Tuesday, September 27, 2022

സുന്ദരമായ തള്ളുകൾ കൊണ്ട് മനം നിറച്ച് കലക്ടർ ബ്രോ

വായന

റിഹാബ് തൊണ്ടിയിൽ

നമ്മുടെ നാടുകളിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ ഉള്ള സംവിധാനമാണ് കളക്ടർമാർ എന്നത്. നാളിതു വരെ ഒരുപാട് പേര് ആ സ്ഥാനത്ത് വന്നു പോയെങ്കിലും എല്ലാവരിൽ നിന്നും വ്യത്യസ്തനായി കൊണ്ടാണ് ശ്രീ. പ്രശാന്ത് നായർ കോഴിക്കോട് കളക്ടർ ആയി പ്രവർത്തിച്ചത്. സാമൂഹിക മാധ്യമങ്ങളെ പരമാവധി അനുകൂലമായി ഉപയോഗിച്ച് കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സിൽ കളക്ടർ ബ്രോ എന്ന വിളിപ്പേര് നേടിയ, മറ്റു ജില്ലക്കാർ അസൂയയോടെ നോക്കിക്കണ്ട ആ കോഴിക്കോടൻ ഭരണകാലത്തെ വിശേഷങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത് (അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ തള്ളി മറിച്ചത്).

സർക്കാർ ഉന്നതതല ഉദ്യോഗസ്ഥരുടെ വിവിധ വകുപ്പുകളിലേക്കുള്ള പെട്ടെന്നുള്ള നിയമനങ്ങളുടെ രീതിയെയും കീഴ്ജീവനക്കാരുടെ നിയമനങ്ങളെയും ചെറുതായി വിമർശിച്ചു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. തന്റെ അക്കാഡമിക് ലൈഫിലെ ചില ട്രെയിനിങ് വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും മഹാത്മാ ഗാന്ധിയുടെ വാക്കുകളും കോഴിക്കോട് നഗരത്തിൽ അന്ന് വരെ പരിചിതമല്ലാത്ത കംപാഷനേറ്റ് കോഴിക്കോട് എന്ന പദ്ധതിയിലേക്ക് എത്തിച്ചതും അധികം ആഡംബരങ്ങളില്ലാതെ അദ്ദേഹം പറഞ്ഞുവെക്കുന്നു.

സർക്കാർ സംവിധാനങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള അർഹരായ, അവശത അനുഭവിക്കുന്ന, അവഗണിക്കപ്പെട്ട വിഭാഗങ്ങളെ കൂട്ടിച്ചേർക്കാൻ നടത്തിയ ശ്രമങ്ങളും അതിനിടയിൽ നേരിടേണ്ടി വന്ന സന്തോഷങ്ങളും സങ്കടങ്ങളും പരാതികളും പരിഭവങ്ങളും അനുഭവങ്ങളുമെല്ലാം കൂട്ടിച്ചേർത്ത് ഒരു കൊച്ചു സർവീസ് സ്റ്റോറി എന്ന് വിളിക്കാനാണെനിക്കിഷ്ടം. ചില പദ്ധതികൾ വിജയിപ്പിക്കാനായി ഭരണ സ്വാധീനത്തിൽ ഉപയോഗിച്ച പൊടിക്കൈകകളും കണ്ണിൽ പൊടിയിടുന്ന ഉറപ്പുകളും വെളിപ്പെടുത്തുക ആയിരുന്നു ഭാവിയിലേക്ക് ഇത്തരം പദ്ധതികളുടെ നടത്തിപ്പിന് നല്ലത് എന്നൊരു കൊച്ചു വിമർശനം കൂടെ ചേർക്കാതെ നിവൃത്തിയില്ല.

സാമൂഹിക മാധ്യമങ്ങളിൽ നാം ഇന്ന് കാണുന്ന അത്ഭുതമായ വളർച്ചയുടെ ഒരു കൊച്ചുപതിപ്പായിരുന്നു കളക്ടർ പ്രശാന്ത് കോഴിക്കോട്ടെ ജനങ്ങൾക്ക് വേണ്ടി പരീക്ഷിച്ചത്. പല കോണുകളിൽ നിന്നും പല രീതിയിലുള്ള പരിഹാസങ്ങളും നേരിടേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ ആ ഉൾക്കാഴ്ച ഇന്ന് അഭിനന്ദിക്കാതെ വയ്യല്ലോ. കംപാഷനേറ്റ് കോഴിക്കോടും, ഓപ്പറേഷൻ സുലൈമാനിയും, സവാരി ഗിരിഗിരിയും, ബീച്ച് സൗന്ദര്യവല്ക്കരണം, ചുമർചിത്രങ്ങളും, ഒപ്പത്തിനൊപ്പവുമെല്ലാം ഇന്നും വിസ്മരിക്കാൻ വയ്യാത്ത മാതൃകകൾ ആയി തുടരുന്നു. ഇത്തരം പദ്ധതികൾ എല്ലാം അസാധ്യമല്ലെന്നും ദീർഘവീക്ഷണവും കഴിവും നിറഞ്ഞ ഒരുപറ്റം പേരുടെ നേതൃത്വപാടവം കൊണ്ട് എത്തിപ്പിടിക്കാൻ പറ്റുന്നതേ ഉള്ളൂ എന്ന് അദ്ദേഹത്തിന്റെ ഭരണകാലത്തെ സംഭവങ്ങൾ വിശദീകരിച്ചു നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.

നമ്മുടെ ഈ കൊച്ചുജീവിതം എന്തിനൊക്കെ വേണ്ടി ചെലവഴിച്ചു എന്നൊരു ആത്മചിന്തയും ഇതിലെ ഓരോ ഭാഗങ്ങളിലൂടെയും കടന്ന് പോകുമ്പോൾ മനസ്സിനെ അറിയാതെ കലുഷിതപ്പെടുത്താനും കളക്ടർ ബ്രോക്ക് കഴിഞ്ഞു എന്ന് പറയാതെ വയ്യ.

ലെഗേജിന്റെ ഭാരം കുറയുംതോറും യാത്ര കൂടുതൽ സുഖപ്രദമാകുമെന്ന ഇന്ത്യൻ റയിൽവെയുടെ ഫിലോസോഫിയോട് ഉപമിച്ചാൽ ജീവിതയാത്രകളും അങ്ങനെ തന്നെയാണ്. കൂടുതൽ ബേജാറാകും തോറും ജീവിതത്തിന്റെ കുഞ്ഞു സന്തോഷങ്ങളും സൂക്ഷ്മവശങ്ങളും നമുക്ക് ആസ്വദിക്കാൻ കഴിയാതെ പോകുന്നു. കാരുണ്യത്തോടെയും ആർദ്രതയോടുമുള്ള നിങ്ങളുടെ ഒരു പ്രവർത്തിക്ക് ഒരു വ്യക്തിയുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കാൻ ശക്തിയുണ്ട്. ആ ജീവിതം മറ്റാരുടേതുമല്ല നിങ്ങളുടേത് തന്നെയാണ്.

കളക്ടർ ബ്രോയുടെ സ്വപ്നം പോലെ ഇന്ത്യ മാറട്ടെ, അതോടൊപ്പം ഹൽവ പോലെ മധുരമാർന്ന സ്നേഹം വിളമ്പുന്ന കോഴിക്കോടും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

അദൃശ്യതയുടെ ശേഷിപ്പുകൾ

വായന റിയാസ് കളരിക്കൽ   എല്ലാ ആട്ടങ്ങളും അനക്കങ്ങളും തൂത്തു തുടച്ച്, ചിലനേരങ്ങളിലെങ്കിലും സ്വയമൊരു ഭൂപടംവരച്ച് ഏകാന്തരാജ്യം പണിയാത്തവരില്ല. അതിർത്തിയിലപ്പോൾ നിശബ്ദത തോക്കേന്തി പാറാവ് നിൽക്കും. ഒരുപക്ഷെ സൂര്യനെ ഏറ്റു വാങ്ങുന്ന അന്തിനേരത്തെ കടലുപോലെ അകമാകെ ചുവന്നു...

ഒരു ദേശത്തിന്റെ ഒരായിരം കഥകൾ

വായന ഉവൈസ് നടുവട്ടം എഴുത്ത് ഏറെ ഭാവനാത്മകമാണ്. അതിലേറെ കൗതുകകരവും. നർമങ്ങളും ദുഃഖങ്ങളും സ്നേഹങ്ങളും ഒരേ പോലെ കൈമാറ്റം ചെയ്യപ്പെടുന്ന, കൃത്രിമത്വം സ്പർശിക്കാത്ത ഉടയവന്റെ മനോഹരമായ മാസ്മരികത എഴുത്തിനും എഴുത്തുകാർക്കുമുണ്ട്. അവയിൽ തന്നെ തൊട്ടാൽ...

ഭാഷയെന്ന സാമൂഹ്യ വ്യവഹാരം

വായന ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ഭാഷയെക്കുറിച്ചുളള സാമാന്യ ധാരണ, അത് ആശയവിനിമയോപാധി മാത്രമാണെന്നതാണ്. ഭാഷയിൽ പ്രവർത്തിക്കുന്ന സാമൂഹ്യബലങ്ങളും അധികാര ശ്രേണികളുടെ സമ്മർദ്ദവുമെല്ലാം പലപ്പോഴും വേണ്ട രീതിയിൽ മനസ്സിലാക്കപ്പെടാതെ പോകുന്നു. ആധുനികതയോടെ രൂപപ്പെട്ട സാഹിത്യവിമർശന- സൈദ്ധാന്തിക പദ്ധതികളുടെയെല്ലാം അടിക്കല്ലായി...
spot_img

Latest Articles