കർണ്ണികാരം പൂത്തു തളിർത്തു

നന്ദിനി മേനോൻ

നാലുനാൾ മുന്നെ അച്ഛൻ വലിയ കാർഡ്ബോർഡ് പെട്ടി നിറയെ പടക്കങ്ങൾ കൊണ്ടുവരുന്നതോടൊപ്പം വിഷുവും എത്തുന്നു. ഇടനാഴിയിൽ കനത്ത സുരക്ഷാവലയത്തിൽ ഇരിക്കുന്ന പെട്ടിയെ ഏട്ടനും ദേവനും വലം വെക്കാൻ തുടങ്ങും. ദേവൻ, അമ്മയുടെ വളർത്തു പുത്രൻ, സ്കൂൾ സമയം കഴിഞ്ഞാൽ അച്ഛന്റെ കാര്യക്കാരൻ. ഏട്ടന്റെ വിധ്വംസകപ്രവർത്തനങ്ങളെക്കുറിച്ച് അപ്പപ്പോൾ അമ്മയെ അറിയിക്കുക എനിക്കെതിരെയുള്ള ഏട്ടന്റെ ഗൂഢാലോചനകൾ പൊളിക്കുക തുടങ്ങിയ അധിക ചുമതലകളും ഉണ്ട്.

ഉമ്മറപ്പടിയിൽ ഞാനിങ്ങനെ നോക്കിയിരിക്കെ പടക്കപ്പെട്ടിയുടെ വക്കിൽ കടലാസു പെൻസിൽ കൊണ്ട് തോണ്ടി ഏട്ടൻ ഒരോട്ട ഉണ്ടാക്കിക്കഴിഞ്ഞിരിക്കും. എന്തൊക്കെ പടക്കങ്ങളാണ് ഇത്തവണ അച്ഛൻ വാങ്ങിയിട്ടുണ്ടാവുക എന്ന് ദേവൻ ഊഹാപോഹങ്ങൾ പരത്തുന്നതിനിടെ പെൻസിൽ ആട്ടുകല്ലു പോലെ തിരിച്ച് ഏട്ടൻ അതിലൂടെ വിരലിട്ടു കഴിയും.

ചാവക്കാടന്റെ കടയിൽ ഇത്തവണ വലിയ ‘ചാട്ട പടക്കം’ വന്നിട്ടുണ്ടെന്നും രാജാമണിയുടെ കടയിലെ വിഷുക്കോള് തീരെ പോരെന്നും ‘പിശാച്‌’ എന്നൊരു പുക തുപ്പുന്ന സാധനം വേറൊരു കടയിൽ കണ്ടു വെച്ചിട്ടുണ്ടെന്നുമുള്ള മാർക്കറ്റ് സർവെ റിപ്പോർട്ട് ദേവൻ അവതരിപ്പിച്ചു കൊണ്ടിരിക്കെ, വക്കു പൊട്ടിയ പെട്ടിക്കുള്ളിൽ നിന്നും കേപ്പിന്റെ നാടയുമെടുത്ത് ഏട്ടൻ അടുക്കളയിലേക്കോടുകയും ദേവൻ പുറകെ ഓടുകയും അടുപ്പിലിട്ട കേപ്പ് ചക്കക്കുരു പോലെ ശ് ശ്…. എന്നു പൊട്ടുകയും വിഷുവിന്റെ ആദ്യത്തെ പടക്കം നമ്മളുടെ വീട്ടിൽ പൊട്ടിയത് ഞങ്ങൾ കൂവിയാർത്തു ആഘോഷിക്കുകയും ചെയ്തു. തുടർന്ന് ടൈറ്റാനിക്കു പോലെ പടക്കപ്പെട്ടി പൊളിയുകയും വിഷു അതിന്റെ എല്ലാ ആലഭാരങ്ങളോടെ ഞങ്ങളുടെ മുറ്റത്തേക്കു കടന്നു വരികയും…..

മുറ്റത്തിട്ട മരസ്റ്റൂളിൽ വലിയ മുറം നിറയെ പടക്കങ്ങൾ ഉണക്കാൻ വെക്കുന്നത് അച്ഛനാണ്. കോണോടു കോൺ മടക്കിയ വാലുള്ളതും ഇല്ലാത്തതുമായ ഓല പടക്കങ്ങൾ സർക്കസുകാരെപ്പോലെ വേഷമിട്ടു തമിഴ് സിനിമാ നടികൾ ചിരിച്ചു നില്ക്കുന്ന പാക്കറ്റുകളിൽ പിരുപിരാന്ന് കത്തുന്ന പൂത്തിരികൾ കേപ്പു നാടകൾ പാമ്പു പോലെ ചുരുണ്ടു കിടക്കുന്ന ചെറിയ കൂടുകൾ ഒട്ടകത്തിന്റെ ചിത്രമുള്ള മത്താപ്പു പെട്ടികൾ വെള്ളിത്തലമുടി ചേർത്തു പിന്നിയ ചീനപ്പടക്കങ്ങൾ പിന്നെ അനുസാരികളായ മെഴുകുതിരികൾ തീപ്പെട്ടികൾ. മതിലിനു മുകളിൽ മെഴുകുതിരി കത്തിച്ചു വെച്ച് ഓല പടക്കത്തിനു തിരി കൊളുത്തി പുറത്തേക്ക് എറിഞ്ഞു പൊട്ടിക്കാൻ നല്ല രസമാണ്. വാലുള്ളതാണ് ഞാൻ കത്തിക്കുക. നട്ടുച്ചക്ക് മുറ്റത്തിൻ മൂലക്കുള്ള വേപ്പുമരത്തിൽ ചീനി പടക്കം കെട്ടിത്തൂക്കി തീകൊടുത്ത് ഞങ്ങൾ തിരിഞ്ഞോടും. വേപ്പിൻ പഴം തിന്നാൻ വന്നിരുന്ന കിളികൾ ഞെട്ടി പറന്ന് ഉറക്കെ വഴക്കു പറയും. ഉച്ചക്ക് പൊട്ടുന്ന പടക്കങ്ങൾക്ക് പൊതുവെ ഒച്ച കുറവാണ്. എങ്കിലും വേറൊരു മുറ്റത്തും ഇനിയും പൊട്ടിത്തുടങ്ങിയിട്ടില്ലാത്ത പടക്കങ്ങൾ ഞങ്ങളുടെ മുറ്റത്ത് പൊട്ടുന്നതിന്റെ കുഞ്ഞു അഹങ്കാരം. അല്ലെങ്കിൽ പാലക്കാട്ടെ കൊടും മേടച്ചൂടിൽ നട്ടുച്ചക്ക് മുറ്റത്തു നിന്ന് ഞങ്ങൾക്ക് പൂത്തിരി കത്തിക്കേണ്ട കാര്യമെന്ത്?
വിഷു ഓർമകളിൽ ആദ്യം തെളിയുന്നത് ഞങ്ങൾ മൂന്നു കുട്ടികൾ ഉച്ചവെയിലത്ത് പടക്കം ഉണക്കുന്നതിന്റെയും ഉണക്കമറിയാൻ ഓരോന്നായി പൊട്ടിച്ചും കത്തിച്ചും നോക്കുന്നതിന്റെയും ചന്തമുള്ള ചിത്രങ്ങളാണ്. രാത്രിയിൽ മുറ്റത്തിട്ട കസേരകളിൽ അച്ഛനുമമ്മയും ഇരിക്കും. പഴയ തമിഴ് സിനിമാഗാനങ്ങൾ അച്ഛൻ നനുത്ത ഒച്ചയിൽ മൂളിക്കൊണ്ടിരിക്കും. ഞാനമ്മയെ ചാരി നിന്ന് മത്താപ്പു കത്തിക്കും. ഉരച്ചു കത്തിക്കാൻ പേടിയായതിനാൽ അമ്മ നിലവിളക്കു കത്തിച്ചു വെച്ചു തരും. മഞ്ഞ പച്ച ചുവപ്പ് നിറങ്ങളിൽ കത്തുന്ന മത്താപ്പുകൾ എനിക്കു വേണ്ടി പ്രത്യേകം വാങ്ങുന്നതാണ്. ഏട്ടന്റെ ചങ്ങാതിക്കുട്ടികളൊക്കെ എത്തിയിട്ടുണ്ടാവും. ദേവനാണ് കലവറ കാര്യക്കാരൻ. ഉണങ്ങി മിടുക്കരായ ഓല പടക്കവും ചീനി പടക്കവും നല്ല ഉത്സാഹത്തോടെ പൊട്ടും. സിമന്റിട്ട മുറ്റത്ത് നിവർത്തി വെച്ച പടക്ക മാലക്ക് ഇരുവശത്തു നിന്നും അവർ തീ കൊളുത്തും. ഓരോന്നു കഴിയുമ്പോഴും ഞങ്ങളൊന്നിച്ചാർത്തു വിളിക്കും. തടയും തടവുമില്ലാത്ത ആഹ്ളാദം. അച്ഛൻ എന്നും എല്ലാം ഞങ്ങൾക്ക് നേരത്തെ ഒരുക്കിത്തന്നിരുന്നു, അതു വിഷു പടക്കമാണെങ്കിലും പുത്തൻ നോട്ടു പുസ്തകമാണെങ്കിലും പൊതിയാനുള്ള ബ്രൗൺ പേപ്പറാണെങ്കിലും പുതിയ HB കടലാസു പെൻസിലാണെങ്കിലും….

വിഷുത്തലേന്നു രാത്രി അച്ഛന്റെ എഴുത്തു മേശക്കു മുകളിൽ വലിയ താലത്തിൽ കിഴക്കോട്ട് നോക്കി നിന്ന് അച്ഛൻ കണിയൊരുക്കും. അരി വെള്ളം താംബൂലം തുടങ്ങി ഓരോന്നും അമ്മയിൽ നിന്നു വാങ്ങിക്കൊണ്ടു കൊടുക്കേണ്ടത് ഞാനാണ്. പെറ്റുവീണ കുഞ്ഞിനെപ്പോലെ കിടക്കുന്ന വെള്ളരിയുടെ വയറ്റിൽ നനച്ച ഭസ്മം മൂന്നു വിരലിൽ വരക്കും. തലയിൽ കുടുമയോടെ നെറ്റിയിൽ ഭസ്മവും കുങ്കുമവും തൊട്ട് സന്യാസിയെപ്പോലെ നാളികേരം കിണ്ടിക്കു മുകളിൽ ഇരിക്കും. അമ്മയുടെ കസവു പുടവക്ക് എന്റെ സ്വർണമാല അണിയിക്കും. കൊന്നപ്പൂങ്കുലകൾ കൃഷ്ണ വിഗ്രഹത്തിനു ചുറ്റും അലങ്കരിക്കും. നവധാന്യങ്ങൾ കണ്ണാടി ഗ്രന്ഥം ചക്ക മാങ്ങ വാഴപ്പഴം എണ്ണ തിരി എല്ലാം ഒരുക്കി വെച്ച് അച്ഛൻ മുറ്റത്തിറങ്ങി ഒരു ഓലപടക്കം പൊട്ടിക്കും. കണിയൊരുക്കിയതിന്റെ വിളംബരം. പിറ്റേന്ന് അതിരാവിലെ ആദ്യം കാണുന്നതു പോലെ കണി കണ്ടു നിന്നൊരു കുഞ്ഞി പെൺകുട്ടി. ‘കണ്ണാടിയിൽ മുഖം നോക്കു’ അമ്മ പറയും. കണ്ണാടിയിൽ മുഖം നോക്കി ചിരിച്ചു നിന്നിരുന്ന കുട്ടിക്കാലം. കൈ നിറയെ അച്ഛൻ വെച്ചു തന്നിരുന്ന നാണയങ്ങൾ അന്നും എന്നും എണ്ണി നോക്കിയിട്ടില്ല. ദൈവങ്ങൾക്ക് പത്തായത്തിന് പശുക്കൾക്ക് ഒക്കെ അച്ഛൻ കണി കാണിച്ചു കൊടുക്കും. അമ്മ നിലവിളക്കും പിടിച്ചു കൂടെ നടക്കും. മുറ്റത്തപ്പോഴേക്കും, ഉറക്കം ഞെട്ടിയ പടക്കവും പൂത്തിരിയും ചറു പിറാന്ന് പൊട്ടിത്തെറിക്കുന്നുണ്ടാവും. നരച്ച ഇരുട്ടിലൂടെ വെളുത്ത മുണ്ടു ചുറ്റിയ കുറച്ചു പേർ വരും. അച്ഛനിൽ നിന്നും ആദ്യത്തെ കൈനീട്ടം വാങ്ങണമെന്ന് നിർബന്ധമുള്ള കുറച്ചു പേർ. അതിൽ കൃഷിക്കാരനും മില്ലുടമയും ഹോട്ടലുകാരനും ഒക്കെയുണ്ട്. അവർക്കത് രാശിയാണ്, ഒരു വിശ്വാസവും. പടക്കത്തിന്റെ മുറം പതുക്കെ ഒഴിഞ്ഞു തുടങ്ങുമ്പോഴേക്കും സുന്ദരാംബാൾ ഉറക്കെ പാടിത്തുടങ്ങും, വേലൈയ് പിടിത്തതെന്ന.. യെന്ന യെന്ന ….. ഏട്ടൻ സൈക്കിളുമെടുത്ത് പുറത്തേക്കു പോകും. ചൂടു പിടിച്ചു തുടങ്ങുന്ന ഉമ്മറക്കോലായയിൽ ആകെ ബോറടിച്ചിരിക്കുമ്പോൾ ദേവൻ ‘പാമ്പു ഗുളിക ‘യുമായി വരും. വിഷു കൈനീട്ടം കിട്ടിയ പൈസ കൊടുത്ത് രാജാമണിടെ കടയിൽ നിന്നും വാങ്ങിയതാണ്. കറുത്ത ഉരുണ്ട ഗുളികകൾ നിലത്തു വെച്ച് ഞങ്ങൾ മത്താപ്പുരച്ച് തീ കൊടുക്കും. കറുത്ത കട്ടിപ്പുക തുപ്പിക്കൊണ്ട് ഗുളിക പാമ്പു പോലെ ഞെളിഞ്ഞ് വളഞ്ഞ് ഉയരും. കാറ്റത്ത് ആ കരി കോലായ മുഴുവൻ പടരും കയ്യിലും കാലിലും ഒട്ടിപ്പിടിക്കും. ഒരു ചന്തവുമില്ലാത്ത ഇത്രക്കും ഉപദ്രവകാരിയായ ഈ വിചിത്ര വസ്തു ആരുടെ കണ്ടുപിടിത്തമാണാവോ. എങ്കിലും നീളൻ വരാന്ത മുഴുവൻ ഞങ്ങൾ ഗുളിക കത്തിച്ച് അലങ്കോലമാക്കും.

വിഷുവിന് വീട്ടിൽ സദ്യയൊരുക്കാറില്ല. വിഷുക്കഞ്ഞിക്കാണ് പ്രാധാന്യം. പച്ചരി, ചെറു പരിപ്പും കുരുമുളകും ചേർത്ത് നന്നായി വേവിച്ച് ധാരാളം തേങ്ങാപ്പാലു ചേർത്ത് തേങ്ങ ചിരവിയത് മുകളിൽ തൂവിയുണ്ടാക്കുന്ന വിഷുക്കഞ്ഞി. അതിനു മുന്നെ പ്രസാദം പോലെ എല്ലാവർക്കും ‘പനസം ‘ വിളമ്പും.

പഴുത്ത ചക്കച്ചുള മാമ്പഴം വാഴപ്പഴം നാളികേരം തുടങ്ങിയവ കുനുകുനാന്നരിഞ്ഞ് തേനും പാലും ശർക്കരയും ചേർത്ത് ആര്യവേപ്പിന്റെ തളിരിലയും പൂങ്കുലയും അരിഞ്ഞിട്ട് ഉണ്ടാക്കുന്ന ‘പനസം ‘. ചിലർ പനസത്തിൽ ഒരു കള്ളനെ ഇടും. ചെറിയൊരു കുഞ്ഞൻ ചക്കക്കുരുവാണ് കള്ളൻ. വിളമ്പുമ്പോൾ ആരുടെ ഇലയിലാണോ കള്ളൻ വീഴുന്നത് അവർക്ക് വിഷുഫലം ശുഭമല്ല. പക്ഷെ അമ്മ പനസത്തിൽ കള്ളനെ ഇടില്ല. എന്നും എപ്പോഴും ജീവിതത്തിൽ ശുഭാപ്തി വിശ്വാസം മാത്രം പുലർത്തിയിരുന്ന അമ്മ കള്ളനെ അടുപ്പിലെ തീയിലിട്ട് പുതുവർഷഫലം സ്വയം പ്രഖ്യാപിച്ചിരുന്നു.

കണിക്കു വെച്ച കൊന്നപ്പൂക്കളിൽ കറുത്ത കുഞ്ഞിയുറുമ്പുകൾ ഓടി നടക്കു. കുഴലൂതുന്ന കണ്ണൻ വാൽക്കണ്ണാടിയിലേക്ക് ഉറക്കം തൂങ്ങും. കൂടു തകർന്ന മത്താപ്പുകൾ തണുത്തു കിടക്കും. അരികു ചുരുണ്ട് വെറ്റിലകൾ വാടും. വീടിനു പിന്നിലെ മുറ്റത്ത്‌ ഒഴിഞ്ഞ പൂത്തിരി നിലച്ചക്ര പടക്ക കൂടുകൾക്ക് തീയിട്ടതിലേക്ക് വാലഴിഞ്ഞ ഓലപടക്കവും പാതി തിരിഞ്ഞ ചക്രവും കെട്ടു വിട്ട ചീനപ്പടക്കവും ഒരാന്തലോടെ ചാടും. ചൂടു പാറുന്ന ഉച്ച മയക്കത്തിനിടയിൽ ഇടക്കിടെ അകന്നും അടുത്തും കേൾക്കുന്ന ചേരുവാദ്യം. മുറ്റത്തു കൊട്ടുന്ന പോലെ തോന്നി കണ്ണു തുറക്കുമ്പോൾ കാറ്റിന്റെ കയ്യുകൾ അകലേക്കു വലിച്ചു കൊണ്ടു പോകുന്ന കുറുങ്കുഴൽ നാദം. ദൂരെ ഏതോ മാരിയമ്മൻ കോവിലിനു മുന്നിലെ ആൽമരച്ചോട്ടിലിരുന്നു കൊട്ടുന്ന പോലെയും എന്റെ ചുവന്ന അരളിമരക്കൊമ്പത്തിരുന്നു ഊതുന്ന പോലെയും ഉറക്കത്തിന്റെ പടവുകളിലൂടെ ….. മുറ്റത്തു വന്നവർ കുഴലൂതി ചെറിയ പറ കൊട്ടി മുഖത്ത് പല വർണങ്ങളാൽ ചുട്ടി കുത്തിയ കുട്ടി കയ്യിൽ ഓലക്കുട ചുഴറ്റി ചെറുതായി താളം ചവിട്ടി. ദേശത്തെ വിഷുവേല അറിയിക്കാൻ വിഷു ദിവസം വീടുവീടാന്തരം കയറുകയാണവർ . കുഴലൂത്ത് നിർത്തി, ‘ മേടം ഏഴിന് ദേശത്തെ വേല നിശ്ചയിച്ചിട്ടുണ്ടേ….’ എന്നയാൾ നീട്ടി പറയുമ്പോൾ ഓലക്കുട തിരുപ്പിച്ച് കുട്ടി അതു ശരിവെക്കും. അരി തേങ്ങ കൈനീട്ടം സ്വീകരിച്ച് ചേരുവാദ്യക്കാർ പടി കടക്കുമ്പോൾ പതുക്കെ മൂടുന്ന മയക്കത്തിന്റെ ചാരപ്പായൽ പടികൾ….

മോനു ചെറിയ ക്ളാസുകളിൽ പഠിക്കുന്ന കാലങ്ങളിലൊക്കെ വിഷുവിന് നാട്ടിൽ പോയിരുന്നു. അപ്പോഴേക്കും അച്ഛനൊരുപാട് മാറിയിരുന്നു. അവനു വേണ്ടി വാങ്ങുന്ന കുഞ്ഞിപ്പൂത്തിരികൾ പോലും അച്ഛനെ വേവലാതിയിലാഴ്ത്തി. ഞങ്ങളുടെ മക്കൾക്കു ചുറ്റും അച്ഛൻ അധൈര്യപ്പെട്ട മനസുമായി ഓടിക്കൊണ്ടിരുന്നു. പുറത്തെ അടുപ്പിനരികിലും കിണറ്റിൻ കരയിലും തെങ്ങിൻ ചുവട്ടിലും അച്ഛനവർക്ക് കാവൽ നിന്നു. അവർക്കു കൈനീട്ടം കൊടുക്കാനായി ‘വലിയ’ പുത്തൻ നോട്ടുകൾ ഒരുക്കി വെച്ചു. പിന്നീട് സ്ക്കൂൾ അവധിക്കാലം മെയ് ജൂൺ ആയപ്പോൾ വിഷുവിന് നാട്ടിലെത്താൻ കഴിയാതെയായി. വിശാഖപട്ടണത്തെ വീട്ടിൽ എന്റെ സ്വന്തം ഇഷ്ടത്തിന് ഞാൻ കണിയൊരുക്കി. അടിമുടി പൊന്നണിഞ്ഞ കൊന്നമരങ്ങൾ വഴിയോരത്ത് നേരത്തെ കണ്ടുവെച്ചു. മഞ്ഞ ചുവപ്പ് കാപ്സിക്കം ഓറഞ്ചു നിറമുള്ള കാരറ്റ് തേൻ കൂടു പോലുള്ള സ്ട്രോബറി ഒക്കെ എന്റെ കണിത്താലത്തിൽ നിരന്നു. പരസ്പരം ഒട്ടിപ്പിടിച്ച് ഡൈനിങ്ങ് ടേബിളിനും സോഫകൾക്കും ഇടയിലൂടെ കണ്ണു പൊത്തി വന്ന് ഞങ്ങൾ രണ്ടു പേരും ഒന്നിച്ച് വിളക്കു കൊളുത്തി. കണ്ണാടിയിൽ ഒരാൾ മറ്റെയാളെ നോക്കി ചിരിച്ചു. ദൂരെ ഞങ്ങൾക്കു വേണ്ടി അച്ഛൻ ഒരോല പടക്കം കത്തിച്ച് മുറ്റത്തിട്ടു, അമ്മ കള്ളനെ അടുപ്പിലിട്ടു. പക്ഷെ ഇടവ മാസത്തിലാണെങ്കിലും നാട്ടിലെത്തിയാലുടൻ കിഴക്കോട്ടു തിരിച്ചു നിർത്തി ആദ്യം തന്നെ അച്ഛൻ കൈനീട്ടം തന്നു. മക്കൾക്കെന്നും പുത്തൻ പത്തു രൂപാ നോട്ട്, പേരക്കുട്ടികളുടെ കൈനീട്ടം വിഷുവിന് കത്തിച്ചു വിടുന്ന റോക്കറ്റ് പോലെ ഉയർന്നു പോയി. വളരെക്കാലങ്ങൾക്കുശേഷം രണ്ടു വർഷം മുമ്പ് വിഷുവിന് ഞാൻ വീട്ടിലെത്തി. അച്ഛനൊരുക്കിയ കണി കണ്ട് കണ്ണാടിയിൽ ചിരിച്ച് കൈനീട്ടം വാങ്ങി പൂത്തിരി കത്തിച്ച് ആഘോഷിച്ചപ്പോൾ, അത് ഞാൻ എന്ന പെൺകുട്ടിയുടെ അവസാനത്തെ വിഷുവാണെന്ന് എങ്ങിനെ അറിയാൻ? കണിത്താലം എടുത്ത് പത്തായത്തിലേക്കും അടുക്കളയിലേക്കും നടക്കുന്ന അച്ഛനും, വിളക്കേന്തി അനുഗമിക്കുന്ന അമ്മയും എങ്ങോട്ടാണു നടന്നു മറഞ്ഞത്? ഉമ്മറക്കോലായയിൽ എന്നെ കാത്തിരിക്കുന്ന രണ്ടു പ്രിയപ്പെട്ട മരക്കസേരകളാണ് ഒഴിഞ്ഞത്. രണ്ടു വർഷങ്ങൾ കൊണ്ട് ഞാനേറെ മുതിർന്നു, എന്നിലെ കുട്ടിക്കാലം കഴിഞ്ഞു. ഈ വിഷുപ്പുലരിയിൽ എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നവരില്ല, ഞാനെന്റെ മകനു വേണ്ടി പ്രാർത്ഥിക്കും. തുളസി കയ്യിൽ വെച്ചു തരുന്ന ‘വലിയ’ നോട്ടിനടിയിൽ, അനുഗ്രഹത്തിന്റെ ചെറിയ പത്തുറുപ്പിക തിരയും. വിറകടുപ്പു പുകയാത്ത എന്റെ അടുക്കളയിൽ, ഞാനൊരു കള്ളനെ എടുത്ത് ഡസ്റ്റ് ബിന്നിൽ ഇട്ട് സ്വയം വിഷുഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *