HomeTHE ARTERIASEQUEL 65വിളക്കുമരങ്ങൾ

വിളക്കുമരങ്ങൾ

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

ബംഗളൂരുവിലെ ബാലാജി നഗറിൽ താമസിച്ചു വരുന്ന കാലം. അവിടെ ഞങ്ങളെപ്പോലെ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കൂടുതലും. നഗരത്തിലെ ഇടത്തരക്കാരാണ് പ്രാന്തപ്രദേശമായ ഇവിടെ പ്ലോട്ട് വാങ്ങിക്കൂട്ടിയത്. ചുരുക്കം ചിലർ വീടു പണിത് വാടകയ്ക്ക്
കൊടുത്തിരിക്കുന്നു. കൂട്ടത്തിൽ സ്വന്തം വീടുകളിൽ താമസിക്കുന്നവരുമുണ്ട്.

അങ്ങനെയിരിക്കെ, തൊട്ടടുത്ത വീട്ടിലേക്ക് ഒരു തമിഴനും കുടുംബവും താമസത്തിനായി വന്നെത്തി. അവരുടെ പഴയ മാരുതി 800 കാറും ചേതക് സ്കൂട്ടറും വീടിനു മുന്നിലെ കസ്കസ മരത്തിൻ്റെ ചുവട്ടിലുണ്ട്. അധികം താമസിയാതെ ഞങ്ങൾ നല്ല അയൽക്കാരുമായി.

ജോൺ സെൽവരാജന് നാൽപ്പതിനോടടുത്ത പ്രായം വരും. ഇരുനിറം, എണ്ണമയമില്ലാത്ത ചുരുളൻ മുടി. വീതികൂടിയ കറുത്ത ഫ്രയിമുള്ള വട്ടക്കണ്ണട. ക്ലീൻഷേവ് ചെയ്യാറുള്ള മുഖത്ത് രണ്ടു ദിവസം വളർച്ചയെത്തിയ കുറ്റി താടിയിൽ ഇടയ്ക്കിടെ വെള്ളിരോമങ്ങളും തെളിഞ്ഞു കാണാം. ജീൻസ് പാൻ്റും ബ്രാൻ്റഡ് ഷർട്ടും ഹാഫ്ഷൂസും ധരിച്ചിരി
ക്കുന്നു. ഭാര്യയെയും പത്തു വയസ്സുള്ള മകനെയും വല്ലപ്പോഴും വെളിയിൽ കണ്ടാലായി.

സെൽവരാജിന് സിറ്റിയിൽ
ബിസിനസ്സായിരുന്നു. ഇലക്ട്രോണിക് ത്രാസിൻ്റെ സെയിൽസും മുഖ്യ ചുമതലക്കാരനുമായിരുന്നു; അദ്ദേഹം. കച്ചവടത്തിലെ കിടമത്സരവും പിരിഞ്ഞു കിട്ടാനുള്ള നല്ലൊരു തുകയും ശെൽവരാജിനെ പ്രതിസന്ധിലാക്കി. നഷ്ടം പെരുകി. മൊത്തത്തിൽ കൂപ്പുകുത്തിയപ്പോൾ കടം കയറി. ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്ന് ഒടുവിൽ ഇവിടെയെത്തി.
സൗഹൃദ സംഭാഷണത്തിൽ അദ്ദേഹം വെളിപ്പെടുത്തിയ സംഗതികളായിരുന്നു ഇതൊക്കെ.

ജോൺ സെൽവരാജ്. ‘ലൂയിഫിലിപ്പി’ൻ്റെ ആരാധകൻ!. ചെക്ക് ,പ്ലെയിൻ ഷർട്ടുകളുടെ ശേഖരം. പണമില്ലെങ്കിലും ചമഞ്ഞ് നടക്കണം എന്ന അഭിപ്രായ
ക്കാരൻ!. കൂട്ടുകാരൊത്ത് മദ്യശാലകളിലും
നഗരത്തിൽ പേക്കൂത്ത് നടത്തിയും
പല അലമ്പുകളും ഒപ്പിച്ച കൗമാരക്കാലത്തെ പറ്റിയും ഒരിക്കൽ സെൽവരാജ്
മിന്നായം പോലെ വെളിപ്പെടുത്തി. വിശ്വാസത്തിൻ്റെ വഴിയിൽ വന്നതി
ൽ പിന്നെ പഴയ കുപ്പായങ്ങൾ ഊരി കുപ്പത്തൊട്ടിയിലെറിഞ്ഞു. വിശ്വാസമുള്ള ഒരു കുടുംബത്തിലെ പെൺകുട്ടി തൻ്റെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോന്നതിൽ പിന്നെ അവൾ നേർവഴിയിലേക്ക് നയിക്കുകയായിരുന്നു.

തികഞ്ഞ സ്വാതികനും ദൈവവിശ്വാ
സിയുമായ അദ്ദേഹത്തെ ആരൊക്കെയോ ചതിക്കുകയായിരുന്നു. അപ്പൊഴും അദ്ദേഹം ദൈവത്തെയും
ബൈബിൾ വചനവും മുറുകെ പിടിച്ചിരുന്നു. വീട്ടിൽ പ്രാർത്ഥനയും ഹാലേലുയ്യയുമായി എളിയ ജീവിതം നയിച്ചു വരികയാണ്. ഒരു കൊല്ലത്തിനു ശേഷം കുറച്ചു കൂടി
സൗകര്യമുള്ള ഒറ്റപ്പെട്ട വലിയ വീട്ടിലേക്ക് താമസം മാറിയെങ്കിലും ഫോൺ വിളിയും സുഖാന്വേഷണവും വല്ലപ്പോഴും പതിവായിരുന്നു. ചില്ലറ ഇടപാടുകൾ നടക്കാറുണ്ടെന്നും വീട്ടിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കും മറ്റും കുറച്ചു പേർ വരാറുണ്ടെന്നും ഒരിക്കൽ പറഞ്ഞിരുന്നു. സാമ്പത്തിക തകർച്ചയുടെ
മരവിപ്പിൽനിന്നും എന്തുചെയ്യണമെന്നറി
യാതെ കുന്തിച്ചിരിക്കുകയായിരു
ന്നു ഞാൻ. ഒരു ദിവസം അദ്ദേഹമായുള്ള
ഫോൺ വിളിയിലൂടെയുള്ള കുശലാന്വേഷണത്തിനൊടുവിൽ ഞാൻ എൻ്റെ അവസ്ഥയും അവതരിപ്പിച്ചു.

“സാർ ഇന്തകാലവും കടന്തുപോകും…
കവലൈപ്പെടാത്…”

ജോൺ സെൽവരാജിൻ്റെ സ്നേഹമസൃണമായ ചിരിയും സ്വാന്തന വചനവും ശുഭാപ്തിവിശ്വാസവും ഉള്ളംകൈയിലെ മൊബൈലിൽ കുളിർ കേൾവിയായി! എന്നിൽ പ്രതീക്ഷയുടെ തളിരലകൾ നാമ്പിട്ടു.

“ഇങ്കേവന്ത് ഉക്കാറന്ത് പേശലാം, സാർ…
വങ്കേ…. ”
തികഞ്ഞ ആത്മവിശ്വാസത്തോടെ സെൽവരാജ് സമാശ്വസിപ്പിക്കുന്നു.

“വരാം സർ….”
“വീട് തെരിയുമല്ലാ….. ഓ..കെ ”

“സായന്തരം വരുവേൻ സാർ'”

ഭംഗിവാക്കിനെന്നോണം ഞാൻ മറുപടി
നൽകി.

റൈറ്റ് സർ….”

കച്ചിതുരുമ്പിനെ കരുത്തുറ്റ വടമായി
സങ്കല്പിച്ചു കൊണ്ട് ഞാൻ വൈകുന്നേരത്തിനായി കാത്തിരുന്നു!

ഇരുമ്പു ഗേറ്റിൻ്റെ കൊളുത്തുയർത്തുന്ന
ശബ്ദം കേട്ട ഉടനെ ജോൺ സാർ
ഓടിയെത്തി. തറയോട് വിരിച്ച മുറ്റം, പൂചട്ടികളിൽ വളർത്തിയ ചെടികളിൽ പലതരം പൂക്കൾ വിരിഞ്ഞുനിൽക്കുന്നു.
കാർപോച്ചിൽ പുത്തൻ സാൻറോ കാറ്. കവറിട്ട് മൂടിയ ഇരുചക്രവാഹനം മുറ്റത്ത് ഒതുക്കി വെച്ചിട്ടുണ്ട്. ജോൺ സെൽവ
രാജിൻ്റെ പെട്ടെന്നുണ്ടായ വളർച്ചയിൽ എനിക്ക് അത്ഭുതാദരവ് ഉണ്ടായി.
.
“പ്രൈയിസ് ദ ലോർഡ് ” വാതിൽപ്പടിയിൽ നിന്നും അദ്ദേഹത്തിൻ്റെ ഭാര്യ തൊഴുകൈ
യുമായി ചിരിച്ചു. ഞാൻ ചെറുചിരിയിൽ
പ്രതിവന്ദനം ഒതുക്കി. ഹാളിൽ ആർക്കും അലോസരമില്ലാതെ അലസമായി കറങ്ങുന്ന ഫാൻ. കുരിശുമരണം വരിച്ച കർത്താവിൻ്റെ ആൾരൂപം. മൂലയിൽ പ്രസംഗപീഠം. ചുമരിൽ  ബൈബിൾ വചനങ്ങൾ….. വൃത്തിയുള്ള ഗ്ലാസ് പ്രതലമുള്ള ടീ പോയ്, സോഫസെറ്റ്. ഭംഗിയുള്ള വിൻ്റോ കർട്ടൻ……..
“പ്രൈയിസ് ദ ലോർഡ് ”
ഗിത്താർ വായന നിറുത്തി സോഫയിൽ
നിന്നും എഴുന്നേറ്റ് കൊണ്ട് ജോൺ സാറിൻ്റെ മകൻ ഭവ്യതയോടെ മൊഴിഞ്ഞു. അവൻ ഗിത്താറുമായി പഠനമുറിയിലേക്ക് പോയി.

വീടുകൾ വാടകയ്ക്ക് എടുത്തു കൊടുത്തും ഫ്ലാററുവിൽപ്പനയിൽ
ഇടനിലക്കാരനായും തുടങ്ങി, ചെറിയ തോതിൽ റിയൽ എസ്റ്റേറ്റു വരെ എത്തി നിൽക്കുന്ന തൻ്റെ വളർച്ചയെ കുറിച്ച്
യേശു ആണ്ടവനെ സാക്ഷ്യം ചെയ്തു കൊണ്ട് അദ്ദേഹം എളിമയോടെ പറഞ്ഞു.
ഭാര്യ മകൻ പഠിക്കുന്ന കോൺവെൻ്റിലെ
ടീച്ചർ…….

“എല്ലാം ആണ്ടവർ ആശിർവാദം സാർ… ”

ചായ കോപ്പ എനിക്കു നേരെനീട്ടികൊണ്ട് അയാൾ വിണ്ടും അടിവരയിട്ടു. എല്ലാ ഞായറാഴ്ച്ചകളും ദൈവ ശുശ്രൂഷയ്ക്കും പ്രാർത്ഥനയ്ക്കുമായി അദ്ദേഹം നീക്കി വെക്കുന്നു.
“ആറേളുപേർ വരുവാങ്കറാർ….ഇന്തഹാൾ
താൻ ഇപ്പത്ക്ക്….. ”
മൂലയിലെ പ്രസംഗ പീഠം ചൂണ്ടിക്കൊണ്ട്
അയാൾ ദൈവഭക്തനായി.
ആണ്ടവർക്ക് ഒരു ചാപ്പൽ പണിയണമെന്ന
ആഗ്രഹവും പെട്ടെന്ന് സഫലമാകുമെന്ന്
അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

‘ “സൊല്ലുങ്കസാർ……. എന്ന വിഷയം…. ”

ചായ കോപ്പയിൽ നിന്നും ഒരു കവിൾ ചായ മൊത്തി കൊണ്ട് സെൽവരാജ് തിരക്കി. അദ്ദേഹത്തിൻ്റെ ആ ഒരു വാക്കിനു വേണ്ടി കാത്തിരുന്നതു പോലെ ഞാൻ പറഞ്ഞു:

“കാൻ്റീൻ കരാർ കാലാവധി മുടിഞ്ചാച്ച്….
എച്ച് ആറിൻ്റെ പരിചയക്കാരനെ ഏൽപ്പിക്കാനാണ് അയാളുടെ നീക്കം.
മറെറാരു കേൻ്റീൻ കിട്ടുന്നതു വരെ….. എതാവദ് പാക്കണം സാർ….. സുമ്മാ
വേലയ് ഇല്ലാമേ എവള നാള് ഉക്കാറ മുടിയും സാർ…”

ഞാൻ എൻ്റെ ആകുലതകളും പങ്കപ്പാടുകളും അദ്ദേഹത്തിനു മുന്നിൽ ആശങ്കയോടെ പങ്കുവെച്ചു.

സർ, കവലൈപ്പെടാതെ…… കടവുൾ
ഒരു വഴി കാട്ടുവാർകൾ….
അപ്പോൾ അയാളുടെ മൊബൈലിൽ നിന്നും യേശുനാഥനെ വാഴ്ത്തുന്ന ഗാനം ഒഴുകിയെത്തി.

” പാരുങ്കൾ ആശീർവാദം വന്താച്ച്…..
“സർ ഒരു നിമിഷം”:

അദ്ദേഹം വിരൽ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു:

Hello, yeh John……
Sir,….l am here to help you….
.
അദ്ദേഹത്തിൻ്റെ ക്ലയൻറായിരിക്കും… ! ബിസിനസ് കാര്യം സൂചിപ്പിച്ച്… ഒരു പക്ഷെ
വല്ല ഫോറിനേർസോ….?

പെട്ടെന്ന് ഞാൻ പൊട്ടനെപ്പോലെ മൂകനായി ചായ കുടിച്ചു തീർത്തു. ഫോൺ സംഭാഷണം അവസാനിച്ചതിനു ശേഷം ജോൺ സർ തുടർന്നു:

“സർ …..നീങ്ക എന്നുടെയുടൻ ജോയിൻ്റ് പണ്ണുങ്കേ….. കൊഞ്ചം സപ്പോർട്ട് ചെയത് എന്നെ അസിസ്റ്റ് സെയ്ങ്കേ….. ”

“…..എല്ലാത്തിനും പരികാരം ആണ്ടവർ
സെയ്യുവാങ്കേ….. ”

മറുവാക്ക് മൊഴിയാനില്ലാത്തതിനാൽ
ജോൺ സെൽവരാജിനൊപ്പം
ചേരാൻ തീരുമാനിച്ചുകൊണ്ട് പരസ്പ്പരം
കൈ കൊടുത്തു പിരിഞ്ഞു.

ഇംഗ്ലീഷ് ഉൾപ്പെടെ അഞ്ചോളം ഭാഷകളിൽ പരിജ്ഞാനി. നമ്മുടെ മലയാളം കൊറച്ച് കൊറച്ച് പേശും!
അദ്ദേഹത്തിൻ്റെ കുലീനമായ പെരുമാറ്റവും എളിമയും ഏവരുടെയും
വിശ്വാസം പിടിച്ചുപറ്റത്തക്കതുമാണ്. നല്ല കുറച്ച് ഇടപാടുകാരും ഉണ്ടായിരുന്നു.

“വിശ്വാസം അതല്ലേ എല്ലാം.!”

പരസ്യവാചകത്തിൻ്റെ കരുതലും കരുത്തും അന്വർത്ഥമാക്കുന്ന പ്രവർത്തിയിൽ മുഴുകുന്നു ,ജോൺ സെൽവരാജ്!

സെൽവരാജ് സാറിനു വേണ്ടി ഞാൻ എൻ്റെ വേഷത്തിൽ ചെറിയ അഴിച്ചുപണികൾ നടത്തേണ്ടി വന്നു. കാര്യമായ മാറ്റം എൻ്റെ കാൽപാദങ്ങളെ
സോക്സിൽ തിരുകി കയററി, പോളിഷ് ചെയ്തു മിനുക്കിയ ഷൂവിനകത്തേക്ക്
തള്ളിക്കയറ്റുന്ന ഐറ്റം നമ്പർ ഒന്ന്. പിന്നെ ഷർട്ട് ഇൻസെർട്ട് ചെയ്യുക. തോളിൽ ഒരു മുന്തിയതരം തോൾസഞ്ചി!.
ജീവിത നാടകത്തിലെ കഥാപാത്രത്തിനു വേണ്ടിയുള്ള വേഷപകർച്ച. കെട്ടിയോളും കുട്ടികളും കാണാതെ കണ്ണാടിക്കു മുന്നിലൂടെ മൂന്നുചാൽ പൂച്ചക്കാൽ നടത്തം.!

റെവന്യൂ ഡിപ്പാർട്ട്മെൻറ് സമുച്ചയത്തിലെ ഓഫീസുകൾ കയറി ഇറങ്ങുക,
ഓഫീസർമാരെ കാണുക. റജിസ്ട്രാർ ഓഫീസിൽ പോകുക, ചില പേപ്പറുകൾ
ശരിയാക്കാനായി ബംഗളുരു വണ്ണിൽ
(നമ്മുടെഅക്ഷയ കേന്ദ്ര) വരിനിൽക്കുക തുടങ്ങിയ ജോലികൾ കാണും. കൂടാതെ ബേങ്ക് ഇടപാടുകൾ, ഇ-സ്റ്റാമ്പ് പേപ്പർ വാങ്ങി മാറ്ററുകൾ ടൈപ്പ് ചെയ്യിക്കുക എന്നിങ്ങനെ പലവേലകൾ. ജോൺ സാറിൻ്റെ ഫോൺകോളുകളും വിരൽ തുമ്പുരയ്ക്കുന്ന ഫോണും വിസിറ്റിങ്ങ് കാർഡും കാര്യങ്ങളെ
എളുപ്പമുള്ളതാക്കി.

ഞായറാഴ്ചകളിൽ അദ്ദേഹത്തിൻ്റെ വീട്ടിലെ നിത്യ സർശകനായി. ആരാധനാ ശുശ്രൂഷയ്ക്കായ് വരുന്നവർക്ക് കസേരകൾ നിരത്തിയും ചായക്കടികൾ എത്തിച്ചു കൊടുത്തും അവരിൽ ഒരാളായും ഞാൻ വർത്തിച്ചു. ആഭരണങ്ങൾ ധരിക്കാത്ത വിശ്വാസികൾ ലളിതമായ ഉടയാടകളിൽ വന്നു ചേരും. കൈകൂപ്പി പരസ്പരം പ്രൈയിസ് ദ ലോർഡ് പറഞ്ഞ് ആണ്ടവർ വാഴ്ത്തുക്കൾ നേരും. പ്രയർ കർഡുകളിലെ ബൈബിൾ വചനങ്ങൾ വായിക്കുന്നതിനനുസരിച്ച് യേശുവിനെ വിളിച്ച് ആരാധന നടത്തുന്ന
സെൽവരാജ് ഇപ്പോൾ ളോഹ അണിഞ്ഞ് പാസ്റ്റർ ജോൺ സെൽവരാജായി പരകായ പ്രവേശം ചെയ്തിരിക്കുന്നു.!

അദ്ദേഹത്തിൻ്റെ ഭാര്യയും മകനും ഉൾപ്പെടെ എല്ലാവരും തങ്ങർക്ക് ലഭിച്ച പ്രയർ കാർഡുകൾ വായിച്ച് ആവേശപൂർവ്വം ആരാധനയിൽ പങ്കു ചേരുന്നു!

ആരാധനൈ സെയ്കിറോം,
നാങ്കൾ ആരാധനൈ സെയ്കിറോം
യേശുവേ…ആരാധന സെയ്കിറോം
നാങ്കൾ ,ആരാധനൈ സെയ്കിറോം

പാസ്റ്റർ ജോൺ സെൽവരാജ് ഈണത്തിൽ ആലപിക്കും.
പാസ്റ്ററുടെ മകൻ കീബോർഡ് പിയാനോ വായിച്ചു കൊണ്ടും വിശ്വാസികൾ
കൈത്താളമടിച്ചു താളത്തിൽ തലയിളക്കി
ക്കൊണ്ടും കർത്താവിൻ്റെ ആരാധനയിൽ പങ്കുകൊള്ളും. മുറിയിൽ ഭക്തിയുടെ ആലക്തികമായ അന്തരീക്ഷം നിറയും. കൊച്ചു കുട്ടിയുടെ കൗതുകത്തോടൊപ്പം കാഴ്ചക്കാരനായി ഞാനും!

അപ്പോൾ എൻ്റെമനസ്സ് ബാല്യകൗമാരങ്ങളിലെ ആചാരങ്ങളിലൂടെ…അക്ഷരങ്ങളിലൂടെ…കർമ്മപഥങ്ങളിലൂടെ….
സത്യാന്യേഷണ നിരീക്ഷണങ്ങൾ നടത്തിയ
കാലത്തോട് കലഹിച്ചു കൊണ്ടിരിക്കും.

തറവാട്ടു വളപ്പിൽ ചെമ്പകമര ചോട്ടിലെ ഗുളികൻ തറയിൽ അരുണ ശോണിമ സന്ധ്യയിൽ അന്തിത്തിരി കൊളുത്തിവെച്ച് പ്രാർത്ഥിച്ച നാളുകൾ….., ക്രിസ്തുവിനെ അറിയാനായി തപാലിൽ ആഴ്ചതോറും കിട്ടികൊണ്ടിരുന്ന ചെറുപുസ്തകങ്ങൾ…..
പിന്നീട് ബംഗളുരുവിൽ മൂസ്സഹാജിയുടെ കടയിലെ മുസ്ലിം സഹോദരങ്ങൾക്കൊപ്പം വലിയ തളികയിൽ ഒന്നിച്ച് കഴിച്ചിരുന്ന അത്താഴ രുചി ഓർമ്മകൾ…..

ആരാധനാ ശുശ്രൂഷ പരിസമാപ്തിയായി.
പാസ്റ്റർ ജോൺ സെൽവരാജിൻ്റെ മുഖത്തെ വിയർപ്പുകണങ്ങളിൽ പ്രശാന്തത തളം കെട്ടി നിന്നു. ചുണ്ടിൽ മധുമന്ദഹാസം വിരിഞ്ഞു. മേൽ കുപ്പായം അഴിച്ചു വെച്ചു. ജോൺ സാറിൻ്റെ ഭാര്യ പകർന്നു തന്ന ചായയും ടീകേയ്ക്കും രുചിച്ച് പരസ്പരം
ആണ്ടവർ വാഴ്ത്തുക്കൾ നടത്തി വിശ്വാസികൾ നന്ദി ചൊല്ലി പിരിഞ്ഞു.

നീർച്ചാലുകളും തോടുകളും പുഴകളും ചേർന്ന് കടലിൻ്റെ അഭൗമസൗന്ദര്യത്തിൽ വിലയം പ്രാപിക്കുന്നതുപോലെ
‘സകലമതസാരവുമേകം’ എന്ന നിയതമായ നിത്യതയിലേക്ക് ഞാൻ എന്നെ ചേർത്തുവെക്കുന്നു.

മാനവികതയിലൂന്നിയ മനുഷ്യത്വമാവട്ടെ
മതമെന്ന ആത്മബോധത്തോടെ ഞാൻ വീട്ടിലേക്ക് നടന്നു. വഴിത്താരയിലെ
പൂമരത്തിൽ ഒരു നക്ഷത്രവെളിച്ചം ചിരിതൂകി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...