Homeവായനകഥകളല്ല, ദേശത്ത് നിന്ന് കണ്ടെടുത്ത നിധികള്‍

കഥകളല്ല, ദേശത്ത് നിന്ന് കണ്ടെടുത്ത നിധികള്‍

Published on

spot_imgspot_img

വായന

പ്രസാദ് കാക്കശ്ശേരി

അദ്ധ്യാപകനും സഹൃദയനുമായ തന്‍റെ പിതാവിന്‍റെ കൈവിരല്‍ തുമ്പില്‍ പിടിച്ച് ഒരു മകന്‍ നടന്ന് കണ്ട ദേശക്കാഴ്ചകളും പൊരുളുകളുമാണ് റാഫി നീലങ്കാവിലിന്റെ ‘ദേശം ചൊല്ലിത്തന്ന കഥകള്‍’ എന്ന പുസ്തകത്തില്‍ ഉളളടങ്ങിയിട്ടുളളത്. തലമുറകളിലൂടെ വിനിമയം ചെയ്യേണ്ട നാട്ടോര്‍മ്മകളുടെ ഹൃദ്യമായ ആഖ്യാനം. കഥ പറയുന്ന ചേലോടെ ദേശം സ്വയം സംസാരിക്കുന്നു. ഉത്സവങ്ങളും വഴിയടയാളങ്ങളും പൗരാണിക സ്മൃതികളും സാംസ്കാരിക പൊലിമകളും നാട്ടുപേരിന്റെ വേരുബലവും ചരിത്രബോധ്യങ്ങളും ഉള്‍ച്ചേര്‍ന്ന് ദേശം കാലത്തെ വിസ്മയിപ്പിക്കുകയും ചലനാത്മകമാക്കുകയും ചെയ്യുന്നു. പ്രാദേശിക ചരിത്രത്തിന്‍റേയോ സ്ഥലനാമ വിശകലനത്തിന്റെയോ നേര്‍ഗദ്യത്തിലല്ലാതെ അനുഭവസ്പര്‍ശമുളള നോട്ടങ്ങള്‍ കൊണ്ട്, സഹജമായ ബോധ്യങ്ങള്‍കൊണ്ട്, കഥാകഥനത്തിന്റെ ശൈലീവിശേഷങ്ങള്‍കൊണ്ട് ഈ നാട്ടോര്‍മ്മകള്‍ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ അഭിസംബോധന ചെയ്യുന്നു. വസ്തുതകള്‍ക്ക് വിളളലുകള്‍ സംഭവിക്കാതെ, പുന:പരിശോധിച്ച്, ഗവേഷണാത്മകമായ നിഗമനങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുളളത്. എന്നാല്‍ ഒരു ചരിത്ര പുസ്തകമായി ‘റഫറന്‍സ്’ സ്വഭാവത്തില്‍ അടഞ്ഞ് പോവാതിരിക്കാന്‍ ഭാവനാത്മകമായ സവിശേഷമായ രചനാരീതി റാഫി നീലങ്കാവിലിന്റെ പുസ്തകത്തെ പാരായണക്ഷമമാക്കുന്നു.



ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം പരിശോധിക്കേണ്ട, ആവശ്യം വരുമ്പോള്‍ മാത്രം തേടിച്ചെല്ലേണ്ട ഒന്നല്ല ചരിത്രമെന്നും യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ബോധ്യമായി ഉള്‍ച്ചേരേണ്ടതാണ് എന്നും ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. ഏകപക്ഷീയമായ ദേശനിര്‍മ്മിതികളും അധികാര സ്വരൂപങ്ങളില്‍ നിയന്ത്രിക്കപ്പെടുന്ന ദേശപ്പെരുമകളും മത-ജാതി വിശേഷങ്ങളില്‍ മാത്രം നട്ടം തിരിയുന്ന ദേശ ക്കാഴ്ചകളും സ്ഥാപിക്കപ്പെടുന്ന സമകാലത്ത് ബഹുസ്വരതയുടെ, ജനകീയ ചരിത്ര ദേശബോധ്യങ്ങളുടെ തന്‍റേടം അനിവാര്യമാണെന്ന് ഒരര്‍ത്ഥത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ് ഈ പുസ്തകം. ഈ ആഗോളവത്കരണ കാലത്ത് പ്രാദേശിക ജ്ഞാനരൂപങ്ങളുടെ അനിവാര്യത എന്താണെന്ന് നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ നിരീക്ഷിക്കുന്നുണ്ട്. “വേരില്ലാത്ത മരത്തിന് ആകാശവും ഇല്ല. ഓരോ നാടിനും അതിന്റേതായ ജ്ഞാനശേഖരവും അനുഭവചരിത്രവുമുണ്ട്. അക്കാര്യം എഴുത്തുവഴി മറ്റ് ദേശക്കാരെ അറിയിക്കേണ്ടതുണ്ട്. ആഗോളവത്കരണം എന്ന അധിനിവേശവല്‍ക്കരണ കാലത്ത് എല്ലാ നാടുകള്‍ക്കും സര്‍ഗാത്മകതയുണ്ട് എന്നറിയിക്കുന്നതിന് വലിയ പ്രതിരോധമൂല്ല്യമുണ്ട്.” (ഇ.പി.രാജഗോപാലനുമായി ഡോ.ജിനേഷ്കുമാര്‍ എരമം നടത്തിയ അഭിമുഖം, ദേശാഭിമാനി വാരിക, ഒക്ടോബര്‍ 4, 2020) നഗരങ്ങള്‍ ഗ്രാമങ്ങളെ വളയുക മാത്രമല്ല, വരിഞ്ഞ് മുറുക്കി തകര്‍ത്തുകളയുമ്പോള്‍ ഓര്‍മ്മകള്‍, ഈടുവെയ്പ്പുകള്‍, നാം നടന്ന വഴികള്‍, നിവര്‍ന്ന് നില്‍ക്കുന്ന മണ്ണിലെ ജൈവസംയുക്തങ്ങള്‍, സാംസ്കാരിക മുദ്രകള്‍, നാട്ടുക്കൂട്ടായ്മകള്‍ എന്നിവ കണ്ടെടുക്കുകയും പുതുതലമുറയിലേക്ക് വിനിമയം ചെയ്യാന്‍ ഉതകുന്ന രീതിയില്‍ രേഖപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.



പാവറട്ടി, പുതുമനശ്ശേരി, വെന്‍മേനാട്, കാക്കശ്ശേരി, ചിറ്റാട്ടുകര, ചുക്കുബസാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്ര-പൗരാണിക-സാസ്കാരിക സ്മൃതികള്‍ കഥപോലെ പുനര്‍ജനിക്കുന്നുണ്ട്. മിത്തുകളും യക്ഷിക്കഥകളും ഐതിഹ്യങ്ങളും ചൊല്‍വഴക്കങ്ങളും ദേശപ്രകൃതിയും കാലത്തിന്‍റെ സ്പന്ദനങ്ങളായി അവതരിപ്പിക്കുന്നു. കഥയും ചരിത്രവും മുഖാമുഖം നിന്ന് സംവദിക്കുന്നു. പുതുമനശ്ശേരിക്കടുത്തുളള നായര്‍ത്തറവാട്ടിലെ ഭൂതത്തറ, ചാത്തന്‍പറമ്പും കൊളമ്പുമാവും, കുതിരപ്പുറത്ത് വരുന്ന സെബസ്ത്യാനോസ് പുണ്യാളന്‍, ചുക്കുബസാറിലെ വഴിയമ്പലം തുടങ്ങിയവ ഒരു ദേശത്തിന്റെ സ്മൃതിയില്‍ അലിഞ്ഞ് ചേര്‍ന്നത് തനിമയോടെ അവതരിപ്പിച്ചിട്ടുണ്ട്. പളളിക്കുളം, മണ്ണാത്തിക്കുളം, ചെല്ലംകുളം എന്നീ കുളങ്ങള്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്നതുപോലെ അനുഭവപ്പെടുന്നു. ‘കുളം കഥ പറയുമ്പോള്‍’ എന്ന ഭാഗം ഏറെ ഹൃദ്യമാണ്. ” അതിലാഭം കണ്ടോട്ത്ത്ന്ന് ഓഴിച്ചൊടാ മാത്വോ, തോമെ…” എന്ന പഴഞ്ചൊല്ലിന്‍റെ പിന്നിലെ ജീവിതകഥയും പുതുതലമുറയെ സംബന്ധിച്ച് കൗതുകം നല്‍കുന്നതും ചൊല്ലുകള്‍ രൂപപ്പെടുന്ന സന്ദര്‍ഭങ്ങളെക്കുറിച്ചുളള ഏകദേശ ധാരണ രൂപപ്പെടുത്തുന്നതുമാണ്.



കാക്കശ്ശേരി ഭട്ടതിരി സ്മാരകം, പാവറട്ടി ഗൊവേന്ത പളളി, വെന്‍മേനാട് ദര്‍സ്, പളളി, പാവറട്ടി സംസ്കൃത വിദ്യാപീഠം, സ്കൂള്‍ എന്നിങ്ങനെ ദേശത്തിന്റെ സാംസ്കാരികപ്പെരുമയുടെ ഭാഗമായ വൈവിദ്ധ്യങ്ങളെ ചരിത്രവസ്തുതകളോടെ രേഖപ്പെടുത്തുന്നുണ്ട് റാഫി നീലങ്കാവില്‍. സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം പകര്‍ന്ന വി.എ. കേശവന്‍നായരും സംസ്കൃത പ്രണയഭാജനം പി.ടി.കുര്യാക്കോസ് മാസ്റ്ററും ഉള്‍പ്പെടെയുളള ഒട്ടേറെ വ്യക്തിത്വങ്ങളേയും അവരുടെ സര്‍ഗാത്മക ഇടപെടലുകളേയും പരാമര്‍ശിച്ചിട്ടുണ്ട്.

prasad kakkassery
പ്രസാദ് കാക്കശ്ശേരി

പാവറട്ടി സ്കൂള്‍ മൈതാനിയില്‍ ജവഹര്‍ലാല്‍ നെഹ്റു പ്രസംഗിച്ചതും മദ്രാസ് സ്പീക്കറായിരുന്ന എന്‍. ഗോപാലമോനോന്റെ ജന്‍മഗൃഹം പുളിഞ്ചേരി മനയിലായിരുന്നു എന്നതും പുതിയ തലമുറയ്ക്ക് അറിയാനാകും.

കഥ പറയുന്ന ലാളിത്യത്തോടെ ദേശത്തിന്റെ ചരിത്രവും പുരാവൃത്തവും കൂടിക്കുഴഞ്ഞ പശിമണ്ണ് കുഴിച്ച് നിധി കണ്ടെടുത്ത് പുതുതലമുറയ്ക്ക് വീതിയ്ക്കുകയാണ് റാഫി നീലങ്കാവില്‍. വരും തലമുറകള്‍ക്കും വീതിച്ചെടുക്കാവുന്ന അപൂര്‍വ്വ നിക്ഷേപങ്ങളുളള അക്ഷയപാത്രമാണ് ഓരോ ദേശവുമെന്ന ബോധ്യപ്പെടുത്തല്‍ ഈ പുസ്തകത്തെ പ്രസക്തമാക്കും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...