Homeഅഭിമുഖങ്ങൾഅപ്പലാളും അതിന്റാളും : നായാട്ടിലെ തന്റെ പാട്ടിനെക്കുറിച്ച് അൻവർ അലി

അപ്പലാളും അതിന്റാളും : നായാട്ടിലെ തന്റെ പാട്ടിനെക്കുറിച്ച് അൻവർ അലി

Published on

spot_imgspot_img

അഭിമുഖം

അൻവർ അലി | സൂര്യ സുകൃതം

അടുത്ത കാലങ്ങളിൽ ഇറങ്ങിയ മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും മികച്ചതെന്ന് ആസ്വാദകർ അംഗീകരിച്ച പല പാട്ടുകളുടെയും രചയിതാവാണ് അൻവർ അലി. കവി, വിവർത്തകൻ, എഡിറ്റർ, തിരക്കഥാകൃത്ത് എന്നിങ്ങനെ എഴുത്തിന്റെ വ്യത്യസ്ത മേഖലകളിൽ സജീവമാണെങ്കിൽക്കൂടിയും മലയാള സിനിമാഗാനരചനയിൽ തന്റെ വേറിട്ട ശൈലി കൊണ്ട് കൂടുതൽ ശ്രദ്ധേയനാവുകയാണ് ഇദ്ദേഹം. അന്നയും റസൂലും, കിസ്മത്ത്, കമ്മട്ടിപ്പാടം, എസ്ര, മായാനദി, സുഡാനി ഫ്രം നൈജീരിയ, ഈട, കുമ്പളങ്ങി നൈറ്റ്സ്, തൊട്ടപ്പൻ തുടങ്ങീ അനവധി ചിത്രങ്ങൾക്കു വേണ്ടി അൻവർ അലി ഒരുക്കിയ പാട്ടുകൾ ആസ്വാദകർ ആസ്വദിച്ചു തീർന്നിട്ടില്ല. ഏറ്റവും പുതിയ ചിത്രമായ നായാട്ടിലെ അപ്പലാളെ എന്നു തുടങ്ങുന്ന പാട്ടാണിപ്പോൾ ആസ്വാദകവൃന്ദങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഒരു ആഘോഷപ്പാട്ടായി ചിത്രീകരിച്ചിരിക്കുന്ന പ്രസ്തുതഗാനത്തിലുപയോഗിച്ച ഭാഷയേത്.. പ്രമേയമെന്ത്… തുടങ്ങിയവയെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷയും ചർച്ചയും കണ്ടാണ് എട്ടുകാലേ പിമ്പിരിയാം അപ്പലാളേ എന്നു തുടങ്ങുന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് അതിന്റെ രചയിതാവിനോട് തന്നെ ചോദിക്കാൻ ആത്മ ഓൺലൈൻ തീരുമാനിച്ചത്.

എട്ടുകാലേ പിമ്പിരിയാം അപ്പലാളേ… എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച്…

നീരാളി(Octopus)ക്ക് ലക്ഷദ്വീപിൽ വ്യാപകമായും അത്യുത്തരകേരളത്തിൽ അപൂർവ്വമായും പറയുന്ന പേരാണ് അപ്പല്.
അപ്പല് പാതിരയ്ക്ക് തെങ്ങിൽക്കേറി ഇളങ്കള്ള് (മീര) മോഷ്ടിക്കുന്നതിനെയും അതു രാത്രി കാവലിരുന്ന് കയ്യോടെ കണ്ടു പിടിച്ച ബീരാൻ കാക്ക അപ്പലിന്റെ എട്ടുകാലും അരിഞ്ഞു വീഴ്ത്തുന്നതിനെയും പറ്റി ലക്ഷദ്വീപിലെ ഭാഷാഭേദമായ ദസരിയിൽ ഒരു അസ്സൽ നാടൻ പാട്ടുണ്ട്. അപ്പല് മീരാ കുടിച്ച കഥ എന്നാണ് അത് അറിയപ്പെടുന്നത്. അത് പക്ഷേ മാപ്പിളപ്പാട്ടിന്റെ ശൈലിയിലുള്ളതാണ്.
എന്നെ ആകർഷിച്ചത് അപ്പൽ, അതായത് നീരാളി, ആ ആഖ്യാനത്തിലൊരു സജീവ കഥാപാത്രമാണെന്നുള്ളതാണ്. കുറുക്കനും കോഴിയും പൂച്ചയും ആനയും എലിയുമൊക്കെ വൻകരകളുടെ അലിഗറികളിൽ വരുന്നതു പോലെയാവുമല്ലോ മീനും കടൽപ്പന്നിയും നിരാളിയുമൊക്കെ ലക്ഷദ്വീപുകാരുടെ കഥയിൽ വരിക എന്ന യുക്തി, ആ പാട്ടുകേട്ട കാലം മുതൽ മനസ്സിലുണ്ടായിരുന്നു. ‘നായാട്ടി’നു വേണ്ടിയുള്ള ആഘോഷപ്പാട്ടിന്റെ ഉള്ളടക്കം എന്റെ സ്വാതന്ത്ര്യത്തിന് സംവിധായകൻ വിട്ടു തന്നപ്പോൾ മനസ്സിൽ എപ്പോഴുമുണ്ടായിരുന്ന ആ എട്ടുകാലൻ കഥാപാത്രം കേറി വന്നതാണ്. അങ്ങനെ കുടിയനായ അപ്പലിനെയും അരിയപ്പെട്ട എട്ടുകാലിനെയും മാത്രം ദ്വീപിൽ നിന്നെടുത്ത് വിഷ്ണുവിന്റെ നാട്ടീണത്തിൽ കൊണ്ടു വച്ചു. ദ്വീപ് പാട്ടിന്റെ മുഖ്യകഥയുമായോ ആഖ്യാനഘടനയുമായോ അതിന് വേറെ ബന്ധമൊന്നുമില്ല.

athmaonline-anwar-ali
അൻവർ അലി

എന്റെ പാട്ടിന്റെ ആദ്യ വരികൾ ആമുഖം പോലെയാണ്. കുശുമ്പിന്റെ വാക്കത്തി കൊണ്ട് പണ്ട് അപ്പലെ ‘വെട്ടിയ’ കഥ കവിവക്താവിൽ കള്ളു പോലെ പുളിച്ചു തികട്ടി വരുന്നു… തുടർന്ന് അടിച്ചു ഫിറ്റായ അപ്പലാളിനെ (അപ്പലിനെ ഇഷ്ടത്തോടെ വിളിക്കുന്നതാണ് അപ്പലാൾ) അഭിസംബോധന ചെയ്ത് വക്താവ് കഥ പറയുകയാണ്. ഒരു ഇഷ്ടക്കാരത്തിയോട് പറയുന്ന മട്ടിലുമെടുക്കാം, ആ പറച്ചിലിനെ.

വെള്ളിനിലാക്കള്ളുകൊടം കട്ട അപ്പലാളോട് അസൂയയോടെ, നർമ്മത്തോടെ, മറ്റൊരു കഥ — അക്കാനി മോഷ്ടിച്ച ചോവത്തിയെ ഓളെ ചോവൻ പണ്ട് വാക്കത്തി കൊണ്ട് വെട്ടിയരിഞ്ഞ കഥ — പറയുന്നതാണ് പാട്ടിന്റെ ബാക്കിയുള്ള ഭാഗം.

അപ്പലാളിന്റെ പാട്ട്

ആമുഖം

കാലെട്ടുമാടുന്നോരപ്പലെ പണ്ട്
കുശുമ്പിന്റെ വാക്കത്തി കൊണ്ട്
വെട്ട്യ കഥയല്യോടീ
കള്ളു പോലെ പുളിക്കണ്…

പല്ലവി – 1

എട്ടുകാലേ പിമ്പിരിയാം
അപ്പലാളേ… എടി
വെള്ളിനിലാകള്ളുകൊടങ്കട്ടവളേ…
അക്കാനി മോട്ടിച്ച പൊണ്ടാട്ട്യ പണ്ട്
ഓളെ ചോവൻ വാക്കത്തി കൊണ്ടേ
ചന്നം പിന്നം വെട്ട്യേടീ
കായലന്ന് ചോന്നേടീ

എട്ടുകാലേ പിമ്പിരിയാം
അപ്പലാളേ… എടി
വെള്ളിനിലാകള്ളുകൊടങ്കട്ടവളേ….

അനുപല്ലവി

ചെത്താനും തെങ്ങുമ്മേ കേറുമ്പഴുണ്ടേ
മണ്ടേല് നിലാവതേയൊള്ളേ…
വാക്കത്തി വെട്ടിത്തെളങ്ങണ്
മുറ്റത്ത് ചോത്തി ചിരിക്കണൊണ്ടേ

പിന്നൊന്നും നോക്കീല
പെണ്ണെന്നും നോക്കീല
പലതായ്ട്ടരിഞ്ഞേ
കുലവാളിഞ്ചീര് തേയും വരേ….
അപ്പലാളേ എന്റപ്പലാളേ, പി-
പ്പിമ്പിരിയെട്ടുകാലുള്ളോളേ….

ചരണം

കുടിയെടീ
ചിരിയെടീ
വയറെളകേ
തലതിരിയേ
മടമടെ നീ
ഒഴി കരളേ
കൊടങ്കണക്കേ
കുടി കരളേ…
തൂനിലാവിൻ കള്ള്….

വാക്കത്തി വെട്ടിത്തെളങ്ങണ്
സൊപ്നത്തീ ചോത്തി ചിരിക്കണൊണ്ടേ….

ചോവന്തന്റെ ചോത്യെപ്പോലേ….
ഞാനും നിന്നേ….കൊത്യരിഞ്ഞോട്ടേടിയേ…

വഴുവഴേ
ഇഴയെടീ
നടവഴിയിൽ
തിരുനടയിൽ
പഴങ്കോട
കവിട്ടെടിയേ
പുളിമോ…ര്
ചെലുത്തെടിയേ…
ആവിയാട്ടെ കള്ള്….

പല്ലവി – 2

എട്ടുകാലേ പിമ്പിരിയാം
അപ്പലാളേ… എടി
വെള്ളിനിലാകള്ളുകൊടങ്കട്ടവളേ…
അക്കാനി മോട്ടിച്ച പൊണ്ടാട്ട്യ പണ്ട്
ഓളെ ചോവൻ വാക്കത്തി കൊണ്ടേ
ചന്നം പിന്നം വെട്ട്യേടീ
കായലന്ന് ചോന്നേടീ
വാക്കത്തി വെട്ടിത്തെളങ്ങണ്
സ്വപ്നത്തീ ചോത്തി ചിരിക്കണൊണ്ടേ….

കമ്മട്ടിപ്പാടത്തിലെ ‘പുഴു പുലികൾ’ എന്ന പാട്ട്, തൊട്ടപ്പനിലെ ‘പ്രാന്തൻ കണ്ടൽ’ തുടങ്ങിയ പാട്ടുകളിൽ വാക്കുകളൊക്കെ ഉപയോഗിച്ചിട്ടുള്ള രീതി.. പ്രാന്തൻ കണ്ടൽ. എന്ന് തുടങ്ങുന്ന പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘പൂക്കണ്ടലിൻറെ മോളിലാര്ന്ന് ഞാൻ, താഴെ നീ നിന്ന് മുള്ളണ്, എന്ന വരിയാണ്. അത്തരം വാക്കുകളുടെ ഉപയോഗമൊക്കെ വളരെ രസകരമായി തോന്നി. മാത്രമല്ല, അത് ചില പ്രാദേശിക ജീവിത ചര്യകളെയും, അവസ്ഥകളെയുമൊക്കെ അടയാളപ്പെടുത്തുന്നതുമാണല്ലോ. ഇത്തരം പാട്ടുകളെഴുതാൻ മാഷിന് പ്രത്യേകിച്ചെന്തെങ്കിലും റഫറൻസുകൾ വേണ്ടി വരാറുണ്ടോ. അല്ലെങ്കിൽ പരിചിതമായിട്ടുള്ള ചുറ്റുപാടുകളിൽ നിന്നുതന്നെ ഉണ്ടായി വരുന്നതാണോ. അതിന്റെ ഒരു ഗുട്ടൻസ് എന്താണ്…?

ഒരു സപ്ലിമെന്ററി വർക്ക് , അല്ലെങ്കിൽ ഒരു അപ്ലൈഡ് ആർട്ട് എന്ന നിലയ്ക്കാണ് മുഖ്യമായും പാട്ടെഴുതേണ്ടി വരുന്നത്. സ്വതന്ത്രമായ ഒരു പണിയായിട്ടല്ല. അപ്പോൾ നമ്മൾ സിനിമയിലെ സിറ്റ്വേഷനും കിട്ടിയ ഈണത്തിനും അനുസരിച്ചിട്ടുള്ള വരികൾ ബോധപൂർവ്വം പ്ലാൻ ചെയ്ത് എഴുതേണ്ടിവരും.  ചില സമയത്ത് കംപോസറുമായി ഒന്നിച്ചിരുന്ന് ചെയ്യാൻ പറ്റിയേക്കാം. വളരെ അപൂർവമായി നമുക്ക് നമ്മുടെ കവിത്വത്തിന്റേതു മാത്രമായ സാതന്ത്ര്യം ഉപയോഗിക്കാൻ പറ്റിയ സന്ദർഭങ്ങളും ഉണ്ടാവാറുണ്ട്. പക്ഷെ അതൊക്കെ അപൂർവ്വമാണ്. പാട്ടുകൾക്ക് പൂർണമായും  സ്വതന്ത്രാസ്തിത്വമായി സിനിമയിൽ നിൽക്കാൻ കഴിയുമായിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ അത് സിനിമയെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നോ എന്നത് മറ്റൊരു ചോദ്യം. കാരണം പണ്ടുകാലത്തെ മനോഹരങ്ങളായ പല സിനിമാഗാനങ്ങളും  പാട്ടിനു വേണ്ടി പാട്ട് എന്ന നിലയ്ക്കു ചേർക്കുന്നവയായിരുന്നു. മോശം സിനിമകളിൽ ഉള്ളവ അല്ലെങ്കിൽ മോശമായി ചിത്രീകരിച്ചവ ആയിരുന്നു. പക്ഷേ പാട്ടെഴുത്തിന് ഇന്നില്ലാത്ത ഒരു സ്വാതന്ത്ര്യം പണ്ട് ഭാസ്കരൻ മാഷൊക്കെ എഴുതുന്ന കാലത്ത് ഉണ്ടായിരുന്നു. ഇപ്പോ അത് കുറവാണ്. പക്ഷെ അപൂർവമായ് അതുണ്ടാവാറുമുണ്ട്. പ്രാന്തൻ കണ്ടെലെന്ന പാട്ടൊക്കെ വാസ്തവത്തിൽ അങ്ങനത്തെ ഒരു സ്വാതന്ത്ര്യത്തോടു കൂടി എഴുതിയ പാട്ടാണ്. അത് തൊട്ടപ്പനിലെ ഒരു സിറ്റ്വേഷന് വേണ്ടതായ ചെറിയൊരു സംഗതി വച്ച് ആലോചിച്ചാലോചിച്ച് വന്നപ്പോഴേക്ക് ഒരു ഫുൾ പാട്ടായി വികസിച്ചു പോയതാണ്. ഒരു കവിത പോലെ, കവിതക്കണക്കുള്ള ഒരു മീറ്ററിൽ ഞാനതെഴുതിയ ശേഷം എന്റെതായൊരു മട്ടിലിങ്ങനെ ചൊല്ലിക്കൊടുത്തതിൽ നിന്ന് ഗിരീഷ് കുട്ടൻ ഇംപ്രവൈസ് ചെയ്ത് ഈണപ്പെടുത്തി എടുത്തതാണ്. ‘പുഴു പുലികൾ…’ എന്ന പാട്ടും ആ രീതിയിൽ ഉണ്ടായതാണ്. അങ്ങനെ ചിലപ്പോഴൊക്കെ സ്വതന്ത്രാവിഷ്കാരത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന രീതിയിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.  എന്നാൽ പോലും പാട്ട് കവിത പോലെ അത്ര സ്വതന്ത്ര ആവിഷ്കാരമല്ല.

ഇതിന്റെയൊക്കെ റഫറൻസ്, ചുറ്റുപാട് എവിടുന്ന് എന്നതാണല്ലോ ചോദ്യം. അത് നമ്മുടെ റിസെപ്റ്റീവ്നെസ് അഥവാ നമ്മുടെ ആന്റിന പോലിരിക്കും. നമ്മള് നാട്ടിൻപുറത്ത്  വളർന്നാൽ മാത്രമേ അത്തരം സന്ദർഭത്തിനു പറ്റിയ പാട്ട് എഴുതാൻ പറ്റൂ എന്നൊക്കെ പറയുന്നത് ഒരുതരം അതികാൽപനികതയാണെന്നാണ് എന്റെ അഭിപ്രായം. വടക്കൻ മലബാറിൽ, കാസർഗോഡ് സ്ലാങ്ങിലൊരു പാട്ടെഴുതണമെന്നു പറഞ്ഞാൽ നല്ല ഒരു എഴുത്തുകാരന് അത് അഡോപ്റ്റ് ചെയ്യാൻ പറ്റണം. മലയാളത്തിന്റെ എല്ലാ മൊഴിഭേദങ്ങളുടെയും  നാടോടിഭംഗികളോട് ഒരിഷ്ടം തോന്നണം നമുക്ക്. അങ്ങനെയൊക്കെയുള്ള പരന്ന ഇഷ്ടങ്ങളാണ് എനിക്കുള്ളത്. എന്റെ കഴിവിന് പരിമിതികൾ കാണും പക്ഷെ, എന്റെ ഇഷ്ടങ്ങൾക്ക് പരിമിതിയില്ല. എനിക്കെല്ലാത്തരം നാട്ടു ഭാഷകളും നാട്ടു ജീവിതവും പട്ടണത്തവും ഒക്കെ ഇഷ്ടമാണ്. വല്യ ഗവേഷണമൊന്നും ചെയ്യാതെ തന്നെ സ്വാഭാവികമായിട്ട്  നമ്മളതിൽ മുഴുകിപ്പോവും. നമ്മൾ ചെറുതിലേ മുതൽ ശീലിച്ചിരിക്കുന്നൊരു രീതിയാണത്. അതു കൊണ്ടാവാം, കോൺഷ്യസായിട്ടു പോലുമല്ല പല വാക്കുകളും വരികളും ഉണ്ടാവുന്നത്. നമ്മളിപ്പോപ്പറഞ്ഞ പ്രാന്തൻ കണ്ടലെന്ന പാട്ടില് “വീർപ്പു വെള്ളത്തിലുപ്പുകണ്ടലുവേർപ്പിലൊട്ടിക്കിടന്നില്ലേ” എന്നൊരു വരിയുണ്ട്. വീർപ്പുവെള്ളമെന്നു പറഞ്ഞാൽ വേലിയേറ്റത്തിന് കേറുന്ന വെള്ളമാണ്. ആ വാക്ക് എനിക്ക് ആ ദിവസങ്ങളിൽ കൊച്ചിയിൽ വേലിയേറ്റമുള്ള പ്രദേശത്ത് ഒരാളുമായിട്ടിരുന്ന് സംസാരിക്കുന്നിനതിനിടയ്ക്ക് കിട്ടിയ വാക്കാണ്. അത് സ്വാഭാവികമായി പാട്ടെഴുതുമ്പോ അതിൽക്കയറി വരും. ചുരുക്കി പറഞ്ഞാൽ നമുക്ക് ചുറ്റുമുളള ഈ ഭാഷയാണ് ലോകം. ഭാഷ നമ്മളിലിങ്ങനെ പ്രവർത്തിച്ചോണ്ടിരിക്കണം. അപ്പോ നമുക്ക് നല്ലപോലെ എഴുതാൻ പറ്റും.

പാട്ടുകൾ മാഷ് നേരത്തെ പറഞ്ഞപോലെ അപ്ലൈഡ് ആർട്ട് ആണല്ലോ. സിനിമാപ്പാട്ടുകൾ, കഥാപശ്ചാത്തലത്തിനായി തിരഞ്ഞെടുക്കുന്ന, ഭാഷയും കാലവും ദേശവും സാമൂഹിക സാഹചര്യവുമൊക്കെ അടയാളപ്പെടുത്തിക്കൊണ്ട് തന്നെ നീങ്ങണം എന്നൊരു അഭിപ്രായം മാഷിനുണ്ടോ.. അതോ നിലവിലുള്ള ഒരു രീതിയുണ്ടല്ലോ… അതായത് കൃത്യമായ ഒരു അച്ചടി ഭാഷയിൽ കൃത്യമായി ട്യൂൺ ചെയ്തു വച്ചിട്ടുള്ള വളരെ കൺസർവേറ്റിവായിട്ടുള്ള ആ ഒരു സ്റ്റൈൽ അത് ഈ രീതിയിലേക്ക് മാറിയെന്നോ അങ്ങനെ മാറേണ്ടതാണ് എന്നോ അഭിപ്രായമുണ്ടോ?

അത്… ഒരാൾക്ക് ഒറ്റക്ക് മാറ്റിയെടുക്കാൻ പറ്റുന്നതല്ലല്ലോ പിന്നെ മാറ്റേണ്ടതുണ്ടോ എന്നുള്ളത് മറ്റൊരു ചോദ്യം. ശരിക്കും പറഞ്ഞാൽ സിനിമയിൽ പാട്ടിന്റെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. കവിത പോലെ വലിയൊരു കലയായി സിനിമ ആസ്വദിക്കുന്ന ആളാണ് ഞാൻ. എന്നു കരുതി ഞാൻ പോപ് ആർട്ടിനെ അപ്പാടെ തള്ളിക്കളയുന്നൊന്നുമില്ല. അതു കൊണ്ടാണല്ലോ അതിൽ പണിയെടുക്കുന്നത്. ജനപ്രിയസിനിമ  താരതമ്യേന നേർപ്പിച്ച, വിനോദത്തിനായി ലളിതവൽക്കരിക്കപ്പെട്ട, ഒരു ഴോണർ ആയിട്ടു തന്നെയാണ് എന്റെ മനസ്സിൽ. കാരണം എന്നിലെ സിനിമാസ്വാദകൻ വളർന്നത് ചലച്ചിത്ര ഭാഷയെ മുന്നോട്ടുകൊണ്ടുപോയ ക്ലാസിക്കുകൾ കണ്ടിട്ടാണ്. ഞാൻ ഫീച്ചർ ഫിലിം മെയ്ക്കറല്ലെങ്കിലും ഫിലിം ഈസ്തെറ്റിക്സിനെക്കുറിച്ച് കൃത്യമായ ഒരു സങ്കൽപമുണ്ട് എനിക്ക്. റഷ്യൻ ക്ലാസിക്കുകൾ, ഇറ്റാലിയൻ നിയോറിയലിസം, ഫ്രഞ്ച് ന്യൂവേവ്,  സെൻട്രൽ യൂറോപ്യൻ സിനിമകൾ, ജാപ്പനീസ് സിനിമകൾ, യുദ്ധകാലം ലോക സിനിമയിൽ ഉടനീളം സൃഷ്ടിച്ച നടുക്കങ്ങൾ…. അങ്ങനെ പലതും കണ്ടും വലിയ വലിയ ഫിലിം മെയ്ക്കേഴ്സിന്റെ സിനിമകളോടുള്ള അന്തം വിടുന്ന ഇഷ്ടത്തിൽ നിന്നും ഒക്കെയാണ് സിനിമ എന്ന മീഡിയത്തെ ഞാൻ നോക്കി കാണുന്നത്. ഹോളിവുഡും ബോളിവുഡും നമ്മുടെ ചെറിയ ചെറിയ വുഡുകളും ഉൾപ്പെടുന്ന സിനിമയെ ഞാനൊരു സെക്കന്ററി, വ്യവസായ വിനോദ ഏർപ്പാടായിട്ടാണ് കാണുന്നത്. എങ്കിലും അതിനകത്തുനിന്നുതന്നെ ചലച്ചിത്രഭാഷ മനോഹരമായി ഉപയോഗിക്കുന്ന ഒരു രീതി ഇടക്കാലത്ത് രൂപപ്പെട്ടു വന്നിട്ടുണ്ട്. അത് ഡിജിറ്റൽ കാലഘട്ടത്തിൽ വളരെ ശക്തവും പരീക്ഷണാത്മകവുമാകുന്നുമുണ്ട്.



മലയാളത്തിലും ഇത്തരമൊരു പുതിയ മിഡ് സിനിമയും അതിനനുയോജ്യമായ പാട്ടുകളും ഇപ്പോൾ വരുന്നുണ്ട്. അത് കൊണ്ട് പാട്ടുകളും പാട്ടു സന്ദർഭങ്ങളും കൂടുതൽ സ്വാഭാവികമാവുന്നുണ്ട്. പണ്ടത്തെപ്പോലുള്ള പാട്ടിനുവേണ്ടി പാട്ട് എന്നതിന് മാറ്റം വന്നിട്ടുണ്ട്. ആദ്യകാലത്ത് സിനിമകളിൽ മുപ്പതും നാൽപതും പാട്ടുകളുണ്ടായിരുന്നു. ഹിന്ദി സിനിമയിലായാലും തമിഴിലായാലും മലയാളത്തിലായാലും. ആ പാട്ടുകളുടെ തുടക്കം അന്വേഷിച്ചാൽ അത് പഴയ പാഴ്സി നാടകങ്ങളുടെയും അതിനെ അനുകരിച്ചുള്ള തമിഴ് സംഗീതനാടകങ്ങളുടെയും സ്വാധീനമാണ്. അതിനകത്തുള്ള ആ പാറ്റേണിൻ്റെ ഉദ്ദേശം ആളുകളെ രസിപ്പിക്കുക എന്നുള്ളതാണ്. നമ്മുടേതുൾപ്പെടെ ലോകത്തിലെ എല്ലാ ഫോക്ക്ലോർ പാരമ്പര്യത്തിലുമുള്ളതാണ് ഈ രീതി. പാട്ടും സംഭാഷണവും ഇടകലർന്ന ദൃശ്യാവതരണരീതി. വിദൂഷകരും പാട്ടുകാരുമില്ലാത്ത ഏതെങ്കിലും അവതരണ മാതൃക ലോകമുണ്ടോ? . എല്ലാ സംസ്കാരങ്ങളിലും അതുണ്ട്. അടിസ്ഥാനപരമായി അതിൽ നിന്നാണീ സിനിമാപാട്ടും വരുന്നത്. വിനോദസിനിമയുടെ ആഗോള ചരിത്രത്തിൽ ഇന്ത്യയുടെ വലിയൊരു സംഭാവനയായിട്ടാണ് ഇന്ത്യൻ മ്യൂസിക്കൽസ്  പരിഗണിക്കപ്പെടുന്നത്. പക്ഷേ പാട്ടുകൾ സിനിമയുടെ അനിവാര്യഘടകമല്ല.  ഒട്ടുമിക്കപ്പോഴും പാട്ട് ‘കൃത്രിമ’ച്ചേരുവയായിരിക്കുകയും ചെയ്യും. അതിനെ കഴിയുന്നത്ര സ്വാഭാവികതയുള്ളതാക്കുക എന്നുള്ളതാണ് നമ്മുടെ ഒരു പണി. നിലവിലെ മലയാള സിനിമയിൽ ആ പണി ചെയ്യാനുള്ള എന്റെ ഒരു ശ്രമമായിട്ടാണ് കഴിയുന്നത്ര സ്വാഭാവികമായ ഭാഷയിലേക്ക് പാട്ടിനെ എത്തിക്കാൻ നോക്കുന്നത്. അതിപ്പോ, ട്യൂണനുസരിച്ച് എഴുതുന്ന പാട്ടുകളിൽ പോലും ട്യൂണിനുവേണ്ടിയിട്ടുള്ള റെഡിമെയ്ഡ് മെയ്ക്കപ്പാണെന്ന് തോന്നാത്ത രീതിയിൽ സ്വാഭാവികമായ ഒരു ഫോമിലേക്ക് നമ്മൾ എത്തിപ്പെടുക അതിന് കമ്പോസറുമായി നമ്മളൊരു കെമിസ്ട്രിയിലെത്തുക അതിനെ സംബന്ധിച്ച് പഠിച്ച് ചെയ്യുക. അത്രയൊക്കെയേ പറ്റൂ.



അല്ലാതെ ശുദ്ധവും നൈസർഗ്ഗികവും എന്നൊക്കെ കരുതുന്ന ഏതെങ്കിലും സ്ഥലത്തു കൊണ്ടുപോയി കെട്ടാം പാട്ടിനെ എന്നുള്ള റൊമാന്റിക്കായ ചിന്തയൊന്നും എനിക്കില്ല. സിനിമ വളരെ ആധുനികമായൊരു മീഡിയമാണ്. പ്രിമിറ്റീവും ക്ലാസിക്കലും ഫോക്ക്ലോറും ഒക്കെ ആയിട്ടുള്ള എല്ലാ മാദ്ധ്യമങ്ങളിൽ നിന്നുള്ള ഉപകരണങ്ങളും എടുത്തുപയോഗിക്കാൻ പ്രാപ്തിയുള്ള ഒരാധുനിക മാധ്യമമാണ് സിനിമ. അളവറ്റ ശക്തിയോടെ അത് ആളുകളെ സ്വാധീനിക്കും, മെസ്മറൈസ് ചെയ്യും. അത് കൊണ്ടാണ് ഇത്രയും വലിയ ജനപ്രിയകല കൂടിയായി അതു മാറിയത്. നമ്മുടെ മൊഴിയെ, അതായത് വെർബൽ ഇഡിയത്തെ, പരമാവധി നന്നായി ഉപയോഗിക്കുക എന്നുള്ളതിൽ കവിഞ്ഞ് കൂടുതൽ ആഗ്രഹചിന്തയൊന്നും ഉണ്ടായിട്ട് കാര്യമില്ല. പിന്നെ, കവിതയിൽ, കവിതയുടെ ഭാഷയിൽ, പ്രത്യേകിച്ചും പ്രധാനപ്പെട്ട ഒരു കാവ്യസങ്കേതമായ പദ്യരചനയിൽ, നന്നായി പണിയെടുത്തിട്ടുള്ളവർക്കും അതിൽ സ്വച്ഛന്ദമായി മുഴുകാൻ കഴിയുന്നവർക്കും. കൂടുതൽ ചെയ്യാൻ പറ്റും. ഇപ്പൊ മലയാളത്തിലെഴുതുന്ന പല നല്ല കവികൾക്കും ഗംഭീരമായി പാട്ടെഴുതാൻ പറ്റും. പക്ഷെ അവർ ചെയ്യാത്തതാണ്. വേണ്ട എന്നു വെച്ചിട്ടാണ്. ഞാനൊരുപാട് കാലം വേണ്ട എന്നു വെച്ചിരുന്ന ഒരാളാണ്. യാദൃശ്ചികമായി അതിൽ വന്നു പെട്ടതാണ്. വന്നപ്പോൾ നല്ല പുതുമ തോന്നി ഉത്സാഹം തോന്നി. ചിലതു ചെയ്യാനുണ്ടെന്നും തോന്നി.



സിനിമാ മ്യൂസിക്കിന് സമാന്തരമായി , ഈ അടുത്ത കാലത്ത് എഞ്ചാമി സോങ്ങ്…അതു പോലെ മറ്റു പാട്ടുകൾ… മാഷു പറഞ്ഞപോലെ സിനിമക്കകത്തില്ലെങ്കിലും, സിനിമക്ക് പുറത്ത് ഇത്തരം പാട്ടുകൾ അങ്ങനെ നിലനിൽക്കുകയാണല്ലോ… അതൊരു നല്ല പ്രവണതയല്ലേ…?

തീർച്ചയായും അതുണ്ടായി വരണം. ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഞാനൊക്കെ മദ്ധ്യവയസ്സിലെത്തിയെങ്കിലും ചെറുപ്പക്കാരുടെ കൂടെ ചേർന്നാണ് പാട്ടുണ്ടാക്കുന്നത്. എനിക്കും സ്വതന്ത്ര ആൽബങ്ങളൊക്കെ ചെയ്യാൻ സന്തോഷം തന്നെയാണ്. ഞാനതിനു വേണ്ടി ശ്രമിക്കുന്നൊന്നുമില്ലെന്നത് വേറെ കാര്യം. പക്ഷേ ചെറുപ്പക്കാർ അത് ചെയ്യണം. സിനിമയ്ക്കു പുറത്തുള്ള സ്വതന്ത്ര പോപ് മ്യൂസിക്ക് സംസ്കാരത്തെ സാമ്പത്തികമായി വയബിളാക്കി ഒരു ബദൽ തട്ടകമാക്കി മാറ്റാൻ അവർ മുൻകയ്യെടുക്കണം. അതിനിന്ന് നിരവധി മാതൃകകൾ ആഗോളമായും ചുറ്റുവട്ടത്തുമുണ്ടല്ലോ. വിവിധ വെസ്റ്റേൺ പോപ്പ് രീതികൾ, ബ്ലാക്ക് അമേരിക്കൻ – ആഫ്രിക്കൻ ഴോണറുകൾ തുടങ്ങിയവയിൽ നിന്നൊക്കെയാണല്ലോ വമ്പിച്ച പ്രചാരമുള്ള തരം ഇന്റർനാഷണൽ പോപ് മ്യൂസിക് ഉണ്ടായി വന്നിട്ടുള്ളത്. ഇപ്പോൾ സൂഫി റോക്കും കൊറിയൻ റോക്കും പോലെ ഏഷ്യൻ പോപ്പ് ഫ്യൂഷനുകളുമുണ്ട്. പോപ് മ്യൂസിക് ഇന്റസ്ട്രി ഇന്ന് ആഗോളതലത്തിൽ നിലനിൽക്കുന്നത് സിനിമയെ ആശ്രയിച്ചിട്ടല്ല. അതിന്റെ സാംസ്കാരിക ഭൂമികയും വേറെയാണ്. ഇന്റർനെറ്റും ഡിജിറ്റലും  വരുന്നതോടു കൂടി രചനാസങ്കേതങ്ങൾ അടിമുടി മാറി. ഓഡിയോ വിഷ്വൽ സംഗീത രചനയും ആസ്വാദനവും ഇന്ന് ഒരുപോലെ ജനാധിപത്യവൽക്കരിക്കപ്പെടുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങൾ ലോകത്തെങ്ങുമുള്ള സംഗീതം കേൾക്കുന്നു. അവയുടെ അവതരണങ്ങൾ കാണുന്നു…



വൈദേശികം എന്ന് ഈ മാറ്റങ്ങളെ തള്ളിക്കളയുന്ന യാഥാസ്ഥിതികരുണ്ട്. ഞാനവരോട് യോജിക്കുന്നില്ല.  മാത്രമല്ല,
നമ്മളിവിടത്തെ സംഗീത സംസ്കാരവുമായിട്ട് ഫ്യൂസ് ചെയ്യുന്ന രീതികൾ പ്രതിഭാധനരായ ചെറുപ്പക്കാരിലുണ്ട് താനും. റഹ്മാനൊക്കെ വളരെ നേരത്തെ സിനിമയിൽ തുടങ്ങിയൊരു സംഭവമാണത്. മലയാള സിനിമാ സംഗീതം,  ഇടത്തരം സവർണ്ണ പുരുഷാധിപത്യ മൂല്യങ്ങളിലും ഇന്ത്യൻ മിത്തോളജിയുടെ ലളിതവൽക്കരിക്കപ്പെട്ട ഏതാനും ചിഹ്നങ്ങളിലും കുടുങ്ങിക്കിടപ്പായിരുന്നു അടുത്തകാലം വരെ. ചില അപവാദങ്ങളൊക്കെ ഉണ്ടെങ്കിലും. ഇപ്പൊഴും അതിനൊരു വലിയ സ്ലോട്ടുണ്ട്, നമ്മുടെ സിനിമയിൽ.

ജനപ്രിയ സിനിമാ സംസ്കാരത്തിൻ്റെ  ഒരു  പ്രധാന സ്വഭാവം, അത് പ്രതിനിധാനം ചെയ്യുന്ന  സമൂഹത്തിന്റെ സാംസ്കാരിക മുഖം നല്ലതായാലും ചീത്തയായാലും എപ്പോഴും അതിൽ പ്രകടമായി തെളിഞ്ഞു നിൽക്കും എന്നതാണ്. എന്നാൽ സിനിമയ്ക്കൊക്കെ പുറത്ത് ചെറുപ്പക്കാർക്ക് രാഷ്ട്രീയവും സാംസ്കാരികവുമായിട്ടുള്ള ഒരുപാട് ചെറുത്തുനിൽപ്പുകൾക്കുള്ള സാധ്യത പോപ് മ്യൂസിക് നൽകുന്നുണ്ട്. ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വർദ്ധിച്ചു വരുന്നതോടെ അതിനുള്ള സാധ്യത കൂടിയിട്ടുണ്ട്.

എഞ്ചാമി പോലുള്ള പാട്ട് മാത്രമല്ല ഉള്ളത്. വേടനൊക്കെ തികച്ചും ബദലായ ഒരു രീതി ശ്രമിക്കുന്നുണ്ട്. പുതിയസിനിമയും ആ ഒരു സംസ്കാരത്തെ അഡോപ്റ്റ് ചെയ്യാൻ നോക്കുന്നുണ്ട്. സിനിമ എന്ന ബിഗ് ഇന്റസ്ട്രിക്ക് പുറത്ത് സമാന്തരമായി സംഗീതാൽബങ്ങൾ മലയാളത്തിലുണ്ടായി വരുന്നു എന്നത് വലിയ പ്രതീക്ഷയാണ്.



നായാട്ട് എന്ന സിനിമയെക്കുറിച്ച് രണ്ടു തരത്തിൽപ്പെട്ട വാദങ്ങൾ വന്നിട്ടുണ്ട്. ഒന്ന് ദളിത് വിരുദ്ധ സിനിമയാണെന്നും മറ്റൊന്ന് ദളിത് ജീവിതങ്ങളെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണെന്നും. രാഷ്ട്രീയ സാമൂഹ്യ വിചാരങ്ങൾ സ്വന്തം കവിതകളിൽ ഉൾപ്പെടുത്തുന്ന ആളെന്ന നിലക്ക് സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്താണ്…?

സോഷ്യൽമീഡിയയിൽ വരുന്ന ഫിലിം റിവ്യുകൾ വായിക്കാറില്ല. എന്റെ സമയത്തിന്റെ പരിമിതിക്കകത്തുനിന്നുള്ള വായനയാണെനിക്കുള്ളത്. ഇൻ്റർനെറ്റിലിരിക്കാൻ കിട്ടുന്ന സമയം വേറെ പലതും വായിക്കാനുണ്ട്.. നാട്ടിലും പുറത്തുമുള്ള കുറേയേറെ ജേർണലുകൾ വായിക്കും. അതൊക്കെ വായിച്ചെത്താനുള്ള സമയം തന്നെ കഷ്ടിയാണ്. നായാട്ട് ഒ. ടി. ടി യിൽ റിലീസ് ചെയ്ത ശേഷം സോഷ്യൽ മീഡിയയിൽ നെഗറ്റിവും പോസിറ്റുമായ ചർച്ചകൾ നടക്കുന്നുണ്ടെന്നു കേട്ടു. സ്വാഭാവികമായും അത് വരും, അതിനകത്തുള്ള ദളിത് കമ്പോണന്റിനെക്കുറിച്ച് ചർച്ച വരും. ഞാനതിനകത്ത് പണിയെടുത്ത ആളായ സ്ഥിതിക്ക് ആ ചർച്ചയിൽ തൽക്കാലം ഇടപെടുന്നില്ല. സിനിമ നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്തല്ലേയുള്ളൂ ചർച്ചകൾ നടക്കട്ടെ. എനിക്ക് സിനിമ കണ്ടിട്ട് വളരെ എൻഗേജിങ്ങ് ആയി തോന്നി.

മുമ്പ് കമ്മട്ടിപ്പാടം പുറത്തു വന്നപ്പോൾ തന്നെ ഒരു ദളിത് വിമർശനമുണ്ടായി. ദളിതനെ പുറത്ത് നിന്നു നോക്കിക്കാണുന്നൊരു കാഴ്ച്ചയാണെന്ന തരത്തിലുള്ള വിമർശനം. ദളിതനെ സവർണമായൊരു പോയിന്റ് ഓഫ് വ്യൂവിലൂടെയാണ് നോക്കിക്കാണുന്നതെന്ന കഠിന വിമർശനം…. ആ വിമർശനം രാജീവ് രവിയും, ഞങ്ങളെല്ലാവരും പോസിറ്റീവ് ആയിട്ടാണെടുത്തിട്ടുള്ളത്. അത് ശരിയാണെന്നാണ് ഞങ്ങൾക്ക് തോന്നീട്ടുള്ളത്. ഞാൻ ദളിത് വിമർശനത്തെ, ദളിത് സ്വത്വവാദ രാഷ്ട്രീയത്തെ ഒക്കെ പോസിറ്റീവ് ആയിട്ട് കാണുന്നു. നമ്മളെക്കൊണ്ടാവുന്ന പോലെ അതിനോടൊപ്പം നിൽക്കണം എന്നാഗ്രഹിക്കുന്നു. അതു കൊണ്ടു തന്നെ അങ്ങനൊരു ദളിത് വിമർശനം ഏതു സിനിമയെക്കുറിച്ചുണ്ടായാലും അത് സ്വാഗതാർഹമാണ്. അങ്ങനെയാണതിനെ കാണേണ്ടത്.

അൻവർ അലിയിൽ നിന്ന് സിനിമയിലും പുറത്തുമായി കൂടുതൽ മനോഹരവും വ്യത്യസ്തവുമായ പാട്ടനുഭവങ്ങൾ ലഭിക്കാൻ നമുക്കവസരമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ…

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...