HomeTHE ARTERIASEQUEL 03അതിരക്കളി

അതിരക്കളി

Published on

spot_imgspot_img

കഥ

രേഷ്മ സി

ഒക്കത്ത് കുഞ്ഞുമായുള്ള നടത്തം എളുപ്പമായിരുന്നില്ല. വേഗം കൂട്ടിയപ്പോളെല്ലാം അനഘ വീഴാനാഞ്ഞു. വേഗം നടക്കേണ്ടവർക്ക് പറഞ്ഞിട്ടുള്ള വേഷവുമല്ല സാരി. തിരക്കായിരുന്നിട്ടും എന്തിനാണ് സാരി വാരിച്ചുറ്റിയത് എന്നവൾ ഓർക്കാൻ ശ്രമിച്ചു. പാമ്പ് പിന്നാലെ തന്നെ ഉണ്ടെന്ന് തോന്നി. ഉദ്ദേശിച്ച ഇടം എത്തുമ്പോഴേക്കും പാമ്പുകടിയേറ്റ് താൻ മരിച്ചുപോവുമോ എന്ന ചിന്തയാണ് സത്യത്തിൽ അവളെ പിന്തുടർന്നത്.
ഇളയമ്മയ്ക്ക് വീതം കിട്ടിയ തോട്ടിൻകരയിലെ പറമ്പാണ് ഇനി. അവൾക്ക് ആശ്വാസമായി. ഇനി വാടകവീട്ടിലേക്ക് അല്പദൂരം കൂടിയേ ഉള്ളൂ. പാട്ടും പാടി നടന്നാൽ ആ പാട്ട് തീരും മുൻപ് വീടെത്താം.
പറമ്പിൽ കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു കിണറുണ്ട്. അച്ചാച്ചൻറെയോ അയാളുടെയും അച്ചാച്ചൻറെയോ കാലത്ത് കുഴിച്ച് വെള്ളം കാണാതെ ഉപേക്ഷിച്ചത്. അതിൻറെ അടുത്താണ് വഴി. അതിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണമെന്ന് അമ്മ എപ്പോഴും പറയാറുള്ളതാണ്. അവൾ ശ്രദ്ധയോടെ നടക്കണം എന്ന് തീരുമാനിച്ചു. പക്ഷേ അവിടെയെത്തിയപ്പോൾ മുന്നിലൂടെ എന്തോ ഇഴഞ്ഞത് പോലെ ഒരു ഞെട്ടലിൽ അവൾ വീഴാനാഞ്ഞു. കയ്യിൽ കുഞ്ഞുണ്ടല്ലോ എന്നോർത്ത് പേടിച്ച നിമിഷത്തിൽ തന്നെ അവൾ കിണറിലേക്കും കുഞ്ഞ് കരയിലേക്കും തെറിച്ചു. കുഞ്ഞ് വീണയിടത്ത് നിന്നും കരച്ചിൽ പൊങ്ങി. അവൾക്ക് അത് തൊട്ടടുത്തുനിന്ന് എന്ന പോലെ കേൾക്കാമായിരുന്നു. എന്നാൽ അവളുടെ ഒച്ച പുറത്തുവന്നില്ല. പാമ്പിൽ നിന്നും രക്ഷപ്പെട്ടെങ്കിലും വിധിയുമായുള്ള കളിയിൽ താൻ പരാജയപ്പെട്ടതായി അവൾക്ക് തോന്നി. ഓരോ തവണ കരച്ചിൽ കേൾക്കുമ്പോഴും കുഞ്ഞാണ് കിണറിൽ വീണതെന്നും താൻ ഒന്നും ചെയ്യാനാവാതെ കരയിൽ നിൽക്കുകയാണ് എന്നും അവൾ വിചാരിച്ചു. ഓർത്തിരിക്കെ കുഞ്ഞിൻറെ കരച്ചിൽ അടങ്ങി.
ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ ഇടിഞ്ഞ ചുമരുകളും പടർന്ന കാടുകളും കണ്ടു. ഒരു പൊത്തിൽ നിന്നും പാമ്പ് തല പുറത്തേക്കിട്ടു. അത് അനഘയുടെ പരാജയബോധത്തെ കല്ലിട്ടുറപ്പിച്ചു. പാമ്പ് പൊത്തിൽ നിന്നുമിറങ്ങി അടുത്തേക്ക് വരുന്നത് കണ്ട ഭീതിയുടെയും നിരാശയുടെയും നേരത്തിൽ അനഘ ഉറക്കം ഞെട്ടി.

സ്വപ്നത്തെയും അതുണ്ടാക്കിയ നടുക്കത്തെയും കഴുകിക്കളഞ്ഞെന്നു വരുത്തി അവൾ ഒരു ചായയുണ്ടാക്കി. ഇത്ര നേരത്തെ എഴുന്നേൽക്കാറില്ല. ചായ തണുത്തുതുടങ്ങിയത് ഗൗനിക്കാതെ തലേന്നത്തെ മെസ്സേജുകൾക്ക് മറുപടി കൊടുക്കുന്നതിനിടെയാണ് സ്വപ്നം വീണ്ടും ഓര്മ വന്നത്. കാലങ്ങളായി തുടർന്നുപോരുന്ന കിണർസ്വപ്നങ്ങളുടെ തുടർച്ചയാണിതും. അതിനെക്കുറിച്ചുള്ള ആലോചനയിൽ ഇരുന്നപ്പോൾ സത്യജിത് എഴുന്നേറ്റുവന്നതും അടുത്തിരുന്നതും അവൾ അറിഞ്ഞില്ല. അവൻ ഉറക്കത്തെ വലിയ ഒരു കോട്ടുവായിലൂടെ പുറത്താക്കി. പിന്നെ പതുക്കെ അവളുടെ ചുമലിൽ തട്ടി.
“നീയിന്നലെ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു.”
സത്യജിത് പാതി കളിയായും പാതി കാര്യമായും പറഞ്ഞു.
“എല്ലാ എസ്റ്റാബ്ലിഷ്‌മെൻറുകൾക്കും എതിരെയാണല്ലോ നമ്മുടെ യുദ്ധം. അതുകൊണ്ട് കല്യാണം കഴിക്കുന്നത് ഒരു നല്ല ആശയമായി എനിക്ക് തോന്നുന്നില്ല.”
രണ്ടുപേരുടെയും മുൻപോട്ടുള്ള ജീവിതത്തെ നിശ്ചയിക്കുന്നത്രയും കനമുള്ള ഒരു തീരുമാനമാണ് എന്നൊന്നും തോന്നിപ്പിക്കാതെ അലസമായി പറഞ്ഞുതീർത്ത് അവൻ പല്ല് തേക്കാൻ പോയി.
അനഘയ്ക്ക് അരിശത്തേക്കാൾ അതിശയമാണ് തോന്നിയത്. തലേന്നത്തെ ഉദാസീനരതി കഴിഞ്ഞ് അവൻ ഉറക്കത്തിലേക്ക് വീഴുന്ന നേരമാണ് അവൾ കല്യാണമെന്ന ആശയം മുന്നോട്ട് വെച്ചത്. ദുസ്വപ്നങ്ങൾ കാണാത്തവർക്ക് ഉറക്കത്തിലും ചിന്തിക്കാൻ കഴിയുമായിരിക്കും.
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് തന്നെ സുഹൃത്തുക്കളായിരുന്നെങ്കിലും അനഘയും സത്യജിത്തും പ്രേമിച്ചുതുടങ്ങിയിട്ട് രണ്ടര വർഷമേ ആയിട്ടുള്ളൂ. ജോലി കിട്ടി അവൾ കൂടി ബാംഗ്ലൂരിൽ എത്തിയിട്ടും രണ്ടു പേരും ഒരുമിച്ച് താമസിച്ചുതുടങ്ങിയിട്ടും ഒരു വർഷം തികയാൻ പോകുന്നു. പുറമേ പുരോഗമനം പറയുന്നവർ മാത്രമുള്ള അവരുടെ സർക്കിളിൽ ആദ്യമായി കല്യാണം കഴിക്കാതെ ഒരുമിച്ചു ജീവിക്കാൻ ധൈര്യം കാണിച്ചത് തങ്ങളാണെന്നതിൽ അവൻ ഇടയ്ക്കിടെ അഭിമാനം കൊള്ളാറുണ്ടായിരുന്നു.
കൃത്യം ഒൻപത് മണിക്ക് സൈൻ ഇൻ ചെയ്ത് ലാപ്ടോപ്പ് നോക്കിയിരുന്നപ്പോൾ അവളെ വീണ്ടും ഭീതി ബാധിച്ചു. ഒരു രക്ഷപെടൽ എന്ന നിലയ്ക്ക് അവൾ ഫോണെടുത്ത് ഫേസ്ബുക്ക് സ്‌ക്രോൾ ചെയ്തുതുടങ്ങി. വാണിയുടെ വിവാഹഫോട്ടോയ്ക്ക് ലവ് റിയാക്ഷൻ കൊടുത്തു. വീണ്ടും മടുപ്പോടെ ലാപ്ടോപ്പിൽ നോക്കി.

അനഘ ഒരേയൊരു തവണ മാത്രമാണ് കാർത്യായനി ഇളയമ്മയുടെ വളപ്പിലെ പൊട്ടക്കിണറ്റിൽ വീണിട്ടുള്ളത്. അന്ന് ഭാഗം കഴിഞ്ഞിരുന്നില്ല. തോടിനടുത്തുള്ള പറമ്പ് കുടുംബസ്വത്തായിരുന്നു. അതുകൊണ്ട് തന്നെ അതിനപ്പുറമുള്ള ഇമ്മാനുവേൽ ചേട്ടൻറെ കട്ടവീട്ടിലാണ് അവളും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. തറവാട് അടുത്തായിരുന്നിട്ടും ഇഷ്ടം പോലെ മുറികൾ ഉണ്ടായിരുന്നിട്ടും ദരിദ്രയായ പെങ്ങളെ അവിടെ താമസിപ്പിക്കാൻ വല്യമ്മാവൻ മെനക്കെട്ടില്ല.
“ഓള മങ്ങലം കൈപ്പിച്ച് ബിട്ടതല്ലേ. ഓക്ക് നിക്കാൻ ഓള പുരുവൻ ബീട് ബെക്കട്ടല്ലേ.” എന്ന് അയാൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. സുമിത്രയാവട്ടെ ആങ്ങളയുടേ നിലപാടിൽ പരാതി കാണിച്ചുമില്ല.
ഗൾഫുകാരനായ ഇളയമ്മാവൻറെ വക തറവാട്ടിൽ പൊട്ടൻതെയ്യത്തിൻറെ പൂജ നടത്തുമെന്ന് കേട്ടപ്പോൾ തന്നെ അനഘ ഉല്ലാസവതിയായി. ബന്ധുക്കൾ എല്ലാവരും വരുന്നുണ്ടാവും. അവളുടെ ഇരുണ്ട നിറത്തെയും ചുരുണ്ട മുടിയെയും ചൊല്ലി അമ്മായിമാരും വല്യമ്മമാരും അമ്മയുമായി കോർക്കാറുണ്ടെന്നൊക്കെ അവൾക്ക് അറിയാവുന്നതാണ്. സുമിത്രയുടെ താരതമ്യേന ചന്തം കുറഞ്ഞ കുഞ്ഞുങ്ങൾ, മീത്തലെ വളപ്പിലെ പെണ്ണുങ്ങളുടെ സ്ഥിരം സംസാരവിഷയമായിരുന്നു. എന്നാൽ അനഘയെയോ ആനന്ദിനെയോ അതൊന്നും ബാധിച്ചിരുന്നില്ല. ഇത്തരം വിശേഷദിവസങ്ങളിൽ തറവാട്ടിലെത്തുന്ന കുട്ടികളുടെ കൂടെ കളിക്കാൻ കിട്ടുന്ന അവസരമോർത്ത് അവർ തുള്ളിച്ചാടിനടക്കുകയായിരുന്നു.
തറവാട്ടിൽ നടക്കുന്ന പൂജയിൽ അവർക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ഇതൊന്നുമായിരുന്നില്ല. പൂജ കഴിഞ്ഞാൽ കിട്ടുന്ന പ്രസാദത്തിൽ നാടൻ കോഴിയുടെ ഇറച്ചി വരട്ടിയത് ഉണ്ടാവും. പൂജ കഴിഞ്ഞ് ആണുങ്ങളുടെ കള്ളുകുടി നടക്കുമ്പോൾ ഒരു കുപ്പി ഒതുക്കത്തിൽ അടുക്കളയിലെത്തും. അതിലൊരു പങ്ക് കുട്ടികൾക്കും കിട്ടും.
പൂജ നടക്കുന്നതിൻറെയന്ന് വൈകുന്നേരം തനിക്ക് കിട്ടിയ ഒരു മുഴുവൻ ഗ്ലാസ് മൂത്ത കള്ള് അനഘയ്ക്ക് കൊടുത്ത് ആനന്ദ് നല്ല അനിയനായി. അതിന് പകരം അമ്പത് തീപ്പെട്ടിപ്പടങ്ങൾ കൊടുത്ത് അവൾ ഉത്തമയായ ചേച്ചിയുമായി.
അതിനു ശേഷം നടന്ന സാറ്റ് കളിയിലാണ് പണി പറ്റിയത്. ഒളിക്കാൻ ഇടമന്വേഷിക്കുന്നതിനിടയിൽ അവൾ തോട്ടിനടുത്തെ പറമ്പിലേക്ക് ചെന്നു. പൊട്ടക്കിണറിൻറെ ഓരത്താണ് വഴി. കള്ള് കുടിച്ച വകയിൽ കാലുറക്കാതെ അവൾ നിരങ്ങി കിണറ്റിൽ വീണു. ബാക്കിയുള്ളവരെയെല്ലാം കണ്ടെത്തിയിട്ടും ഇളയമ്മയുടെ മകൻ വിഷ്ണുവിന് അവളെ മാത്രം കിട്ടിയില്ല. നേരം വൈകിയപ്പോൾ കളി കാര്യമായി. കാണാതായ പെൺകുട്ടിയെ തിരക്കി മീത്തലെ വളപ്പിലെ ആണുങ്ങൾ നാട് മുഴുവൻ തെണ്ടി. പൊട്ടൻറെ പൂജ മുടങ്ങി. പാതിരാത്രിയോടടുപ്പിച്ച് ഇളയമ്മാവനുണ്ടായ ബോധോദയത്തിലാണ് പൊട്ടക്കിണറിൽ കൂടി നോക്കാമെന്ന തീരുമാനം വന്നത്. ടോർച്ചുകൾ തോട്ടിനടുത്തെ വളപ്പിലേക്ക് പാഞ്ഞു. സുമിത്ര നെഞ്ചത്തടിച്ചു കരഞ്ഞു.
“നീ ബൈരം കൊടുക്കാണ്ട് നിക്ക്. പെണ്ണിനൊന്നും പറ്റിറ്റ്ണ്ടാവൂല.”
ഇളയമ്മായി ശാസിച്ചു. വലിയമ്മാവൻ വെള്ളപ്പുറത്ത് ഒച്ച വെച്ചു. സുമിത്ര അടങ്ങി.
ഉറങ്ങിക്കിടക്കുന്ന നിലയിൽ അനഘയെ കിണറിൽ നിന്നും കണ്ടെടുത്തു. അമ്മാവന്മാർ കിണറ്റിലിറങ്ങി അവളെ കരയിലെത്തിച്ചു. ഉറക്കം ഞെട്ടിയ അനഘ പിച്ചും പേയും പറഞ്ഞു.
“എൻറെ കുഞ്ഞിക്ക് എന്നാ പറ്റിനിമ്മോ.”
സുമിത്ര വീണ്ടും കരയാൻ തുടങ്ങി. അനഘയുടെ പിച്ചുംപേയും പറച്ചിലിൽ കിണറ്റിൽ വീണതിൻറെ പേടി മാത്രമല്ല ഉള്ളതെന്ന് കണ്ടുപിടിച്ചത് ഇളയമ്മാവൻറെ മകൾ അമ്പിളിയാണ്.
“ഓള് കള്ള് കുടിച്ചിനീ തോന്ന്ന്ന്.”
അമ്പിളി പതുക്കെ അമ്മയോട് പറഞ്ഞു. ആദ്യം പെണ്ണുങ്ങൾക്കിടയിലും പിന്നെ കുടുംബത്തിൽ മുഴുവനും അത് ചർച്ചാവിഷയമായി. പന്ത്രണ്ട് വയസുകാരി കള്ള് കുടിച്ചതും പൊട്ടൻറെ പൂജ മുടങ്ങിയതും പാതിരാത്രി വരെ എല്ലാരേയും ആധി പിടിപ്പിച്ചതും അമ്മാവന്മാരെ കലി തുള്ളിച്ചു. കള്ള് കുടിച്ച് കാലുറക്കാത്തവർ പെണ്ണുങ്ങളെ മുഴുവൻ തെറി വിളിച്ചു. ഇതൊന്നുമറിയാതെ തറവാട്ടിലെ ഇടുങ്ങിയ മുറികളിലൊന്നിൽ അനഘ ശവം പോലെയുറങ്ങി.
“ഓളെ അതിരക്കളി.”
സുമിത്ര വേറെയാരും കേൾക്കാതെ മകളെ പ്രാകി.
ആ സംഭവത്തിന് ശേഷമാണ്, ഉടനെയല്ലെങ്കിലും, തോടിൻറെ അടുത്തുള്ള പറമ്പിലെ പൊട്ടക്കിണർ അനഘയുടെ ദുസ്വപ്നങ്ങളിൽ സ്ഥിരം സാന്നിധ്യമാവുന്നത്.

റിങ് തീരുന്നതിന് തൊട്ട് മുൻപ് അനഘ ഫോണെടുത്തു. അങ്ങേത്തലയ്ക്കൽ നിന്ന് റോസ്‌ന ആവേശത്തോടെ ചോദിച്ചു.
“എന്തായെടി? നീ ജിത്തുവിനോട് സംസാരിച്ചോ?”
കല്യാണത്തിൻറെ കാര്യമാണ്. സത്യജിത്തുമായുള്ള ബന്ധം അറിയുന്ന ഓഫീസ് സുഹൃത്തുക്കൾ ഇടയ്ക്കിടെ കളിയായി കല്യാണത്തിൻറെ കാര്യം ചോദിക്കാറുണ്ട്. അപ്പോഴൊക്കെ കളിയായിത്തന്നെ മറുപടി കൊടുത്ത് അനഘ ഒഴിയും. ഇത്തവണ അങ്ങനെയല്ല. ഈ വിഷയം അവനോട് സംസാരിക്കാൻ പോവുകയാണെന്ന് റോസ്‌നയോട് പറഞ്ഞതാണ്.
രാവിലെ അവൻ പറഞ്ഞ മറുപടി അവൾ കയ്പ്പോടെ ഓർത്തു. തമാശമട്ടിലാണ് അവനത് പറഞ്ഞതെങ്കിലും അവൻറെ നിലപാട് അതുതന്നെയാണ് എന്നുറപ്പാണ്. പക്ഷേ അത് റോസ്‌നയോട് പറയാൻ അവളെ അഭിമാനം സമ്മതിച്ചില്ല. അവൾ അവനെ നോക്കി. ലാപ്ടോപ്പിൽ കണ്ണും നട്ടിരിക്കുകയാണ്. ജോലി ചെയ്യുക തന്നെ ആയിരിക്കണമെന്നില്ല. സിനിമ കാണുകയോ വായിക്കുകയോ ആവാം. ബുദ്ധിജീവികളുടെ ജീവിതം ജോലിക്ക് ചുറ്റും കറങ്ങുകയല്ലല്ലോ. അവൾ ഫോണുമായി പതിയെ ബാൽക്കണിയിലേക്ക് നടന്നു.
“ഞാൻ സംസാരിച്ചില്ലെടി.”
ബാൽക്കണിയിൽ എത്തിയിട്ടും പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.
“അതെന്താ?”
റോസ്‌നയുടെ ശബ്ദത്തിൽ അത്ഭുതം നിറഞ്ഞു.
“കല്യാണം എന്ന് പറയുമ്പോ അതൊരു വലിയ കമ്മിറ്റ്മെൻറ് അല്ലേ. ഞാൻ അതിന് റെഡി ആണെന്ന് എനിക്ക് തോന്നുന്നില്ല.”
തൻറെ വാക്കുകൾ തനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല എന്നോർത്തപ്പോൾ അവൾ ബാക്കി പറയാൻ വന്നത് വിഴുങ്ങി.
“യു ആർ ഇൻ എ ലിവ് ഇൻ റിലേഷൻഷിപ്പ്, ഇഡിയറ്റ്. അതെന്താ കമ്മിറ്റ്മെൻറ് അല്ലേ?”
റോസ്‌ന അരിശപ്പെട്ടു. അനഘയ്ക്ക് മറുപടി ഉണ്ടായില്ല.
“അവൻ പറ്റില്ലെന്ന് പറഞ്ഞതാണോ?”
റോസ്‌ന വിശ്വാസം വരാത്ത മട്ടിൽ തുടർന്നുചോദിച്ചു.
“ഏയ് അല്ല. ഞാൻ സംസാരിക്കേണ്ടെന്ന് തീരുമാനിച്ചതാണ്. കല്യാണം പോലെ ഒരു അറേഞ്ച്മെൻറിൽ എനിക്ക് വിശ്വാസവും കുറവാണെന്ന് നിനക്കറിയാമല്ലോ.”
റോസ്‌ന പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. പകുതിയും താൻ കേട്ടില്ലല്ലോ എന്ന് കട്ട് ചെയ്തപ്പോൾ ഓർത്തു. അൽപ്പനേരം കൂടി ഫോണിൽ നോക്കിയിരുന്ന് അവൾ മുറിയിലേക്ക് തിരികെ പോയി.
ആ സമയത്തിനുള്ളിൽ വന്ന മെയിലുകൾക്ക് മറുപടി കൊടുക്കുന്നതിനിടയിൽ റോസ്‌നയോട് താനെന്തിനാണ് കള്ളം പറഞ്ഞത് എന്നവൾ ആലോചിക്കാതിരുന്നില്ല. അവൻ താൽപര്യക്കുറവ് കാണിച്ചെന്ന് സമ്മതിക്കാനുള്ള മടിയാണ്. ആ രീതിയിലല്ല കൂട്ടുകാരുടെ ഇടയിൽ തങ്ങളുടെ റിലേഷൻഷിപ്പിനെ പ്രസൻറ് ചെയ്തിട്ടുള്ളത്. എന്നല്ല, അവൻ പറഞ്ഞതിൽ എന്താണ് പ്രശ്‍നം? വിവാഹം മുന്നിൽ കണ്ടുകൊണ്ടല്ല പ്രേമിക്കാൻ തുടങ്ങിയത്. മാത്രവുമല്ല, എല്ലാ എസ്റ്റാബ്ലിഷ്‌മെൻറുകൾക്കും എതിരെ തന്നെയാണല്ലോ യുദ്ധം!
അവൾ യൂട്യൂബ് തുറന്ന് പഴയൊരു സിനിമയിലെ തമാശരംഗങ്ങൾ കണ്ടുതുടങ്ങി.

ഋതുമതിയാവാൻ അനഘയ്‌ക്ക് പതിനാറ് വയസ്സ് വരെ കാത്തിരിക്കേണ്ടിവന്നിരുന്നു. കൂടെ പഠിക്കുന്ന പെൺകുട്ടികളൊക്കെ അപ്പോഴേക്കും ഉടലിൽ മുഴുപ്പുകൾ മറയ്ക്കാൻ കൂടുതൽ തുണികൾ ഉപയോഗിക്കുകയും എഴുന്നേറ്റുപോവുമ്പോൾ ഇരുന്ന ബെഞ്ചിൽ ചോരപ്പാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും എന്തോ വിട്ടുപോന്നതുപോലെ പിന്നിലേക്ക് ഒളികണ്ണിട്ട് നോക്കുകയും ചെയ്തുതുടങ്ങിയിരുന്നു. ചെറുനാരങ്ങയോളം പോലുമില്ലാത്ത തൻറെ മുലകളോടും ചോരയൊഴുക്കാൻ യാതൊരു ഉദ്ദേശവും കാണിക്കാത്ത തൻറെ അടിവയറിനോടും വെറുപ്പ് പിടിച്ചത് മറന്നുതുടങ്ങിയ ഒരു ദിവസമാണ് അവൾക്ക് ആദ്യത്തെ ആർത്തവമുണ്ടായത്. അച്ഛൻറെ പഴയ കോട്ടൺ ലുങ്കി കീറിയെടുത്തത് കാലുകൾക്കിടയിൽ വെക്കാൻ പഠിപ്പിച്ചുകൊടുത്തുകഴിഞ്ഞ് ‘അമ്മ അവളെ അടുപ്പിച്ചുപിടിച്ച് പറഞ്ഞു.
“മോള് വെല്യ പെണ്ണായി. എനി തുക്കാനൊന്നും പോറ്.”
അവൾക്ക് അത് സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ വീട്ടിലും വായനശാലയിലും ഒക്കെയുള്ള കറക്കം അവൾ മതിയാക്കിയുമില്ല.
വേദന കൊണ്ട് കല്ലിച്ച വയർ നിലത്തമർത്തി അന്നവൾ ഉറങ്ങാൻ വൈകിപ്പോയി. അന്നാണ് കിണറുമായി ബന്ധപ്പെട്ട ദുസ്വപ്നം ആദ്യമായി കാണുന്നത്.
വായനശാലയിൽ പോകാനിറങ്ങിയ അവളെ അമ്മ “വെല്യ പെണ്ണായി.” എന്നോർമിപ്പിച്ചു. “ഇങ്ങന തുക്കിനടന്നാല് അച്ഛൻ വെരുമ്പം നല്ലത് കിട്ടും.” എന്ന് തടഞ്ഞു. അവൾ അമ്മയുടെ വാക്കിന് പുല്ലുവില കൊടുത്ത് പുസ്തകവുമായി നടന്നു.
കിണറിനരികെ എത്തിയാൽ പതുക്കെ നടക്കേണ്ടതാണ്. എന്നാൽ അമ്മയോടുള്ള ദേഷ്യത്തിൽ അവളത് മറന്നുപോയി. കണ്ണുചിമ്മിത്തുറക്കുന്നതിനിടയിൽ അവൾ ഒരലർച്ചയോടെ കിണറ്റിലെത്തി. കിണറിൻറെ ഇരുണ്ട ആഴത്തിൽ എത്തിപ്പെട്ടിട്ടും അവളുടെ ദേഷ്യമടങ്ങിയില്ല. പുസ്തകം തെറിച്ച് കരയിലാണ് വീണത്. അത് കീറിക്കാണുമോ എന്നറിയില്ല. ചീത്തയായിപ്പോയിട്ടുണ്ടെങ്കിൽ പുതിയത് വാങ്ങിക്കൊടുക്കേണ്ടിവരും. അതിനൊന്നും അച്ഛൻ പൈസ തരാൻ പോകുന്നില്ല.
നിലത്ത് വെച്ച അവളുടെ കയ്യിൽ എന്തോ തടഞ്ഞു. അവൾ അതുയർത്തിനോക്കി. അനിയൻറെ കാണാതെയായ പാവക്കുട്ടി.
അകന്ന ബന്ധത്തിലുള്ള ഇളയച്ഛൻറെ സമ്മാനമായിരുന്നു അത്. അയാൾ തലയ്ക്ക് സുഖമില്ലാത്ത ആളാണ് എന്നാണ് കുടുംബത്തിലെ വർത്തമാനം. മുംബൈയിൽ ജോലി ചെയ്തിരുന്ന അയാൾ കല്യാണം കഴിച്ചിരുന്നില്ല. ഒരിക്കൽ നാട്ടിൽ വന്നപ്പോൾ അനഘയ്ക്കും ആനന്ദിനും അയാൾ വിലപിടിച്ച പാവകൾ കൊണ്ടുകൊടുത്തിരുന്നു. ആനന്ദിൻറേത് അധികം വൈകാതെ കാണാതെയായി. അവൻ അവളുടേതിന് വേണ്ടി കരഞ്ഞതും “ഓളത് ഓക്ക് വേണ്ടേ?” എന്നൊരു ചോദ്യം ചോദിച്ച് അച്ഛൻ അവനെ പിന്തിരിപ്പിച്ചതും അവൾക്ക് ഓർമവന്നു. അന്ന് വീട് മറിച്ചിട്ട് പരതിയ പാവയാണ് ഈ പൊട്ടക്കിണറ്റിൽ കിടക്കുന്നത്. ഇതാരാണ് ഇവിടെ കൊണ്ടന്നിട്ടത്? ഇതിവിടെ കൊണ്ടുകളഞ്ഞിട്ടാണോ അന്നവൻ ആ കരച്ചിലാകെ കരഞ്ഞത്?
പെട്ടെന്ന് മുട്ടിന് കീഴെ അവൾ നനവറിഞ്ഞുനനവ് പോലെ തോന്നി. “ഈ പൊട്ടക്കിണറ്റിൽ വെള്ളമോ” എന്നാണ് ആദ്യം മനസ്സിൽ വന്നത്. തൊട്ടുനോക്കിയപ്പോൾ ചോരയാണെന്ന് കണ്ടു. വീണപ്പോൾ വല്ല കുറ്റിയിലും തടഞ്ഞിരിക്കണം. കല്ലിൽ ഉരഞ്ഞതാവാനും മതി.
അവൾക്ക് അടിവയർ വേദനിച്ചുതുടങ്ങി. ചോര തുപ്പുന്നത് തൻറെ ഉടൽ തന്നെയെന്ന് അവൾക്ക് മനസിലായി. വയറിലേക്ക് കാലുകൾ അമർത്തി ചുരുണ്ടുകിടക്കെ കിണറാകെ ചോര കൊണ്ട് നിറയുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു. ഒരു തുണ്ട് തുണി എന്നവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.
ചോരയുടെ ഒരു കിണറിൽ, ചുരുണ്ട്, ലോകത്തിൻറെ കരുണയ്ക്ക് കാത്തുകിടക്കുന്ന തന്നെ അവൾ പിന്നെയും പല തവണ കണ്ടിട്ടുണ്ട്. ഞെട്ടിയെഴുന്നേറ്റിട്ടുണ്ട്. ഒരിക്കൽ പോലും അവൾ അതിൽ നിന്നും രക്ഷിക്കപ്പെട്ടില്ല. ഒരു പ്രായം വരെ അർത്ഥമറിയാത്ത ഒരാചാരം പോലെ എല്ലാ ആർത്തവകാലത്തും അവൾ ഈ സ്വപ്നം ഓർത്തുനടുങ്ങി.

പതിനൊന്ന് മണി കഴിഞ്ഞിട്ടേയുള്ളൂ. നേരമെന്ത് പതുക്കെയാണ് പോകുന്നത്. അവൾക്ക് ഉറങ്ങണമെന്ന് തോന്നി. കാര്യമായി ജോലിയില്ലാത്ത ദിവസങ്ങളിൽ വൈകുന്നേരമാവാൻ പാടാണ്. എന്തെങ്കിലും ചെയ്യാനുണ്ടാവുമ്പോൾ രാത്രിയാവുന്നത് തന്നെ അറിയില്ല. അവൾ ബെഡ്‌റൂമിൽ കയറിച്ചെന്ന് സത്യജിത്തിനെ നോക്കി. മീറ്റിംഗ് കഴിഞ്ഞിരിക്കണം. അവൻ ടീഷർട്ട് അഴിച്ചുമാറ്റിയിരിക്കുന്നു. അവൻറെ കഴുത്തെല്ലുകൾ കണ്ടപ്പോൾ അവൾക്ക് അതിയായ വാത്സല്യവും കരുണയും തോന്നി.
“ചോറുണ്ടാക്കിയോ?”
സത്യജിത് സ്‌ക്രീനിൽ നിന്നും തലയെടുക്കാതെ ചോദിച്ചു. അനുരാഗവും അനുതാപവുമെല്ലാം മഴക്കാലത്തെ വെള്ളം പോലെ ഞൊടിയിടയിൽ ഒലിച്ചുപോയി.
“ഇല്ല. ഉണ്ടാക്കാം.”
അത്ര മാത്രം പറഞ്ഞ് അവൾ തിരികെ ഹാളിൽ വന്നു. രണ്ട് ബെഡ്റൂമുകൾ ഉള്ള ഫ്ലാറ്റാണ്. അത്യാവശ്യം വൃത്തിയുള്ളത്. അതുകൊണ്ട് തന്നെ വാടക കൂടുതലാണ്. ബാംഗ്ലൂരിൽ വന്നപ്പോൾ വല്ല ഹോസ്റ്റലിലോ പീജിയിലോ നിൽക്കാം എന്ന് കരുതിയതാണ്. താൻ ഇവിടെയുള്ളപ്പോൾ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് അവൻ ചോദിക്കുകയും സുഹൃത്തുക്കൾ അവനെ പിന്താങ്ങുകയും ചെയ്തപ്പോൾ അൽപം സംശയത്തോടെ ആണെങ്കിലും ഒരുമിച്ച് താമസിക്കാമെന്ന തീരുമാനം അവൾ എടുത്തു. ഒറ്റയ്ക്കായിരുന്നെങ്കിൽ അവൾക്ക് ആ വാടക താങ്ങില്ല. രണ്ടുപേരും ഷെയർ ചെയ്യുന്നതുകൊണ്ട് ഒപ്പിച്ചുപോവുന്നു.
ഫോൺ കയ്യിലെടുത്ത് ബാത്റൂമിലേക്ക് നടക്കുമ്പോൾ തനിക്കെപ്പോഴാണ് അവസാനമായി പിരീഡ്‌സ് വന്നതെന്ന് ഓർക്കുകയായിരുന്നു അവൾ. കൃത്യം തീയതിയിൽ വരാതെയായിട്ട് വർഷങ്ങളായി. കോട്ടൺ തുണിയിൽ നിന്ന് കോട്ടൺ പാഡുകളിലേക്കും അവയിൽ നിന്ന് മെൻസ്ട്രൽ കപ്പിലേക്കും ആർത്തവം മാറി. വയറുവേദനയും നടുവുവേദനയും മാത്രം സ്ഥായിയായി നിന്നു.
ബാത്‌റൂമിൽ ഒരു പുഴുങ്ങിയ മണമുണ്ടായിരുന്നു. എത്ര വൃത്തിയാക്കിയാലും ആ നാറ്റം മാത്രം പോകുന്നില്ല. സത്യജിത്തിന്‌ ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കാനറിയില്ല. ഇത് ഇങ്ങനെയെങ്കിലും കിടക്കുന്നത് അനഘയുടെ വൃത്തിഭ്രാന്ത് കൊണ്ട് മാത്രമാണ്. വൃത്തി ഒരു വരേണ്യസങ്കൽപ്പമാണെന്നും നമ്മെപ്പോലുള്ള മറ്റു പിന്നോക്ക ബുദ്ധിജീവികൾ അതിന് കീഴ്പ്പെടരുതെന്നും അവൻ പറയാറുള്ളതിനെ അവൾ ഒരു ഒഴിവുകഴിവായി മാത്രമേ കണ്ടിരുന്നുള്ളൂ. അവളാവട്ടെ, അത്ര വലിപ്പമുള്ളതും വൃത്തിയാക്കിയാൽ വൃത്തിയായി ഇരിക്കുന്നതുമായ ഒരു വീട്ടിൽ ആദ്യമായി താമസിക്കുകയായിരുന്നു. അതുകൊണ്ട് അവൾ തൂത്തും തുടച്ചും അതെപ്പോഴും വൃത്തിയായി വെച്ചു.
ഇറങ്ങുന്നതിന് മുൻപേ അവൾ ഒന്നുകൂടി ടോയ്ലറ്റ് കഴുകി. റൂം ഫ്രഷ്നെർ സ്പ്രേ എടുത്ത് ചുവരുകളിൽ വീശി.
യു. ജി നാട്ടിനടുത്തുള്ള കോളേജിൽ തന്നെ ചെയ്തതുകൊണ്ടും പെൺകുട്ടികൾ പുറത്ത് പഠിക്കാൻ പോകുന്നത് മീത്തലെവളപ്പിൽ നടപ്പില്ലാത്ത പതിവായതുകൊണ്ടും സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടിയപ്പോൾ വലിയമ്മാവനും ഇളയമ്മാവനും ഒരേ പോലെ എതിർത്തിരുന്നു.
“അല്ല കുഞ്ഞാമാ ഓള് പഠിച്ചിറ്റ് വേണാ നിങ്ങളെ വീട്ടിൽ തീ പറ്റിക്കാൻ? എന്തിനിപ്പം അത്ര ദൂരെല്ലം പോന്ന്?”
അച്ഛൻ എതിർക്കുമെന്ന് തോന്നിയപ്പോൾ അനഘ വജ്രായുധമെടുത്തു. പഠിക്കാൻ പോകാൻ സമ്മതിച്ചില്ലെങ്കിൽ വാടകവീടാണെന്നോ ബലമില്ലാത്ത കഴുക്കോലാണെന്നോ നോക്കാതെ തൂങ്ങിച്ചാവുമെന്ന് പറഞ്ഞുകളഞ്ഞു. പെണ്ണ് പഠിക്കുന്നതാണ് പെണ്ണ് ആത്മഹത്യ ചെയ്യുന്നതിലും നല്ലതെന്ന സിമ്പിൾ ലോജിക് മുൻനിർത്തി കുഞ്ഞാമൻ അടങ്ങി. അമ്മാവന്മാർ കുറച്ച് തവണ കൂടി ശ്രമിച്ച് പിൻവാങ്ങി.
എങ്കിലും ജോയിൻ ചെയ്യുന്ന ദിവസം വരെ അവൾ പേടിച്ചുതന്നെയിരുന്നു. യുണിവേഴ്സിറ്റിയിലേക്ക് വണ്ടി കയറിയ രാത്രി, പുതിയ ഒരു കിണർസ്വപ്നം കണ്ട് അവൾ ഞെട്ടി.

athirakkali-reshma-c-illustration-subesh-padmanabhan
Illustration : Subesh Padmanabhan

വലിയ രണ്ട് ബാഗുകൾ നിറയെ പുസ്തകങ്ങളും തുണികളുമായി അവൾ യൂണിവേഴ്സിറ്റിയിൽ പോകാൻ ഇറങ്ങുകയാണ്. മകളെ പിരിഞ്ഞുനിക്കേണ്ട വിഷമത്തിൽ കണ്ണുനനക്കുന്ന അമ്മയെയും, മകൾ തൻറെ വാക്ക് കേൾക്കാത്തതിൻറെ നാണക്കേടിൽ മുഖം തിരിച്ചുനിൽക്കുന്ന അച്ഛനെയും ഇതിലൊന്നും ശ്രദ്ധ കാണിക്കാതെ ഫോണിൽ നോക്കിയിരിക്കുന്ന ആനന്ദിനെയും കടന്ന് അവൾ നടക്കുകയാണ്. ഇമ്മാനുവേൽ ചേട്ടൻറെ പത്ത് സെൻറ് പറമ്പ് കഴിഞ്ഞ് മീത്തലെ വളപ്പുകാരുടെ ഭൂമിയിൽ എത്തിയപ്പോൾ അവൾ തിരിഞ്ഞുനോക്കി. എല്ലാവരും അവൾ ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ഇടത്ത് അതേ കാര്യങ്ങൾ ചെയ്തുകൊണ്ട് നിൽപ്പുണ്ട്.
കിണറിനരികെയെത്തിയപ്പോൾ അവൾ പതുക്കെ നടന്നു. വീഴരുത്. വീണാൽ വേദന മാത്രമല്ല, അപമാനവുമാണ്. അച്ഛൻറെ വാക്ക് കേൾക്കാതെ ഇറങ്ങിയതിൻറെയാണെന്നു കേൾക്കേണ്ടിവരും.
അവൾക്ക് കൈ കടയുന്നത് പോലെ തോന്നി. ഓർമയില്ലാതെ ബാഗ് കിണറിനരികിൽ വെച്ചു. വലിയ ഒച്ചയിൽ മണ്ണിടിഞ്ഞു. ബാഗിൽ പിടിച്ച കൈവിടാൻ മറന്ന് അവളും കിണറിലേക്ക് മറിഞ്ഞു.
അന്നവൾക്ക് കിണറിൽ നിന്നും കിട്ടിയത് വലിയ ഒരു സ്വർണക്കമ്മലാണ്. വല്യമ്മായിയുടെ കാതിൽ അവളത് കണ്ടിട്ടുണ്ട്. “ഓറെ ഒരു തക്ക കമ്മല്” എന്ന് അമ്മയും ഇളയമ്മയും അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. ഒരു കാലത്ത് ആ തരം കമ്മൽ വളരെയധികം സ്ത്രീകൾക്ക് ഉണ്ടായിരുന്നത്രേ. അത് മാറ്റി പുതിയതെടുത്തു എന്നായിരുന്നു അവളുടെ അറിവ്.
അച്ഛനും അമ്മയും കിണറിൻറെ കരയിൽ നിൽക്കുന്നതും അവളെ കരയിലെത്തിക്കാൻ ആളുകളെയും കയറും അന്വേഷിച്ച് ആനന്ദ് ഓടിപ്പോകുന്നതും സ്വപ്നത്തിൻറെ ഭാഗമായിരുന്നു. കിണറിലേക്ക് ആദ്യം തെറിച്ചുവീണ ബാഗ് പെട്ടെന്ന് അപ്രത്യക്ഷമായതിൻറെയും അവൾക്ക് പോകാനുള്ള തീവണ്ടി പയ്യന്നൂർ സ്റ്റേഷൻ കടന്നുപോകുന്നതിൻറെയും നടുക്കത്തിലേക്ക് അവൾ ഉറക്കമുണർന്നു.
പിജി പൂർത്തിയാക്കുന്നതിനിടയിൽ കൃത്യമായ ഇടവേളകളിൽ ഉറക്കംകെടുത്തിക്കൊണ്ട് ഈ വിചിത്രസ്വപ്നം അവളെ തിരഞ്ഞുവന്നു
ബോസ്സിൻറെ ഫോൺ വന്നപ്പോൾ ഇന്നത്തെ ദിവസവും ഇനിയും മോശമാവാൻ പോവുകയാണെന്ന് അനഘ ഉറപ്പിച്ചു. അയാൾ ഒരു നീലക്കുറുക്കനാണ്. എത്ര ഒളിച്ചുപിടിച്ചാലും ഇടയ്ക്കിടെ കൂവിപ്പോകും. അയാൾ ഒരു പൂവൻകോഴിയുമാണ്. ഫീമെയിൽ സ്റ്റാഫുകളുടെ നേർക്ക് അയാളുടെ നോട്ടം ഇടയ്ക്കിടെ ആർത്തിയോടെ ഓടിക്കേറും.
“യു ഹാവ് എ ഗുഡ് ന്യൂസ്.”
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ഫോണിൻറെ അങ്ങേത്തലയ്ക്കൽ അയാളുടെ മുഖമാലോചിച്ചപ്പോൾ അതെത്ര നല്ല വാർത്തയായാലും തനിക്ക് സന്തോഷിക്കാനാവില്ലെന്ന് തോന്നി.
“എന്താണ്?”
അവൾ താൽപര്യമില്ലാതെ ചോദിച്ചു.
“തനിക്ക് കൊച്ചിയിലേക്ക് ട്രാൻസ്ഫർ കിട്ടാൻ സാധ്യതയുണ്ട്. ഈഫ് യൂ വാണ്ട്. എന്ത് പറയുന്നു?”
അവൾക്ക് പെട്ടെന്ന് ഒന്നും പറയാൻ പറ്റിയില്ല. കൊച്ചിയിലേക്ക് പോകുന്നതിനെപ്പറ്റി അവൾ ചിന്തിച്ചിട്ടേയില്ല. തന്നെയുമല്ല, ബാംഗ്ലൂർജീവിതം അവൾ ഇഷ്ടപ്പെട്ടുവരികയായിരുന്നു.
“ഞാൻ ആലോചിച്ചുപറയാം.”
അയാൾ കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപ് അവൾ തിടുക്കപ്പെട്ട് ഫോൺ വെച്ചു. സത്യജിത് ചോറുണ്ണുകയായിരുന്നു. അവളുണ്ടാക്കിയ തട്ടിക്കൂട്ടുകറിയോടുള്ള അതൃപ്തി അവൻറെ മുഖത്തുണ്ട്.
“കൊച്ചിയിലേക്ക് ഒരു ട്രാൻസ്ഫർ ഓഫർ.”
അവൾ മുഖവുരയില്ലാതെ പറഞ്ഞു.
“നീ പോവുന്നുണ്ടോ? നീ പോവണ്ട.”
അവന്റെ മുഖം പെട്ടെന്ന് വാടി. അവൾ മറുപടിയൊന്നും പറഞ്ഞില്ല.

തോട്ടിനടുത്തുള്ള പറമ്പിലെ പൊട്ടക്കിണറ്റിൽ വീഴുന്ന മൂന്നാമത്തെ സ്വപ്നം അവൾ കാണുന്നത് ബാംഗ്ലൂരിലേക്ക് വണ്ടികയറുന്നതിന്റെ തലേന്നാണ്. അവൾക്കിഷ്ടമുള്ള ജോലിയായിരുന്നില്ല. പക്ഷേ വീട്ടിലെ സാമ്പത്തികാവസ്ഥ പരിതാപകരമാണ്. കച്ചവടത്തിൽ അച്ഛനെ കൂട്ടാളികൾ പറ്റിച്ചുകൊണ്ടിരുന്നു. ആനന്ദ് എം എസ് സിക്ക് ജോയിൻ ചെയ്തതേയുണ്ടായിരുന്നുള്ളൂ.
മീത്തലെ വളപ്പിൽ നിന്നും, ആ ഗ്രാമത്തിൽ നിന്നും തന്നെ പഠിക്കാൻ വേണ്ടി നാടുവിട്ട ആദ്യത്തെ പെൺകുട്ടിയായിരുന്നു അനഘ. ജോലി കിട്ടി ബാംഗ്ലൂരിൽ പോവുന്ന ആദ്യത്തെ പെൺകുട്ടിയും അവൾ തന്നെയായി. ഇരുപത്തിയഞ്ച് വയസിൽ അവിവാഹിതയായി തുടരുന്ന ആദ്യത്തെ പെൺകുട്ടിയും അവൾ തന്നെ.
രണ്ട് വർഷത്തോളമായി അമ്മാവന്മാർ അവൾക്ക് കല്യാണാലോചനകൾ കൊണ്ടുവന്നുപോരുകയായിരുന്നു. ഒരെണ്ണം പെണ്ണുകാണൽ വരെയെത്തി. അയാളോട് “ഞാനിപ്പം കല്യാണം കയിക്ക്ന്നില്ല.” എന്ന് പറഞ്ഞ് അവൾ അപമാനിച്ചുവിട്ടത് അവർ വലിയ വിഷയമാക്കി. അച്ഛനും കലി തുള്ളി.
“നായിൻറെ മോളെ പറയിപ്പിക്കാൻ ഇണ്ടായതാ നീ?” എന്നയാൾ അലറി.
അയാളുടെ അലർച്ചയിൽ ഇമ്മാനുവേൽ ചേട്ടൻറെ കട്ടവീടും അവിടെയുള്ളവരും വിറച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ജോലി കിട്ടിയപ്പോൾ പോവണ്ട എന്നയാൾ പറഞ്ഞില്ല. അയാൾക്ക് കിട്ടിയ ഓഹരി അയാൾ കച്ചവടം ചെയ്ത് നശിപ്പിച്ചിരുന്നു. സുമിത്രയുടെ കുടുംബസ്വത്താണെങ്കിൽ ഭാഗം കഴിഞ്ഞിട്ടുമില്ല. അനഘ ബാംഗ്ലൂരിലെത്തി ആറ്‌ മാസം കഴിഞ്ഞ് മാത്രമാണ് ആ ഭാഗം നടന്നത്. തോടിൻറെ അടുത്തുള്ള ഭൂമിയെ ചൊല്ലി വലിയ കശപിശകൾ നടന്നു. അതിൻറെ നല്ലൊരു ഭാഗം പുറമ്പോക്കാവും എന്നായിരുന്നു അമ്മാവന്മാരുടെ വാദം. അവസാനം ആർക്കും വേണ്ടാത്ത ഭൂമി ഇളയ പെങ്ങൾക്ക് കൊടുത്ത് അവർ ബാധ്യത ഒഴിവാക്കി. കാർത്യായനി ഒന്നും പറഞ്ഞുമില്ല. അനിയത്തിക്ക് ഗുണമില്ലാത്ത ഭൂമി കൊടുത്തതിൽ പരിഭവം തോന്നിയിരുന്നെങ്കിലും ആങ്ങളമാർ തന്നെ ഉന്നം വെക്കാഞ്ഞതിൽ സുമിത്ര ഉള്ളുകൊണ്ട് ആശ്വസിച്ചു.
ഭാഗം കിട്ടിയ മണ്ണിൽ അച്ഛൻ വീടുവെക്കാൻ തീരുമാനിച്ചപ്പോൾ കാലങ്ങളായുള്ള വാടകവീടിലെ പൊറുതി അവസാനിക്കുമെന്നോർത്ത് സമാധാനിച്ചെങ്കിലും അനഘയ്ക്ക് ജോലി ഒരു ഭാരമായി തോന്നി. വീട് വെക്കാനുള്ള ബാധ്യത തൻറെ മാത്രം തലയിലായത് ഈ ജോലി കാരണമാണ് എന്നവൾ അരിശംകൊണ്ടു. ഇത്തരം കാര്യങ്ങളിൽ മീത്തലെവളപ്പിലെ പെണ്ണുങ്ങൾ പൊതുവിൽ പാലിച്ചുപോന്നിരുന്ന മൗനം ആദ്യമായി എടുത്തണിയേണ്ടിവന്നത് അപ്പോഴാണ്.
ബാംഗ്ലൂരിൽ വരുന്നതിൻറെ തലേന്ന് കണ്ട സ്വപ്നം അവളെ ഇടയ്ക്കിടെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ജോലി കിട്ടിയതിൻറെ സന്തോഷം പറയാൻ തറവാട്ടിൽ നിന്നും വീട്ടിലേക്ക് ഓടിവരികയായിരുന്നു സ്വപ്നത്തിൽ അവൾ. ആവേശത്തിൽ അവൾ കിണറിൻറെ കാര്യം ഓർത്തില്ല. അയ്യോ എന്ന് വിളിക്കാൻ പോലും പറ്റുന്നതിന് മുൻപ് അവൾ കിണറിലെത്തി. മുൻസ്വപ്നങ്ങളിലേക്കാൾ ആഴം കിണറിന് തോന്നിയിരുന്നെന്ന് അവൾക്കുറപ്പാണ്.
കിണറിനുള്ളിലിരുന്ന് അവൾ നിസ്സഹായയായി കരഞ്ഞു. നോക്കിയിരിക്കെ കിണറിനകം തെളിഞ്ഞുവന്നു. എണ്ണിയാൽ തീരാത്ത പൊത്തുകളിൽ നിന്നും പാമ്പുകൾ തല നീട്ടി. ഒരെണ്ണത്തിൻറെ നാവ് അവളുടെ മൂക്കോളമെത്തി. അവൾ നിലത്ത് പരതി. കയ്യിൽ കിട്ടിയതെന്തോ വലിച്ചെടുത്തു. അതൊരു ഏറ്റുകത്തിയായിരുന്നു. അത് കാണാതെ പോയപ്പോളുണ്ടായ കലഹം അവൾക്ക് ഓർമയുണ്ട്. അന്നവൾ തീരെ കുഞ്ഞായിരുന്നു.
കത്തി എങ്ങോട്ടെന്നില്ലാതെ വീശി അവൾ പേടിച്ച് കിണറിലിരുന്നു. പാമ്പുകൾ അവൾക്കു ചുറ്റും ചീറ്റലോടെ ഇഴഞ്ഞു.
ജോലിയിൽ പ്രശ്നങ്ങൾ നേരിടുമ്പോഴൊക്കെ മൂർച്ഛയില്ലാത്ത ഒരേറ്റുകത്തിയുമായി പൊട്ടക്കിണറ്റിൽ പാമ്പുകൾക്ക് നടുവിൽ കിടക്കുന്ന സ്വപ്നം കണ്ട് അവൾ ഞെട്ടിയുണർന്നു. ഇത്ര ദൂരം പോന്നിട്ടും ഈ കിണറെന്തിനാണ് എന്നെ പിന്തുടരുന്നതെന്നോർത്ത് വേദനിച്ചു.

പൊട്ടക്കിണറുമായി ബന്ധപ്പെട്ട മൂന്ന് പ്രധാനപ്പെട്ട സ്വപ്നങ്ങളും ഓർത്തുകഴിഞ്ഞപ്പോൾ അവയ്ക്ക് തൻറെ ജീവിതവുമായി ബന്ധമുണ്ട് എന്നൊരാന്തൽ അവൾക്കുണ്ടായി. എങ്കിൽ പുലർച്ചെ കണ്ട സ്വപ്നത്തിൻറെ അർത്ഥമെന്തായിരിക്കും? സ്വപ്നത്തിൽ ഒരു കൈക്കുഞ്ഞുണ്ടായിരുന്നു എന്നവൾ ഞെട്ടലോടെ ഓർത്തു. ഈ മാസം പിരീഡ്‌സ് വന്നിട്ടില്ല. ഓർത്തപ്പോൾ അനഘയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി. അവൾ ഉടനെ ഫോണെടുത്ത് റോസ്‌നയെ വിളിച്ചു.
“നിനക്ക് ഇങ്ങോട്ടൊന്ന് വരാൻ പറ്റുമോ? എനിക്ക് ഒരു പ്രശ്നമുണ്ട്.”
“എടീ ഞാനിപ്പോ വരണോ? എന്താ കാര്യം? അവിടെ ജിത്തു ഇല്ലേ?” റോസ്‌ന മടി കാണിച്ചു.
അനഘ സംശയിച്ച് കാര്യം പറഞ്ഞു. പ്രതീക്ഷിച്ച പോലെ അവൾ പൊട്ടിത്തെറിച്ചു.
“ഓരോന്ന് ഒപ്പിച്ചവെച്ചിട്ട്! ഞാൻ വരാം. നീ വെയിറ്റ് ചെയ്യ്.”
റോസ്‌നയെ കാത്തിരുന്നപ്പോൾ സത്യജിത്തിനോട് കാര്യം പറയണോ എന്നവൾ ആലോചിച്ചു. ഒന്നാമത് ഉറപ്പില്ല. രണ്ടാമത് അതൊന്നും കേൾക്കാൻ മാത്രമുള്ള പക്വത അവനില്ല. അവൾ ഒരു ചായ കൂടി ഉണ്ടാക്കിക്കുടിച്ചു.

ടെസ്റ്റ് നെഗറ്റീവ് ആയതിൻറെയും ഉറങ്ങാതിരുന്നതിനാൽ സ്വപ്നം കാണാതിരുന്നതിൻറെയും ആശ്വാസത്തിലാണ്‌ അനഘയുടെ പിറ്റേ ദിവസം തുടങ്ങിയത്. ചോദിച്ചുചോദിച്ച് മടുത്തപ്പോൾ സത്യജിത് സ്വയം ചായയുണ്ടാക്കിക്കുടിച്ചു. അത് കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. അവൻ ജോലി മാറ്റിവെച്ച് എന്തോ സിനിമ കാണുകയായിരുന്നു എന്ന് പറഞ്ഞു. നീയും കാണണം എന്ന് നിർദേശിച്ചു. അവൾ ചിരി ഒളിപ്പിക്കാതെ തലയാട്ടി.
ഫേസ്ബുക് തുറന്നപ്പോൾ വീണ്ടും വാണിയുടെ വിവാഹഫോട്ടോ ഫീഡിൽ വന്നു. ഒരു വയസ്സായ സ്ത്രീ പാട്ടുപാടുന്ന വീഡിയോ കുറെ പേർ ഷെയർ ചെയ്തത് കണ്ടു. അവൾ അത് പ്ലേ ചെയ്തു. പിന്നെ ഫോൺ മാറ്റിവെച്ച് ഒരു മൂളിപ്പാട്ട് പാടി. അതേത് പാട്ടായിരുന്നു എന്നോർത്തിരിക്കുമ്പോൾ അമ്മയുടെ മിസ്സ്ഡ് കോൾ കണ്ടു. ബാൽക്കണിയിലേക്ക് ചെന്ന് തിരിച്ചുവിളിച്ചു.
“എനക്ക് ചെലപ്പം കൊച്ചീലെക്ക് മാറ്റം കിട്ടും അമ്മേ.” ഫോൺ എടുത്തയുടൻ അവൾ പറഞ്ഞു.
“നീയല്ലേ ബെര്ന്നില്ലാന് പറഞ്ഞിനി?”
അമ്മ സംശയത്തോടെ ചോദിച്ചു.
“ആ ഇപ്പം തോന്ന്ന്ന് അതാന് നല്ലത് ന്ന്.”
“നിൻറിഷ്ടം പോലെ ആക്കിക്കോ.”
അമ്മക്ക് അതിനപ്പുറം അഭിപ്രായം ഉണ്ടായിരുന്നില്ല.
“പിന്നീണ്ടല്ലാ അമ്മേ…” അവൾ ഒരു നിമിഷം മടിച്ചുനിന്നു.
“എന്നാന്?”
“എളേമ്മേൻറെ ആ വളപ്പില്ലേ. തോട്ടിൻറെ കരക്കില്ലത്. അതവര് കൊട്ക്കാൻ ബെച്ചതല്ലേ?”
“അതാരാ എടുക്കണ്ട്? അയിൻറെ കൊറേ ബാഗം പൊറമ്പോക്ക് ന്ന് പറഞ്ഞ് പോവും. ഓള തോപ്പിച്ചതല്ലേ ആങ്ങളാറ്.”
അമ്മ പഴയ പരാതി എടുത്തിട്ടു.
“അത് ഞാൻ എട്ക്കാന്ന് വിചാരിക്കേന്”
“നീയെന്നാ പറയ്ന്ന്? നിനിക്ക് പിരാന്ത് കൂടീനാ? നിനിക്ക് എന്തിനാനത്?”
അമ്മ ഒരുപാട് ചോദ്യങ്ങൾ ഒന്നിച്ചെറിഞ്ഞു. ഒരു സെക്കൻഡ് നേരം കാത്ത് ആത്മവിശ്വാസത്തോടെ അവൾ മറുപടി പറഞ്ഞു.
“അയില് ഒരു കെണരില്ലേ? അത് മൂടാൻ.”
അപ്പുറത്ത് നിന്നും ഒച്ചയൊന്നും കേൾക്കാതെയായപ്പോൾ അനഘയ്ക്ക് ആശ്വാസം തോന്നി. അവൾ ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചു. “ഓളെ അതിരക്കളി” എന്ന് പറഞ്ഞ് വൈകിയാണെങ്കിലും എല്ലാരും ഇതിനെയും കടന്നുപോകുമെന്ന് അവൾക്കുറപ്പായിരുന്നു.
അന്ന് രാത്രി അവൾ സുഖമായുറങ്ങി.

രേഷ്മ സി.

കണ്ണൂർ ജില്ലയിലെ പെരുമ്പടവിൽ ജനനം. കോഴിക്കോട് എൻ ഐ ടിയിൽ ഗവേഷകവിദ്യാർത്ഥിനി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...