സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ ട്രെയിനുകളിൽ ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും

തിരുവനന്തപുരം:
സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനിൽ 18 കോച്ചിലും പാലക്കാട‌് ഡിവിഷനിൽ ഒമ്പത‌് കോച്ചിലുമാണ‌് ഇനി ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ളത‌്. കോച്ചുകളിലെ പഴയ ടോയ‌്‌ലെറ്റ‌് സംവിധാനം ഇളക്കിമാറ്റി ബയോടോയ‌്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കാൻ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ശിരീഷ‌്കുമാർ സിൻഹ ജീവനക്കാർക്ക‌് നിർദേശം നൽകി.

എല്ലാ ട്രെയിനിലും ബയോടോയ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ‌് ചെയർമാനോടും ആവശ്യപ്പെട്ട പ്രകാരമാണ‌് പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത‌്. സംസ്ഥാനത്തുകൂടെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകളിൽ ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം അതത‌് ഡിവിഷനുകൾക്കാണ‌്. അത്തരം ട്രെയിനുകളിലും വൈകാതെ ബയോടോയ‌്‌ലെറ്റ‌് സംവിധാനമെത്തും. ഇതോടെ സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകൾ പൂർണമായി മാലിന്യവിമുക്തമാകും.

ബയോടോയ‌്‌ലെറ്റ‌്
ടോയ‌്‌ലെറ്റിനടിയിലെ പ്രത്യേക ടാങ്കിൽ എത്തുന്ന മാലിന്യം അനഎയ‌്റോബിക‌് ( anaerobic bacteria ) ബാക‌്ടീരിയയുടെ സഹായത്തോടെ വിഘടിച്ച‌് ജലവും വായുവുമാക്കി പുറന്തള്ളും. ക്ലോറിനേഷൻ നടത്തിയ ജലം മാത്രമാണ‌് പുറന്തള്ളുക. യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ച‌് ബയോടോയ‌്‌ലെറ്റുകളുടെ സാങ്കേതികവിദ്യയിലും റെയിൽവേ മാറ്റം വരുത്തിയിരുന്നു. കുറച്ച‌് അളവിൽ ജലം ഉപയോഗിച്ചാൽ മതിയാകുന്ന വാക്വം ബയോടോയ‌്‌ലെറ്റുകളാണ‌് ഇപ്പോൾ ഉപയോഗിക്കുന്നത‌്.

Leave a Reply

Your email address will not be published. Required fields are marked *