HomeCompound Eyeസസ്യാഹാരി ബഗീരൻ ചിലന്തി

സസ്യാഹാരി ബഗീരൻ ചിലന്തി

Published on

spot_imgspot_img

കോംപൗണ്ട് ഐ

വിജയകുമാർ ബ്ലാത്തൂർ

കള്ളു വലിച്ച് കുടിക്കുമ്പോൾ ഏറ്റ് കുടത്തിലെ നുരയിൽ പൊന്തിയ ഇച്ചയും ഉറമ്പുകളും ഒക്കെ കപ്പട മീശക്കാരുടെ മീശ രോമങ്ങൾ അരിച്ച് മാറ്റുന്നതു പോലൊരു പരിപാടി ചിലന്തികൾക്കും ഉണ്ട്. വായ്ക്ക് മുന്നിൽ  താഴോട്ട് തൂങ്ങി ചിലപ്പോൾ നിറയെ രോമങ്ങളുമായുള്ള പെഡിപാൾസ് എന്ന അവയവം ഉണ്ട്. ചില ഇൻസെക്റ്റുകളുടെ പോലെ ഇരകളെ കടിച്ച് മുറിക്കാനുള്ള  വദന ഭാഗ സംവിധാനമോ കഴിവോ ഇവർക്കില്ലല്ലോ. (ചിലന്തികളും ഒരു ഇൻസെക്റ്റ് ആയി പലരും കരുതാറുണ്ട്, ചിലന്തികൾ അരാക്നിഡെയിൽ പെട്ട എട്ടു കാലുകൾ ഉള്ള ജീവികളാണ്. ഇൻസെക്റ്റുകൾ ആറുകാലികൾ അല്ലെങ്കിൽ ഷഡ്പദങ്ങൾ ആണ്.) കൂടാതെ വയറ്റിൽ അധികം സ്ഥലവും ഇല്ല. അതിനാൽ ഇരകളെ കിട്ടിയാൽ വിഷസഞ്ചിയും മുനയഗ്രമുള്ള ഇറുക്കി കുത്താനുള്ള ഒരു അവയവം കൂടി മുന്നിൽ ഉണ്ടാകും. ഇതു കൊണ്ട് വിഷം കുത്തി കഥ കഴിച്ച ശേഷമാണ് ഇരയെ ഭക്ഷണമാക്കുക. ചവക്കാനും നുറുക്കാനും കഴിവ് ഇല്ലാത്തതിനാൽ പുറമേ നിന്ന് തന്നെ ദഹിപ്പിച്ച് ദ്രാവകമാക്കി വലിച്ച് കുടിക്കലാണ് പരിപാടി. അതിന് വേണ്ടി ഉള്ളിൽ ഉള്ള ദഹന എൻസൈമുകൾ ഇരയിൽ ശർദ്ദിച്ച് വെച്ച് കുതിർത്ത് വെക്കും. അലിഞ്ഞ് തുടങ്ങിയാൽ കുറേശെ വലിച്ച് അകത്താക്കും. അപ്പോൾ ഇരയുടെ അലിയാത്ത ശരീരഭാഗങ്ങൾ വയറ്റിലെത്താതെ തടയുന്നത് ഈ കപ്പട മീശയാണ്.

തീറ്റക്കാര്യത്തിൽ ഇരപിടിയനല്ലാത്ത ഒരു ചിലന്തി ഇനം ഉണ്ട്.  ബഗീര കിപ്ലിംങ്ങി. റെഡ്വാർഡ് കിപ്ലിംങ്ങിന്റെ ജംഗിൾ ബുക്കിലെ  അതേ സാധു ബഗീരനെന്ന കരിമ്പുലിയുടെ പേര് തന്നെ മെക്സിക്കോ, കോസ്റ്ററിക്ക, ഗ്വാട്ടിമാല തുടങ്ങി മദ്ധ്യ അമേരിക്കയിൽ ചിലയിടങ്ങളിൽ  കാണുന്ന ഒരിനം കുഞ്ഞൻ  തുള്ളൽ ചിലന്തിയാണിത്. ഭക്ഷണകാര്യത്തിൽ സസ്യഭാഗങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന ഏക ചിലന്തിയിനം. 1896 ൽ ഇതിന്റെ ആണിനെ ആദ്യമായി ഡിസ്ക്രൈബ് ചെയ്തെങ്കിലും നൂറു വർഷത്തിനു ശേഷമാണ് രൂപത്തിൽ നല്ല വ്യത്യാസമുള്ള അവയിലെ പെണ്ണിനെ കണ്ട് റിപ്പോർട്ട് ചെയ്തത്.
അവിടെ ചിലയിനം ഉറുമ്പുകളുമായുള്ള സഹവർത്തിത്വ പരസ്പരാശ്രിത, സഹായ ജീവനം (സിംബയോസിസ്) നടത്തുന്ന ചിലയിനം അക്കേഷ്യ മര ഇനങ്ങളുണ്ട്. ഉറുമ്പുകൾക്ക് വേണ്ടി അക്കേഷ്യ ഇല ഞെട്ടുകളിൽ പ്രോട്ടീനും കൊഴുപ്പും സമൃദ്ധമായ ബഡ്മുനകൾ പരിണമിച്ച് ഉണ്ടായിട്ടുണ്ടാകും. അവയെ ബെൽറ്റിയൻ ബോഡികൾ എന്നാണ് പറയുക. ഉറുമ്പുകൾ ഇത് കഴിക്കാനായി ഇലകളിൽ തന്നെ തങ്ങി കാവലായി  കഴിയുന്നതിനാൽ മേഞ്ഞ് നടക്കുന്ന മൃഗങ്ങളിൽ നിന്ന് മരത്തിന് രക്ഷ കിട്ടും. ഇല കടിച്ച് തിന്നാൻ മൃഗങ്ങൾ ശ്രമിച്ചാൽ, അതിഷ്ടപ്പെടാത്ത, തങ്ങളുടെ ഇഷ്ട ബഡുകൾ നഷ്ടമാവാതെ നോക്കാൻ ഉറുമ്പുകൾ ആക്രമിച്ച് ഓടിക്കും. ഉറുമ്പു രുചിയും ശല്യവും ഭയന്ന് ഇലകൾ തിന്നാതെ മൃഗങ്ങൾ സ്ഥലം വിടും. ഇതാണ് ഉറുമ്പും അക്കേഷ്യയും തമ്മിലുള്ള പരസ്പര സഹായ സഹകരണ സംഘം.

ഈ മധുര മുനകളാണ് ബഗീര ചിലന്തിയുടേയും പ്രിയ ഭക്ഷണം. ഉറുമ്പുകളെ പറ്റിച്ച് ബഗീരൻ മധുര മുനകൾ ദഹിപ്പിച്ച് അകത്താക്കുന്നത് കൂടാതെ പൂന്തേനും കുറച്ച് കഴിക്കും. വരണ്ട കാലത്ത് അപൂർവ്വം ഉറുമ്പുകളുടെ ലാർവകളേയും ശാപ്പിടും എങ്കിലും Bagheera kiplingi പൊതുവെ സസ്യാഹാരി തന്നെ. ഇരകളെ  ദഹനരസങ്ങൾ കൊണ്ട് ദഹിപ്പിച്ച് ദ്രാവകമാക്കി വലിച്ച് കുടിക്കുന്നതു പോലെ ബെൽറ്റിയൻ ബോഡികളായ ബഡുകളെ എങ്ങനെ ഇവർ ദഹിപ്പിക്കുന്നു എന്ന കാര്യം ഇതുവരെയും പൂർണമായും വ്യക്തമായിട്ടില്ല.

ചിലന്തികളുടെ ശാരിരിക രൂപം പലർക്കും വല്ലാത്ത ഭയവും അറപ്പും ഉണ്ടാക്കുന്നതാണ്. ചിലർക്ക് വളരെ ഗൗരവതരമായ ഫോബിയ ആയി ഇവയുടെ കാഴ്ച മാറാറുണ്ട്. ദേഹത്ത് വീണാലോ തൊട്ടടുത്ത് കണ്ടാലോ  ഉറക്കെ കൂവിക്കരഞ്ഞ്, ഭയന്ന് വിറക്കുന്നവർ ഉണ്ട് . ചിലന്തികൾ കൂടാതെ തേളുൾപ്പെടെയുള്ള അരാക്നിഡെ വിഭാഗത്തിലെ ജീവികളോടുള്ള  പേടിക്ക് Arachnophobia എന്നാണ് പേര് .
ചിലന്തികളുൾപ്പെടുന്ന ഈ വിഭാഗത്തിന്ന് വർഗീകരണ ശാസ്ത്രത്തിൽ അരാക്നിഡെ എന്ന് പേരിട്ടത് പഴയ ഗ്രീക്ക് പഴങ്കഥയിൽ നിന്ന് എടുത്താണ്.  ഒരു നെയ്തുകാരന്റെ മകളാണ് അരാക്ന. അവൾ മനോഹരമായി ചിത്രങ്ങൾ നെയ്തുണ്ടാക്കുമായിരുന്നു. അവളുടെ ചിത്രനെ യ്തിന്റെ വിശേഷങ്ങൾ പലയിടങ്ങളിലും പ്രചരിച്ചു. പലരും കലയുടെയും ജ്ഞാനത്തിന്റെയും ദേവിയായ അഥീനുടെ അനുഗ്രഹം കൊണ്ടാണ് അരാക്നയ്ക്ക് ഇത്തരത്തിൽ നെയ്യാൻ പറ്റുന്നത് എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ല. ഞാൻ സ്വയം പഠിച്ച് എടുത്തതാണെന്നും അഥീന ദേവതയ്ക്ക് പോലും ഇത്തരത്തിൽ നെയ്യാൻ കഴിയില്ലെന്നും അവൾ വീമ്പു പറഞ്ഞു. വെല്ലു വിളിച്ചു. അഥീനയ്ക്ക് അത് ഇഷ്ടമായില്ല. അവരുടെ ശാപം കൊണ്ട് ആ പെൺകുട്ടി എട്ടുകാലുകളുള്ള ഒരു വികൃത ജീവിയായി മാറി. തന്റെ നെയ്ത് തുടർന്നു. അതാണത്രെ ചിലന്തികൾ.
പ്രശസ്ത മാക്രോ ഫോട്ടോഗ്രാഫർ ജിജു അഥീനയുടെ ചിത്രങ്ങൾ താഴെ ചേർക്കുന്നു

ഫോട്ടോ: ജിജു അഥീന

ഇവരുടെ ഇണചേരലിനും ഈ കപ്പട മീശ ഭാഗത്തിന് റോൾ ഉണ്ട്. ഇവയുടെ ഇണചേരൽ വളരെ പ്രത്യേകതകളുള്ളതാണ്. ആൺ ചിലന്തി നേരിട്ട് ബീജാണുക്കൾ പെൺ ചിലന്തിയുടെ ഉള്ളിൽ നിക്ഷേപിക്കുകയല്ല ചെയ്യുക. ഇണയെ കണ്ടെത്തി സ്വന്തം ഇനമാണെന്ന് ഉറപ്പാക്കിയാൽ  ആദ്യം സിൽക്ക്  നൂലുകൾ കൊണ്ട് നിർമിച്ച ഒരു വലയിലേക്ക് ബീജാണുക്കൾ  സ്ഖലിപ്പിച്ചിടും. തലയുടെ മുൻ ഭാഗത്തുള്ള കപ്പട മീശ അവയവമായ പെഡിപാളിന്റെ അഗ്രഭാഗത്ത് സിറിഞ്ച് പോലുള്ള കോരിക സംവിധാനം പാൽപ്പൽ ബൾബ് വഴി ആ സ്പേം കോരി എടുക്കും. എന്നിട്ട് ഇണചേരാൻ പെണ്ണിനെ ആകർഷിക്കാനും വശീകരിക്കാനും ഉള്ള ശൃംഗാര ക്രിയകൾ  ആരംഭിക്കും.
പലതിനും പലവിധമാണ് ഈ ചേഷ്ടകൾ. വലകെട്ടുന്ന ഇനങ്ങളിലെ ചിലന്തികൾക്ക് തുള്ളൽ ചിലന്തികളെ പോലെ കാഴ്ച ശക്തി ഉണ്ടാവില്ല. അവ പ്രധാനമായും കമ്പനങ്ങളെ ആണ് ഇരപിടിക്കലിനും അപായ സൂചനകൾക്കും ഒക്കെ ആശ്രയിക്കുന്നത്. വലയിലെ  സൂഷ്മ കമ്പനങ്ങൾ പോലും അവയ്ക്ക് തിരിച്ചറിയാനാവും. ആൺ ചിലന്തി പ്രത്യേക രീതിയിലുള്ള വല കുലുക്കൽ വഴിയാണ് ഇഷ്ടം അറിയിക്കുന്നത്. വല കുലുക്കി കളിക്കുന്നതിനിടയിൽ ചിലപ്പോൾ പെൺ ചിലന്തികൾ വന്ന് പിടിച്ച് തിന്നു കൂട എന്നും ഇല്ല. ബീജ സങ്കലനം കഴിയും വരെ തന്റെ കഥകഴിയാതെ നോക്കാൻ ശ്രദ്ധിച്ച് കോണ്ടാണ് അവൻ ഇത്തരം പലവിധ പ്രണയ ചേഷ്ടകൾ ആടുക. വലിപ്പം വളരെ കുറഞ്ഞ അശുവായ ആണുങ്ങളാണെങ്കിൽ ഇതിനെ തിന്നിട്ട് എന്തു കിട്ടാനാ എന്ന മട്ടിൽ പെൺ ചിലന്തി ഒഴിവാക്കുമെന്നതിനാൽ ഭയം കുറവാകും. പ്രത്യേക വിധത്തിലുള്ള സ്പർശനവും തലോടലും മയക്കലും ചില ഇനങ്ങളിൽ പ്രണയ ചേഷ്ടകളുടെ ഭാഗമാണ്. തുള്ളൽ ചിലന്തികളിൽ വളരെ വ്യക്തമായ കാഴ്ചയുള്ളതിനാൽ ദൃശ്യപ്രകടനങ്ങളാണ് പ്രധാനം. പ്രത്യേക രീതിയിൽ ഉള്ള് ഡാൻസ് ആണ് ആൺ ചിലന്തികൾ ചെയ്യുക. മയിൽ ചിലന്തികൾ എന്നു വിളിക്കുന്ന പീക്കോക്ക് സ്പൈഡർ അതിന്റെ പിറകുവശത്തെ വർണ്ണ വിശറികൾ ഉയർത്തി മനോഹര നൃത്തം ചെയ്യും. വിജയിച്ചാൽ ആൺ ചിലന്തി തന്റെ മുൻ കാലുകൾക്ക്   മുന്നിലെ നീണ്ട പെഡിപ്പാൾ ബൾബിൽ സൂക്ഷിച്ച ബീജാണുക്കൾ പെൺ ചിലന്തിയുടെ ദേഹത്തിന്റെ അടിഭാഗത്തുള്ള ദ്വാരത്തിലൂടെ പ്രത്യുത്പാദന വ്യൂഹക്കുഴലിലേക്ക് കുത്തി ആഴ്ത്തി കൈമാറുകയാണ് ചെയ്യുക.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...