HomeTHE ARTERIASEQUEL 57നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

ഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ ഷർട്ടും മൽമൽമുണ്ടുമായിരുന്നു അദ്ദേഹത്തിന്റെ വേഷം.

ഇരു നിറം. ഒത്ത ഉയരം. ഒതുക്കമുള്ള എണ്ണക്കറുപ്പുള്ള മുടി ഭംഗിയായി പുറകോട്ടു ചീകി വെച്ചിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് പാലുണ്ണി പോലുള്ള നിരുദ്രവകാരിയായ ഒരു അരിമ്പാറ ഉണ്ടെന്നാണ് ഓർമ്മ. വല്ലപ്പേഴും ക്ഷൗരം ചെയ്യാറുള്ള മുഖത്ത് ചില വെള്ളി രോമങ്ങൾ തെളിഞ്ഞു കാണാറുണ്ട്. (പിൽക്കാലത്ത് സർക്കാർ കെട്ടിടങ്ങളുടെ മഞ്ഞ ചായം പൂശിയ ചുമരുകൾ കാണുമ്പോൾ നാണു മാസ്റ്ററുടെ കുപ്പായത്തിന്റെ നിറം ഓർമ്മ വരാറുണ്ട് )

ഹാജർ പട്ടികയും പാഠാവലികളും അടുക്കി വെക്കുക, ഉപ്പുമാവിനുള്ള ഗോതമ്പ് നുറുക്ക് അളന്നെടുക്കുന്നതിന് അടുത്തു നിൽക്കുക, പാചകത്തിനുവേണ്ട നിർദ്ദേശങ്ങൾ നൽകുക, കഴുക്കോലിൽ കെട്ടിതൂക്കിയ ഇരുമ്പു വളയത്തിൽ ചുറ്റികകൊണ്ട് ബെല്ലടിക്കുക ,ഉപ്പ്മാവും തരിക്കാടിയും നൽകുന്നിടത്ത് ഒരു സാന്നിധ്യമായി നിലയുറപ്പിക്കുക, സേവനവാരത്തിൽ കുട്ടികൾക്കും മാഷന്മാർക്കും ഇടയിൽ ഒരു പാലമാകുക തുടങ്ങി സ്കൂളിന്റെ സകലമാന കാര്യങ്ങൾക്കും ഉള്ള ഒരു കാര്യസ്ഥനായിരുന്നു അദ്ദേഹം.

ചില പിള്ളേരെ വിളിച്ച് ഓഫീസിലേക്ക് ചായ വരുത്തിക്കുക, ജീപ്പിൽ കൊണ്ടുവരുന്ന റവചാക്കുകളും പാചക എണ്ണയും ചുമക്കാനുള്ള പിള്ളേരെ തെരഞ്ഞുപിടിക്കുക അങ്ങനെ എന്തിനും നാണുമാസ്റ്ററുടെ ഒരു കണ്ണ് കാണും. ഏഴ് ബി യ്ക്കടുത്തുള്ള ഓലഷെഡിൽ മഗ്ഗം എന്നു പറയാറുള്ള തറിയുണ്ടായിരുന്നു. ക്രാഫ്റ്റ് പിരീഡിൽ പരുത്തിയിൽ നിന്ന് നൂൽ നൂൽക്കാൻ അമ്മു ടീച്ചറും മഗ്ഗത്തിൽ ഓടം എറിയാൻ പഠിപ്പിച്ചിരുന്നത് നാണുമാസ്റ്ററ്റുമായിരുന്നു.

ആദ്യമായി മഗ്ഗം തൊടുന്നതും ഓടം ചാടിക്കുന്നതും കാണുന്നത് അക്കാലത്താണ്. പിന്നീട് നാട്ടിലെ ഒരു നെയ്ത്തു ശാലയിൽ പല മെലിഞ്ഞ മനുഷ്യരും തുണിനെയ്യുന്നതു കണ്ടിട്ടുണ്ട്.
ഓടത്തിന്റെയും തറിയുടെയും നിലയ്ക്കാത്ത ഒച്ചയ്ക്കൊപ്പം കരളുകുത്തുന്ന ചുമയുടെ ശബ്ദവും കേട്ടിട്ടുണ്ട്. അസംബ്ലി തുടങ്ങുന്നതിനു മുന്നേ മിക്ക പിള്ളേരും സ്കൂളിലേക്ക് എത്തും.
ഗോട്ടികളിയും തൊടാൻപാച്ചിലും ബുക്കു കുടുക്കാനുള്ള കറുത്ത റബർ കൊണ്ട് പരസ്പരം എറിയുക തുടങ്ങിയ പല കളികളും ഉണ്ടാകും. കളിക്കാനും ഉപ്പ്മാവ് തിന്നാനും വേണ്ടിയാണ് പലരും സ്കൂളിലേക്ക് വന്നിരുന്നത്. പഠിക്കുന്ന ചില പിള്ളേരുവരുന്നത് നല്ല ചൂരലും ചെമ്പരത്തിപ്പൂവുമായാണ്. വടി കൊണ്ടുവരുന്നത് പഠിക്കാത്ത പിള്ളേരേ അടിക്കാൻ വേണ്ടിയുള്ള ആയുധമായി മാസ്റ്റർക്ക് നൽകാൻ.
ചെമ്പരത്തി പൂവ് ഉരച്ച് ബോർഡ് കറുപ്പിച്ചു വെക്കുക പഠിപ്പിസ്റ്റുകളുടെ പരിപാടിയാണ്.

സ്കൂളിനടുത്തു തന്നെയായിരുന്നു നാണുമാസ്റ്ററുടെ വീട്. കുട്ടികളോട് വളരെ സ്നേഹമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും ഞങ്ങൾ കണ്ടിട്ടില്ല. നമ്മുടെ ചുമലിൽ കൈവെച്ച് ചേർത്തു പിടിക്കുമ്പോൾ ഒരു കരുതലിന്റെ സ്നേഹസ്പർശം അനുഭവിക്കാറുണ്ട്. എല്ലാ മാഷുമാരും നടന്നാണ് സ്കൂളിൽ വരിക. മിക്ക മാഷന്മാരുടെ കുട്ടികളും അതേ സ്കൂളിലെ ചെറിയ ക്ലാസുകളിലും വലിയ ക്ലാസുകളിലും പഠിക്കുന്നവരും ചിലർ പഠിച്ചു കഴിഞ്ഞവരുമാണ്. അഞ്ചാറു കിലോമീറ്ററൊന്നും ഒരു ദൂരമല്ലായിരുന്നു അന്ന്. വത്സലൻ മാസ്റ്റർ മാത്രമായിരുന്നു അറ്റ്ലസ് സൈക്കിളിൽ വന്നിരുന്നത്.

ഒരു ദിവസം ഓഫീസിന് നേരേ മുൻ വശമുള്ള ഏഴ് ബി യിൽ അരമതിലും ചാരി നിന്ന എന്നെ നാണുമാഷ് കൈകാട്ടി വിളിച്ചു.
മറ്റു പിള്ളേർ സ്കൂൾ മുറ്റത്ത് കുത്തിമറിയുകയാണ്. എന്തോ പന്തികേടു മണത്തു. അദ്ദേഹത്തിന്റെ മുഖത്ത് കോപമോ സംശയത്തിന്റെ വളഞ്ഞ പുരികമോ തെളിഞ്ഞില്ല എന്നതാണ് ചെറിയ ആശ്വാസം. പകരം ഒരു കൊച്ചു മന്ദസ്മിതം
പതിവുപോലെ ആ മുഖത്ത് വിരിഞ്ഞു വന്നു. ഓഫീസിൽ അധ്യാപകർ അധികമൊന്നും ഉണ്ടായിരുന്നില്ല. ആറാം ക്ലാസിലെ പ്രഭാകരൻ അറ്റൻഷനായി അവിടെ നിൽപ്പുണ്ട്. അവന് എന്നെക്കാളും ഉയരവും കരുത്തും ഉണ്ട്. ഞാനൊരു തികഞ്ഞ പാവത്താനായി അവന്റെ അടുത്തു നിന്നു. പ്രഭാകരന്റെ കൈയിൽ ഒരു വാളുപോലെ തോന്നിക്കുന്ന അലവടി കൊടുത്തു. എന്റെ കൈയ്യിൽ ഒരു റൂളർ വടിയും. എന്തിനു വേണ്ടിയുള്ള പുറപ്പാടാണെന്ന് ഒരു പിടിയുമില്ല. പ്രഭാകരന് അറിയാമോ? ആർക്കറിയാം?

ഞാൻ ചെറിയ തോതിൽ വിയർത്തു.
നാണുമാസ്റ്റർ നിർദ്ദേശിച്ച പ്രകാരം ഒരു വെളിച്ചപ്പാടിനേപ്പോലെ പ്രഭാകരൻ അലവടിയുമായി ഉറഞ്ഞു തുള്ളി ഓഫീസിന്റെ ഇത്തിരി വട്ടത്ത് കോണോടു കോൺ ഓടാൻ തുടങ്ങി. അധ്യാപകരിൽ ചിലർ തലയറഞ്ഞു ചിരിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്തു. നാണുമാസ്റ്റർ അവനെ ചുമലിൽ തട്ടി അഭിനന്ദിച്ചു. അടുത്ത ഊഴം എന്റെതായിരിക്കും.
ഞാൻ തീർച്ചപ്പെടുത്തി. പ്രഭാകരൻ ഒരു വട്ടം കൂടി വെളിച്ചപ്പാടാവുകയും അവന്റെ കൈപിടിച്ച് ഒരു കൈയിൽ നീട്ടിപ്പിടിച്ച റൂളർവടിയുമായി ഞാനും അവനൊപ്പം ഓടണം. നീട്ടിയ റൂളർവടി ഒറ്റത്തിരിയുള്ള കോൽ വിളക്കായി സങ്കല്പിക്കുകയും വേണം. വിറച്ചുകൊണ്ടാണെങ്കിലും പേടിയോടെ ഞാനത് ഭംഗിയായി ചെയ്തിരിക്കാം.

“അവനൊരു കോമരോം ഞ്ഞി ഒരു ശാന്തിക്കാരനും ”

നാണു മാസ്റ്റർ സംതൃപ്തിയോടെ ചിരിച്ചു കൊണ്ടു പറഞ്ഞു. അങ്ങനെ ചെറിയ സമയം കൊണ്ട് ഒരു പ്രച്ഛന്നവേഷത്തിന്റെ റിഹേർസൽ കഴിഞ്ഞു. ഞങ്ങൾ അവരവരുടെ ക്ലാസുകളിലേക്കു തിരിച്ചു. മടപ്പുരയിലെയും മക്കൻകാവിലെയും വെളിച്ചപ്പാടിനെയും ശാന്തിക്കാരനേയും ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പാനൂർ ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ പ്രച്ഛന്നവേഷം അരങ്ങേറി. പാറു അമ്മൂമ്മയുടെ മൽമൽമുണ്ടുടുത്ത് നെറ്റിയിലും ഇരുഭുജങ്ങളിലും നെഞ്ചിലും വിഭൂതി വാരിപ്പൂശി കോൽവിളക്കേന്തി ഞാൻ ശാന്തിക്കാരനായി. ചുവന്നഅങ്കിയും കാൽചിലമ്പും അരമണിയും കൈയിൽ പള്ളിവാളുമേന്തി കാവിനടുത്ത് പുരയുള്ള പ്രഭാകരൻ കോമരത്തെ ഗംഭീരമാക്കി.

അരങ്ങത്തു നിന്നും നിറഞ്ഞ സദസ്സിലേക്കു നോക്കുമ്പോൾ ഞാൻ ആരേയും തിരിച്ചറിഞ്ഞില്ല. എന്റെ നാണു മാസ്റ്ററെപ്പോലും. ഒരു പക്ഷെ എണ്ണനിറച്ച കോൽവിളക്കിലെ തിരികെടാതെ കാക്കാനുളള പെടാപ്പാടിൽ ഞാനാരെയും കണ്ടില്ലായിരിക്കാം.

വർഷങ്ങൾ പലതു കഴിഞ്ഞു.
നാണുമാസ്റ്ററും ആദ്യഅരങ്ങും പ്രച്ഛന്നവേഷവും എണ്ണവറ്റിയ കോൽ വിളക്കിലെ കരിന്തിരികണക്കേ മറവിയുടെ അന്ധകാരം മൂടികിടന്നു.

ഇനി പെണ്ണും പിടക്കോഴിയും ആവാം. അലക്ഷ്യമായി പരന്നു പോകുന്ന വള്ളിത്തലപ്പിനെ ഒരു പത്തലിലേക്ക് പടർത്തി വിടാനുള്ള പുറപ്പാടിലാണ് ബന്ധുക്കൾ. ഞാൻ പെണ്ണ് കാണാനായി ഒരു വീട്ടിൽ പോയപ്പോൾ അവിടെ നാണുമാസ്റ്റർ !. ആശ്ചര്യവും അദ്ഭുതവും ഒപ്പം നുരച്ചു.
മുടി അൽപ്പം നരച്ചതല്ലാതെ അടിമുടി പഴയ നാണുമാസ്റ്റർ; വീട്ടി തടി പോലെ….

പിന്നീടാണറിഞ്ഞത്: നാണു മാസ്റ്റർ ആ വീട്ടിൽ നിന്നുമാണ് കല്യാണം കഴിച്ചിരുന്നത്.
ഒരു മകൻ പിറന്നതിനു ശേഷം വിഭാര്യനാകാനായിരുന്നു വിധി വൈപരീത്യം.

സാത്വികനായ അദ്ദേഹം തന്റെ ഏകമകനു വേണ്ടി ജീവിച്ചു. തിരയൊളിപ്പിച്ച
സമുദ്രമായി നിലകൊണ്ടു. നാണുമാസ്റ്ററുടെ തനി പകർപ്പായിരുന്ന മകൻ ജീവിതത്തിന്റെ മരുപ്പച്ച തേടി മണലാരണ്യത്തിൽ ജോലി നോക്കുന്നു. പെണ്ണിനെ കണ്ടിറങ്ങാൻ നേരം അദ്ദേഹം എന്റെ ചുമലിൽ കൈവെച്ചു.
ആ പഴയ ചിരി അദ്ദേഹത്തിന്റെ മുഖത്ത് അപ്പൊഴും ഉണ്ടായിരുന്നു. ഞാൻ പഴയ ഏഴാം ക്ലാസുകാരനായി.
ജീവിതത്തിന്റെ അരങ്ങത്തേക്ക് കുത്തു വിളക്കുമായി വീണ്ടും അങ്ങ് എന്നെ നിയോഗിക്കുകയായിരുന്നോ? ജീവിതത്തിന്റെ അന്തമില്ലാത്ത പെരുവഴികളിൽ ഉഴറുമ്പൊഴും അരങ്ങിനു മുന്നിൽ കാണികൾക്കൊപ്പം അരണ്ട വെളിച്ചത്തിൽ ഇരിക്കുമ്പൊഴും ആദ്യ അരങ്ങോർമ്മകൾ ഉണരുമ്പോഴും ഞാൻ എന്റെ നാണു മാസ്റ്ററെ ഓർക്കാറുണ്ട്. അദ്ദേഹം തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞെങ്കിലും. ഇന്ന്, കോമരമായി അരങ്ങു തകർത്ത പഴയ ചങ്ങാതി പ്രഭാകരനില്ല, പകരമോ എന്റെ നല്ലപാതി. ജീവിത നാടകത്തിൽ ലോകമെന്ന അരങ്ങിൽ വേഷപ്രച്ഛന്നരായി നമ്മളിൽ പലരും തകർത്തഭിനയിച്ചുകൊണ്ടിരിക്കുന്നു…

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...