Homeകഥകൾഅർദ്ധനാരീശ്വരൻ

അർദ്ധനാരീശ്വരൻ

Published on

spot_imgspot_img

നാല് മിനിക്കഥകൾ

രൺജു

ഒന്ന്

തീൻമേശ

അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ അച്ഛൻ എന്തിനാണു വന്നതെന്ന് അവൻ ആലോചിച്ചു കൊണ്ടേയിരുന്നു.

നാളികേരപ്പാലൊഴിച്ചു കുരുമുളകിട്ടു വയ്ക്കുന്ന കോഴിക്കറിയാണ് ഞായറാഴ്ചകളെ അവനു പ്രിയങ്കരമാക്കിയിരുന്നത്. ആ കോഴിക്കറിയുടെ മണവും രുചിയും ഓർത്ത് വായിൽ വെള്ളമൂറിക്കൊണ്ടാണ്  ഞായറാഴ്ച രാവിലെ വയലിൻ ക്ലാസ്സും കഴിഞ്ഞ് അവൻ ഓടിക്കിതച്ച് എത്തിയിരുന്നത്.  അവനു വേണ്ടി അമ്മ എന്നും നന്നായി  കുരുമുളക് പിടിച്ച ഒരു കോഴിക്കാല് എടുത്തു വയ്ക്കുമായിരുന്നു.

ഒരു കുഞ്ഞു കിണ്ണത്തിൽ ചോറും കോഴിക്കറിയും അതിനൊപ്പം പച്ചക്കറി തോരനും, ചിലപ്പോൾ വെള്ളരിക്കയും തക്കാളിയും സവാളയും അരിഞ്ഞ് തൈരും ചേർത്ത് സലാഡും അമ്മ ഒരുക്കി വയ്ക്കും. അവനു പച്ചക്കറി ഒട്ടും ഇഷ്ടമല്ലായിരുന്നു. അത് കഴിക്കാതെ മാറ്റി വയ്ക്കുന്നതിന് എന്നും അവന് അമ്മയുടെ ചീത്ത കേൾക്കുമായിരുന്നു. അമ്മയെ ബോധിപ്പിക്കാനായി പച്ചക്കറി തോരനിൽ അവൻ വെറുതെ കൈയ്യിട്ടിളക്കി വയ്ക്കും.

അവന്റെ അച്ഛൻ എന്നും കറക്കത്തിലായിരുന്നു. കുഞ്ഞുകുട്ടിയായ അവനു മനസ്സിലാവാത്ത പല കാര്യങ്ങളും ആണ് അച്ഛൻ ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നത്. അവനു ഒട്ടും ഇഷ്ടമല്ലാത്ത രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും ആയിട്ടായിരുന്നു അച്ഛന് കൂട്ട്. അവർ അവനെ കാണുമ്പോൾ കവിളിൽ നുള്ളി ‘നീയൊക്കെ വല്ലതും പഠിക്കുമോടാ?’ എന്ന് പുച്ഛത്തോടെ ചോദിക്കുന്നതും, പുറത്തു വേദനിക്കും വിധം അടിക്കുന്നതും അവനു ഇഷ്ടമല്ലായിരുന്നു.

renju
രൺജു

അന്ന് ഉച്ചയൂണിന് അവനൊപ്പം അച്ഛനും ഇരുന്നു. അച്ഛൻ ഉള്ളത് കൊണ്ട് അയല വറുത്തതും ബീഫ് വിന്താലുവും കൂടി അമ്മ ഉണ്ടാക്കിയിരുന്നു. അച്ഛൻ അതെല്ലാം ആർത്തിയോടെ കഴിച്ചു. അവൻ വേഗം എന്തെങ്കിലും കഴിച്ചു എന്നു വരുത്തി എണീറ്റ് പുറത്തു പോയി. മുറ്റത്ത്, ചുമരിലേക്കു റബ്ബർ പന്തെറിഞ്ഞ്, തെങ്ങിൻ മടല് വെട്ടി ഉണ്ടാക്കിയ ബാറ്റു കൊണ്ട് അതടിച്ചകറ്റി കളിച്ചു കൊണ്ട് അവൻ നിന്നു.

പെട്ടെന്നാണ് അയലത്തുകാരും നാട്ടുകാരും വീട്ടിലേക്കു പാഞ്ഞു കയറി വന്നത്. അമ്മയുടെ ഉറക്കെയുള്ള അലറിക്കരച്ചിലിൽ അച്ഛന്റെ ഞരക്കം പതിഞ്ഞു കിടന്നു. അവൻ വീട്ടിനുള്ളിലേക്ക് ഓടിക്കയറി ചെന്നപ്പോൾ, നിലത്ത് വീർത്ത വയറും ഉന്തി തണുത്തുറഞ്ഞ ശരീരമായി അച്ഛൻ കിടന്നു.

ആരൊക്കെയോ ചേർന്ന് അച്ഛനെ എടുത്ത് ഒരു പായയിൽ കിടത്തി; തലയ്ക്കരികിൽ ഉടച്ച നാളികേരത്തിൽ ചന്ദനത്തിരിയും, പെട്ടെന്ന് തുടച്ചെടുത്ത നിലവിളക്കും കത്തിച്ചു വച്ചു; വെള്ളത്തുണി കൊണ്ട് തള്ളവിരലുകൾ കൂട്ടിക്കെട്ടി.

അച്ഛൻ എണീറ്റ് ഓടാതിരിക്കാനാണോ കാലുകൾ തമ്മിൽ കെട്ടിപ്പൂട്ടിയത് എന്ന് അവനു സംശയം തോന്നി. അന്നേരം അവനെ വലിച്ചടുപ്പിച്ച് അമ്മ പൊട്ടിക്കരഞ്ഞു;

“എന്റെ മോന് അച്ഛൻ ഇല്ല്യാണ്ടായല്ലോ…”

അച്ഛന്റെ  വീർത്ത വയറിനുള്ളിലെ വറുത്ത അയല കഷണങ്ങളും, അവനു ഏറ്റവും ഇഷ്ടപ്പെട്ട ബീഫ് വിന്താലുവും കോഴിക്കാലും ഓർത്ത് അമ്മയുടെ മാറിൽ തല ചായ്ച്ച് അവൻ വെറുതെ  വിതുമ്പി.

രണ്ട്

അർദ്ധനാരീശ്വരൻ

അച്ഛന്റെ മരണത്തിനു ശേഷം ആണ്  അമ്മ താലിമാല ഊരി മാറ്റി തട്ടാന്റെ അടുത്തു കൊണ്ട് പോയി അത് മൂന്നാക്കിയത്– ഒന്ന് അയാൾക്ക്, രണ്ട് അനിയന്, മൂന്നു അമ്മയ്ക്ക്. അച്ഛനെ  അങ്ങനെ എല്ലാവരും ചേർന്ന്  താലിമാല പോലെ സ്വർണ്ണത്തിൽ പകുത്തെടുത്തു.

നെഞ്ചിൽ രോമം പൊടിച്ചു വരാൻ തുടങ്ങിയ കാലത്ത് ലോഹം മാംസത്തിൽ ഉരഞ്ഞുണ്ടായ കിരുകിരാന്നുള്ള തണുപ്പ്  അയാൾക്കൊരു ഹരമായി. കൂട്ടുകാരോടൊപ്പം മെർക്കാറയിലെ കോഴി അൻസാരിയുടെ കൊട്ടാരത്തിൽ ബീവിയെ വ്യഭിചരിക്കാൻ പോകുമ്പോൾ അതൊരു അലങ്കാരമായി. വെട്ടാൻ കൊണ്ടു പോകുന്ന മൂരിയുടെ കഴുത്തിലെ രക്തഹാരമായി അയാൾ അത് ഭോഗിക്കുന്ന പെണ്ണുങ്ങളുടെ കഴുത്തിൽ അണിയിച്ചു. ഭോഗാലസ്യം മാറുമ്പോൾ തിരിച്ച് ഊരിയെടുത്തണിഞ്ഞു. മലയിറങ്ങുമ്പോൾ അയാളുടെ കഴുത്തിൽ സ്വർണ്ണമാല വീണ്ടും തിളങ്ങിക്കിടന്നു.

വിവാഹം കഴിഞ്ഞ ആദ്യരാത്രിയിൽ താലി കെട്ടിയ പെണ്ണിന്റെ മുടി അയാളുടെ സ്വർണ്ണ മാലയിൽ ഉടക്കി. തുടകൾക്കിടയിലെ രക്തച്ചൂടിൽ നീറി നീറി വെന്തുരുകി അവൾ രാത്രി മുഴുവൻ അടിവയറു പൊത്തിപ്പിടിച്ച് കരഞ്ഞു കൊണ്ടിരുന്നു.

കോഴി അൻസാരിയുടെ വ്യഭിചാരപ്പുരയിലെ പുൽത്തൊഴുത്തിൽ പശുക്കൾക്കും എരുമകൾക്കും ഒപ്പം മാനം നോക്കികിടന്ന് പുകയുമ്പോഴാണ് ഒരു വിഷസർപ്പമായി ബീവി അയാളിൽ ചുറ്റിപ്പിണഞ്ഞു പുളഞ്ഞത്. ആഴക്കടലിൽ നിന്നും കാറ്റിൽ പറന്നു വന്ന ഒരു മത്സ്യകന്യകയായി വേഷം മാറി, ഒരു തുള്ളി ശ്വാസം കിട്ടാതെ അയാൾക്കുള്ളിൽ കിടന്ന് ബീവി കുതറി.   ആ പിടച്ചിലിൽ മാലയിൽ കൈയ്യുടക്കി അവൾ അത് വലിച്ചു പൊട്ടിച്ചു. തിരിച്ച് വീടെത്തിയപ്പോൾ അയാളുടെ ഗർഭം പേറിയ, താലി കെട്ടിയ പെണ്ണ് അത് കണ്ട് അയാളുടെ നെഞ്ചിൽ കൊടുങ്കാറ്റായി ആഞ്ഞിടിച്ച് അലറിക്കരഞ്ഞു.

അവർ പാപപുണ്യങ്ങളുടെ വിസ്മൃതിയിലാണ്ട് ഋഷികേശിലേക്ക് ഒരു യാത്ര പോകാൻ തീരുമാനിച്ചു. യാത്രയ്ക്കിടയിൽ കാറ്റടിച്ചു നഗ്നമായ, മാലയില്ലാത്ത അയാളുടെ പിൻകഴുത്തിൽ അവൾ മെല്ലെ ചുംബിച്ചു. അവളുടെ അടിവയറ്റിൽ ജീവന്റെ ഒരു കണം തുടിച്ചു.

അതിരാവിലെ മരം കോച്ചുന്ന ഗംഗാജലത്തിൽ അവർ മുങ്ങിക്കുളിച്ചു. അതിനു ശേഷം അവർ തണുത്തുറഞ്ഞ് ആലിംഗബദ്ധരായി പാറക്കെട്ടുകൾക്കിടയിലൂടെ റാഫ്റ്റിംഗ് നടത്തി ആനന്ദിച്ചു. രുദ്രാക്ഷമുത്തുകൾ വീണു കിടന്ന ഇടവഴികളിലൂടെ അവർ നനഞ്ഞു കുതിർന്നു സ്നേഹിച്ചു നടന്നു.

കാവിയുടുത്ത സന്ന്യാസിമാർ പ്രാർത്ഥനാഭരിതരായി തലകുനിച്ചിരുന്ന ഏതോ ഒരാലയത്തിൽ നിന്നും അവൾ അയാൾക്കൊരു രുദ്രാക്ഷ മാല വാങ്ങിക്കൊടുത്തു. അത് അയാളുടെ പൊക്കിൾ ചുഴിയുടെ ആഴത്തോളം നീണ്ടു കിടന്നു. അതും കഴുത്തിൽ അണിഞ്ഞ് അവളുടെ അരക്കെട്ടിൽ കൈ ചേർത്ത് അയാൾ തന്റെ ഉറവ തേടി ഋഷികേശിലാകെ അലഞ്ഞു.

അവളിൽ നിന്നും അകന്ന്  ഒരു അർദ്ധനാരീശ്വരൻ  അയാളുടെ മനസ്സിലും ശരീരത്തിലും ഋഷികേശത്തിലെ ഗംഗാതീരത്തു വച്ച് എപ്പോഴോ പുതുജന്മം എടുത്തു. അവളുടെ പിളർന്ന വയറ്റിൽ നിന്നും മൃതഭ്രൂണം ത്രിശൂലം കൊണ്ട് കൊരുത്തെടുത്ത്, അതിനു മേലെ ഒറ്റക്കാലിൽ ചവുട്ടി നിന്ന് അയാൾ താണ്ഡവ നൃത്തം ചവുട്ടി.

ആണിൽ നിന്നും പെണ്ണിലേക്കും തിരിച്ച് ആണിലേക്കും അയാൾ ശരീര സഞ്ചാരം നടത്തിക്കൊണ്ടിരുന്നു. ഋഷികേശിലെ സന്ധ്യാനാമജപങ്ങൾ ഓംകാര ശംഖൊലിയായി അയാളിൽ നിറഞ്ഞു.

മൂന്ന്

അന്ത്യചുംബനം

ഒരാണിനും പെണ്ണിനും ഇടയിലെ പ്രണയത്തിന്റെ നൂൽപ്പാലത്തിലൂടെ സ്വപ്നസഞ്ചാരം നടത്തുകയായിരുന്നു അവർ.
ഇല്ലാത്ത ഗൗരവം ഭാവിച്ച് അവൾ അയാളോട് ചോദിച്ചു; “സുന്ദരിയല്ലാത്ത ഒരു സ്ത്രീയെ നിനക്ക് ചുംബിക്കാനാകുമോ?”

ഒരു നിമിഷാർദ്ധം പോലും ആയുസ്സില്ലാത്ത ചുംബനലഹരിയിൽ നിന്നും പിണഞ്ഞു മാറി അയാൾ പുഞ്ചിരിച്ചു.

“സുന്ദരിയല്ലാത്ത ഒരു സ്ത്രീയെയും ഞാൻ ഇന്നു വരെ കണ്ടിട്ടില്ല. ലോകത്തിലെ എല്ലാ സ്ത്രീകളും സുന്ദരികളാണ്!”

അവൾക്കു അയാളെ ആശ്ചര്യചകിതനാക്കണം എന്നു തോന്നി. അവൾ വെല്ലുവിളിച്ചു.
“എന്നാൽ പറ, ഒരു ആണിനെ, ഗേ ആയ ഒരു ആണിനെ നിനക്ക് ചുംബിക്കാനാകുമോ?”

അയാളുടെ കണ്ണുകളിൽ അവൾ ഒരിക്കലും കാണാത്ത നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി.

“അതെനിക്കിഷ്ടാ … കൊതിയാ എനിക്ക്! ”

അയാളുടെ ആത്മാവിൽ നിന്നും മിന്നാമിനുങ്ങുകളായി സ്വപ്‌നങ്ങൾ പറന്നു പൊങ്ങി. കറുത്തിരുണ്ട ആകാശത്തിന്റെ അതിരുകളിലേക്ക് അവ പാറിപ്പറന്നു നക്ഷത്രക്കൂട്ടങ്ങൾ ആയി ശോഭിച്ചു.

ആ നിമിഷത്തിൽ ക്രുദ്ധയായി, അയാളെ കടന്നു പൂണ്ടടക്കം പിടിച്ച്, നിലത്തു മലർത്തിയടിച്ച്, വയറ്റിൽ കയറി കാല് രണ്ടും ഇരുവശത്തുമിട്ട് പൂട്ടി, കൈകൾ രണ്ടും ഇരുവശത്തേക്കും കർത്താവിന്റേതു പോലെ കുരിശിൽ വരിഞ്ഞു കെട്ടി ആണിയടിച്ച്, അവൾ അയാളുടെ ചുണ്ടിൽ അമർത്തിക്കടിച്ച് ചുംബിച്ചു.

അവളുടെ ആലിംഗനത്തിൽ നിന്നും, ചുംബനങ്ങളിൽ നിന്നും കുതറി മാറി അയാൾ മരണം പതിയിരിക്കുന്ന നൂൽപ്പാലത്തിന്റെ അങ്ങേ അരികിലേക്ക് ഓടി രക്ഷപ്പെട്ടു. അവർക്കിടയിലെ നൂൽപ്പാലത്തിന്റെ കെട്ടുപൊട്ടി, അത് ചിതറിത്തെറിച്ച് നിലത്തലച്ചു വീണു പിടഞ്ഞു.

അന്നു രാത്രി നഗരത്തിൽ ചുംബനങ്ങളുടെ തോരാ മഴ പെയ്തു. അതിൽ നനഞ്ഞു കുളിച്ച് നഗരം പരസ്പരം ചുംബിച്ചു കൊണ്ടിരുന്നു.

അതിനു ശേഷം അയാൾ ഒരിക്കലും അവളുടെ പ്രണയത്തിൽ വഴുതി വീണില്ല.

നാല്

സാരി ഉടുത്ത ഒരാണ്

സാരി ഉടുക്കേണ്ടത് എങ്ങനെയാണ് എന്ന് അയാൾക്ക് അറിയില്ലായിരുന്നു. വിവാഹ മോചനം നേടിയതിനു ശേഷം ആണ് അയാൾ ആദ്യമായി സാരി ഉടുത്തത്. കണ്ണാടിയിൽ നോക്കി നിന്നപ്പോൾ അയാൾക്ക് തന്നോടു തന്നെ വല്ലാത്ത പ്രണയം തോന്നി.

വിവാഹമോചനം നേടിയ ശേഷം ഭാര്യ മറന്നിട്ടു പോയ ഏതോ പഴയ സാരിയും ജാക്കറ്റും ബ്രായും ഒക്കെയാണ് അവളുടേതായി കയ്യിൽ തടഞ്ഞത്. മുണ്ടും ഷർട്ടും ഊരിക്കളഞ്ഞ് അയാൾ, അവളുടെ ബ്രായും ജാക്കറ്റും സാരിയും കഷ്ടപ്പെട്ട് എടുത്തണിഞ്ഞു. കണ്ണാടിയിൽ സ്വന്തം രൂപം കണ്ട് അയാൾക്ക് തന്നെ നാണം വന്നു.

വെറും പതിമൂന്നു രൂപയ്ക്ക് ഒരു പാക്കറ്റ് സായി ബീഡിയും വാങ്ങി, അതെല്ലാം ഒന്നൊഴിയാതെ വലിച്ചു തീർത്ത്, ബീഡിക്കറ മുറ്റിയ പല്ലും, ചുണ്ടിൽ ലിപ്സ്റ്റിക്കും, കവിളിൽ കുങ്കുമ ചുവപ്പും, മിഴികളിൽ പഴയ ദില്ലിയിലെ തെരുവിൽ നിന്നു വാങ്ങിയ മസ്കാരയും, നെറ്റിയിൽ വീണു കിടക്കുന്ന മുംതാസ് അലകും ചാർത്തി, ലിനനും കോട്ടണും ചേർന്ന സപ്തവർണ്ണങ്ങളുടെ സാരിയും ചുറ്റി, ഉയർന്ന ഹീലുള്ള തങ്ക നിറമാർന്ന ചപ്പലും വെള്ളികൊലുസും അണിഞ്ഞ്  ‘ചിലും ചിലും’ ശബ്ദത്തിൽ ഭൂമിയിൽ അമർത്തിച്ചവിട്ടി കമ്യൂണിസ്റ്റുകാരും മതപണ്ഡിതരും പാതിരിമാരും ലിബറൽ ഫെമിനിസ്റ്റുകളും അംബേദ്കർവാദികളും ബുദ്ധമത പ്രഘോഷകരും ജാതിസദാചാരം പ്രസംഗിക്കുന്ന തെരുവിലൂടെ അയാൾ സധൈര്യം നടന്നു പോയി.

ardhanaareeswaran-illustration-sujeesh-surendran
വര – സുജീഷ് സുരേന്ദ്രൻ

അന്നും സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്തു. പാതിരായ്ക്ക് ചീവീടുകൾ മുരളുന്ന പാടവരമ്പത്തിന് അടുത്തുള്ള ഓടിട്ട ഒരു മണ്ണുവീട്ടിൽ അയാൾ ആദ്യമായി തൻറെ ആദത്തിനെ കണ്ടെത്തി. അയാളിൽ പ്രണയത്തിന്റെ ഒരു ആദിമ ചോദന ഉറവ പൂണ്ടു.  പാപബോധം പേറാത്ത ഹവ്വയായി അയാൾ തൻറെ വസ്ത്രങ്ങൾ ഓരോന്നായി ഊരിയെറിഞ്ഞു. സപ്തവർണ്ണാങ്കിതമായ ലിനൻ സാരി, തോളിൽ അലുക്കുകൾ തുന്നിച്ചേർത്ത കടും ചുവപ്പു നിറമാർന്ന ജാക്കറ്റ്, സ്ട്രാപ്പില്ലാത്ത 34 ബി ബ്രാ, സുതാര്യമായ അടിപ്പാവാട, 90 ഇഞ്ചിന്റെ പിങ്ക് പാന്റീസ്.

ഭൂമിയിലെ അവസാനത്തെ ഇണകളായി അവരിലെ ആദവും ഹവ്വയും ഇണചേർന്നു. അവർക്കുണ്ടായ കുഞ്ഞുങ്ങൾ ഭൂമിയിൽ ഒരിക്കലും അവസാനിക്കാത്ത ഒരു വസന്തകാലം സ്വപ്നം കണ്ടുണർന്നു; കടൽത്തീരത്ത് മണ്ണപ്പം ചുട്ടു കളിച്ചു. അമീബകൾക്കും ദിനോസറുകൾക്കും ഇല്ലാത്ത ഒരു നാണം അവരിൽ ഉടലെടുത്തു. അവർക്കു പുഞ്ചിരിയുടെ ഭാഷയും മരണത്തോടുള്ള തീരാത്ത അഭിവാഞ്ജയും ദൈവം കൽപ്പിച്ചു നൽകി. ഇരുകാലികളായ മനുഷ്യരുടെ ആർത്തിയും പകയും ഒഴിഞ്ഞ ഒരു നവ ജനുസ്സായി അവർ ഭൂമിയുടെ അന്ത്യകാലത്തോളം സൂര്യനെ സ്മരിച്ച് ജീവിച്ചു.

മാർക്സിസവും ഫെമിനിസവും മുതലാളിത്ത ആധുനികതയും മാറാല പറ്റിയ, കുഞ്ഞുങ്ങളെ പോലെ പടവെട്ടി മരിച്ച പൂർവ്വജന്മസ്മരണകളുടെ കുറ്റബോധത്തോടെ അവർ മനുഷ്യൻ ആയിത്തീരാതെ നിയാണ്ടർത്തൽ നഗ്നതയിൽ ഒതുങ്ങി, കല്ലിലും മുള്ളിലും ചവുട്ടി നടക്കുകയും ഇലകളും പഴങ്ങളും ഭക്ഷിക്കുകയും, വിശന്നപ്പോൾ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി കൊന്ന്, അതുണക്കി സൂക്ഷിച്ച്, ഭാഷയില്ലാത്ത വെറും ജീവികളായി സംവത്സരങ്ങളോളം ജീവിക്കുകയും ചെയ്തു.

അവർക്കിടയിൽ ദൈവങ്ങളും രാഷ്ട്രങ്ങളും ഇല്ലായിരുന്നു. അജ്ഞാതമായ ഒരു ഭാവിയിലേക്ക് അവർ സംഘം ചേർന്ന് നടന്നു പോയിക്കൊണ്ടിരുന്നു. അവർ ഒരിടത്തും സ്ഥിരമായി താമസിച്ചില്ല; കൊട്ടാരങ്ങളും പള്ളികളും അമ്പലങ്ങളും കെട്ടിയുണ്ടാക്കിയില്ല. വഴിത്താരകളിൽ കണ്ട രൂപങ്ങൾ അവർ ചിത്രങ്ങളും ശില്പങ്ങളും ആയി കൊത്തി വച്ചു. അവരുടെ വരകളിൽ ഒരു ഉറവ പൊട്ടിയ  പ്രാക്തനചരിത്രം ഉറങ്ങിക്കിടന്നു.

മരണം അടുത്തപ്പോൾ അവർ സഞ്ചാരം നിർത്തുകയും പ്രാർത്ഥനാഭരിതമായ നിശ്ശബ്ദ മൗനത്തിലൂടെ ആസന്നമായ മൃതിയിലേക്ക് ഒരാളെ സംഘം ചേർന്ന് നയിക്കുകയും ചെയ്തു. അവർ മരണത്തെ ഭയപ്പെട്ടില്ല. മരണത്തിലേക്ക് ഒരു അനുഷ്ഠാനം എന്ന പോലെ അവർ നടന്നു പോയി.

സാരി ഉടുത്ത ഒരാണിൽ നിന്നും അങ്ങിനെ പുതിയ ഒരു യുഗം പിറവി കൊണ്ടു. മനുഷ്യകുലത്തിന്റെ അന്ത്യത്തിനു ശേഷം അവർ ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്കൊപ്പം ദീർഘകാലം സസന്തോഷം ജീവിച്ചു മരിച്ചു.

Ranjith T., 12-12-187, First Floor, Meher Nivas, Ravindra Nagar, Sitafalmandi,Secunderanad, Telangana, Pin- 500061., Cell Phone: +91 9177619254)

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...