Wednesday, July 28, 2021

ബൊളിച്ച പതിക്കാത്ത നേരു

പണിയഗോത്രഭാഷാകവിത

സിന്ധു മാങ്ങണിയൻ

പയമെലിക്കു ഒരുക്ക തിരിഞ്ചു പോകണും
തെളിവു തേടി കാണണും
മലെ അടിവാരത്തു ഏച്ചിരു കൊമ്പുമ്പെ
ആലെവണ്ണെ ചിലെച്ചെനെ കാട്ടു കേട്ട
കാട്ടിലേറിന്റ പേരെങ്കു
അറിവും തുണെയും ആകണും
അന്നം തന്ത മണ്ണു തൊട്ടു
മലെന്തെയ്യത്തുനെ
കാവിലമ്മെ ഉത്തപ്പെമ്മാരെ
കാലുപുടിച്ചു മലെ കേറുത്തെ

കാട്ടുപെരുവയിമ്പെ മിനെലിനടന്ത
കരിന്തണ്ടെ ഉത്തെന
കാലു പതിച്ചെനെത്തേടി കാണുവ കാണി
പവുതിക്കു മുറിച്ചുട്ട പിരാണം
ചങ്ങലെക്കണ്ണിമ്പെ കൊരുത്തുട്ടനെ കണ്ടെ

കാരെ മുള്ളുകൊണ്ടു കാലുമ്പ ഓലുന്ത ചോരെക്കു
മറുമരുന്താത്തയി മുറികൂട്ടി

കുറുന്തോട്ടിക്കുടത്തിലി
പാഞ്ചൊളിച്ച പകതിന
തിലെനാരു ചുരുണ്ടു കുറുകുത്ത
പനെങ്കുടത്തിലി പാഞ്ചൊളിച്ച മേലാളത്തിന
തിലെനാരു പനങ്കുലെ പോലെ നൂരുന്ത

മലെന ഉകെരത്തു പാതാളക്കുയിലി
കറുത്ത നിയെലുന ഒച്ചെ
മുയെച്ചു കേട്ട

കാവത്തു കുത്തിക്കിളെച്ചന മൂക്കു
ചെത്തി കുയിച്ചുട്ട ഉത്തമ്മെ
ചങ്കിലി ഒളിപ്പിച്ച കതെ പറെഞ്ചു

മൂന്നടി മണ്ണുക്കു ചോത്തിയം പറെഞ്ചു
കെണിവെച്ചു നമ്മ കുലത്തുന ഉത്തെനെ
മണ്ണുക്കു മറെവെച്ച മേലാളെന കതെ
ഉടമെക ഒക്ക അടിമെക ആത്ത കതെ

ഇന്റത്ത കാടുക്കു
അയവും കാണി മണമും കാണി
കായെലു കുണ്ടെലി കാവിരിപ്പക്കി പറെഞ്ചളു
നാരെയും നൂറെയും കണ്ണുക്കെ കാണാ
പാതിരിക്കൈപ്പെയും നുവപ്പെന കയിപ്പും
നാവു മറന്ത
ചവുട്ടി മെതിക്കാതെ നടന്ത
കരിവുളു വള്ളിയും കാണതെ ആത്താ
മാഞ്ഞിക്കുടത്തിലി മാഞ്ച പകതിക്കു
വൊള്ളിലെച്ചാറിലി ചിരിയും ചുവപ്പകാണി

വൊളിച്ചം പതിക്കതെപോയ നേരു
മെലികയിച്ച നിയെലുകള
കിരെച്ചിലും പോരാട്ടമും
നലുമെയും ഇനിയും
മാഞ്ചും മറെഞ്ചും ഉള
തേടണും അറിയണും

കാടിറങ്കുത്തനേരത്തു
മലെന ഉകെരത്തു പാതാളക്കുയിലിത്ത
കരിനിയെലുന ഒച്ചെ മുയെച്ചു കേട്ട
കുരുതിക്കു നീയു തുണെ നിക്കണ്ട
നീയു നിന്ന മണ്ണുനെ
നീയു നിന്ന പൊണ്ണുനെ
നീയു നിന്ന മക്കളെ കാത്ത കണും

athmaonline-the-arteria-bolicha-pathikkatha-neru-sindhu-manganiyan-illustration
Illustration : Subesh Padmanabhan

മലയാള പരിഭാഷ

വെളിച്ചം പതിക്കാത്ത പൊരുളുകൾ

പഴമയിലേക്കൊന്നു തിരിഞ്ഞു നടക്കേണ്ടതുണ്ട്
പൊരുളു തേടി കണ്ടെത്തേണ്ടതുണ്ട്
മലയടിവാരത്തെ ഏച്ചിര് മരക്കൊമ്പിൽ
വണ്ണാത്തിക്കിളി ചിലച്ചു കാടുണർത്തി
കാടേറും പേരന് അറിവും തുണയും ആവണമെന്ന്
അന്നമൂട്ടും മണ്ണു തൊട്ട്
മലത്തെയ്യങ്ങളെ കാവിലമ്മയുത്തപ്പമ്മാരെ തൊഴുത് മലകേറി

കാട്ടുവഴികളിൽ
മുമ്പേ നടന്ന കരിന്തണ്ടനുത്തന്റെ
കാൽപാടു തേടി കണ്ടില്ല
പാതിയിൽ അറുത്തിട്ട പ്രാണനെ
ചങ്ങലക്കയ്യാൽ കൊരുത്തു കണ്ടു

കാരമുള്ളു കൊണ്ട് കാലിൽ പടർന്ന ചോരക്ക്
മറുമരുന്നായി മുറികൂട്ടി

കുറുന്തോട്ടിച്ചുവട്ടിൽ
ചെന്നൊളിച്ച പകതിയുടെ
മുടിനാരു ചുരുണ്ടു കുറുകി
പനഞ്ചുവട്ടിൽ പാഞ്ഞൊളിച്ച മേലാളത്തിക്ക് മുടിനാരു
പനങ്കുലപോൽ നീണ്ടു

മലമുകളിലെ പാതാളക്കുഴിയിൽ
കറുത്ത ആത്മാവിന്റെ ശബ്ദം മുഴങ്ങിക്കേട്ടു

കാവത്തു കുത്തിക്കിളച്ചതിൻ മുള
ചെത്തിക്കുഴിച്ചിട്ട ഉത്തി
ചങ്കിലൊളിപ്പിച്ച കഥക്കെട്ടഴിച്ചു
മൂന്നടി മണ്ണു ചോദിച്ച്
ചതിമെനഞ്ഞ് സ്വന്തം കുലത്തിന്റെ തലവനെ
മണ്ണു പുതപ്പിച്ച മേലാളന്റെ കഥ
ഉടയോരെല്ലാം അടിയോരായ കഥ

ഇന്നത്തെ കാടിന്
നിറമില്ല മണമില്ല
മുളങ്കൂട്ടത്തിനിടയിലിരുന്ന കാവിരിക്കിളി പറഞ്ഞു
നാരയും നൂറയും കണ്ണിനു കാൺമതില്ല
പാതിരിക്കൈപ്പയും നുവപ്പൻ കയ്പ്പും നാവുമറന്നു
ചവിട്ടേറ്റു മെതിയാതെ കവച്ചു നടക്കാറുള്ള
കരിവുളു വള്ളിയും കാണാതായ്
മാനിപ്പുൽച്ചോട്ടിൽ മറഞ്ഞ പകതിക്ക്
വെള്ളിലച്ചാറിൽ ചിരി ചുവന്നില്ല

വെളിച്ചം പതിയാതെ പോയ പൊരുളുകൾ
ബലികഴിക്കപ്പെട്ട ആത്മാക്കളുടെ തേങ്ങലുകൾ
പോരാട്ടങ്ങൾ
നൻമകൾ
ഇനിയുമെത്രയോ മറഞ്ഞു കിടപ്പുണ്ട്
തേടേണ്ടതുണ്ട് അറിയേണ്ടതുണ്ട്

കാടിറങ്ങും നേരം
മലമുകളിലെ പാതാളക്കുഴിയിൽ ഉയർന്ന
കറുത്ത ആത്മാവിന്റെ ശബ്ദം കാതുകളിൽ മുഴങ്ങി
കുരുതിക്കു കൂട്ടു നീ ആവാതിരിക്കുക
നീ നിന്റെ മണ്ണിനെ
നീ നിന്റെ പെണ്ണിനെ
നീ നിന്റെ മക്കളെ കാത്തുകൊൾക !

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

തിറയാട്ടം

ഫോട്ടോ സ്‌റ്റോറി മിന്റു ജോൺ ആൾക്കൂട്ടങ്ങളിലേക്കിറങ്ങി ആ ബഹളങ്ങൾ ആസ്വദിക്കുക, കുറേയധികം ആളുകളുമായി സംസാരിക്കുക ... യാത്രകൾ അങ്ങനെ പലതും വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയ അവസരത്തിലാണ് കോവിഡിന്റെ ഒന്നാം ഘട്ട ലോക്ക് ഡൗണിന് ഒരയവ്...

ഭൂമിയുടെ വിത്ത്

കവിത കുഴൂർ വിത്സൺ അതിരാവിലെ ഭൂമിയുടെ വിത്തുകൾ ശേഖരിക്കാൻ പുറപ്പെട്ടു തിരിച്ച് പറക്കും വഴി ചിലത് പുരമുകളിൽ വീണു ചിലത് മലമുകളിൽ വീണു മറ്റ് ചിലത് വയലുകളിൽ ഭൂമിയുടെ വിത്തുകൾ മണ്ണിലും കണ്ണിലും വിണ്ണിലും മുളയ്ക്കാൻ...

വിനിമയവും മൂന്ന് കവിതകളും

കവിത ടി. പി. വിനോദ് 1. പറയുന്നു “കിതക്കുന്നല്ലോ? നടക്കുകയാണോ?” “അല്ല, നിന്റെ ശബ്ദത്തിൽ നിന്ന് ശ്വാസമെടുക്കുകയാണ്, കിട്ടാവുന്ന സമയത്തിനുള്ളിൽ പറ്റാവുന്നത്ര വേഗത്തിൽ.” 2. തോന്നുന്നു ഒരു ജലകണത്തിന് മരത്തിനുള്ളിലേക്ക് പോകാമെന്ന് തോന്നുന്ന മട്ടിൽ, ഒരു പുഴ തനിക്ക് കുറുകെ സഞ്ചാരങ്ങളെ വിട്ടുകൊടുക്കുന്ന വിധത്തിൽ, മനുഷ്യർക്കും എനിക്കുമിടയിൽ വേരുകളോ പാലങ്ങളോ ഉള്ളതിന്റെ സങ്കീർണ്ണമായ അത്ഭുതം 3. ചോദിക്കുന്നു ഏകാന്തത ഒരു ചോദ്യമാണെങ്കിലല്ലേ അതിനൊരു ഉത്തരം കണ്ടെത്തേണ്ടതുള്ളൂ? ... https://www.youtube.com/watch?v=YJNAL4fiNjg ടി.പി.വിനോദ് കവി. ഗവേഷകന്‍. ബംഗളൂരുവിലെ...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat
%d bloggers like this: