Thursday, June 24, 2021

അയനപ്പക്ഷികൾക്ക്‌ വിരുന്ന്

ഇന്ന് അന്താരാഷ്ട്ര ദേശാടനപ്പക്ഷി ദിനം

വി ആർ സുധീഷ് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ കഥ

മഞ്ഞുകാലമായപ്പോൾ പതിവുപോലെ പുരാസ്മൃതികളുടെ ധാവള്യവുമായി ദേശാടനപ്പക്ഷികളുടെ വരവായി. കിഴവന്റെ വീട്ടുപറമ്പിലെ നിലാവുപെയ്യുന്ന പേരയ്ക്കാത്തോട്ടത്തിൽ കൃത്യം തെറ്റാതെ അവ എത്തിച്ചേർന്നു. മഞ്ഞപ്പക്ഷികളായിരുന്നു ഇത്തവണ കൂടുതൽ. പതിവായി എത്താറുള്ള ഒന്നുരണ്ടു നാകമോഹനും എരണ്ടകളും കൂട്ടത്തിലുണ്ടായിരുന്നു. ശൈത്യത്തിന്റെ മർദിതമേഖലയിൽ നിന്നും രക്ഷതേടി എത്തിയ പക്ഷികൾ കിഴവന്റെ ഭൂമിയിലെ പുതിയ ഋതുകാലകോടരത്തിൽ സ്വച്ഛന്ദതയുടെ ചിറകു വിരുത്തി പാടാൻ തുടങ്ങി.

ദേശാടനപ്പക്ഷികളുടെ ആഗമനം കിഴവൻ അറിഞ്ഞതേയില്ല. തെരുവിൽ നിന്നും അടിച്ചെത്തുന്ന പുകയും ഭൂമിയിൽ പുതയ്ക്കാനെത്തുന്ന മഞ്ഞും തിരിച്ചറിയാൻ കഴിയാതെ ആയുസ്സിന്റെ വൃദ്ധമായ ചതുപ്പിൽ ജീർണവസ്ത്രവുമായി കിഴവൻ മുടന്തുകയാണ്. ദേശാടനപ്പക്ഷികൾക്കു വിരുന്നൊരുക്കാൻ ചിത്രപ്പണികളുള്ള മുറിയിലെ പിയാനോ തൊടാൻ കടുത്ത വിവശത ഇത്തവണ കിഴവനെ അനുവദിച്ചെന്നു വരില്ല. എല്ലാ ഹിമപാത കാലങ്ങളിലും ആ ഹരിതഭൂമിയിൽ കായ്കനികളം ഇലത്തളിരുകളും മാത്രമല്ല ദേശാടനപ്പക്ഷികൾക്കു വിരുന്നായിത്തീരാറ്, പതംഗങ്ങളുടെ രാത്രികളെ തന്റെ ആർദ്രമായ സംഗീതം കൊണ്ട് ഇളവേല്പിച്ചും ഉച്ചമായ ഗസലുകൾ കൊണ്ടു ചൈതന്യ വത്താക്കിയും കിഴവൻ അതേ ഭൂമിയിലെ അതേ വൃക്ഷശാഖകളിലേക്കും അവയെ പതിവായി ആകർഷിച്ചു കൊണ്ടേയിരുന്നതാണ്.

കിഴവന്റെ മകൾ വാസന്തി ദേശാടനപ്പക്ഷികൾ വന്നതറിഞ്ഞു. നാകമോഹൻ ചിലച്ചപ്പോൾ, അവൾ ജാലകം തുറന്നു മഞ്ഞപ്പക്ഷികൾ നിരയായി പേരയ്ക്കാക്കൊമ്പിൽ തുനിവോടെ കണ്ണടച്ചിരിക്കുന്നത് അവൾ ഉള്ളുതുളുമ്പി കണ്ടു. അവയെ സ്വാഗതം ചെയ്യുമ്പോൾ അവൾക്ക് ചെറിയൊരു വിങ്ങലനുഭവപ്പെട്ടു. തന്റെ മുഖത്തു ഖേദത്തിന്റെ നിഴലുകൾ പിണഞ്ഞുവീഴുന്നത്, മനസ്സാകെ സന്തപിച്ച് സാന്ദ്രമാകുന്നത് അവളറിഞ്ഞു.

കഴിഞ്ഞ മഞ്ഞുകാലം പോയി ഗ്രീഷ്മാരംഭത്തിനുമുമ്പ് ദേശാടനപക്ഷികൾ തിരിച്ചുപോകുമ്പോൾ അവളോട് പറഞ്ഞിരുന്നു. അടുത്ത മഞ്ഞുകാലത്തു ഞങ്ങൾ എത്തുമ്പോഴേക്കും നിനക്കു പ്രിയൻ വന്നിരിക്കും. നീ അവനോടൊത്ത് സുഗന്ധദ്രവ്യങ്ങളുടെ പർവ്വതങ്ങളിൽ ഇളമാൻ പോലെ മേയും. ആട്ടിൽ പറ്റത്തെ മേയ്ക്കാനും ലില്ലിപ്പൂക്കൾ ശേഖരിക്കാനും ഉദ്യാനങ്ങളിലും താഴ് വാരങ്ങളിലും അവനോടൊത്തു ഹർഷത്തോടെ പാടി നടക്കും.അവൾ ഇപ്പോഴും മരുപ്പറമ്പിൽ ചുടുവെയിലേൽക്കുന്നു. എന്റെ ആത്മ പ്രിയനെ നിങ്ങൾ കണ്ടുവോ എന്ന് വടക്കൻ കാറ്റിനോടും, തെക്കൻ കാറ്റിനോടും ആരായുന്നു. പടക്കാറ്റു ചീറുന്ന മരുസ്ഥലിയിൽ ചൂഴ്ന്നുപോയ അശ്വരഥ ചക്രങ്ങൾക്ക് പിന്നിൽ വിയർത്തു തളരുന്ന പ്രിയനെ കാത്തിരിക്കുന്നു. വന്നില്ലല്ലോ?… വന്നില്ലല്ലോ?… ദേശാടന പക്ഷികളുടെ ആശിസ്സുകളൊക്കെയും പാഴായല്ലോ.

വാസന്തിക്കു കരച്ചിൽ വരുമെന്നായി, കരയാൻ തുടങ്ങുന്ന വാസന്തിയെ കണ്ടപ്പോൾ ദേശാടന പക്ഷികൾക്ക് കാര്യം മനസ്സിലായി. അവയുടെ മൃദുവും വശ്യവുമായ സ്വഗതങ്ങൾ പരസ്പരം അറിവായി പകർന്നു. അവൾക്കു സാന്ത്വനമായി നാകമോഹൻ വചനം എറിഞ്ഞു. വിതുമ്പിപ്പൊട്ടുമെന്നായപ്പോൾ വാസന്തി ജാലകമടച്ചുകളഞ്ഞു. കാണേണ്ട പക്ഷികളെന്നെ. അശ്രീകരത്തെ കണ്ട് ദേശാടന സഞ്ചാരത്തിന്റെ ഉല്ലാസവും പ്രജനനത്തിന്റെ തേജ പൂഞ്ജങ്ങളും കെടുത്തേണ്ട.

കിഴവൻ ഉറക്കമായിരുന്നു. അവൾ ചെന്നു പറഞ്ഞില്ല അച്ഛനോട്, ദേശാടനപ്പക്ഷികളുടെ വരവിനെപ്പറ്റി, കാഴ്ചയും ശ്രവണവും കുറെശ്ശെയായി ഒഴിഞ്ഞു പോയ കിഴവനെ ഇപ്പോൾ എന്തും പറഞ്ഞറിയിക്കണമെന്നായിരിക്കുന്നു. ദേശാടനപക്ഷികൾ വന്നില്ലല്ലോ എന്ന് ഒന്നു രണ്ട് ദിവസങ്ങൾക്ക് മുൻപ് കിഴവൻ ഉൽക്കണ്ഠ പൂണ്ടതാണ്. പക്ഷികളുടെ വരവ് അസംഖ്യം പൂർണ്ണചന്ദ്രന്മാരെ കണ്ട, മഞ്ഞുകാലം അനേകം പിന്നിട്ട, ദേശാടനഗമനങ്ങൾ കാലങ്ങളായി സൂക്ഷ്മം നിരീക്ഷിച്ചറിഞ്ഞ കിഴവനെ അതിരറ്റ് ആഹ്ലാദിപ്പിക്കുക തന്നെ ചെയ്യും.

വാസന്തി ഉറങ്ങാൻ കിടന്നപ്പോൾ പേരക്ക തോട്ടത്തിൽ ഈണം കലർന്നു. നാകമോഹൻ പാടുകയാണ്. വിഹ്വലമായ ചേതനയാലെ അവൾക്കു കണ്ണൊലിച്ചു. നാകമോഹൻ പാട്ട് നിർത്താതായപ്പോൾ അവൾ കരഞ്ഞു തിമർത്തു. പ്രഭാതത്തിൽ അവൾ ജാലകം തുറന്നില്ല. മദ്ധ്യാഹ്നത്തിലും. ദേശാടനപ്പക്ഷികൾ അവളെ അന്വേഷിക്കുന്നുണ്ടായിരുന്നു. പുറത്തേക്കിറങ്ങാതെ അവൾ അച്ഛനെ പറഞ്ഞയച്ചു. വൃദ്ധതയുടെ കെട്ടുപാടുകളിൽ നിന്നും മരവിച്ച വിനാഴികകളിൽനിന്നും പ്രസരിപ്പോടെ ഉണർന്നു പേരക്കാ തോട്ടത്തിലേക്കു കിഴവൻ ആനന്ദിച്ചു ചെന്നു. ദേശാടനപക്ഷികളുടെ വർത്തമാനം കേട്ടു.
വാസന്തീ… വാസന്തീ…
പക്ഷികൾക്ക് വാസന്തിയെ കാണണം. കിഴവന്റെ വീണാസംഗീതം കേൾക്കണം.
“മോളെ, പക്ഷികൾ നിന്നെ വിളിക്കുന്നു’ കിഴവൻ വന്നു പറഞ്ഞു. അവൾ പോയില്ല. വിലാപവസ്ത്രവുമായി പക്ഷികളെ അഭിമുഖീകരിക്കാൻ അവൾക്കു സങ്കോചമായി.കിഴവൻ നാളുകൾക്ക് ശേഷമാണ് അന്ന് പിയാനോവിൽ തൊട്ടത്. ഇണയുടെ ചൂടേറ്റ് പക്ഷികൾ കിഴവന്റെ പാട്ടിൽ മുഴുകി. ആൺ പക്ഷി പെൺ പക്ഷിയോട് ചോദിച്ചു :
വാസന്തിക്കെന്താ പ്രിയൻ വരാത്തെ? പെൺപക്ഷി ഭൂമിയിലേക്ക് നോക്കി. എങ്ങും എറുമ്പുകളുടെ ഘോഷയാത്ര. വറ്റിപ്പോയ നദിക്കരയിൽ കുഞ്ഞുങ്ങളും മാറാപ്പുമായി അമ്മമാർ. ദൂരെ ആൾക്കൂട്ടത്തിന്റെ ഒടുങ്ങാത്ത ആരവം.

ഈ ദേശത്തിന് എന്തുപറ്റി??
പെൺപക്ഷി ആൺപക്ഷിയോട് തിരികെ ചോദിച്ചു. അവ അന്യോന്യം ചോദ്യം കൈമാറി. ദേശാടനപക്ഷികൾ ഒട്ടാകെ ആ ചോദ്യത്തിൽ കൊക്കുരുമ്മി.

അടുത്ത പ്രഭാതത്തിലും തുറക്കാതെ കിടന്ന ജാലകത്തിൽ പക്ഷികൾ ചിറകിട്ടടിച്ചു. വാസന്തീ… വാസന്തീ… ജാലകം തുറക്കേണ്ടി വന്നു വാസന്തിക്ക്. കാർമഷി ഒലിച്ച കണ്ണുകളിൽ കത്തിയമർന്ന ഉഡുക്കളിൽ മഞ്ഞപക്ഷികൾ ഉമ്മവെച്ചു.

രാജകുമാരീ, നീയെന്തിനാ കരേന്നെ?
സുന്ദരീ, നിനക്കെന്തിനാ നിനക്കെന്തിനാ ഞങ്ങളോട് കെറുവ്?
വാസന്തീ നിന്നെ കാണാൻ കൂടിയല്ലേ ഞങ്ങള് വന്നത്. വാസന്തി തേങ്ങിക്കൊണ്ട് പക്ഷികൾ ഓരോന്നിനെയും ആശ്ലേഷിച്ചു. സുഖാന്വേഷണം നടത്തി. പ്രണയത്തിന്റെയും പരിണയത്തിന്റെയും പ്രജനനത്തിന്റെയും കഥകൾ പക്ഷികൾ പറഞ്ഞു. വാസന്തി എല്ലാം കേട്ടിരുന്നു. വലിയൊരു വേട്ടയാടലിൽ വംശം ചുരുങ്ങിപ്പോയ കഥ അവളിൽ പരിഭ്രാന്തിയുണ്ടാക്കി. പിന്നെ അവളുടെ വർത്തമാനം കേൾക്കാൻ ദേശാടനപക്ഷികൾക്കു തിടുക്കമായി.

ഒരു രാജകുമാരനും വന്നില്ലേ?
പേരയ്ക്കാത്തോട്ടത്തിൽ വാസന്തിയുടെ കണ്ണീരു വീണു.
മൂകമാം മാത്രകളിൽ വികാരപ്പെട്ട നെഞ്ചുമായി അവൾ നിശബ്ദയായി. മഴക്കാലത്ത് ആദ്യം വന്ന പ്രിയനെപ്പറ്റി അവൾ പറഞ്ഞു തുടങ്ങി : അവൻ മുടന്തനായിരുന്നു. മുടന്തി മുടന്തി വന്ന അവനു മുന്നിൽ ഞാൻ ഉടുത്തൊരുങ്ങി ചെന്നു. എനിക്ക് അവനോടു സ്നേഹം തോന്നി, കരുണ തോന്നി. എന്നെയും അവനു പ്രിയമായി. എന്നാൽ അവൻ കന്യാസ്വത്തായി ഈ ഭൂമി ചോദിച്ചു.കൊടുക്കാമായിരുന്നു. ഈ ഭൂമിയാകെ ഉഴുതുമറിച്ചു ഗോതമ്പു പാടമാക്കണമെന്ന് അവൻ ആഗ്രഹം പറഞ്ഞു.അച്ഛന് സമ്മതമായിരുന്നു. പക്ഷേ ഈ വീടു പൊളിച്ചു മാറ്റുമെന്ന് അവൻ പറഞ്ഞു.അതും അച്ഛനു സമ്മതമായി, എനിക്കു സമ്മതമായില്ല. ഇവിടെ കിടന്നു മരിക്കാനാ അച്ഛനു മോഹം. ഈ വീടു പൊളിക്കുന്നത് അച്ഛന്റെ നെഞ്ചു പൊളിക്കുന്നത് പോലെയാ. ഞാൻ എതിർത്തു. മുടന്തൻ മുടന്തി ഇറങ്ങിപ്പോയി.ദേശാടന പക്ഷികൾ വിസ്മയിച്ചു. പരസ്പരം നോക്കി. വാസന്തി പിന്നീട് വന്നവനെപ്പറ്റി പറഞ്ഞു.അവൻ അന്ധനായിരുന്നു. വിരൂപനായിരുന്നു. എന്നാലും എനിക്കവനെ ഇഷ്ടമായി. ഞാൻ അവനു കാഴ്ച്ചയാകുമായിരുന്നു.മൂന്നാം കണ്ണാകുമായിരുന്നു. പക്ഷെ, അവൻ ഈ ഭൂമിക്കും വീടിനും പുറമേ സ്വർണപേടകം ചോദിച്ചു. വീടും ഭൂമിയും സന്തോഷത്തോടെ തരാമെന്നു അച്ഛൻ കരഞ്ഞു പറഞ്ഞു.സ്വർണപേടകത്തിന് എവിടെ പോകാനാണ്, അച്ഛൻ കരഞ്ഞു കാല് പിടിച്ചതാണ്, അന്ധൻ വിരോധത്തോടെ തപ്പിത്തടഞ്ഞു പോയി.

വാസന്തി കരയുകയുണ്ടായില്ല. അതു പറയുമ്പോൾ ഉള്ളിലെ കനം മുഴുവൻ അവൾക്കു ഒഴിയുന്നത് പോലെയായി. വീർപ്പുകളൊക്കെയും പക്ഷികൾ പങ്കിട്ടെടുക്കുന്നത് പോലെ, നെഞ്ചിലെ ചെങ്കുരിശ് ഇളകിപ്പോകുന്നത് പോലെ.

അവൾ തുടർന്നു.
പിന്നെയും വന്നു. മുടന്തൻമാർ, അന്ധന്മാർ എല്ലാവരും അതു തന്നെ പറഞ്ഞു. ഒടുക്കം മൂന്നു തവണ പരിണയിച്ച ഒരു വൃദ്ധൻ വന്നു. എനിക്ക് സമ്മതമായിരുന്നു. പക്ഷേ ഉറപ്പിക്കുന്നതിന്റെ തലേന്ന് നെഞ്ചുപൊട്ടി മരിച്ചുപോയി. ഒരു ബധിരനും വരികയുണ്ടായി പിന്നെ. അവൻ അമ്പത് ഏക്കർ ഭൂമി ചോദിച്ചു. ഞങ്ങൾക്ക് ഇക്കാണുന്ന ഭൂമി അല്ലേ ഉള്ളൂ. ഈ മണ്ണിൽ ഇതൊക്കെയല്ലേ ഉള്ളൂ. അവൻറെ കാലിലും അച്ഛൻ കരഞ്ഞു വീണു. ബധിരൻ കേട്ടില്ല. ബധിരൻ എങ്ങനെയാണ് കേൾക്കുക. പക്ഷികളേ .?

വാസന്തി ഇടർച്ച യോടെ പറഞ്ഞു നിർത്തി. സന്ധ്യയായി. വാസന്തിക്കു വല്ലാത്ത ആശ്വാസമായി. കിഴവൻ മകളെ വിളിച്ചു നെഞ്ചിൽ നിന്നും എന്തൊക്കെയോ ഒഴിഞ്ഞു പോയിരിക്കുന്നു. വാസന്തി സ്വയം പറഞ്ഞു. അവൾ പൈംപാലും ധാന്യങ്ങളും പക്ഷികൾക്ക് കൊണ്ടു നൽകി.

രാത്രി എത്രനേരം കിഴവൻ പാടുകയുണ്ടായി. രാവേറെ ചെന്നപ്പോൾ പിയാനോയിൽ തലചായ്ച്ച് കിഴവൻ ഉറങ്ങിപ്പോയി. സുരത പഞ്ചമിയിൽ ദേശാടനപ്പക്ഷികളും മയങ്ങി.

തന്റെ ഏകാന്തതയിൽ വാസന്തി നിദ്രയ്ക്കായി കാത്തു. മരുപ്പറമ്പിലെ രഥവീഥിയിൽ കൊടുങ്കാറ്റ് ഉയരുകയാണ്. തേർചക്രങ്ങൾ മണ്ണിൽ പൂണ്ടു തന്നെ കിടക്കുന്നു. സൂര്യാതപം കൊണ്ട് കരിഞ്ഞു പോയ പ്രിയന്റെ മുഖം വിണ്ടുപിളരുന്നു. അവൻ കൈയുയർത്തി നിലവിളിക്കുന്നു. ദുസ്വപ്നങ്ങളായി കത്തിയ ഇന്ധനങ്ങൾക്കു മീതെ വാസന്തി വെന്തു.രാത്രി കാഴ്ചകളിലൂടെ കണ്ണോടിച്ച തീക്ഷണവ്യഥയോടെ ദേശാടനപ്പക്ഷികൾ ആലോചിച്ചു പോയി. പഴയതുപോലെ സ്വച്ഛന്ദമായ സൗഖ്യം ഇത്തവണ ദേശാടനത്തിൽ അനുഭവപ്പെടുന്നില്ലല്ലോ. വാസന്തിയുടെ കണ്ണീർമുഖം കണ്ടു ചിരിക്കാനോ ചിലയ്ക്കാനോ തോന്നുന്നില്ല, തീററ തേടി പുറത്തു പോകുന്ന പക്ഷികൾ ഒഴിഞ്ഞ കൊക്കുമായി തിരികെ എത്തുന്നു. ഹംസപഥങ്ങളോ കേസരങ്ങളോ ഇല്ലാതെ നിത്യ താപവുമായി മണ്ണു വരളുന്നു. പെൺപക്ഷികൾ അന്നന്ന് ഓരോരോ വൃത്താന്തങ്ങൾ കേട്ട് നടുങ്ങുകയായിരുന്നു. ആൺപക്ഷികൾ തിരിച്ചെത്തുമ്പോൾ ഞെട്ടിക്കുന്ന അറിവുകൾ. എത്രയേറെ കലാപങ്ങളാണ് തെരുവിൽ
പൊട്ടിപ്പുറപ്പെടുന്നത്. ചോരയുടെ ചാലുകൾ പുതുതായി വെട്ടിക്കീറപ്പെടുന്നു. മനുഷ്യർ പിടഞ്ഞുവീഴുന്നു. പക്ഷികൾ ഗദ്ഗദം വിഴുങ്ങി.
നമുക്കു തിരിച്ചുപോയാലോ?

മഞ്ഞുകാലം കഴിഞ്ഞില്ലല്ലോ.
ഇതിലും ഭേദം നമ്മുടെ ശൈത്യം തന്നെയല്ലേ?
വാസന്തിയെയും കൊണ്ടുപോയാലോ?
വാസന്തിയെയും കൊത്തി തങ്ങളുടെ ദേശത്തേക്കു പറക്കാൻ അവ കൊതിച്ചുപോയി. എന്നിട്ട് ഏറ്റവും സുന്ദരനും സൗമ്യനുമായ രാജകുമാരന് അവളെ നൽകുക. സൈബീരിയൻ കൊക്കുകൾ വീണ വായിക്കവേ അവൾക്കു പുടവക്കല്യാണം .

വാസന്തീ, നീ വരുന്നൊ?
മഞ്ഞപ്പക്ഷികൾ വിളിച്ചുചോദിച്ചു.
വാസന്തിക്ക് ഉത്തരമുണ്ടായില്ല.
താനെങ്ങനെ പോരാനാണ് ? പക്ഷികൾ തന്നെ എങ്ങനെ കൊണ്ടുപോകാനാണ്?
അന്നും അവൾ നൽകിയ ധാന്യം തിന്ന്, അവൾ നൽകിയ പൈമ്പാൽ കുടിച്ച്, വർത്തമാനം പറഞ്ഞിരിക്കെ ദേശാടനപ്പക്ഷികൾ ചോദിച്ചു :

വാസന്തീ, നീ ഞങ്ങളുടെ ദേശത്തേക്കു വരുന്നോ? അവൾ മന്ദഹസിച്ചു. ദേശാടനപ്പക്ഷികളുടെ മാതൃദേശം കിനാവു കണ്ടു. തേനും പാലുമൊഴുകുന്ന ഭൂമിയിലാകെ സുന്ദരന്മാർ, സുന്ദരിമാർ. ഉത്സവത്തിന്റെ വർണങ്ങൾ, കന്യാസ്മിതങ്ങൾ , അമൃതേത്തുകൾ.

വാസന്തി….
കിഴവൻ വിളിക്കുന്നു.
കിഴവന് പുറത്തിറങ്ങാൻ വയ്യാതായിരിക്കുന്നു. മൂടിപ്പുതച്ച് കിഴവൻ ഉറങ്ങിക്കൊണ്ടിരിക്കുന്നു. വാസന്തി അച്ഛന് കഷായം കുറുക്കി അരികിൽ ചെന്നു. ശിരസ്സുയർത്തി പിടിച്ച് വായിലൊഴിച്ചു. ജാലകത്തിലൂടെ പക്ഷികൾ അത് കണ്ടു നിന്നു .
മോളെ അച്ഛൻ പോയാൽ നീ ഒറ്റക്ക് ആവില്ലേ. നിന്നെ ഒറ്റയ്ക്കാക്കി അച്ഛന് പോകേണ്ടി വര്വോ .
വാസന്തി ഏങ്ങിപ്പോയി. അങ്ങനെയൊന്നും നിരൂപിക്കാതിരിക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചു.
ആ രാത്രി കിഴവന് നന്നായി ശരീരം പൊള്ളി. ശയ്യയിൽ ചൂട് പെരുകി. തീ മെത്തയിൽ എന്നപോലെ പോലെ കിഴവൻ ഉരുണ്ടു പിരണ്ടു. ദേശാടനപ്പക്ഷികളെ വാസന്തി വിളിച്ചില്ല. അവൾ തനിച്ച് അച്ഛനരികിൽ മരുന്നും മന്ത്രവും പകർന്ന് ഉറക്കം വെടിഞ്ഞിരുന്നു. പാതിരായ്ക്ക് നാകമോഹൻ ഉണർന്ന് ചിലച്ചപ്പോഴേക്കും കിഴവൻ തണുത്തു പോയിരുന്നു. കിഴവൻ തണുത്തത് വാസന്തി അറിഞ്ഞതേയില്ല. അച്ഛന്റെ ഹൃദയമിടിപ്പുകൾ നിലച്ച കർമ്മം അവളുടെ കൂമ്പിയ കണ്ണുകൾക്ക് അപ്പുറം അജ്ഞാതമായി നടന്നു. വാതിൽ തുറക്കാതെ, ഇരുണ്ട അകത്ത്, അച്ഛന്റെ ചേതനയറ്റ ശരീരത്തിന് ഒച്ച വയ്ക്കാതെ അവൾ കാവലിരുന്നു.
മധ്യാഹ്നത്തിൽ ദേശാടനപക്ഷികൾ ജാലകത്തിൽ കൊത്തി. അവ ഉറക്കെ വാസന്തിയെ വിളിച്ചുകൊണ്ടേയിരുന്നു. തുറന്ന ജാലകത്തിലൂടെ അകത്തു വീണ സൂര്യ വെളിച്ചത്തിന് നിറയെ തുളകൾ ആയിരുന്നു. മരണം അറിഞ്ഞ പക്ഷികൾ ഇരുണ്ടു പോയി. മൃതിഗൃഹത്തിന്റെ മൂകതയിൽ അവ നിശ്ചല രൂപങ്ങളായി.
സന്ധ്യയ്ക്ക് മുന്നേ പേരക്ക തോട്ടത്തിൽ കുഴി വീഴുന്നതും കിഴവൻ കുഴിയിലേക്ക് നീങ്ങുന്നതും പക്ഷികൾ നോക്കിയിരുന്നു. വാസന്തിയുടെ കണ്ണുകൾ വിദൂരതയിലേക്ക്. അകലങ്ങളിൽ മറയുന്നത് അന്ധനാണ്, മുടന്തനാണ്, ബധിരൻ ആണ്.അകലങ്ങളിലേക്ക് സംക്രമിക്കുന്നത് മഞ്ഞുകാലം ആണ് .
തേരൊച്ചകൾ മുഴങ്ങുകയായി. ഗ്രീഷ്മത്തിന്റെ വരവായി.
എത്ര പെട്ടെന്നാണ് മഞ്ഞുകാലം കഴിഞ്ഞു പോയത് ? കാണെ ഋതുപ്പകർച്ചകൾ. തിരിച്ചു പോകാൻ ദേശാടനപ്പക്ഷികൾക്ക് സമയമായിരിക്കുന്നു. പക്ഷികൾ പോകുകയാണ്. വാസന്തീ, വാസന്തീ.

യാത്രാ വചനങ്ങൾ അവളെ മൂടി.
അവൾക്കു മിണ്ടാനൊന്നുമില്ലായിരുന്നു. വരണ്ട നദിക്കപ്പുറം നീണ്ടുകിടക്കുന്ന മൺവഴിയിലൂടെ അഭയാർത്ഥികൾ കൂട്ടംകൂട്ടമായി അലയുന്നത് അവൾ കണ്ടു.

ഞങ്ങൾ പോക്വാ വാസന്തി ,
നീയെങ്ങന്യാ ഇവിടെ ?

ദേശാടനപ്പക്ഷികൾ ദുഃഖം തൂവിയ മുറിയിൽ അവളുടെ സ്വരമുയരുകയുണ്ടായില്ല. അനാഥത്വത്തിന്റെ കൈകൾ ആകാശത്തിലേക്കുയർത്താൻ അവൾക്കു കഴിഞ്ഞില്ല.
അടുത്ത മഞ്ഞുകാലത്തിനു മുമ്പ് നിനക്കൊരു രാജകുമാരൻ വരാതിരിക്കില്ല. അങ്ങനെ പറയാൻ തുടിച്ചതാണ് പക്ഷികളുടെ മനസ്സ്. ഏതോ വിലങ്ങുകൾ വീണു വൈഖരികൾ കരിഞ്ഞു. യാത്ര .

ചുട്ടുപൊള്ളാൻ തുടങ്ങുന്ന വനത്തിനു കീഴെ ഞാണേറ്റിയതുപോലെ ദേശാടനപക്ഷികൾ മടക്കയാത്രയായി. മൺമുറ്റത്തൊരു ശിലാരൂപിണി അവയുടെ യാത്രാപഥം കണ്ടുനിന്നു. പേരയ്ക്കാത്തോട്ടത്തിൽ മുരണ്ട കാറ്റിൽ പൂടകൾ പറന്നു നടന്നു.

കീഴെ നിലവിളിച്ചു പായുന്ന മനുഷ്യർ, അവരിൽ എത്രയോ മുടന്തൻന്മാർ, തപ്പിത്തടയുന്ന അന്ധന്മാർ, അലമുറയിടുന്ന കുഞ്ഞുങ്ങളെ മാറോടമർത്തി അമ്മമാർ, നിലവിളികൾ നീരാവിയായി ഉയർന്ന് തങ്ങളുടെ ചിറകുകളിൽ പറ്റിപ്പുരളുന്നത് ദേശാടനപക്ഷികൾ അറിഞ്ഞു.

ശൈത്യം നിഷ്ക്രമിച്ചു തുടങ്ങുന്ന വിദൂര മുനമ്പുകൾ തേടി പർവ്വതങ്ങളുടെ ഉരസ്സുകൾക്കിടയിലൂടെ അവയുടെ അയനം നീണ്ടു.

( 2018 മുതൽ മേയിലേയും ഒക്ടോബറിലേയും രണ്ടാം ശനിയാഴ്ച ലോക ദേശാടന പക്ഷി ദിനമായി (World Migratory Bird Day) ആചരിക്കുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ UNEP-യുടെ (United Nations Environment Programme) നിർദ്ദേശങ്ങളിലൊന്നാണിത്. പക്ഷിസംരക്ഷണത്തിൻ്റെ ആവശ്യകത കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.)

ഫോട്ടോ ഹക്സർ ആർ.കെ

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

അത് കൊണ്ട് മാത്രമാണ് ഞാൻ കവിതകൾ എഴുതാത്തത്

ആതിര വി.കെ മഴയും വെയിലും മാറി വരുന്നത് നോക്കി ഇരിക്കുന്ന ഒരു ഉച്ച നേരത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കാൾ വരുന്നത്. അലസതയും, ഫോണിൽ സംവാദങ്ങൾ ക്ഷണിക്കാൻ വൈമുഖ്യം കാണിക്കുന്ന തന്റെ തന്നെ പ്രകൃതവും...

ഭാഗ്യലക്ഷ്മി

പ്രദീഷ് കുഞ്ചു കുളിമുറി ഒഴിവാണ്. അങ്ങനെ  ചിന്തിച്ച സമയത്താണ്  അതിലേക്ക് മകൾ ദീപ്തി  അടുക്കളവാതിലിലൂടെ ഇറങ്ങി, വരാന്തയിലൂടെ കുളിമുറിയിലേക്ക് ഓടിക്കേറിയത്. അയയിൽ നിന്ന്  മേൽവസ്ത്രങ്ങളും അടിവസ്ത്രങ്ങളും  സ്ഥിരമുള്ള ധൃതിയിൽ വലിച്ചെടുക്കുന്ന ഭാഗ്യലക്ഷ്മി, ദീപ്തിയെ  കണ്ടതോടെ വേഗത മനഃപൂർവ്വം...

ന്യൂനകോണുകൾ..!!

കെ എസ് രതീഷ് ഡോക്ടർ ആർഷ എന്നെ കെട്ടിപ്പിടിക്കുന്നതും അവളുടെ ക്യാബിനിലേക്ക് നിർബന്ധിച്ചു കയറ്റുന്നതും ആശുപത്രി വരാന്തയിലെ സകലരും കണ്ടിരുന്നു. അതുമാത്രമല്ല, ഇപ്പൊ വരാമെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയിട്ട് കുറച്ച് നേരമായി. അകത്ത് ബക്കറ്റിലേക്ക്...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat