Sunday, September 27, 2020
Home ലേഖനങ്ങൾ അടുക്കള വർത്താനം

അടുക്കള വർത്താനം

ശ്രുതിരാജ് തിലകൻ

ഒരു തെറ്റും ചെയ്യാതെ ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഒരു പാവമാണ് സത്യത്തിൽ അടുക്കള. അടുക്കളപ്പണി നന്നായി ചെയ്യുന്ന പെണ്ണുങ്ങൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത് ലോക്കാക്കുന്ന ഒരു നാടൻ കലാപരിപാടി പണ്ട് നമ്മടെ നാട്ടിൽ ഉഷാറായി നടന്നിരുന്നു, ആ പരിപാടിയുടെ നടത്തിപ്പുകാരും സർട്ടിഫിക്കറ്റ് ദാതാക്കളും പെർഫോമൻസിന് മാർക്കിടുന്ന ജൂറി അംഗങ്ങളുമെല്ലാം പെണ്ണുങ്ങൾ തന്നെയായിരുന്നു, പലപ്പോഴും അമ്മമാർ “നാളെ ഒരു വീട്ടിൽ കയറി പോകേണ്ട പെണ്ണാണ് എന്നു” പെണ്മക്കളോട് പറയുന്നത് അടുക്കളപ്പണിയെടുക്കാൻ അവർ മടിക്കുന്ന സന്ദർഭങ്ങളിയായിരിക്കും. വീട്ടിൽ കയറുക എന്നതിനപ്പുറം അവിടത്തെ അടുക്കളപ്പണിക്ക് പോവുക എന്നൊരു ധ്വനി കൂടെ അതിലുണ്ട്.

ആണുങ്ങൾ ഇക്കാര്യത്തിൽ സത്യത്തിൽ ഗുരു സിനിമയിലെ ഇലാമാപ്പഴം തിന്നുന്ന ആൾക്കാരെ പോലെയാണ്, ഒരു ആണ്കുട്ടി ജനിക്കുമ്പോ കാണുന്നതും അവൻ അടുക്കളയിൽ കയറുമ്പോ നിനക്കെന്താടാ പെണ്ണുങ്ങടെ ഇടയിൽ കാര്യം, ഇതൊക്കെയേ പെണ്ണുങ്ങൾ ചെയ്യേണ്ട പണിയാണ് നീ ഇത് ചെയ്യണ്ട, എന്നിങ്ങനെയുള്ള ഉപദേശങ്ങളുമാണ് അവന്റെ ഉള്ളിലും പെണ്ണുങ്ങൾക്കുള്ളതാണ് അടുക്കള എന്ന സർവ്വലോകബ്ലണ്ടർ പൊട്ടിമുളപ്പിക്കുന്നത്.

ഇവിടെ നമ്മടെ അടുക്കള തീർത്തും നിരപരാധിയാണ്, അടുക്കള എന്ന യൂണിവേഴ്സിറ്റിയെ ആണുങ്ങൾക്ക് മുടക്കിയതും, പെണ്ണുങ്ങടെ തലയിൽ കെട്ടി വെച്ചതിനും അടുക്കളക്ക് യാതൊരു പങ്കുമില്ല. പാവം എന്തോരം കാര്യങ്ങൾ പഠിപ്പിച്ചു തരുന്ന സ്ഥലമാണെന്നു അറിയാമോ.

“അടുക്കള ശരിയല്ല” എന്നൊരു ഡയലോഗ് പണ്ട് പെണ്ണുകണ്ട് തിരിച്ചു വീട്ടിലെത്തിയാൽ “പെണ്ണ്, പെണ്ണിന്റെ വീട്, വീട്ടുകാർ, എന്നീക്കാര്യങ്ങളിൽ നടത്തുന്ന റിവ്യൂ മീറ്റിംഗുകളിൽ ഉണ്ടാവാറുള്ളതാണ് , മിക്കവാറും അമ്മാവൻ മച്ചാന്മാരാണ് ഈ ഡയലോഗ് പൊട്ടിക്കാറ്. അതിനർഥം ആ വീട്ടിലെ പെണ്ണുങ്ങൾ പോര എന്നാണ്. എന്താല്ലേ… പെണ്ണുങ്ങളെ ഐഡന്റിറ്റി പോലും അടുക്കളയിലാണ്. പാചകം ആണുങ്ങൾക്ക് ഒരു ഹോബിയും പെണ്ണുങ്ങൾക്ക്‌ അത് അവരുടെ ജോലിയും ആവുന്നിടത്താണ് അടുക്കള വെറുക്കപ്പെടുന്നതാവുന്നത്, ഒരു തടവറയായി അടുക്കള സ്ത്രീകൾക്ക് മാറിയതും അവരതിനെ എതിർക്കാൻ തുടങ്ങിയതും ഈ വിവേചനത്തിന്റെ ഭാഗമായിട്ടാണ്. ക്ലിയറായിട്ടു പറഞ്ഞാൽ “സഹി കെട്ടിട്ടാണ്”.

മുകളിൽ പറഞ്ഞതൊക്കെയും അടുക്കളയുടെ ഭൂതകാലമാണ്. കരിപിടിച്ച പുകയുള്ള കഷ്ടപ്പാട് തോന്നിക്കുന്ന മുഖമൊക്കെ മാറ്റി ഇപ്പൊ ഫുൾ സെറ്റപ്പിലാണ്. ഇന്ന് അടുക്കള ആരും പെണ്ണിന്റെ മാത്രം തലയിലുള്ളതാണെന്നു അടിച്ചേൽപ്പിക്കുന്നില്ല അങ്ങിനെ ആണെങ്കിൽ അതു അവരുടെ പിഴവാണ്. ഒരുപാട് പേര് ചേർന്നു ആ ആചാരം മാറ്റിയെടുത്തിട്ടുണ്ട്, അതിന്റെ പിൻബലം അവർക്കുണ്ട്. സത്യത്തിൽ അടുക്കളയിൽ കയാറാതിരിക്കുകയല്ല, അതിലേക്ക് എല്ലാവരെയും എത്തിക്കുക എന്നതിലാണ് കാര്യം. ഇത് നിന്റെ കൂടെ ചുമതലയാണെന്ന് ആണ്മക്കളെ പറഞ്ഞു പഠിപ്പിക്കേണ്ട അമ്മമാരെയാണ് നമുക്ക് വേണ്ടത്

ഇത്രയും പറഞ്ഞു വന്നത് ഒരു കാര്യത്തിലേക്കാണ്, പെണ്ണുങ്ങളായിട്ടു തന്നെ പെണ്ണുങ്ങളുടെ വെറുപ്പ്‌ സമ്പാദിച്ചു കൊടുത്ത അടുക്കളയിൽ നിന്നും അതിലേക്ക് ആര് കയറിയാലും, അതേത് മനുഷ്യവർഗ്ഗത്തിൽ പെട്ടവരായാലും പഠിക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാവരും എപ്പോഴും അടുക്കളയിൽ കയറണം, ദോശ ചുടണം, ചമ്മന്തി ഉണ്ടാക്കണം, കറി വെക്കണം, പച്ചക്കറി അരിയണം, മീൻ വെട്ടണം, പാത്രം കഴുകണം. അങ്ങിനെ എന്തൊക്കെ പണികളുണ്ടോ അതൊക്കെ ചെയ്യണം. ഓരോ കാര്യം ചെയ്യുമ്പോഴും നമ്മള് ഓരോന്നും അടുക്കളയിൽ നിന്നും പഠിക്കുന്നുണ്ട്. ഉപ്പു കൂടിപ്പോയ കറിയെ രക്ഷിക്കാൻ പച്ചപപ്പായ തോല് കളഞ്ഞു നീളത്തിൽ മുറിച്ചു കറിയിലിടുന്നതിൽ പാളിപ്പോകുന്ന സന്ദർഭങ്ങളിൽ ടെൻഷൻ അടിച്ചു നിൽക്കാതെ ഒരു സൊല്യൂഷൻ കണ്ടെത്തുക എന്നുള്ള രീതിയിലേക്ക് നമ്മൾ എത്തുന്നുണ്ട്. അതുപോലെ മിക്സിയിൽ ചമ്മന്തിക്കു തേങ്ങ അരക്കുമ്പോൾ അപ്പുറത്തുള്ള ദോശ കരിയാതിരിക്കാൻ ലോ ഫ്‌ളേമിൽ ആക്കുന്നതിൽ മൾട്ടിടാസ്‌കിങ് എന്ന പ്രക്രിയ നമ്മുടെ മനസിൽ നടക്കുന്നുണ്ട്. സാമ്പാറിന്റെ കഷ്ണം മുഴുവനും കിട്ടിയില്ലെങ്കിലും നമ്മൾ വിചാരിച്ചിട്ടുണ്ടെങ്കിൽ ഉള്ള കഷ്ണം വച്ചു സാമ്പാർ ഉണ്ടാക്കിയിരിക്കും, അത് ലഭ്യമായ സാധ്യതകളെ ഉപയോഗിച്ചു ഒരു തുടക്കമെങ്കിലും കുറിച്ചിരിക്കും എന്ന നിശ്ചയദാർഢ്യത്തിന്റെ ഭാഗമാണ്.

പരീക്ഷണങ്ങളുടെ ഒരു ലാബ് കൂടെയാണ് അടുക്കള, സ്ഥിരം പോകുന്ന പാറ്റേണിൽ നിന്നും മാറി ചിന്തിക്കാനും പരീക്ഷിക്കാനും അതിനു ഉണ്ടാകാവുന്ന സമ്മിശ്രപ്രതികരണങ്ങളെ സ്വീകരിക്കാനും നേരിടാനും ചിന്തിക്കാനും ആവശ്യമെങ്കിൽ സ്വയം തിരുത്താനും ധൈര്യം കാണിക്കുമ്പോഴാണ് ലോകത്തിൽ പുതിയ പുതിയ റെസിപികൾ ഉണ്ടാവുന്നത്. യാത്രകളിലോ ഒത്തുചേരലുകളിലോ ഉണ്ടാവുന്ന അടുക്കളയിലെ ടീം വർക്ക് ആണ് വേറൊരു കാര്യം, അതിൽ ഓരോ കാര്യങ്ങളിലും എകസ്പർട് ആയവരെ അതാത് കാര്യങ്ങൾ ഏൽപ്പിച്ചു വിജയിപ്പിക്കുന്നവർ തങ്ങളുടെ ലീഡർഷിപ് ക്വാളിറ്റി തെളിയിക്കുന്നു. എല്ലാവരുടെയും ആശയങ്ങൾ സ്വീകരിച്ചും ചർച്ച ചെയ്തുമുണ്ടാക്കുന്ന രുചിക്കൂട്ടുകൾക്ക് സ്വാദ് കൂടും. അതിൽ നല്ലൊരു ടീം വർക്കിന്റെ വിജയമുണ്ടാവുകയും ചെയ്യും. എല്ലാറ്റിനുമുപരി സഹപ്രവർത്തകന്റെ കഷ്ടപ്പാട് മനസിലാക്കാനും സഹായിക്കാനും ബഹുമാനിക്കാനും നമ്മൾ പഠിക്കുന്നു. പാചകം ചെയ്യാൻ വേണ്ട സാമഗ്രികളും സാധനങ്ങളും ആവശ്യത്തിനനുസരിച്ചു കൃത്യമായി അറേഞ്ച് ചെയ്യാനും അതു സമയാസമയങ്ങളിൽ എടുത്തു പെരുമാറാനും ശ്രമിക്കുമ്പോൾ നമ്മുടെ രീതികൾക്ക് ഒരു പ്രൊഫഷണൽ അപ്പ്രോച് കൈവരുന്നു. പ്രതീക്ഷിക്കാത്തതും സമയപരിധി കുറഞ്ഞതുമായ ചില സന്ദർഭങ്ങളിൽ അതിനുള്ളിൽ നിന്നു കൊണ്ട് നന്നായി ചെയ്യാൻ കഴിയുന്ന റെസിപികൾ ഉണ്ടാക്കാൻ തീരുമാനമെടുക്കുന്നത് നമ്മുടെ പ്രാക്ടിക്കൽ മനോഭാവത്തിന്റെ ലക്ഷണമാണ്.

ഇങ്ങനെ നോക്കിയാൽ കോഴിക്കറിയിൽ ഉരുളക്കിഴങ്ങിന്റെ വേവ് നോക്കി ഇടുന്നതും, ദോശമാവൊഴിക്കുമ്പോൾ നന്നായി പരന്നുവരാൻ തവി കുറച്ചു പൊക്കി ഒഴിക്കുന്നതിലുമെല്ലാം നമ്മുടെ ജീവിതവുമായി കൂട്ടിവായിക്കാൻ കഴിയുന്ന പലതും കാണാൻ കഴിയും.

കോമഡിയായിട്ടു തോന്നുന്നുണ്ടോ… ജീവിതം തന്നെ വലിയൊരു കോമഡിയാണെന്നു ആരാണ്ടെങ്ങോ പറഞ്ഞിട്ടുണ്ടല്ലോ.

അപ്പൊ പറഞ്ഞു വന്നതെന്താണെന്നു വച്ചാ, ഒരു കാലത്തെ തലമുറ ഒരു പട്ടം ചാർത്തിക്കൊടുത്തതു കൊണ്ട് മാറ്റി നിർത്തേണ്ട ഒന്നല്ല അടുക്കള. അത് എല്ലാവരുടെയും ആണ്, സർവ്വപടപ്പുകളുടെയുമാണ്. വാങ്ങി വാങ്ങി മാത്രം ശീലിച്ചു നശിക്കാതെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കാൻ കൂടെ പഠിച്ചൂടെ നമുക്ക്, അത് തന്നെയല്ലേ ഉപഭോഗസംസ്കാരത്തിനു പിന്നാലെ മാത്രം പോയിക്കൊണ്ടിരിക്കുന്ന നമ്മളടക്കമുള്ളവർക്ക് വ്യക്തിപരമായി പകരം കാണിച്ചു കൊടുക്കാൻ കഴിയുന്ന ഒന്ന്.

പാചകം ഒരു കലയാണെന്നല്ലേ പറയുന്നത്, അപ്പൊ അടുക്കളയല്ലേ നമ്മടെ വീട്ടിലെ ആർട് സ്റ്റുഡിയോ, അവിടെ എല്ലാരും കൂടെ കൂടി മിണ്ടിയും പറഞ്ഞും എന്തേലുമൊക്കെ ഉണ്ടാക്കിയും തിന്നുമിരിക്കുന്നത് തന്നെ ഒരു രസമല്ലേ.

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: