പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അഞ്ചാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ദീര്‍ഘകാലം മേളപ്രമാണിയായിരുന്നു.

പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി മാരാസ്യാരുടെയും തോട്ടുപുറത്ത് രാമന്‍നായരുടെയും മകനായി 1952-ലാണ് പരമേശ്വരമാരാരുടെ ജനനം.

അന്നമനട സീനിയര്‍ പരമേശ്വര മാരാര്‍, കുഴൂര്‍ നാരായണമാരാര്‍ തുടങ്ങി പ്രമുഖ തിമിലക്കാരുടെയും ചാലക്കുടി നമ്പീശന്‍, കൊളമംഗലത്ത് നാരായണന്‍നായര്‍ എന്നീ മദ്ദളക്കാരുടെയും പ്രമാണത്തിലുള്ള പഞ്ചവാദ്യത്തിലാണ് അരങ്ങേറ്റം.

പല്ലാവൂര്‍ മണിയന്‍ മാരാരുടെയും കുഞ്ഞുകുട്ടമാരാരുടെയും കൂടെ താമസിച്ച് ചെണ്ട അഭ്യസിച്ചു. കുറുംകുഴല്‍ വിദ്വാന്‍ പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുംകുഴല്‍ പറ്റിന് ചെണ്ടവായിക്കല്‍ ഹൃദിസ്ഥമാക്കി.

1971ല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായും ജോലി നോക്കി. തുടര്‍ന്ന് പണ്ടാരത്തില്‍ കുട്ടപ്പമാരാര്‍, പെരുവനം അപ്പുമാരാര്‍, മുളങ്കുന്നത്തുകാവ് സഹോദരന്‍മാര്‍, പുതുക്കോട് കൊച്ചുമാരാര്‍ തുടങ്ങിയവര്‍ക്കൊപ്പം പഠനം.

അന്നമനടത്രയം, പല്ലാവൂര്‍ സഹോദരന്‍മാര്‍, ചോറ്റാനിക്കര നാരായണമാരാര്‍, കൂഴൂര്‍ ത്രയം, പൊറുത്തുവീട്ടില്‍ നാണുമാരാര്‍ തുടങ്ങിയ വാദ്യമൂര്‍ത്തികളുമായുള്ള സഹവര്‍ത്തിത്വം. ഇവയെല്ലാം പരമേശ്വരമാരാരെ ഒന്നാംനിര തിമില പ്രമാണിയാക്കി.

തോംകാരമുള്ള തിമിലയില്‍ വിരലുകള്‍ ഉപയോഗിച്ച് പഞ്ചവാദ്യമാരംഭിക്കുന്ന പല്ലാവൂര്‍ സഹോദരന്‍മാരുടെ രീതിയില്‍ പഞ്ചവാദ്യം ആരംഭിക്കുന്ന അപൂര്‍വം പ്രമാണിമാരിലൊരാളാണ് പരമേശ്വരമാരാര്‍. പല്ലാവൂര്‍ ശൈലിയിലെ വിളംബകാലത്തിലുള്ള പതികാലവും അന്നമനടക്കാരുടെ ശൈലിയിലുള്ള കൂട്ടിക്കൊട്ടലുകളും പരമേശ്വരമാരാരുടെ പഞ്ചവാദ്യത്തില്‍ കാണാം. ഇടകാലം കൂട്ടിക്കൊട്ടലുകളില്‍ ഇടംവലം നോക്കാതെ കൊട്ടുന്ന ചോറ്റാനിക്കര നാരായണമാരാരുടെ ശൈലിയും പരമേശ്വരമാരാരുടെ പഞ്ചവാദ്യത്തില്‍ കേള്‍ക്കാമായിരുന്നു.

പരമേശ്വരമാരാരുടെ കൂട്ടിക്കൊട്ടലുകളില്‍ തിമിലയുടെ തോംകാരവും മദ്ദളത്തിന്റെ ധീംകാരവും ചേര്‍ന്ന് പഞ്ചവാദ്യത്തെ വിഭവസമൃദ്ധമാക്കുന്നു. താളവട്ടങ്ങളില്‍ ഇരട്ടികള്‍ കൊട്ടാതെ ഇടതൂര്‍ന്ന വിന്യാസങ്ങള്‍ അദ്ദേഹത്തിന്റെ പ്രത്യേകത. രണ്ടാംകാലത്തില്‍ ഇടയ്ക്കക്കാരനെയും മദ്ദളക്കാരനെയും തിമിലക്കാരനെയും മാറ്റിമാറ്റി കൊട്ടിച്ച് അദ്ദേഹം പഞ്ചവാദ്യത്തെ സംഗീതാത്മകമാക്കും. ഇടകാലം കൂട്ടിക്കൊട്ടില്‍ മദ്ദളക്കാര്‍ കൊട്ടിയതിലും ഇരട്ടിയിലധികം താളവട്ടം കൊട്ടി ഇനിയും താളവട്ടങ്ങള്‍ കൊട്ടാം എന്ന രീതിയില്‍ അവസാനിപ്പിക്കുമ്പോള്‍ ആസ്വാദകര്‍ക്കത് മതിവരാക്കാഴ്ച. കര്‍ണാട്ടിക് സംഗീതം കേള്‍ക്കാനും ആസ്വദിക്കാനും സമയം കണ്ടെത്തുന്ന ആസ്വാദകനാണ് അദ്ദേഹം. സംഗീതമധുരമാര്‍ന്ന തൃപുടയും പതികാലത്തിലെ കൂട്ടിക്കൊട്ടലുകളും ഇനിയും കൊട്ടുമെന്ന് കരുതുന്നിടത്ത് നിര്‍ത്തുന്ന ഇടകാലം കൂട്ടിക്കൊട്ടലും അദ്ദേഹത്തിന്റെ പഞ്ചവാദ്യങ്ങളില്‍ കാണുന്ന വ്യത്യസ്തതകളാണ്.

തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട വേദി. കേരളത്തിലെ ഒട്ടെല്ലാ പ്രധാന ഉത്സവങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, യുഎഇ തുടങ്ങി വിദേശരാജ്യങ്ങളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. കൊടകര കാവില്‍മാരാത്ത് ശാന്ത മാരാസ്യാരാണ് ഭാര്യ. കലാമണ്ഡലം ഹരീഷ്, കല, ധന്യ എന്നിവര്‍ മക്കളും തായമ്പക കലാകാരി നന്ദിനി വര്‍മ്മ, സുനില്‍ എന്നിവര്‍ മരുമക്കളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *