HomeCompound Eyeചാണകം തീനികളുടെ തല

ചാണകം തീനികളുടെ തല

Published on

spot_imgspot_img

കോംപൗണ്ട് ഐ

വിജയകുമാർ ബ്ലാത്തൂർ

പഴയ നാവികരും മരുഭൂമിയിലെ യാത്രികരും ദിശയും വഴിയും കണ്ടെത്തി സഞ്ചരിച്ചത് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയും രാശികൾ ഗണിച്ചും ഒക്കെ ആണെന്ന് നമുക്ക് അറിയാം. ഇപ്പോൾ വഴി തെറ്റാതെ നിശ്ചിത സ്ഥലത്ത് എത്താൻ നമ്മൾ GPS ഉം ഗൂഗിൾ മാപ്പും ഗഗനും ഒക്കെ ഉപയോഗിക്കുന്നതും പരിചിതവുമാണ്. ദശ ലക്ഷക്കണക്കിന് വർഷം മുമ്പേ തന്നെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി, അവയുടെ സ്ഥാനചിത്രപ്പതിപ്പ് ഉള്ളിൽ പകർത്തി അത് വെച്ച് കൃത്യതയോടെ യാത്ര ചെയ്യുന്ന ജീവികളുണ്ട്. ചാണക വണ്ടുകൾ !
നല്ല ഭംഗിയിൽ പീരങ്കിയുണ്ടപോലെ പച്ചച്ചാണകം ഉരുട്ടിയുണ്ടാക്കി അതുമായി ജോറിൽ പോകുന്ന കറുത്ത കുഞ്ഞൻ വണ്ടുകളാണ് ചാണകവണ്ടുകൾ. നമ്മുടെ നാറാണത്ത് ഭ്രാന്തനെപ്പോലെ കുന്നിനുമുകളിലേക്കൊന്നുമല്ല ഉരുട്ടൽ എന്നുമാത്രം. സർക്കസുകാരെപ്പോലെ തലകുത്തിനിന്ന് പിങ്കാലുകൊണ്ട് നിരപ്പിലൂടെ ചവിട്ടി ഉരുട്ടിയും ഇടക്ക് അതിനുമുകളിൽ കേറി ചുറ്റും നിരീക്ഷിച്ചും, കൊമ്പുകൊണ്ട് കുത്തിത്തിരിച്ചും കഷ്ടപ്പെട്ട് നീങ്ങും. കൊമ്പൂക്കുള്ള മറ്റൊരു വണ്ട് വന്ന് അതിനിടയിൽ കുത്തിമറിച്ചും അടികൂടിയും ചാണക ലഡു പിടിച്ചെടുത്ത് സ്വന്തമാക്കുന്നതും കാണാം. ‘ചാണകമാണോ തലക്കകത്ത്’ എന്ന കളിയാക്കലിൽ ഒന്നിനും കൊള്ളാത്ത വസ്തുവാണ് ചാണകം എന്ന സൂചനയുണ്ടല്ലോ. എന്നാൽ ചാണകം തന്നെ ജീവനും ജീവിതവുമായ ജീവികളാണിവർ. ലോകത്തെങ്ങുമായി ആറായിരത്തിൽ അധികം ചാണകവണ്ടിനങ്ങൾ ഉണ്ട്. നാൽക്കാലി സസ്തനികളുടെ വിസർജ്ജ്യം മാത്രമല്ല മനുഷ്യരുടേതടക്കം ഏത് അപ്പിയും ഇവർക്ക് പ്രിയ ബിരിയാണിതന്നെ. മേഞ്ഞുനടക്കുന്ന മൃഗങ്ങൾ അവിടവിടെ കാഷ്ഠിച്ച് വെക്കുന്നതു മുഴുവൻ മണിക്കൂറുകൊണ്ട് തിന്നുതീർത്തും, പലയിടങ്ങളിലേക്ക് ഉരുട്ടിക്കൊണ്ടുപോയും , നിലം ക്ലീൻ ആക്കുന്നത് പ്രധാനമായും ഇവരാണ്. ചാണകം പറമ്പിൽ അവിടവിടെ കൂടിക്കിടന്നിരുന്നെങ്കിൽ പല സൂക്ഷ്മാണുക്കളും അതിൽ വളരുമായിരുന്നു, ഈച്ചകളും മറ്റ് പ്രാണികളും പെറ്റുപെരുകി നമുക്ക് രോഗങ്ങൾ കൂട്ടുകയും ചെയ്യും. ചാണകം മണ്ണിൽ വീണകാര്യം ഗ്രഹിച്ചെടുത്ത് നിമിഷം കൊണ്ടിവർ ഹാജർ രേഖപ്പെടുത്തും. ചിലർ പശുക്കൾക്കും മറ്റും ഒപ്പം വിടാതെ കൂടെക്കൂടും ചാണകമിടുന്നത് കാത്ത് ചുറ്റുവട്ടത്ത് ഒളിച്ച്നിൽക്കും. ഉണക്കം കൂടുന്നതിനുമുന്നെ തിന്നാനാണിവർക്കിഷ്ടം. ഇവരുടെ ജീവചക്രം പൂർത്തിയാക്കുന്നത് ചണകത്തിലൂടെ ആണ്. ഭക്ഷണം മാത്രമല്ല ഇത് എന്ന് സാരം. അതിനുള്ളിലാണ് മുട്ടയിടുന്നതും വിരിയിക്കുന്നതും. (സാധാരണ തൊഴുത്തിലെ ചാണകക്കുണ്ടിൽ കാണുന്ന തൊലിഅടർത്തിയ കൊഞ്ചിനെ പോലെയുള്ള തടിച്ചുരുണ്ട സുന്ദര വെള്ള ചാണകപ്പുഴുക്കൾ പക്ഷെ കൊമ്പഞ്ചെല്ലികളുടെ മുട്ട വിരിഞ്ഞ പുഴുക്കളാണ്). മുട്ട വിരിഞ്ഞിറങ്ങുന്ന ചാണക വണ്ടിന്റെ ലാർവപ്പുഴുക്കളെ അങ്ങിനെ എളുപ്പം പുറത്ത് കാണാൻ കിട്ടില്ല. മണ്ണിനടിയിൽ ഒളിച്ച് വെച്ച ചാണകത്തിനുള്ളിലാ‍ണല്ലോ അവയുടെ ജീവിതം. ചാണകത്തിനുള്ളിൽ തന്നെ പ്യൂപ്പാവസ്ഥയിലിരുന്നു വണ്ടുകളായി ജീവചക്രം പൂർത്തിയാക്കും. പിന്നെ അവരും ചാണകാന്വേഷണജീവിതം തുടരും. ചാണകത്തിനു പുറത്തിറങ്ങി കറങ്ങി നടന്നാൽ ഈ പുഴുക്കളേയും വണ്ടിനേയും പക്ഷികൾ കണ്ട ഉടൻ കൊത്തിത്തിന്നും. വലിയ ഇനം ഉരുട്ടുവണ്ടുകളെ കാട്ടിലല്ലാതെ നാട്ടിൻപുറങ്ങളിൽ കാണാൻ കിട്ടാറേ ഇല്ല. മേഞ്ഞുതിന്നുന്ന പശുക്കളുടെ എണ്ണം കുറഞ്ഞതും, തൊഴുത്തിന് പുറത്തിറങ്ങാത്ത പശുക്കൾ ഹൈഫൈ ആല ജീവിതക്കാരായതും കൊണ്ട് പറമ്പിലെവിടെയും ചാണകമില്ല.ഇനി വല്ല പശുവും ചാണകമിട്ടാൽ ഉടൻ വീട്ടുകാർ കോരിക്കൊണ്ടുപോയി പ്ലാസ്റ്റിക്ക് ഷീറ്റിലിട്ട് ഉണക്കിപൊടിച്ച് ഒന്നിനും പറ്റാതാക്കുകയും ചെയ്യും. കാലിത്തീറ്റകളുടെ സ്വഭാവം മാറിയതിനാലും വിരമരുന്നുകൾ പശുക്കൾക്ക് കണ്ടമാനം കൊടുക്കുന്നതുകൊണ്ടും ലാർവകൾക്ക് ചാണകത്തിൽ വളരാനും പറ്റുന്നില്ല. മനുഷ്യരാണെങ്കിൽ സ്വച്ച ഭാരതത്തിൽ വെളിക്കിരിക്കുന്നത് നിർത്തി, കക്കൂസിൽ കാര്യ സാധനം തുടങ്ങുകയും ചെയ്തു. കാഷ്ടം കിട്ടാതെ പാവം ഇവരുടെ കാര്യം നാട്ടിൽ കഷ്ടം തന്നെ.

മൂന്ന് വിധത്തിലുള്ള ചാണക ജീവിതക്കാരാണുള്ളത്. ചണകം ദൂരേക്ക് ഉരുട്ടികൊണ്ടുപോയി കുഴികുത്തി ഒളിച്ച് വെച്ച് അത് തിന്ന് മുട്ടയിട്ട് വിരിയിച്ച് ജീവിക്കുന്ന ഉരുട്ട് വിഭാഗം. ചാണകക്കുന്തിക്ക് താഴെയും ചുറ്റുമായി മണ്ണിനടിയിലേക്ക് തുരന്നു മാളങ്ങളുണ്ടാക്കി അതിലേക്ക് കഴിയുന്നത്ര ചാണകം കൊണ്ടുപോയി സൂക്ഷിച്ച് ഉപയോഗിക്കുന്ന രണ്ടാം ഇനം. മടിയന്മാരാണ് മൂന്നാമത്തെ കൂട്ടർ, ചാണകം എങ്ങോട്ടും കൊണ്ടുപോകാനൊന്നും മിനക്കെടില്ല. അതിൽ തന്നെ തിന്ന്ജീവിച്ച് മുട്ടയിട്ട് വിരിയിക്കുന്ന പഹയർ. Scarabaeidae കുടുംബത്തിൽ പെട്ട ഇവരിൽ നമ്മുടെ നാട്ടിൽ കാണുന്ന ഉരുട്ടുവണ്ടുകൾ സിസിഫസ് (Sisyphus) ജീനസിൽ പെട്ടവയാണ്. മാളം തുരപ്പന്മാർ ഓന്തോഫാഗസ് ( Onthophagus ) കോപ്രിസ് (copris ) എന്നീ ഇനത്തിലും മടിയന്മാർ ഒണിറ്റിസെല്ലസ് (oniticellus) ടിനിഓസെല്ലസ് (tiniocellus) എന്നീ ഇനത്തിലും പെട്ട ചാണകവണ്ടുകളാണ്. തുരപ്പന്മാരുടെ ചില മാളങ്ങൾ പരസ്പരം കൂട്ടിമുട്ടും ഒരാളുടെ ചാണകം വേറെ ആൾ മോഷ്ടിക്കുന്ന ചതികളുണ്ട്.


ഇത്തിരി ചാണകവും നൂറായിരം വണ്ടുകളും എന്ന അവസ്ഥയുള്ളപ്പോൾ ചാണകത്തിനായുള്ള മത്സരം കടുത്തതായിരിക്കും. അതിജീവനത്തിനും വംശവർദ്ധനയ്ക്കുമായുള്ള ഈ സമരത്തിൽ ചാണകമുരുട്ടി വണ്ടുകൾ തന്ത്രപരമായ ചില നിലപാടുകൾ എടുക്കും. ആദ്യമെത്തി, കൂടുതൽ ചാണകം കൂടുതൽ ദൂരെ എത്തിച്ച് മറ്റുള്ളവർ തട്ടിഎടുക്കാതെ നോക്കുന്നവരാണല്ലോ സമർത്ഥന്മാർ. കൂടുതൽ കരുത്തർ എത്തിയാൽ കൈയൂക്ക് ബലത്തിൽ, കൊമ്പൂക്ക് തന്ത്രത്തിൽ തന്റെ ചാണകയുണ്ട തട്ടിയെടുത്ത് കൊണ്ടു പോകും എന്ന അപകടവും ഉള്ളതിനാലാണ് ഇവർ ആക്രാന്തക്കളികളിക്കുന്നത്. ചണക കേന്ദ്രത്തിൽ നിന്നും ആവുന്നത്ര ദൂരെ സുരക്ഷിത ഇടത്തിലേക്ക് ഉരുട്ടി എത്തിച്ച് ഒരു കുഴികുഴിച്ച് അതിലിട്ട് മൂടി ഒളിച്ച് വെക്കാനാണ് ഈ ഓട്ടം. ഋജു രേഖയിൽ വേണം യാത്ര. ദിശ തെറ്റിയാൽ ചിലപ്പോൾ കറങ്ങിത്തിരിഞ്ഞ് തുടങ്ങിയ സ്ഥലത്ത് കൂടുതൽ മത്സരാർത്ഥികളുടെ ഇടയിൽ തന്നെ എത്തിയാൽ അധ്വാനിച്ചതൊക്കെ വെറുതെയാകും . തൂണും ചാരി നിന്നവൻ ചാണക ഉണ്ടയും കൊണ്ടു പോകുന്നത് കണ്ട് നിൽക്കേണ്ടി വരും. നേരെ വെച്ചുപിടിച്ചുള്ള ഉരുട്ടലിന് എന്ത് സൂത്രമാണിവർ ഉപയോഗിക്കുന്നത് എന്നത് ശാസ്ത്രകൗതുകമായിരുന്നു. സ്വീഡനിലെ ലൻഡ് സർവകലാശാലയിൽ നടന്ന പഠനങ്ങൾ ‘കറന്റ് ബയോളജി’ യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യനു ചുറ്റും പ്രത്യക്ഷപ്പെടുന്ന സമമിതിയിലുള്ള പോളറൈസ് പാറ്റേണുകൾ (symmetrical pattern of polarized light) തിരിച്ചറിയാൻ ഈ വണ്ടുകൾക്ക് സാധിക്കുന്നു. നമുക്ക് ഈ പാറ്റേണൂകൾ കാണാനുള്ള റിസപ്റ്ററുകൾ കണ്ണീലില്ല. ഇവർക്ക് ഇതുപയോഗിച്ച് നേർ യാത്ര സാദ്ധ്യമാണ്. രാത്രിയിൽ ഇതിന്റെ പരിമിതി മറികടക്കാൻ ഇവർ ഉപയോഗിക്കുന്ന രീതിയാണ് ശരിക്കും ഞെട്ടിപ്പിച്ചത്. രാത്രി യാത്രകൾക്ക് സ്ഥാന നിരണ്ണയത്തിനായി ഇവർ ആകാശഗംഗയുടെ ദൃശ്യ ചിത്ര സഹായം ഉപയോഗിക്കുന്ന ഏക ജീവിയാണെന്നതും അത്ഭുതകരമായ പുതിയ അറിവാണ് – ഗവേഷകരായ എറിക്ക് വാറന്റും സംഘവും ആഫ്രിക്കയിലെ രാത്രിസഞ്ചാരികളായ Scarabaeus satyrus എന്നയിനം വണ്ടുകളെ ഉപയോഗിച്ച് പ്ലാനറ്റോറിയങ്ങളിൽ വെച്ച് നടത്തിയ പരീക്ഷണങ്ങളിൽ ആകാശഗംഗയാണ് ഇവരെ സഹായിക്കുന്നത് എന്ന് മനസിലാക്കി. ഉരുട്ടുയാത്രക്കിടയിൽ തലകുത്തിനിന്നും ഉണ്ടയുടെ മുകളിൽ കയറിയും ഒരോരൊ ആകാശ ചിത്രങ്ങൾ അവ പതിപ്പിച്ചെടുക്കുന്നു. ആകാശഗംഗയുടെ ഒരു സ്പൈസ് ഫോട്ടോ മനസിൽ റിക്കോഡ് ചെയ്തു വെക്കുകയും ജി.പി.എസ് മാതൃകയിൽ അതിനെ അടിസ്ഥാനമാക്കി തന്റെ നേർ രേഖാ റൂട്ടുകൾ തീരുമാനിക്കുകയും ചെയ്യുന്നു. ഭൂമിയിൽ നക്ഷത്രങ്ങളെ നോക്കി യാത്ര ചെയ്യുന്നു എന്ന് വമ്പുപറയുന്ന മനുഷ്യന്റെ അഹന്ത ഗാലക്സികളെ നിരീക്ഷിച്ച് യാത്രചെയ്യുന്ന ചാണകവണ്ടുകളുടെ മുന്നിൽ ചാണകം പോലെ ചളമായി.

സ്വന്തം ഭാരത്തിന്റെ എത്രയോ മടങ്ങ് ഭാരമുള്ള വലിയ ചാണക ബോളുകൾ ഉരുട്ടി കൊണ്ടുപോകാൻ ഇവർക്ക് കഴിയും. Onthophagus taurus എന്ന ഇനം മനസുവെച്ചാൽ അതിന്റെ ഭാരത്തിന്റെ 1141 മടങ്ങ് ചാണകം വരെ ഉരുട്ടി നീക്കും. നിറയെ ആളുകളുള്ള ആറ് ഡബിൾ ഡക്കർ ബസിന്റെ ഭാരം ഒരു സാധാരണ മനുഷ്യൻ ഉരുട്ടി നീക്കികൊണ്ടുപോകുന്നതിനു തുല്യമാവും അത്.
ആസ്ത്രേലിയയിൽ കുടിയേറ്റക്കാർ പശുക്കളെ അവിടെ എത്തിച്ച് വളർത്ത് ഫാമുകൾ തുടങ്ങിയപ്പോൾ വലിയ ഒരു പ്രശ്നം ഉണ്ടായി. കാങ്കാരുവിനെ പോലെയുള്ള ആസ്ത്രേലിയൻ മൃഗങ്ങൾക്കൊപ്പം പരിണമി ച്ചുണ്ടായ അവിടത്തെ ചാണകവണ്ടുകൾ ഉറപ്പുള്ള വിസർജ്ജ്യങ്ങൾ മാത്രം ഭക്ഷിക്കുന്നവയായിരുന്നു. പശുച്ചാണകം അവർക്ക് പരിചയമില്ല. അവ തിന്നുന്ന വണ്ടുകളും അതിനാൽ ആസ്ത്രേലിയയിൽ ഇല്ലായിരുന്നു. യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഫാമുകളിലെ പശുക്കളിട്ട ചാണകമത്രയും മാസങ്ങളോളം അതുപോലെ നാറ്റിച്ച് അപ്പം പോലെ നിലത്ത് കിടന്നു. പ്രാണികളും ഈച്ചകളും അതിൽ പെറ്റുപെരുകി നിറഞ്ഞു. ചാണകപ്പരപ്പുകളിൽ പുല്ലു പോലും മുളച്ചില്ല. പശുക്കൾ അത്തരം സ്ഥലങ്ങളിൽ മേയാതായി. ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷണങ്ങൾക്കൊടുവിൽ യൂറോപ്പിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും Digitonthophagus gazelle പോലുള്ള 23 ഇനം ചാണക വണ്ടുകളെ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചു. ഇതിനായി 1965 ൽ ആരംഭിച്ച് ഇരുപതു വർഷം നീണ്ട പ്രോജക്റ്റായിരുന്നു ( Australian Dung Beetle project ) അത്. പരിസ്ഥിതിയുടെ സുസ്ഥിരതകാക്കുന്നതിൽ ഇത്തിരിക്കുഞ്ഞൻ ജീവികളുടെ റോൾ എത്ര സങ്കീർണ്ണവും ലോലവും ആണെന്ന അമ്പരപ്പ് ചാണകവണ്ടുകളുടെ ജീവിതം നമുക്ക് നൽകുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...