Homeസിനിമക്ലോസപ്പുകളിൽ ഒതുങ്ങാത്ത മൂന്നാം ലോകം

ക്ലോസപ്പുകളിൽ ഒതുങ്ങാത്ത മൂന്നാം ലോകം

Published on

spot_imgspot_img

സിനിമ

അനശ്വർ കൃഷ്ണദേവ്

അതിജീവനം എന്നത് മനുഷ്യവംശത്തിന്റെ തന്നെ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു ആശയമാണ്. ഒരു ആശയം ആയിരിക്കുമ്പോൾ തന്നെ അതൊരു പ്രക്രിയ കൂടിയാണ്. കാരണം പലതിനെ അതിജീവിച്ചാണ് ഇന്നത്തെ നിലക്ക് മനുഷ്യവംശം രൂപപ്പെട്ടിട്ടുള്ളത്. അത് പരിണാമസിദ്ധാന്തത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള അതിജീവനം മാത്രമല്ല അഥവാ പ്രകൃതിയിലെ മറ്റു ജീവികളോടും പ്രതിഭാസങ്ങളോടും മല്ലിട്ട് നേടിയ അതിജീവനം മാത്രമല്ല. മറിച്ച് അതിനുശേഷം ഉള്ള മനുഷ്യവംശത്തിന്റെ ചരിത്രമെന്നത് പലതരത്തിലുള്ള അതിജീവനങ്ങളുടെ കൂടി ചരിത്രമാണ്. മനുഷ്യൻ അതിജീവിക്കുന്ന സന്ദർഭങ്ങളിൽ മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച്, മനുഷ്യൻ എങ്ങനെയാണ് അത്തരം സന്ദർഭങ്ങളെ അതിജീവിക്കുക എന്നതിനെക്കുറിച്ച് പല തരത്തിലുള്ള ആലോചനകൾ നിലനിൽക്കുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ അങ്ങേയറ്റം സ്വാർത്ഥനായ ഒരു ജീവിയാണ് മനുഷ്യൻ എന്ന് ഒരു കൂട്ടർ കരുതുന്നുണ്ട്. അതേസമയം പരസ്പരം ചേർന്നു നിന്ന്, ഒരുമിച്ച് നിന്ന് ഒരു ഘട്ടത്തെ അതിജീവിക്കുകയാണ് മനുഷ്യൻ ചെയ്യുന്നത് എന്ന് കരുതുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ഈ രണ്ട് ധാരണകളെ മറ്റൊരു തരത്തിൽ വിചാരണ ചെയ്യാവുന്നതാണ്. ഈ വിധത്തിൽ വിചാരണ ചെയ്യപ്പെടുമ്പോൾ നമ്മുടെ ബോധമണ്ഡലത്തിലേക്ക് എത്തുന്ന ആദ്യ പ്രമാണം ഡാർവിന്റെ ‘ശക്തരുടെ അതിജീവനം’ (survival of the fittest) എന്നത് തന്നെയാണ്.

anaswar-krishnadev

ഡാർവിൻ മുന്നോട്ടുവെച്ച പ്രമാണത്തെ അധികരിച്ച് സംസാരിക്കുമ്പോൾ ഏംഗൽസ് ഉന്നയിക്കുന്നത് മറ്റൊരാശയമാണ്. ശക്തരുടെ അതിജീവനം എന്നത് പരിണാമത്തിന്റെ നിയമം മാത്രമല്ല. അത് മുതലാളിത്തത്തിന്റെ നിയമം കൂടിയാണ് എന്നതാണ്. മൂലധനം സമാഹരിച്ച് ശക്തരായവർ മാത്രം അതിജീവിക്കുകയും അല്ലാത്തവർ പിന്തള്ളപ്പെട്ടു പോകുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയാണ് അത്. ഇന്ന് കൊറോണയുടെ വ്യാപനകാലത്ത് നമ്മൾ അത് നേരിട്ട് കാണുന്നതുമാണ്. അമേരിക്കയിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത, പണമില്ലാത്തവർക്ക് ചികിത്സ ലഭിക്കാതിരിക്കുകയും മുതലാളിത്ത വ്യവസ്ഥിതിയിൽ കൃത്യമായി ഉൾപ്പെട്ടുനിൽക്കുന്നവർക്ക് – ധനികർക്ക് – മാത്രം ചികിത്സ ലഭിക്കുകയും അവർ മാത്രം അതിജീവിക്കുകയും ചെയ്യുന്നു. ഇങ്ങനെ നോക്കുമ്പോൾ അതിജീവനത്തിന് ഇന്ന് ഭയങ്കരമായ ഒരു രാഷ്ട്രീയമൂല്യമുണ്ട്. അത് കേവലമായ ഒരു ശൂന്യതയിൽ സംഭവിക്കുന്ന ഒന്നല്ല. മറിച്ച്, അനേക രാഷ്ട്രീയ – സാമൂഹിക ബന്ധങ്ങൾക്കും ബലങ്ങൾക്കും ഉള്ളിൽ വെച്ചാണ് അതിജീവനം എന്ന രാഷ്ട്രീയപ്രക്രിയ സംഭവിക്കുന്നത്. അങ്ങനെ ഒരു ജനതയുടെ അതിജീവനത്തെ തീക്ഷ്ണമായി രാഷ്ട്രീയവത്കരിച്ച് അവതരിപ്പിക്കുന്ന ഒന്നാണ് ‘ബക്കുരൗ’ എന്ന ബ്രസീലിയൻ സിനിമ.

bacurau-poster

ലാറ്റിനമേരിക്കൻ സിനിമയുടെ സൗന്ദര്യാത്മകത പൊതുവേ ലോകസിനിമയിൽ ഒരു സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്; വിശേഷിച്ച് 2000ന് ശേഷം. അത് സൃഷ്ടിച്ച പുതിയ സൗന്ദര്യാനുഭവം, പുതിയ സിനിമാഭാഷ വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്. പ്രത്യേകിച്ച്, ‘സിറ്റി ഓഫ് ഗോഡ്’ മുതലായ സിനിമകളിലൂടെ വന്നിട്ടുള്ള ഒരു സിനിമാഭാഷ, യൂറോ കേന്ദ്രിതമായ ഒരു സൗന്ദര്യാനുഭവത്തിന് ബദലായുള്ള ഒരു സൗന്ദര്യാനുഭവത്തെ സൃഷ്ടിച്ചെടുത്തു. ആ സൗന്ദര്യാനുഭവവിച്ഛേദത്തിന്റെ ഇങ്ങേ തലയ്ക്കലാണ് ‘ബക്കുരൗ’ സ്ഥാനപ്പെടുന്നത്.

പൊതുവേ ലാറ്റിനമേരിക്കൻ സിനിമ അതിജീവനത്തിന്റെ അനുഭവലോകങ്ങളെ വലിയ രീതിയിൽ ആവിഷ്കരിക്കുന്നുണ്ട്. അതിജീവനം ഇവിടെ കേവലമായ ഒരു പ്രക്രിയ അല്ല. മറിച്ച്, മുൻ സൂചിപ്പിച്ച അധികാര – രാഷ്ട്രീയ ബന്ധങ്ങളിൽ അരികുവത്കരിക്കപ്പെട്ടുപോയ, അതിന്റെ മുഖ്യധാരയിലേക്ക് ഇടം കിട്ടാതെ പോയ ഒരു ജനതയുടെ, സമൂഹത്തിന്റെ സ്വാഭാവിക ചരിത്രബോധം എന്ന നിലയിലാണ് പലപ്പോഴും ലാറ്റിനമേരിക്കൻ സിനിമയിൽ അതിജീവനം എന്ന ഘടകം കടന്നുവരുന്നത്. ഈ ചരിത്രത്തിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും ഏറ്റവും മൂർത്തമായ ആവിഷ്കാരം കൂടിയാണ് ‘ബക്കുരൗ’.

ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പൊതുവേ അമേരിക്കയുടെ അധികാരത്തിന്റെ പുറത്ത് അപരലോകങ്ങ (Other Worlds) ളായാണ് സ്ഥാനപ്പെടുത്തപ്പെടുന്നത്. ഇവരെ അപരമാക്കി നിർത്തുന്ന അധികാരത്തിന്റെ ലോകത്തെ ലാറ്റിനമേരിക്കൻ രാഷ്ട്രീയസിനിമകൾ ഗൗരവപൂർവ്വം പ്രശ്നവത്കരിക്കുന്നുണ്ട്. പലപ്പോഴും അതിന്റെ സൂക്ഷ്മമായ അന്തർവാഹിനിയായി മാർക്സിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആശയങ്ങൾ നിലനിൽക്കുന്നുമുണ്ട്.

‘ബക്കുരൗ’വിൽ ബ്രസീലിലെ ഒരു ഗ്രാമത്തെ ആണ് നമ്മൾ കാണുന്നത്. പുതിയ അധികാരബന്ധങ്ങളുടെ പരിയംപുറത്താണ് ആ ഗ്രാമം പാർപ്പുറപ്പിച്ചിരിക്കുന്നത്. ആ ഗ്രാമം മുഴുവൻ ബഹുമാനത്തോടെ കാണുന്ന ഒരു സ്ത്രീയുടെ, മാതൃബിംബത്തിന്റെ (കാർമലീറ്റ) മരണത്തിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അവിടെനിന്ന് അവരിലേക്ക് കടന്നുകയാറാൻ ശ്രമിക്കുന്ന, ഭൂപടത്തിൽ പോലും ഇല്ലാതിരിക്കുന്ന അവരെ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന, അവരെ എല്ലാത്തരത്തിലുമുള്ള ബന്ധലോകങ്ങളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്ന അധികാരത്തിന്റെ കടന്നുകയറ്റത്തെ ഒരു ഗ്രാമീണജനത, തങ്ങളുടെ വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് ഏതു നിലക്ക് മറികടക്കുന്നു എന്നുള്ളതാണ് സിനിമയുടെ പ്രമേയം എന്ന് ലളിതമായി പറയാം.

athmaonline-bacurau-film

ഒരു വഴിക്ക് ഗ്രാമീണരുടെതായ ഒരു ജീവിതലോകം ‘ബക്കുരൗ’വിലുണ്ട്. ഇവിടേക്ക് സർവീസുകളുമായി എത്തുന്ന, അവർക്ക് ആവശ്യമുള്ള ചരക്കുകളും വസ്തുക്കളുമായി എത്തുന്ന മേയറെ (ടിയാൻ പുതിയ തെരഞ്ഞെടുപ്പിലും മേയർ ആയി മത്സരിക്കുന്നുണ്ട്) കാണാം. ഈ സർവീസുകൾ എന്നത് കേവലമായ അവരുടെ ദൈനംദിന ജീവിതാവശ്യങ്ങൾ മാത്രമല്ല. മറിച്ച്, പുതിയൊരു മുതലാളിത്ത ലോകക്രമത്തിലെ പിൽക്കാല മുതലാളിത്ത (Late Capitalism)ത്തിന്റെ അടിസ്ഥാനം കൂടിയാണ്. കാരണം സേവനമേഖലയുടെ പൊക്കിക്കെട്ടൽ ആണ് നിയോലിബറൽ ലേറ്റ് ക്യാപിറ്റലിസത്തിന്റെ മുഖമുദ്ര. അതുകൊണ്ട് ഈ ഇവിടെ ഇവർക്ക് കൊണ്ടെത്തിക്കപ്പെടുന്ന സേവനങ്ങൾ മരുന്നുകളും ഭക്ഷണവും പുസ്തകങ്ങളുമൊക്കെയാണ്. ഇവ ഒന്നാം ക്വാളിറ്റി സാധനങ്ങൾ അല്ല. തീയതി കഴിഞ്ഞ, ഉപയോഗശൂന്യമായ ചരക്കുകളാണ് അവ. പുസ്തകങ്ങളും അങ്ങനെ തന്നെയാണ്. അങ്ങനെ ലഭിക്കുന്ന ഈ സർവീസുകൾ ഒന്നാം ലോകത്തെയും മൂന്നാം ലോകത്തെയും തരംതിരിക്കുന്ന പുതിയ അധികാരബന്ധത്തിന്റെ സൂചന കൂടിയാണ്. പക്ഷേ ഇവർക്ക് ഏറ്റവും ആവശ്യമായിട്ടുള്ള വെള്ളം എന്ന വിഭവം തടഞ്ഞുവയ്ക്കുകപ്പെടുകയും ചെയ്തിരിക്കുകയാണ്. വെള്ളം അവരുടെ നാച്ചുറൽ റിസോഴ്സിൽ നിന്ന് ലഭിക്കുന്ന ഒന്നല്ല. ഇതിനെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ സിനിമയുടെ തുടക്കത്തിൽ ചർച്ചചെയ്യുന്നുണ്ട്. വാസ്തവത്തിൽ അവർക്ക് ഏറ്റവും ആവശ്യമുള്ള സാധനത്തെ തടഞ്ഞുവെക്കുകയും മറ്റുള്ളവർക്ക് മറിച്ചു വിൽക്കുകയും ചെയ്തുകൊണ്ട് മറ്റ് വസ്തുക്കളുടെ പ്രളയം ആ നാട്ടിൽ ഉണ്ടാക്കി, യഥാർത്ഥ വിഷയത്തെ മറച്ചുവെക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയവിനിമയം അവിടെ നടക്കുന്നു (വാസ്തവത്തിൽ അവർക്ക് നൽകപ്പെട്ട ചരക്ക് ഒന്നാം ലോകം ഉപയോഗിച്ച് തള്ളിയ ചരക്കാണ്). ഈ രാഷ്ട്രീയ വിനിമയത്തിന് ഉള്ളിലേക്കാണ് സിനിമ ക്യാമറ പ്രതിഷ്ഠിക്കുന്നത്. തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഈ രാഷ്ട്രീയവിനിമയത്തോട് തങ്ങളുടെ ഉള്ളിലെ ആന്തരികമായ എല്ലാ സംഘർഷങ്ങളെയും അടക്കിപ്പിടിച്ചുകൊണ്ട്, ഒന്നുചേർന്ന് നിന്ന് തങ്ങളുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും (മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള തോക്കുകൾ) സ്വരൂപിച്ചു കൊണ്ട് യുദ്ധം ചെയ്ത് വിജയിക്കുന്ന കാഴ്ചയാണ് സിനിമയിൽ.

athmaonline-bacarau-anaswar-krishnadev-wp

ഒരു വഴിക്ക് ഇത് ഒരു വാർ സിനിമയുടെ, വയലൻസിനെ സൗന്ദര്യവത്കരിക്കുന്ന സിനിമയുടെ കാഴ്ച വഴിയിലാണ് സ്ഥാനപ്പെടുന്നത്. എന്നാൽ, അതിനപ്പുറമുള്ള ഒരു രാഷ്ട്രീയം സിനിമ മുന്നോട്ടുവെക്കുന്നുണ്ട്. തോക്കും ആയുധങ്ങളുമേന്തി നേരിട്ടുള്ള ഒരു വിപ്ലവത്തിനിറങ്ങുന്നു എന്നല്ല. മറിച്ച്, തങ്ങളുടെ വിശ്വാസങ്ങളിലും വിഭവങ്ങളിലും ഊന്നിക്കൊണ്ട് ഒരു ജനത, ഞങ്ങൾക്കു മേൽ പ്രവർത്തിക്കുന്ന, തങ്ങളെ തുടച്ചുമാറ്റാൻ ഒരുമ്പെടുന്ന അധികാരത്തെ, ഒന്നുചേർന്ന് അതിജീവിക്കുന്ന ഒരു രാഷ്ട്രീയം ചിത്രം പറയുന്നുണ്ട്.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വൈഡ് ഷോട്ടുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആ വൈഡ് ഷോട്ടുകളിൽ ഒക്കെയും ഒരു സമൂഹത്തെ ഒന്നായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തങ്ങളെ ആക്രമിക്കാൻ എത്തുന്ന വൈദേശിയരെയാണ്, അവരുടെ വ്യവഹാരങ്ങളാണ് പലപ്പോഴും ക്ലോസപ്പുകളിൽ കാണിക്കുന്നത്. സിനിമയുടെ അന്ത്യത്തിൽ ഈ വൈഡ് ഷോട്ടുകളുടെ പ്രാധാന്യം വ്യക്തമാവും. അധിനിവേശശക്തികളെ പരാജയപ്പെടുത്തി പാതാളത്തിലേക്കയച്ച് വിജയിച്ചു നിൽക്കുന്ന തദ്ദേശീയർ ഒന്നിച്ചുള്ള വൈഡ് ഷോട്ടിലാണ് സിനിമ അവസാനിക്കുന്നത്. സിനിമയുടെ തുടക്കത്തിലും ഇതിനു സമാനമായ ഒരു വൈഡ് ഷോട്ട് ഉണ്ട്. കാർമലീറ്റ എന്ന മാതൃബിംബത്തിന്റെ ശവമടക്കിന് ശേഷം തദ്ദേശീയർ ഒരുമിച്ചു നിൽക്കുന്ന ഒരു വൈഡ് ഷോട്ട്.

athmaonline-bacurau-anaswar-krishnadev

ആ നിലക്ക് ഒരു ജനതയുടെ അതിജീവനത്തിന്റെ രാഷ്ട്രീയബന്ധങ്ങളെ കൃത്യമായി ആവിഷ്കരിക്കുന്ന സിനിമയാണ് ‘ബക്കുരൗ’.

മറ്റൊരു പ്രാധ്യാന്യം കാണാൻ സാധിക്കുന്നത്, കോളനിയനന്തര/ അധിനിവേശാനന്തര വിമർശനത്തിന്റെ സ്വാഭാവം പലപ്പോഴും സാംസാരികതയിൽ ഊന്നിയുള്ളതാണ്. ഒരു ജനതയുടെ സംസ്കാരത്തിൽ ഊന്നിക്കൊണ്ട് ജനതയുടെ സാംസ്കാരികമായ അധിനിവേശത്തിന്റെ മുദ്രകൾ പ്രശ്നവത്കരിക്കുക എന്നുള്ളതാണ്. പക്ഷെ സിനിമയിൽ ഈ ജനതയുടെ സംസ്കരികത എന്ന ഘടകം അതിൽ പ്രബലമായ തന്നെ നിൽക്കുന്നുണ്ട്. വിശേഷിച്ചും, ആദ്യഭാഗത്ത് അമ്മയുടെ മരണവും അതുമായി ബന്ധപ്പെട്ടുള്ള വിനിമയങ്ങളിൽ അത് കൃത്യമായി കാണിക്കുന്നു. അതിന് ശേഷം വളരെ പ്രകടമായി തന്നെ പുതിയ സാമ്പത്തികബന്ധങ്ങളെ സിനിമ പ്രശ്നവത്കരിക്കുന്നു.

കോളനിയനന്തര/ അധിനിവേശാനന്തര വിമർശനതിനെതിരെ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട ഒരു വിമർശനം അത് സംസ്കരികതയിൽ ഊന്നുകയും വളരെ പ്രകടമായിട്ടുള്ള നിയോ കൊളോണിയൽ സാമ്പത്തിക അധിനിവേശത്തെ കാണാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. പക്ഷെ, മൂന്നാം ലോകങ്ങളിലേക്കുള്ള ഒന്നാം ലോകത്തിന്റെ സാമ്പത്തികാധിനിവേശത്തിന്റെ രാഷ്ട്രീയവശം കൂടി ഈ സിനിമ കൃത്യമായും ആവിഷ്കരിക്കുന്നുണ്ട്.

ആ നിലയ്ക്ക് രാഷ്ട്രീയവും സാമ്പത്തികവും ഭൗതികവുമായ ഒന്നാം ലോകത്തിന്റെ ഇടപെടലുകളെയും അധിനിവേശത്തെയും ചെറുത്ത് തോൽപ്പിക്കുന്ന/ തോൽപ്പിച്ച മൂന്നാം ലോക രാജ്യങ്ങളുടെ ഉയിർപ്പ് കൂടിയാണ് ‘ബക്കുരൗ’.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...