പ്രണയമെഴുതും ‘ഉയിരി’ടങ്ങള്‍

നിധിന്‍ വി.എന്‍.

എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്‍ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം. വിരഹം, വേദന, സന്തോഷം എന്നിങ്ങനെ അതണിയും വേഷങ്ങള്‍ പലതാണ്. ഒരു തവണയെങ്കിലും പ്രണയത്തിലെത്താത്തവര്‍ വിരളമായിരിക്കും.

ഗോപാലരത്നം സുബ്രഹ്മണ്യം എന്ന മണിരത്നത്തെ പലരും വിശേഷിപ്പിക്കാറ് പ്രണയമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലാത്ത സംവിധായകനെന്നാണ്. അത്രമേല്‍ മനോഹരമായി പ്രണയത്തെയവതരിപ്പിച്ച മറ്റൊരു സംവിധായകനുണ്ടോ എന്ന കാര്യം സംശയമാണ്. 36 വര്‍ഷത്തെ തന്റെ കരിയര്‍ കൊണ്ട് പ്രതീക്ഷ വറ്റാത്തൊരു ബിംബമായി മാറുകയായിരുന്നു മണിരത്നം. പറയുന്നകഥകള്‍ വ്യത്യസ്തമായിരിക്കുമ്പോഴും പ്രണയത്തെ മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. 1983-ല്‍ പുറത്തിറങ്ങിയ ‘പല്ലവി അനുപല്ലവി’യിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. സംഗീതത്തിന്റെയും പ്രണയത്തിന്റെയും പിന്‍ബലത്തില്‍ പലജീവിതങ്ങള്‍ നിറച്ചു കഥ പറഞ്ഞ്, ആസ്വാദക മനംകവര്‍ന്ന സംവിധായകനാണ് അദ്ദേഹം.

മണിരത്നത്തിനുള്ള ട്രിബ്യൂട്ട് എന്ന നിലയില്‍ പ്രവീണ്‍ പിസി ഒരുക്കിയ ചിത്രമാണ് ഉയിര്‍. പ്രണയം തന്നെയാണ് ഇവിടെയും വിഷയം. തന്റെ സമുദായത്തിന്റെ ഉന്നമനം സ്വപ്നം കാണുന്ന, അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ശെല്‍വത്തെയാണ് ചിത്രം കാട്ടിത്തരുന്നത്. ശെല്‍വമായി എത്തുന്നത് സംവിധായകനായ പ്രവീണ്‍ തന്നയാണ്.

ശെല്‍വം എന്ന് കഥാപാത്രത്തിന് പേരിടുമ്പോള്‍ പ്രവീണ്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ പ്രകാശ് രാജ് തകര്‍ത്തഭിനയിച്ച ശെല്‍വം എന്ന കഥാപാത്രത്തെ അത്രവേഗമൊന്നും മറക്കാന്‍ ആര്‍ക്കും കഴിയില്ല. ആ കാര്യം പ്രവീണിനും  അറിയാവുന്നത് തന്നെയാണ്. രണ്ട് കഥകളിലും ശെല്‍വമായി എത്തുന്നവര്‍ അവരുടെ സമുദായത്തിന്റെയോ/ നാടിന്റെയോ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്നു എന്നത് യാദൃശികമല്ല. കാര്യങ്ങള്‍ ഈ വിധം ആകയാല്‍ ചില കൂട്ടിവായനകള്‍ സാധ്യമാണ്.  എന്നിരുന്നാലും മണിരത്നത്തിന്റെ ശെല്‍വത്തിന്റെ നിഴലിലൊതുങ്ങാതെ മറ്റൊന്നായി നിലനില്ക്കാന്‍ പ്രവീണിന്റെ ശെല്‍വത്തിന് കഴിയുന്നുണ്ട്.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം, സിനിമ സ്വപ്നം കാണുന്നവരുടെ അതിലേക്കുള്ള മാര്‍ഗ്ഗമാണ്. ദ്വിഭാഷാസങ്കരമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് ഷൊര്‍ണൂരാണ്. പിന്നെ എടുത്ത് പറയേണ്ടത് മനോഹരമായ ദൃശ്യങ്ങളൊരുക്കിയ അനൂപ് വാലത്തിന്റെ ക്യാമറയാണ്. എഡിറ്റിംഗ് ജോഫി പാലയൂര്‍. സംഗീതം ജാബി ബാപ്പു.

Leave a Reply

Your email address will not be published. Required fields are marked *