Thursday, September 24, 2020
Home സാഹിത്യം അനാഥമാകുന്ന റൂട്ട് മാപ്പുകൾ

അനാഥമാകുന്ന റൂട്ട് മാപ്പുകൾ

മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥയെക്കുറിച്ച് ജോളി എ.വി എഴുതുന്നു.

”കാലം എഴുത്തുകാരനെ വല്ലാതെ കുത്തി മുറിവേല്പിക്കുമെന്നും ” അത്തരത്തിലുള്ള തീഷ്ണമായ ആത്മ ക്ഷതങ്ങളിൽ നിന്നാണ് നല്ല കഥകൾ ഉണ്ടാകേണ്ടതെന്നും ആദ്യ പാരഗ്രാഫിൽ പറഞ്ഞുകൊണ്ടാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ” റൂട്ട് മാപ്പ് ” (മാതൃഭൂമി ഓണപ്പതിപ്പ് 2020 ലക്കം 24) എന്ന പുതിയ കഥയിലേക്ക് പ്രവേശിക്കുന്നത്.

കലാകാരന്റെ / എഴുത്തുകാരന്റെ നിലപാടെന്ത്? താൻ ഇവിടെ നിൽക്കണം. ആരുടെ ഒപ്പം നിൽക്കണം. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ “റൂട്ട് മാപ്പ് ” ഉന്നയിക്കുന്നുണ്ട് .

“റൂട്ട് മാപ്പ് ” എന്നാ കഥയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് കുറച്ചു മാസങ്ങൾക്കു മുമ്പ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ “കെ പി ഉമ്മർ” എന്ന ചെറുകഥയെ പരാമർശിക്കാതെ വയ്യ. “കെ പി ഉമറിനെ തുരത്തതെ ഈ രാജ്യം പുരോഗമിക്കുകയില്ലെന്ന് “വിശ്വസിക്കുകയും അതിനുവേണ്ടി “കെ പി ഉമ്മർ വിരുദ്ധസമിതി ” എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിക്കുകയും, 1500 പേജുള്ള ”Why K P Ummer” എന്ന പുസ്തകം രചിക്കുകയും ചെയ്ത ബുദ്ധിഭ്രമം ബാധിച്ച ഗോപാലകൃഷ്ണനാണ് കഥയിലെ പ്രധാന കഥാപാത്രം .

rout-map-title

”ബദിയടുക്കയിൽ നാഷണൽ ഹൈവേകൾ വികസിപ്പിക്കുമ്പോൾ, സ്ഥലത്തിൻ്റെ വില കൂടുമ്പോൾ, ട്രെയിനിൽ തിരക്കു വർധിക്കുമ്പോൾ, ഇഷ്ട സ്ഥാനാർഥി തോറ്റുപോയാൽ, ജനസംഖ്യ വർദ്ധിക്കുമ്പോൾ, തൊഴിലില്ലായ്മ പെരുകുമ്പോൾ, അതിർത്തിയിൽ വെടി പൊട്ടുമ്പോൾ, ആൾക്കൂട്ടത്തിൽ ആരെങ്കിലും ബോംബ് സ്ഫോടനം നടത്തുമ്പോഴൊക്കെ ” കെ പി ഉമറിന്റെ പണിയാണെന്ന് അതിലെ കഥാപാത്രം പറയുന്നു.

“കെ പി ഉമറിനെ ഈ രാജ്യത്തു നിന്ന് നാടുകടത്താൻ 17 കാരണങ്ങൾ ” എന്നാണ് പുസ്തകത്തിലെ ഒരദ്ധ്യായത്തിന് നല്കിയ പേര് തന്നെ. “ഫോക്കസ് ചെയ്യുമ്പോൾ ഫീൽഡിൽ ആവശ്യമില്ലാത്ത ” മതന്യൂനപക്ഷ ദളിത് മാരണങ്ങളെ മാറ്റിനിർത്തണം എന്നു തന്നെയാണല്ലോ വർത്തമാന കാലഘട്ടത്തിൽ നാം തിരിച്ചറിയുന്നത്.

ശിഹാബുദ്ദീന്റെ “കെ പി ഉമ്മർ” എന്ന കഥയുടെ ആഴത്തിലുള്ള വായനയില്ലാതെ നമുക്ക് ഒരിക്കലും റൂട്ട് മേപ്പ് “ലേക്ക് പ്രവേശനമില്ല.

40 വർഷത്തെ കഷ്ട സഹനങ്ങൾ നിറഞ്ഞ ഗൾഫ് ജീവിതം കഴിഞ്ഞ് നാട്ടിൽ ഭാര്യയോടൊപ്പം സ്വസ്ഥജീവിതം ആഗ്രഹിച്ച എത്തിയ അഹമ്മദ്ക്കായും ഭാര്യയും അനുഭവിക്കുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. നല്ല മൊഞ്ചൻ ചൈനീസ് ആൻഡ്രോയിഡ് ഫോണും വീട് സ്റ്റൈലായി സൂക്ഷിക്കാൻ ഒരു ഓമന ചേച്ചിയേയും മക്കൾ ഓൺലൈൻ വഴി കണ്ടുപിടിച്ച് കൊടുത്തതു കൊണ്ട് ജീവിതം അങ്ങനെ സ്വസ്ഥമായി പോയി കൊണ്ടിരിക്കുമ്പോഴാണ്

എല്ലാം തകിടം മറിച്ചുകൊണ്ട് ഒരു എലി വീട്ടിൽ കടന്നുകൂടുന്നത്. അതിനെത്തുടർന്നാണ് അതിനെ പിടിക്കാൻ പൂച്ചയെ കൊണ്ടുവരുന്നതും കഥ പിന്നീട് സാധാരണ ഒരു എലിയും പൂച്ചയും കളിയിൽ നിന്നും ഒരുപാടു മാനങ്ങളുള്ള ഒരു ചെറുകഥയായി വികസിക്കുന്നതും.

ജി എസ് ടി, അമേരിക്കൻ ഉലക്ക, ട്രംപ്, മാവോ, ചൈന, നമ്മളെപ്പോലെ വളവള വർത്തമാനമൊന്നുമില്ലാത്ത ചൈനീസ് പ്രസിഡണ്ട്, യാതൊരു പ്രസ്താവനകളോ പ്രതികരണങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ഒന്നൊന്നര മാന്യൻ, പ്രധാനമന്ത്രി, ബ്ലൂസ്റ്റാർ ഓപ്പറേഷൻ, തലങ്ങും വിലങ്ങും അറ്റ്ലസിനെപ്പോലെ തൂറി വച്ചിരിക്കുന്ന പൂച്ച, ചിന്നിച്ചിതറിയ സോവിയറ്റ് യൂണിയൻ, ആവിപറക്കുന്ന യമൻ, കാലുകൾ ഇല്ലാത്ത പശുവിനെ പോലെ തോന്നിക്കുന്ന ഇന്ത്യ, ചൈനീസ് മുഖമുള്ള വൈറസ് പരത്തുന്ന പൂച്ച , നാഷണൽ ഹൈവേ, വംശഹത്യ,
അഞ്ചു ബുദ്ധിമാൻമാരെ കിട്ടാൻ 95 മണ്ടന്മാരെ സഹിക്കുന്ന എഫ് ബി, പൂച്ചയുടെ തലച്ചോറിലെ ജിപിഎസ്, സംസ്കൃതശ്ലോകം, മുസ്ലിം മതവിശ്വാസി, ഇന്ത്യൻ പീനൽ കോഡ്, വലതുപക്ഷവും ഇടതുപക്ഷവും മാറിമാറി ഭരിച്ച ഭൂതകാലം, ബാങ്ക് അക്കൗണ്ട് നമ്പർ മരവുരിയും ഇലകളും കൂട്ടി തുണിയുടുത്ത് ശിലായുഗ മനുഷ്യൻ – ഇങ്ങനെ വാക്കുകളുടെ ഒരു മൊണ്ടാഷ് നിർമ്മിച്ച് എഴുത്തുകാരൻ കഥാസ്വാദനത്തിന്റെ പുതിയ ഭാവതലം സൃഷ്ടിക്കുന്നു . (ചലച്ചിത്രത്തിൽ നിരവധി ബിംബങ്ങളും ബിംബങ്ങളോ ദൃശ്യങ്ങളോ അടുപ്പിച്ചടുപ്പിച്ച് കാണിക്കുന്ന സമ്പ്രദായമാണ് മൊണ്ടാഷ് )

സകല റൂട്ടുകളും തെറ്റുകയും വഴികൾ അടയുകയും വട്ടംചുറ്റികയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ റൂട്ട് മാപ്പ് എന്ന കഥ വലിയ വായന ആവശ്യപ്പെടുന്നുണ്ട് .

നമ്മൾ ഒരുകാലത്ത് പടിക്ക് പുറത്താക്കിയതും പാലം കടത്തിവിട്ടതുമായ ചീത്തയായ പലതും വീണ്ടും വീണ്ടും നമ്മിലേക്ക് തന്നെ കടന്നുവരുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. രണ്ടു പ്രാവശ്യവും പൂച്ചയെ പാലം കടത്തിവിട്ടിട്ടും അത് തിരിച്ചുവരുമ്പോൾ അഹമ്മദ്ക്കയെ അത് വല്ലാതെ നിസ്സഹായനാക്കുന്നുണ്ട്.

“പ്രത്യയശാസ്ത്ര സങ്കല്പങ്ങൾ പ്രതിരോധത്തിന് ഉപകരണം അല്ലെന്നും പുതിയ കാലത്ത് അതൊരു മറയോ സാധാരണ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനുള്ള പൊതിയുമാണെന്ന് ” അഹമ്മദിക്കയെപ്പോലെ നമുക്കും തിരിച്ചറിവുണ്ടാക്കുന്നുണ്ട്. അതിനുശേഷമാണ് അയാൾ ശാസ്ത്രത്തിൽ അഭയം തേടുന്നത് സമകാലിക ഇന്ത്യയിൽ ശാസ്ത്രം പോലും അന്ധവിശ്വാസത്തിലേക്കും പോകുന്ന കാഴ്ചകൾ നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും യുക്തിഭദ്രം എന്ന് വിശ്വസിക്കുന്ന ശാസ്ത്രത്തെക്കുറിച്ച് നമ്മുടെ “മുകളിലിരിക്കുന്നവർ” പറയുന്നത് വിശ്വസിക്കുന്ന ഒരു ജനതയായി നാം മാറിയിയിരിക്കുന്നു.

sihabuddeen-poythumkadav
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

“സമാധാനിക്കൂ. ഒരേ ദേശത്തു താമസിക്കുന്നവർ എന്ന നിലയ്ക്ക് എന്റെയും പ്രശ്നമാണല്ലോ. ഇന്ന് ഞാൻ നാളെ നീ എന്നു കേട്ടിട്ടില്ലേ. പൂച്ച ഒരു ദിവസം ഇങ്ങോട്ട് ചാടി പുറപ്പെട്ടാലോ ?”

സയൻറിസ്റ്റിന്റെ ഈ വാക്കുകൾ, ശാസ്ത്രജ്ഞൻമാർ മാത്രമല്ല ഇന്ത്യയിലെ ചരിത്രകാരന്മാരും മത ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും എല്ലാം അനുഭവിക്കുന്ന പ്രശ്നം തന്നെയാണ്. ഈ പൂച്ച ഒരു വൈറസ് തന്നെയാണ്. വർഗീയതയുടേയും വംശീയതയുടേയും നിറത്തിന്റെയും ജാതിയുടേയും രാജ്യത്തിന്റെയും പേരിൽ എപ്പോൾ വേണമെങ്കിലും ഉയർന്നു വരാവുന്ന നഖങ്ങളുമായി അവൻ കാത്തിരിക്കുന്നുണ്ട്.

സമകാലിക രാഷ്ട്രീയ അവസ്ഥ കളോടുള്ള ശക്തമായ ആക്ഷേപഹാസ്യ പ്രയോഗങ്ങൾ തന്നെയാണ് ശിഹാബുദ്ദീന്റെ കഥകളുടെ പ്രത്യേകത .

നെഹ്റുവിയൻ ശാസ്ത്രബോധമൊക്കെ കാലഹരണപ്പെട്ട പുതിയ ഇന്ത്യയിലെ ശാസ്ത്രജ്ഞൻ അഹമ്മദ്ക്കയോട് പറയുന്നത്, പൂച്ചയെ ചാക്കിലാക്കി നാടുകടത്തുമ്പോൾ മുഖ്യമായും ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളെക്കുറിച്ചാണ്. അതിൽ രണ്ടാമത്തെ കാര്യം പൂച്ചയെ ചാക്കിന്റെ കെട്ടഴിച്ച് വിടുമ്പോ അതിന്റെ ജിപിഎസ് തകർക്കണം എന്നാണ്. ചാക്കിൽ നിന്ന് അഴിച്ച് വിടും മുമ്പ് 15 തവണ വട്ടം കറക്കണം . ഓരോ തവണ കിട്ടുമ്പോഴും ഒരു ശ്ലോകം ചൊല്ലണം. ആർഷഭാരത സംസ്കാരത്തിന്റെ അപൂർവ്വ ഉപലബ്ധികളിൽ ഒന്നാണ് ഈ ശ്ലോകം . അർത്ഥമൊന്നും നോക്കണമെന്നില്ല ” എന്നും പറയുമ്പോൾ “ശ്ലോകം ചൊല്ലാതെ ചുറ്റിയാൽ മതിയാവില്ല സാർ, ഞാൻ ഒരു മുസ്ലിം മതവിശ്വാസി ആണെന്ന് അറിയാമല്ലോ ” എന്ന് അഹമ്മദ്കാ സംശയിക്കുന്നുണ്ട് .

jolly-av
ജോളി എ.വി

“അദ്ദേഹം ഉദാരമായി ചിരിച്ചു “എന്നാണ് എഴുത്തുകാരൻ പിന്നീട് പറയുന്നത് ഉദാരമായി ഉള്ള ചിരിയുടെ അർത്ഥം നമ്മൾ മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ! ശബ്ദം കുറച്ച് ശാസ്ത്രജ്ഞൻ പറയുന്നുണ്ട്. “ഉള്ളത് പറഞ്ഞാൽ ദൈവം നമ്മളെ ഉപയോഗിക്കുന്നു നമ്മൾ ദൈവത്തെയും സൂത്രത്തിൽ ഉപയോഗിക്കണം അതാണ് അതിൻറെ ശരി”

മദം പിടിച്ച മതത്തിന്റെ വഴികൾ ഭരണകൂടത്തിന്റെ രഹസ്യ അജണ്ടകൾ ആയി മതങ്ങൾ മാറുന്നതിന്റെ കറുത്ത ഫലിതങ്ങൾ ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .

ഒഴിഞ്ഞ മൊബൈൽ പ്രദേശത്താണ് തൻറെ “പ്രൊജക്ട് ലാൻഡ് “ചെയ്യേണ്ടതെന്ന് കാര്യത്തിൽ അഹമ്മദ്ക്കയക്ക് സംശയമുണ്ടായിരുന്നില്ല. വിജനമായ വയലിനെ നടുവിൽ ചെന്ന് മറ്റെല്ലാം മറന്ന് ലോകത്തെ മാത്രം ഓർത്തു പൂച്ചയെ തലക്കു ചുറ്റും ആവേശപൂർവ്വം കറക്കുകയാണ്. അതോടുകൂടി അഹമ്മദ്ക്കയുടെ തലച്ചോറിൻ്റെ ജിപിഎസ് ആണ് തകർന്നു പോകുന്നത് .

പൂച്ച അതിന്റെ വഴിക്ക് പോവുകയും തല തിരിഞ്ഞു പോയ അഹമ്മദ് ഓട്ടോയിൽ കയറി വഴികാണാതെ വട്ടം കറങ്ങുകയാണ്. “അല്ല കാക്ക, നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത് എന്ന് പറ”. ”എന്റെ വീട്ടിൽ ” . “അത് എവിടെയാണ് എനിക്കറിയില്ല . അത് ഗൂഗിൾ മാപ്പിൽ ഉണ്ട്” . ഇത് വല്ലാത്ത ഒരു അവസ്ഥയാണ് ഗൂഗിൾ മാപ്പിൽ വീട് ഉണ്ടാവുകയും അവിടേക്ക് എത്തിച്ചേരാനുള്ള റൂട്ട് അറിയാതെയും ഇരിക്കുന്ന അവസ്ഥ തന്നെയാണ് ഇന്ത്യയുടെ അവസ്ഥ. ലോകത്തിനു മുൻപിൽ അസൂയാവഹമായ ദർശനങ്ങളും മാനവിക ചിന്തയും ഉദ്ഘോഷിച്ച ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ! കഥ പൂർത്തിയാകുമ്പോൾ നാം കണ്ടുമുട്ടുന്നത് മരവുരിയും ഇലകളും കൂട്ടി ത്തുന്നിയുടുത്ത ഒരു ശിലായുഗ മനുഷ്യൻ നാഷണൽ ഹൈവേയുടെ വീതി വിസ്താരം കണ്ട് പകച്ച് നോക്കുന്നതാണ്. ശിലായുഗ മനുഷ്യനെന്ന പ്രയോഗം എത്രയോ ദൂരവ്യാപ്തിയുള്ളതാണ്!

ഒ വി വിജയന്റെ ‘ധർമ്മ പുരാണ’ത്തിലെ വരികളെ ഓർമിപ്പിക്കുന്ന രീതി ഇവിടെ നമ്മൾ കാണുന്നുണ്ട് ”പ്രജാപതിക്ക് തൂറാൻ മുട്ടി “എന്ന് തുടങ്ങുന്ന ‘ധർമ്മപുരാണം’ ചർച്ചചെയ്യുന്ന ഇന്ത്യയുടെ ഏറ്റവും ഭീകരമായ ഒരു കാലഘട്ടത്തെ പുനരവതരിപ്പിക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നുണ്ട്. മലീമസമായ നമ്മുടെ കാലഘട്ടത്തെ അതു പോലെയുള്ള വാക്കുകൾ കൊണ്ട് തന്നെ എഴുത്തുകാരൻ പ്രതിരോധിക്കുകയാണ്.

മനുഷ്യന്റെ സ്വകാര്യ ഇടങ്ങളെ തലങ്ങും വിലങ്ങും തൂറി വെച്ച് “സ്വന്തം കാഷ്ഠത്തിൻ്റെ ഉത്സവം” ആഘോഷിക്കുന്ന പൂച്ച , എന്ന പ്രയോഗത്തിൽ സമകാലീന ഇന്ത്യയുടെ രാഷ്ട്രീയ ദുർഗന്ധങ്ങൾ നുരച്ച് പൊന്തുന്നുണ്ട്. എലിയെ പിടിക്കാനായി കൊണ്ടുവരുന്ന ചൈനീസ് മുഖമുള്ള, നാനാർത്ഥങ്ങളോടെ കഥയിൽ നിറഞ്ഞു നിൽക്കുന്ന പൂച്ച , വർഗീയതയുടെയും യുദ്ധക്കൊതിയുടെയും വംശഹത്യയുടേയും അതിർത്തി തർക്കങ്ങളുടെയും ആഗോള പ്രതീകമായി മാറുന്നുണ്ട്. “തീട്ടം കൊണ്ടുണ്ടാക്കിയ ലോക മാപ്പിനെ നമ്മൾ എത്ര കാലം സഹിക്കണമെന്ന” അഹമ്മദിക്കയുടെ വാക്കുകളും, “നിങ്ങൾ ആണുങ്ങളെല്ലാം പോയി അർമാദിച്ച ആ വഴി എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന “-കുഞ്ഞാമിനയുടെ വാക്കുകളും യുദ്ധക്കൊതി നിറഞ്ഞ ആണധികാരത്തോടുള്ള ശക്തമായ പ്രതിഷേധമാണ്. അങ്ങനെ , ഇന്നത്തെ ഇന്ത്യൻ / ലോക അവസ്ഥകളോട് ശക്തമായി പ്രതികരിക്കുന്ന മലയാള ചെറുകഥ ചരിത്രത്തിലെ ബലിഷ്ഠമായ കഥയായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ” റൂട്ട് മാപ്പ് ” മാറുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

Leave a Reply

Most Popular

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

ആയിരം പാഡിന് അരക്കപ്പ്

ആയിഷ ബഷീർ "ഡീ എന്റെ ബാക്ക് ഓക്കേയാണോ " ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ.... ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...
%d bloggers like this: