facebook lovestory wp

ഒരു ഫെയ്സ്ബുക് പ്രണയകഥ

വായന

ഭാഗ്യശ്രീ രവീന്ദ്രൻ

2014 ൽ തിരുവനന്തപുരത്തു പഠിക്കുമ്പോൾ ആണ് രാഹുൽ രാജിന്റെ “ഒരു ഫേസ്ബുക് പ്രണയകഥ” എന്ന നോവലിനെപ്പറ്റി കേൾക്കുന്നത്. ഫേസ്ബുക്കിലൂടെ വളർന്നു പന്തലിച്ച വല്ല ലവ്സ്റ്റോറിയും ആകും എന്ന ധാരണയിൽ പുസ്തകം വാങ്ങാൻ നിന്നില്ല. എന്നാൽ പല ബുക്ക്ഫെസ്റ്റ്കളിലും റെയിൽവേ സ്റ്റേഷൻ ബുക്ക്സ്റ്റാളിലും പിന്നീടു ഈ പുസ്തകം കണ്ടു. നല്ല മൂവിംഗ് ഉണ്ടെന്നു വടകര ബുക്ക്സ്റ്റാളിലെ ചേട്ടനും പറഞ്ഞു.
ആയിടക്ക് തിരുവനന്തപുരത്തു നടന്ന ഡിസി ബുക്ക്സിന്റെ മേളയിൽ വച്ചാണ് 2014 ലെ ഇന്ത്യടുഡേയുടെ തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റിൽ ഒരു ഫേസ്ബുക്ക് പ്രണയകഥയും ഉണ്ടെന്നു മനസ്സിലാക്കുന്നത്. അങ്ങനെയാണ് പുസ്തകം വാങ്ങുന്നത്.

rahulraj
രാഹുൽരാജ്

ഒറ്റ ഇരിപ്പിൽ വായിച്ചു പോകാവുന്ന ഒരു പുസ്തകം ആയിരുന്നു ഒരു ഫേസ്ബുക് പ്രണയകഥ. എന്നാൽ ആറു വർഷങ്ങൾക്കിപ്പുറം ഒരു ഫേസ്ബുക് പ്രണയകഥ വായിക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ട്.

ഫേസ്ബുക് ഇന്നത്തെപ്പൊലെ സജീവമാകുന്നതിന്നു മുന്നേ ഉള്ള കഥ ആണ് ഫേസ്ബുക് പ്രണയ കഥ . കൃത്യമായി പറഞ്ഞാൽ ആൻഡ്രോയിഡ് ഫോണും വാട്സപ്പും സജീവമാകുന്നതിനു മുന്നെ. നോവലിലെ നായകന്റെ വർത്തമാനത്തെ ഉദ്ധരിച്ചാൽ ” 48 രൂപയുടെ ജി പി ആർ എസ് ഓഫർ ചെയ്താൽ 2 ജി ബി ഫോർ വൺ മന്ത്. ഇറ്റ്സ് എ ഗുഡ് ഓഫർ. ഇ-ബഡ്ഡിയും ഫേസ്ബുക്കും മാത്രം ഉപയോഗിക്കുന്നത് കൊണ്ട് 2 ജി ബി തീരില്ല. ” അത്ര പഴയതല്ലാത്ത പുസ്തകമാണിത്. എന്നാൽ, പുസ്തകത്തിൽ പരാമർ‌ശിച്ചിട്ടുള്ള ടെക്നോളജികൾ ഇതിനകം വളരെയധികം മാറിയതുകൊണ്ട് ഉള്ളതിലുമേറെ പഴക്കം ഒരു ഫേസ്ബുക് പ്രണയ കഥ ഇപ്പൊൾ തോന്നിപ്പിക്കുന്നു. നോവലിന്റെ ചില സവിശേഷതകൾ താഴെ കൊടുക്കുന്നു.

1) ഭാഷ

കഥയിലെ പ്രണയം ഉണ്ടാകുന്നതു ഫേസ്ബുക്കിലൂടെ അല്ല എങ്കിലും കഥയുടെ ക്ലൈമാക്സിൽ ഒരു നിർണായക സ്ഥാനം ഫേസ്ബുക് വഹിക്കുന്നുണ്ട്. പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്‌ ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ അഥവാ മംഗ്ലീഷിൽ ആണ്. ചിലവായനക്കാർക്കെങ്കിലും ഇത് കല്ലുകടിയാകും. എന്നാൽ ആഖ്യാനത്തിലും അവതരണത്തിലും ന്യൂ ജനറേഷൻ ട്രെൻഡ് പരീക്ഷിച്ച മലയാളത്തിലെ പുതുതലമുറ നോവൽ എന്ന നിലയിൽ ( ചാറ്റിങ്ങിലൂടെ മുന്നോട്ടു പോകുന്ന ആഖ്യാനരീതി അല്ല ഉദ്ദേശിച്ചത്. എം മുകുന്ദന്റെ “നൃത്തം” അത്തരത്തിൽ മുന്നോട് പോകുന്ന ഒരു നോവൽ ആണ് ) ഒരു ഫേസ്ബുക് പ്രണയകഥ പ്രാധാന്യമർഹിക്കുന്നുണ്ട്.
ആത്മഗതങ്ങളിലും ഇംഗ്ലീഷ് കടന്നു വരുന്ന ന്യൂജനറേഷൻ നായകൻ ഇക്കാലത്തു ഒരു പുതിയ അനുഭവം അല്ല. തട്ടത്തിൻ മറയത്തിലെ ” ഹി ഈസ് ഗോണാ സ്ക്രൂ യു ഗയ്‌സ്” ഇപ്പോൾ ഇറങ്ങുന്ന ഏതെങ്കിലും സിനിമയിലെ ഡയലോഗ് ആയിരുന്നേൽ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാവില്ലായിരുന്നു. അതേ പ്രശ്നം ഈ നോവൽ ഇന്നു വായിക്കുമ്പോൾ ഉണ്ട്. അത് എഴുത്തുകാരൻ ഉപയോഗിച്ച ഭാഷയുടെ കുഴപ്പം അല്ല. ഈ കഥ എഴുതുന്ന സമയത്തെ യുവത്വത്തിന്റെ എല്ലാ ചേരുവകളും, ഭാഷ ഉൾപ്പെടെ പരിഗണിച്ചു എഴുതപ്പെട്ടിട്ടും ടെക്നോളജി യുടെ കുതിപ്പിൽ പഴയതായിപ്പോകുന്നതാണ്. സാങ്കേതികവിദ്യയുടെ കുതിപ്പിൽ നോക്കിയ ഫോൺ പഴയതായിപ്പോയതു പോലെ. പക്ഷേ, ഭാഷാപരമായി ഒരിക്കലും ഈ പുസ്തകം ഒരു മോശം കൃതി അല്ല.

2) ബുക്ക് ഡിസൈൻ

നായകൻ വായനക്കാരനോട് സംവദിക്കുന്ന രീതിയിൽ എഴുതപ്പെട്ട നോവൽ ആണിത്. നോവൽ ഉടനീളം സംസാരിക്കുന്നതു വായനക്കാരനോടാണ്. എന്നാൽ ഇതിനിടയിൽ ഫേസ്ബുക് ചാറ്റ്, ഫേസ്ബുക് കമന്റ്സ് , ഫോൺ കാൾസ് , ടെക്സ്റ്റ് മെസ്സേജ് , മറ്റു സംഭാഷണങ്ങൾ, നായകൻ എഴുതുന്ന കഥ, കവിത , സ്മൈലികൾ ഒക്കെ കടന്നു വരുന്നുണ്ട്. വായനക്കാരെ കൺഫ്യൂസ് ചെയ്യിക്കാതെ ഇവയെല്ലാം വിദഗ്ദ്ധമായി കഥപറച്ചിലിൽ ചേർത്തിട്ടുമുണ്ട്. കഥ പറച്ചിലിനോട് ചേർന്ന് നിൽക്കുന്ന ചിത്രീകരണം‌ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ആണ്.

3) ആഖ്യാനരൂപങ്ങൾ

മുന്നെ പറഞ്ഞ പോലെ നായകൻ നേരിട്ട് വായനക്കാരനോട് സംവദിക്കുന്ന, തീയേറ്റർ ഭാഷയിൽ പറഞ്ഞാൽ ഫോർത് വോൾ ബ്രേക്കിംഗ് നടത്തുന്ന ഒരുപാട് രംഗങ്ങൾ പുസ്തകത്തിൽ ഉണ്ട്. ടെക്നിക്കൽ കാര്യങ്ങൾ വിശദീകരിക്കുന്ന ഇടങ്ങൾ , ഭൂതകാലം , അവനവനെ ന്യായീകരിക്കുന്ന ഇടങ്ങൾ ഒക്കെ ഇങ്ങനെ ആണ് അവതരിപ്പിക്കുന്നത്. ഇതു കൂടാതെ സംഭാഷണങ്ങൾ , ഫോൺ കാൾസ് , ഫേസ്ബുക് മെസ്സേജ്കൾ, ആത്മഭാഷണങ്ങൾ ഒക്കെ കൂടിയാണ് കഥ മുന്നോട്ടു പോകുന്നത്.

4) ഫേസ്ബുക്ക് നമ്മുടെ ഇടപെടലുകളെ രൂപപ്പെടുത്തുന്നതിനും മുന്നേ ഉള്ള ഒരു പുസ്തകമാണിത് എന്ന് പറഞ്ഞല്ലോ. അതിന്റെ ഉദാഹരണങ്ങൾ നമുക്കു ഈ പുസ്തകത്തിൽ കാണാൻ കഴിയും.

i) സുഹൃത്തുക്കളെ വിളിക്കുന്ന ഇരട്ടപ്പേരുകൾ കരി, തടിയൻ എന്നിങ്ങനെ ആണ്. ഒരിടത്തു റിസെപ്ഷനിസ്റ് ആയ പെൺകുട്ടിയെ പൂതന എന്ന് വിളിക്കുന്നുണ്ട്. തടി = ആർത്തി തുടങ്ങിയ ഇക്വേഷൻസ് ഒക്കെ പുസ്തകത്തിൽ ഉണ്ട്.

ii) കാമുകിയായ പെൺകുട്ടിയെ ഇമോഷണൽ ടോർച്ചർ ചെയ്യുകയും എല്ലാം സ്നേഹത്തിന്റെ പുറത്താണ് എന്ന് ആത്മാർഥമായി വിശ്വസിക്കുകയും പെൺകുട്ടിയുടെ തിരഞ്ഞെടുപ്പിനെ മാനസികമായി അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന നായകൻ. ഇത്തരക്കാർ ഇന്നുമുണ്ടെങ്കിലും അതിനെ ശരിവയക്കുന്നതായി തോന്നിപ്പിക്കുന്ന് എഴുത്ത് ഇപ്പോൾ കാണാൻ പ്രയാസമാണ്.

iii) ഒട്ടും പൊളിറ്റിക്കൽ അല്ലാത്ത, മുഖ്യധാരാ രാഷ്ട്രീയത്തെ വെറുക്കുന്ന നായകൻ. കഥയിലൊരിടത്തും രാഷ്ട്രീയ ചർച്ച ഇല്ല. രാഷ്ട്രീയ പാർട്ടിയുടെ ജാഥ കാരണം ഉണ്ടായ ബ്ലോക്കിൽ പെട്ടിരിക്കുമ്പോൾ ആണ് ആദ്യമായി നായകൻ രാഷ്ട്രീയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാകുന്നത്. സെക്രട്ടരിയേറ്റ് എത്തി എന്ന് അന്ധനായ സഹയാത്രികൻ മനസ്സിലാക്കുന്നത് ടയറു കത്തിയ മണത്തിലൂടെയാണ്.

iv) ഭിക്ഷയാചിക്കുന്ന പെൺകുട്ടിക്ക് നായകൻ മനസ്സലിവ് തോന്നി കൈയിൽ ആകെ ഉണ്ടായിരുന്ന 50 രൂപ നൽകി ATM ൽ നിന്നു മിനിമം ബാലൻസ് വലിക്കുന്നുണ്ട്. ഇന്ന് ഇത്തരത്തിൽ ഒരു രംഗം ചിത്രീകരിച്ചാൽ ഉണ്ടാവുന്ന നന്മമരം കളിയാക്കലുകൾ കുറച്ചൊന്നുമായിരിക്കില്ല.

v) സുരാജ് വെഞ്ഞാറന്മൂട് തിരുവനന്തപുരം ഭാഷയെ ടൈപ്പ് ആകിയതിന്റെ ദേഷ്യം. ഇന്നായിരുന്നേൽ ഫാൻസ്‌ എഴുത്തുകാരനെ കൊന്നു കൊലവിളിച്ചേനെ.

vi) ഒരു കഥ എഴുതിയാൽ നാട്ടുകാരേം കൂട്ടുകാരേം മൊത്തം ടാഗ് ചെയ്യുന്ന നായകൻ എന്തായാലും ഇന്നത്തെ ഇരുത്തം വന്ന ഫേസ്ബുക് യൂസറുടെ കൂട്ടത്തിൽ പെട്ട ആളല്ല.

മേൽപ്പറഞ്ഞ ഓരോ രംഗവും ഇന്നാണ് ഈ കഥ എഴുതപ്പെടുന്നതെങ്കിൽ മാറ്റിയെഴുതപ്പെട്ടേക്കാം. ഫേസ്ബുക് നമ്മുടെ പ്രവർത്തനങ്ങളെ അത്രയും മാറ്റിമറിച്ചിരിക്കുന്നു. ജൻഡെർ റെപ്രെസെന്റഷൻ, പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒക്കെ നിലനിർത്താൻ ബോധപൂർവമായിത്തന്നെ പുതിയ എഴുത്തുകാർ ശ്രമിക്കാറുണ്ട്. പിറകോട്ടു നോക്കുമ്പോൾ ഫേസ്ബുക് എത്രത്തോളം ഇടപെടലുകൾ നടത്തിക്കഴിഞ്ഞു എന്ന് നമുക്ക് കാണാവുന്നത് ആണ്.

5) പുസ്തകം തുടങ്ങുന്നത് പത്മരാജന്റെ ‘സ്വയം’ എന്ന തിരക്കഥായിലെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ്. കഥകളും സിനിമകളും ഇഷ്ടപ്പെടുന്ന നായകൻ പുസ്തകം വായിച്ചു പത്മരാജൻ ഒരു ലെജൻഡ് തന്നെ എന്ന് ആശ്ചര്യപ്പെടുന്നു. മറ്റൊരു രംഗത്ത് നായകന്റെ കമ്പ്യൂട്ടർ ടേബിളിനു മുകളിൽ കാണുന്ന പുസ്തകം റോബിൻ ശർമയുടെ “The Greatness Guide” ആണ്. കൃത്യമായ ഇടവേളകളിൽ കമ്പ്യൂട്ടർ ടേബിളിനു മുകളിലെ പുസ്തകങ്ങൾ മാറ്റാൻ എഴുത്തുകാരൻ ശ്രദ്ധിക്കുന്നുണ്ട് സത്യജിത് റേ യും അടൂർ ഗോപാലകൃഷ്ണനും ആണ് അടുത്ത വട്ടം മേശയുടെ മുകളിൽ വരുന്നത്. കഥാനായന്റെ താല്പര്യങ്ങളും സ്വാഭാവവിശേഷങ്ങളും മനസ്സിലാക്കാൻ ഈ പുസ്തകങ്ങളുടെ റഫറൻസ് സഹായിക്കും. റോബിൻ ശർമ്മയുടെ വായനക്കാരൻ വലിയ സാഹിത്യപ്രേമി അല്ലെന്നും എന്നാൽ പത്മരാജനേം അടൂരിനേം വായിക്കുന്നത് സിനിമയോടുള്ള താല്പര്യം കൊണ്ടാണെന്നും വ്യക്തം.

6) ശബ്ദങ്ങളുടെ ഉപയോഗം

കഥയിലെ നായിക മീന ഫോൺ വിളിക്കുമ്പോൾ സംസാരം പകുതിയും മൂളലാണ്. ആ “ഉം” മൂളലിന്റെ കനവും നേർമയും ഇടവിട്ടുള്ള ആവർത്തനങ്ങളുമെല്ലാം നായകനോട് സംവദിക്കുന്നതിനൊപ്പം തന്നെ നമ്മളോടും സംവദിക്കുന്നുണ്ട്. മൂളലുകൾ മാത്രമല്ല പ്രധാനപ്പെട്ട പലരംഗങ്ങളിലും ശബ്ദം ഒരു സാന്നിധ്യം ആയിമാറുന്നുണ്ട്. ഉദാഹരണം ചിരികളുടെയും പൊട്ടിച്ചിരികളുടെയും രംഗങ്ങളിൽ ചിരി ഭയങ്കര ലൌഡ് ആയിത്തന്നെ നമ്മൾ കേൾക്കുന്നു “ഹാ ഹാ ഹാ ഹാ , ഹയ്യോ വയ്യായെ” എന്നിങ്ങനെ. മറ്റൊരിടത്തു പാറ്റാമുട്ട കണ്ട നായകന്റെ അറപ്പ് “ബ്ലാ ” എന്ന ശബ്ദത്തോടെ ആണ് പ്രകടിപ്പിക്കുന്നത്. . തൊണ്ട വരെ എത്തിയ ശർദി “ഗ്ലഗ് ഗ്ലഗ് ” എന്ന് ശബ്ദം ഉണ്ടാക്കുമ്പോൾ “ബ്വാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാാ” എന്നു നീട്ടിയാണ് വാളുവയ്ക്കുന്നതു. ഇതു കൂടാതെ അമ്പലം പശ്ചാത്തലമാകുമ്പോൾ ഗായത്രി മന്ത്രവും റയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ റയിൽവെ അനൗൺസ്‌മെന്റും ലോ ഫ്ലോർ ബസിൽ എഫ്എം റേഡിയോയിലെ പാട്ടും യും വെറുതെ ഇരിക്കുമ്പോൾ ആത്മഗതങ്ങളും ഒക്കെയായി ശബ്ദങ്ങൾ കടന്നു വരുന്നു. പുസ്തകത്തിൽ നിശബ്ദമായ നിമിഷങ്ങൾ വളരെ കുറവാണു.

bhagyasree-raveendran
ഭാഗ്യശ്രീ രവീന്ദ്രൻ

‘ഒരു ഫേസ്ബുക്ക് പ്രണയകഥ’ മികച്ച വായനാസുഖം നൽകുന്നുണ്ട്. മുന്നൂറു പേജിനു മുകളിൽ ഉള്ള ഒരു പുസ്തകം മടികൂടാതെ വായിപ്പിക്കുക എന്നത് എളുപ്പമല്ല. രാഹുൽ രാജ് നല്ലൊരു നറേറ്റർ ആണ്. ഡീറ്റൈലിംഗിലും കഥാപാത്രനിർമ്മിതിയിലും ഉള്ള സൂക്ഷ്മത പ്രത്യേകം എടുത്തു പറയേണ്ടത് ആണ്. ചുരുങ്ങിയ വാക്കുകൾകൊണ്ട് പൂർണതയുള്ള കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് കഥാകാരന്റെ മിടുക്കു തെളിയിക്കുന്നുണ്ട്.

90 കളുടെ ഗൃഹാതുരത്വം നിരവധി കഥാപാത്രങ്ങളായി നമുക്കു മുന്നിൽ വരുന്നുണ്ട്. ക്രൂർ സിംഗ് കൂടെയുള്ള കൂട്ടുകാരന്റെ രൂപമായും, അമ്മ ജാസൂസ് വിജയ് ആയും മറ്റും ഒരുപാട് ക്യാരക്ടർസ് സീനിൽ വരുന്നുണ്ട്. അതെ പോലെ ‘ദിൽ ചാഹ്താ ഹേ’ യിലെ യിലെ ‘കൈസേ ഹേ യെ’ എന്ന പാട്ട്.

ഒരുപാട് കാര്യങ്ങൾ ഇങ്ങനെ സൂക്ഷ്മാമയി രേഖപ്പെടുത്തിയിട്ടുണ്ട്. ബസ് യാത്ര, കാൽനടയാത്രകളിലൂടെ തിരുവന്തപുരം സിറ്റിയുടെ ഏകദേശരൂപം രാഹുൽ വരച്ചിടുന്നുണ്ട് . CET എന്ജിനീറിംഗ് കോളേജ് , തമ്പാനൂർ ബസ്സ്റ്റാൻഡ് , റയിൽവേ സ്റ്റേഷൻ , ടെക്നോപാർക്‌ , ടൂൺസ് അനിമേഷൻ ഓഫീസ് , ഇങ്ങനെ നായകൻ ഇടപെടുന്ന ഒരുപാട് സ്ഥലങ്ങൾ ജോഗ്രഫിക്കലി കൺഫ്യൂസിങ് ആക്കാതെ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ഇതു കൂടാതെ ശരാശരി തിരുവനന്തപുരംകാരന്റെ എല്ലാ ശീലങ്ങളും, വെട്ടിക്കൂട്ടു അവിയൽ ഉൾപ്പെടെ, രാഹുൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. “അവനെ കാണുമ്പോൾ വിരു വിരാന്നു വരുന്നു ” എന്ന് ഉദാഹരിച്ച് ഒരു കാര്യം അതിന്റെ മാക്സിമത്തിൽ എക്സ്പ്രസ് ചെയ്യാൻ ഉള്ള തിരുവനന്തപുരംകാരുടെ കഴിവൊക്കെ വിശദീകരിക്കുമ്പോൾ അവിടെ ഒരു പ്രാദേശികവാദിയെ കാണാം. .

മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആയി മാറിയ കരിക്കു വെബ് സീരീസിനു മുന്നേ നടന്നെന്ന വിധത്തിൽ ഉള്ള ഹാസ്യമുഹൂർത്തങ്ങൾ ഒരു ഫേസ്ബുക് പ്രണയകഥയിൽ ഉണ്ട്. അവിവാഹിതരായ ചെറുപ്പക്കാരുടെ കൂട്ടത്തിൽ നടക്കുന്ന പലകാര്യങ്ങളും രസിപ്പിക്കുന്നതാണ്. പുസ്തകം തുടർന്ന് വായിപ്പിക്കുന്നതിൽ ഇത്തരം നർമ്മമുഹൂർത്തങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കഥ പറച്ചിലിന്റെ ആകർഷണീയതയോടൊപ്പം സാങ്കേതികവിദ്യയുടെ പഴയൊരുകാലം പരിചയപ്പെടുന്നതിന്റെ കൗതുകം കൂടെ ഇന്ന് ഒരു ഫേസ്ബുക്ക് പ്രണയ കഥ വായിക്കുന്നവർക്ക് ലഭിക്കും. ഇതൊന്നും ചെറിയ കാര്യങ്ങളല്ലെന്ന് കഥ വായിക്കുന്നവർക്കറിയാം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Advertisements

Leave a Reply

%d bloggers like this: