ ഫ്രെയിമിലും അടിവരയിട്ട് പറയുന്നു. ‘എല്ലിയെ കുറിച്ചുള്ളത്’ സിനിമയ്ക്കുള്ളിലും പുറത്തുമുള്ള എല്ലാ സ്ത്രീകളും കുറിച്ചുള്ളതുമാകുന്നു. ഏച്ചുകെട്ടിയ നിലപാടുകളല്ല, മറിച്ച് സ്വന്തം ജീവിതപരിസരങ്ങൾക്കുള്ളിൽ നിന്നും ആർജിച്ചെടുത്ത നിലപാടുകളാൽ ഫർഹാദിയുടെ സ്ത്രീകഥാപാത്രങ്ങൾ ശബ്ദമുയർത്തുന്നു.
തന്റെ അഭിപ്രായങ്ങൾക്ക് വിലയില്ലാത്ത ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന, സ്വന്തം ഇഷ്ടങ്ങൾക്ക് പിറകെ പോകുന്ന, സിഗരറ്റ് വലിക്കുന്നവരെ ഇഷ്ടമല്ലെന്ന് പറഞ്ഞവന് മുന്നിൽ നീട്ടിവലിച്ചു പുക വിടുന്ന സ്ത്രീകളെയും ജീവിതപങ്കാളിയുടെ സഹായത്തിന് നന്ദി പറഞ്ഞാൽ കുറഞ്ഞവനാകുന്ന, അവൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയവനെ കൈവെക്കാതെ പൂർണനാകില്ലെന്ന് വിശ്വസിക്കുന്ന, പ്രശ്നങ്ങൾക്കെല്ലാം കാരണം നീയാണെന്ന് പറയുന്ന, ആണഹന്ത ഒളിച്ചു കടത്തുന്ന പുരുഷന്മാരെയുമെല്ലാം ഫർഹാദി മുന്നിൽ നിർത്തുന്നു. സഹയാത്രികയുടെ ആരോപണത്തെ അവളുടെ അനുഭവങ്ങളെ മുൻനിർത്തി മനസ്സിലാക്കാൻ കഴിയുന്നൊരാളാകുമ്പോഴും സെയിൽസ്മാനിലെ എമദിന് തന്റെ ജീവിതപങ്കാളിയുടെ മാനസികാവസ്ഥ അത്രത്തോളം പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇതേ സിനിമയിൽ അവസാനഘട്ടത്തിലെത്തുന്ന കഥാപാത്രത്തിന്റെ ന്യായീകരണങ്ങൾ ഒരിക്കൽ പോലും അംഗീകരിക്കാൻ സാധിക്കില്ലെങ്കിലും സിനിമ അവസാനിക്കുമ്പോൾ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയോർത്ത് ആ മനുഷ്യന് വേണ്ടി പോലും നമ്മൾ ഒരു നിമിഷം നെടുവീർപ്പിടുന്നു. ഫർഹാദിയുടെ ഒരു കഥാപാത്രവും വെറുതെയാകുന്നില്ല. കഥയ്ക്കൊപ്പം തന്നെ അവരും വ്യക്തിത്വവും വികാസവുമുള്ളവരായി അവർ മാറുന്നു. കാണുന്നവരുടെ മനസ്സിൽ ഒരിടം അവരും തീറെഴുതി വാങ്ങുന്നു.

നിഖില ബാബു,
ബിരുദാനന്തര ബിരുദ വിദ്യാർഥി,
ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്,
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി.
കാസർകോട് സ്വദേശി. ഇടിവി ഭാരത് ആപ്പിൽ കണ്ടെന്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

Previous articleഗജം
Next articleപിന്മടക്കം

Related Articles

കാശിയിലേക്കൊരു ചായ യാത്ര ഭാഗം: 4

യാത്ര നാസർ ബന്ധു അങ്ങനെ നാലാം ദിനം രാവിലെ ഇറങ്ങി അടുത്തുള്ള ചായക്കടയിൽ നിന്നും തുളസി ചേർന്ന പാൽചായ കുടിച്ചിരിക്കുമ്പോഴാണ് " ബേച്ചു " പോകുന്ന ഒട്ടോ കണ്ടത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ (B.H.U) ചുരുക്കപ്പേരാണ്...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ "ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു". ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

കവിതയുടെ ആട്ടം

എസ് കലേഷിന്റെ ആട്ടക്കാരി എന്ന കവിതാ സമാഹാരത്തിന്റെ വായന കെ എൻ പ്രശാന്ത് നല്ല സാഹിത്യകൃതികളുടെ അന്തസത്തകളിലൊന്നാണ് അവ പ്രസരിപ്പിക്കുന്ന അനുഭൂതി. ചില രചനകള്‍ വായിച്ചു തീര്‍ത്താലും ദിവസങ്ങളും മാസങ്ങളും ഒരുപക്ഷേ, വർഷങ്ങള്‍ കഴിഞ്ഞാലും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: