Sunday, September 27, 2020

അവിലമ്മ

കവിത

ആർഷ എസ്സ് പിള്ള

വിണ്ടു കീറിയ പാദങ്ങൾ
നിലത്തൂന്നിയാണ്
വേലി നീര് നക്കി
കുടിച്ചു തീർത്ത ഭൂമിയൊക്കെയും
അവർ നടന്നു തീർത്തത്.

നീണ്ട മൂക്കിന്റെ ഒഴിഞ്ഞ കുഴിയിൽ
ഈർക്കിലോട്ടി കിടക്കുന്നു.
കഴുത്തിലെ മാല ക്ലാവിനോട്
യുദ്ധം ചെയ്തു ചോര വാർത്തു ചുവന്നു.

അവിലമ്മ മഞ്ഞ ചരട് കൊണ്ട്
വല മുറുക്കി.
അതിലാകെയും
പൊട്ടിപോയ കസേരയുടെ,
വക്കു ചുളിഞ്ഞു
ഉപദ്രവം തുടങ്ങിയ അത്താഴ പാത്രത്തിന്റെ,
മുഖം വെളുപ്പിക്കാൻ
പരിശ്രമിച്ചു പരാജയപ്പെട്ട
ഫേസ്‌ക്രീമിന്റെ കൂടിന്റെ ഞെരുക്കമായിരുന്നു.

നീല പിഞ്ഞിയ വോയിൽ സാരിയുടെ
മേലയിട്ട കറുത്ത തോർത്ത്
നിലത്തു വിരിച്ചാണ്
കൊടുവാൾ കൊണ്ടവർ
കസേര കഷണങ്ങൾ ആക്കിയത്.
കിലോയ്ക് അഞ്ചു രൂപാ
കിട്ടുമെന്ന് അവിലമ്മ
കക്ഷം ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

മുതുകിലും വയറ്റിലും
മുട്ട് തൊട്ടു കണകാൽ വരെയും
ഏതോ ജീവി അള്ളി കീറിയതിന്റെ
പാട് പെരണ്ടു കിടന്നു.
അത് മനുഷ്യനാണോ എന്ന് ചോദിയ്ക്കാൻ
എനിക്ക് നാവു പൊന്തിയില്ല.

എടുത്ത ആക്രിക് പകരം
അവില് മതിയെന്ന്
പറഞ്ഞു മുറം നീട്ടിയതും
അവിലമ്മ ചിരിച്ചു.
മുകൾ ചുണ്ടിന്റെ
വലത്തെ കോണിൽ നിന്നും
അർബുദത്തിന്റെ
വെളുത്ത ശിശു ഉറ്റു നോക്കി.

ആക്രി പെറുക്കാൻ
വരുന്നത് കൊണ്ടല്ല
സ്നേഹത്തോടെ അവിൽ
തരുന്നത് കൊണ്ടാണ്
അവർ അവിലമ്മയായത്.

എന്റെ നെറുകിൽ തലോടിയാണ്
അവിലമ്മ വെള്ളം ചോദിച്ചത്.
മകന് മൂത്രത്തിൽ കല്ലാണെന്,
പുതിയ നിയമങ്ങൾ വന്നാൽ
കാണിക്കാനൊരു രേഖ പോലുമില്ലെന്നു
അവർ വേവലാതിപെട്ടു.

അവർ ഇന്ത്യൻ പൗരയാണെന്നോ
അച്ഛന് ജനന സർട്ടിഫിക്കറ്റ് ഉണ്ടെന്നോ
ഞാൻ ചോദിച്ചില്ല.
അവിലമ്മയുടെ ജാതി അമ്മയ്ക്കും
അറിവുണ്ടായില്ല.
***

ഇന്നലെ സ്വപ്നത്തിൽ
ഞാൻ ഇരുട്ടിലിരുന്നു
ആക്രി തരം തിരിക്കുന്നു.
വിശക്കുമ്പോൾ തവിടു തിന്നുന്നു.
അവിലമ്മ ചിരിച്ചു കൊണ്ടടുത്തു
വന്നു മൂന്നടി മണ്ണ് ചോദിക്കുന്നു….

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: