പുതു ശബ്ദത്തിൽ ‘പുതുമഴയായി വന്നൂ നീ’

പ്രേക്ഷകരെ ‘ഭയപ്പെടുത്തി’ ജനഹൃദയങ്ങൾ കീഴടക്കിയ വിനയൻ ചിത്രമാണ് ആകാശഗംഗ. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ് ഇപ്പോൾ. ആദ്യ ഭാഗത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനമായിരുന്ന ‘പുതുമഴയായി വന്നൂ നീ’ വീണ്ടും പുതിയ ശബ്ദത്തിൽ. ആകാശഗംഗ ആദ്യഭാഗത്തിലെ നായകനായിരുന്ന റിയാസിന്റെ ഭാര്യ ശബ്നമാണ് പാട്ട് പാടിയിരിക്കുന്നത്. ആകാശഗംഗയിൽ ഈ ഗാനം ആലപിച്ചിരുന്നത് ചിത്രയായിരുന്നു.

ശ്രീനാഥ് ഭാസി, വിഷ്‍ണു വിനയ്, വിഷ്‍ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, പുതുമുഖം ആരതി, എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറർ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ ഗംഭീര തിരിച്ചു വരവ് നടത്തിയ വിനയന്റെ പുതിയ ചിത്രം ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്‍ക് ആണ്. ഓണം റിലീസായി ആകാശഗംഗ 2 എത്തും

Leave a Reply

Your email address will not be published. Required fields are marked *