HomeCompound Eyeകുയിൽപ്രാണി

കുയിൽപ്രാണി

Published on

spot_imgspot_img

നമുക്ക് ചുറ്റും ഉള്ള പ്രാണിലോകത്തെ പലതരം ജീവികളെ പരിചയപ്പെടുത്തുന്ന പംക്തി – ‘കോമ്പൗണ്ട് ഐ’. പൂമ്പാറ്റകളും, തുമ്പികളും, വണ്ടുകളും , കടന്നലുകളും , ഈച്ചകളും, ചെള്ളുകളും, ചിലന്തികളും ഒക്കെ കൂടി നൂറു നൂറിനം ജീവികളുള്ള അത്‌ഭുത പ്രകൃതി വിശേഷങ്ങൾ. ഇരതേടിയും ഇരയാകാതെ നോക്കിയും ഇണ ചേർന്നും അതിജീവിക്കുന്നതിലെ കൗതുകങ്ങൾ. ചുറ്റുമുള്ള പരിസരങ്ങളോട് പൊരുതിയും ഇണങ്ങിയും പരിണമിച്ച് നേടിയ നിരവധി അനുകൂലനങ്ങൾ.
കോമ്പൗണ്ട് ഐയിൽ വായിക്കാം – സൂഷ്മമായ നിരവധി പ്രാണിക്കാഴ്ച്ചകൾ.

വിജയകുമാർ ബ്ലാത്തൂർ

എത്ര നല്ല പാട്ടുകാരിയാണ് എന്ന് പറഞ്ഞാലും, സ്വന്തമായൊരു കൂട് പണിയാതെ, കാക്കക്കൂട്ടിൽ മുട്ടയിട്ട് തന്റെ കുഞ്ഞുങ്ങളെ ആരാന്റെ ചിലവിൽ വളർത്തുന്ന പക്ഷിയായ കുയിലിനോട് ഉള്ളിൽ ഒരു ചെറിയ ദേഷ്യവും നീരസവും തോന്നാറുണ്ട്. ലോകത്തെ പല കുയിൽ ഇനങ്ങളും ഈ സ്വഭാവം ഉള്ളവർ തന്നെയാണ്. “വിരിയിക്കൽ പരാദക്കാർ” (ബ്രൂഡ് പാരസൈറ്റിസം) എന്നാണ് ഇത്തരം സ്വഭാവത്തിന് പൊതുവായി പറയുക. പരിണാമപരമായി ആർജ്ജിച്ച ഒരു സവിശേഷത ആണിത്. കുറച്ച് അധ്വാനം, കുറച്ച് മിനക്കേട് – കൂടുതൽ പ്രജനന സാദ്ധ്യത! അതാണിവരുടെ ജീവിത മന്ത്രം. കാക്കക്കുയിലിന്റെ ചതിക്കഥകൾ പണ്ടേ നാട്ട് കുട്ടിക്കഥകളിലും പാട്ടുകളിലും ധാരാളം പ്രത്യക്ഷപ്പെടാറുണ്ട്. കുയിലമ്മക്കഥകളിലൊക്കെ ചിത്രം വരയ്ക്കുമ്പോൾ ഒരു അബദ്ധം ആർട്ടിസ്റ്റുകളിൽ പലർക്കും പറ്റാറുണ്ട്. ഒളിച്ച് കാക്കക്കൂട്ടിൽ മുട്ടയിടാൻ വരുന്ന കക്ഷി – കാക്കയെപ്പോലെ കറുപ്പ് നീറം ഉള്ള ഒരു പക്ഷിയുടെ രൂപമായാണ് വരച്ച് വെക്കുക. പക്ഷെ നമ്മുടെ നാട്ടിലെ കരിങ്കുയിലിൽ ( Indian koel- Eudynamis scolopaceus ) പൂവന്മാർ മാത്രമാണ് ചുകപ്പ് കണ്ണൊക്കെയുള്ള കറുത്ത പക്ഷി. ദേഹം മുഴുവനും മങ്ങിയ വെള്ളപ്പുള്ളികളും വരകളും കൊണ്ട് മൂടിയ തവിട്ട് നിറം ഉള്ളവളാണ് പെൺകുയിൽ. മുട്ടയിടേണ്ട സമയം ആകുമ്പോൾ പെൺകുയിൽ കാക്കക്കൂടന്വേഷിച്ച് കറങ്ങി നടക്കും. കണ്ടെത്തിയാൽ സമീപത്ത് ഒളിഞ്ഞ് കാത്ത് നിൽക്കും. യോജിച്ച കൂടാണെന്ന് കണ്ടാൽ ആരും ഇല്ലാത്ത നേരം നോക്കി കൂട്ടിൽ കയറി മുട്ടയിട്ട് സ്ഥലം വിടും. കുക്കൂ ഇനത്തിൽ പെട്ട പല വിധം പക്ഷികളും ഇതുപോലെ മറ്റ് പക്ഷികളുടെ കൂട്ടിൽ മുട്ടയിടുന്ന ശീലം ഉള്ളവയാണ്. “വഞ്ചനയിൽ ചതി“ കൂടി ചെയ്യും ചില കുയിൽ പക്ഷികൾ . കൂടിന്റെ ഉടമ മുന്നേ ഇട്ടു വെച്ച മുട്ടകൾ തള്ളിമറിച്ച് കളഞ്ഞ് അവിടെ മുട്ടയിട്ട് സ്ഥലം വിടുന്നവരുണ്ട്. മറ്റ് മുട്ടകൾ വിരിയുന്നതിനും കുറച്ച് മുമ്പെ തന്നെ വിരിഞ്ഞിറങ്ങുന്ന കുയിൽക്കുഞ്ഞുങ്ങൾ ബാക്കി മുട്ടകളേയും സാധു പക്ഷി കുഞ്ഞുങ്ങളെയും ശരീരം അതി ശക്തമായി വിറപ്പിച്ച് തെറിപ്പിച്ചും കൊത്തിയും കൂട്ടിൽ നിന്നും പുറത്തിടാറും ഉണ്ട്. ഭക്ഷണം പങ്കുവെച്ച് പോകുന്നത് ഒഴിവാക്കാനുള്ള അതിജീവന തന്ത്രമാണിത്. കാക്കക്കൂട്ടിൽ വിരിയുന്ന പെൺകുയിൽ കുഞ്ഞിനും പറക്കമുറ്റും വരെ കാക്കകുഞ്ഞിന്റെ കറുപ്പു നിറവും കരച്ചിൽ ശബ്ദവും ഒക്കെയാണ് ഉണ്ടാവുക. അതിനാൽ കാക്കയ്ക്ക് മനസിലാകുകയും ചെയ്യില്ല. (കാക്ക അത്ര പൊട്ടി ഒന്നും അല്ല. എല്ലാം മനസിലാകുന്നുണ്ട് എന്ന് കരുതുന്നവരും ഉണ്ട് . വേറെ പല കാരണങ്ങളാവാം ഈ തട്ടിപ്പ് കണ്ടില്ലെന്ന് കണക്കാക്കാൻ കാരണം എന്ന് പറയുന്നവരും ഉണ്ട്. )

ബ്രൂഡ് പാരസൈറ്റുകൾ ആയ പലയിനം മീനുകളും ഷഡ്പദങ്ങളും കൂടി ഈ ചതിക്കൽ പരിപാടിക്കാരായി ഉണ്ട്. അത്തരം ബീകളെ കുക്കൂ ബീകൾ എന്നാണ് വിളിക്കാറ്‌. കുയിലീച്ചകൾ എന്നോ കുയിൽ പ്രാണികൾ എന്നോ നമുക്ക് പേരിടേണ്ടി വരും. തേനീച്ചകളേ എന്ന പോലുള്ള സാമൂഹ്യ ജീവിതം നയിക്കുന്നവരുടെ കൂട്ടിലും , കുഞ്ഞുങ്ങളും കുടുംബവും ആയി ജീവിക്കുന്ന മറ്റ് ബീകളുടെ കൂട്ടിലും പോയി തന്ത്രത്തിൽ മുട്ടയിട്ട് ജീവിക്കുന്നവരാണ് ഇവർ..

പരാന്നഭോജികൾ കൂടിയായ ഈ പരാദങ്ങളുടെ ഈ ശീലത്തിന് Kleptoparasitism എന്നാണ് പറയുക. “തീറ്റക്കള്ളന്മാർ ” – മറ്റാരുടേയെങ്കിലും ഭക്ഷണം , പിന്നീടുള്ള ആവശ്യത്തിന് സൂക്ഷിച്ച് വെച്ചതടക്കം മോഷ്ടിച്ച് തിന്നു ജീവിക്കുന്നതിനാലാണ് ഇങ്ങനെ പറയുന്നത്. . കുക്കൂ ബീകൾ മറ്റ് ഈച്ചകളുടെ കൂട്ടിൽ തന്ത്രപരമായി കയറി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുക മാത്രമല്ല അവിടെ സൂക്ഷിച്ച പൂമ്പൊടിയും തേനും കൂടാതെ മുട്ടകളും ലാർവകളും വരെ ശാപ്പിട്ട് വയർ നിറയ്ക്കും. വളരെ അടുത്ത ബന്ധുക്കളായ സ്പീഷിസുകളെയും അല്ലാത്തവയേയും ഇത്തരം തട്ടിപ്പിന് ബീകൾ ഉപയോഗിക്കാറുണ്ട്.

കൂട് കൂട്ടി മുട്ടയിടുന്ന ശീലമുള്ള മറ്റ് ബീകളുടെ കൂട്ടിലെ അറകളിൽ സൂക്ഷിച്ച പൂമ്പൊടിയിലാണ് ഇവർ മുട്ടയിടുക തന്നെ.
Apidae കുടുംബത്തിലെ ഉപ കുടുംബമായ Nomadinae ലെ ഇനങ്ങളെ ആണ് പ്രധാനമായും കുക്കു ബീ എന്നു വിളിക്കുക പതിവ്. ഇവരിലെ പെൺ ഈച്ചകൾക്ക് സത്യത്തിൽ പൂമ്പൊടി ശേഖരിക്കാനുള്ള സംവിധാനമായ , സ്കോപ്പ (scopa – പിൻകാലുകളിലെ നീണ്ടതും ശാഖകളോടുകൂടിയതുമായ രോമങ്ങളുടെകൂട്ട സംവിധാനം ) ഉണ്ടാവില്ല. ശരീരത്തിലും രോമം കുറവായിരിക്കും. ഉറപ്പുള്ള മിനുങ്ങുന്ന ശരീരം മൂലം ചിലപ്പോൾ കടന്നലുകളാണെന്ന് തെറ്റിദ്ധരിക്കാറും ഉണ്ട്. പല കള്ള ബീകൾക്കും രൂപത്തിൽ സാമ്യം ഉള്ള ആ‍ഥിതേയരുടെ കൂടാണ് മുട്ടയിടാൻ ഉപയോഗിക്കുക. സാമൂഹ്യ ജീവിതം നയിക്കുന്ന ഇനങ്ങളുടെ കൂട്ടിൽ ആണ് എത്തിയതെങ്കിൽ ചിലപ്പോൾ മുട്ടയിട്ട് സ്ഥലം വിടില്ല. തിന്ന് സുഖിച്ച് കഴിയുന്നത് കൂടാതെ തന്ത്രത്തിൽ രാജ്ഞിയുടെ കൂട്ടിൽ കയറി ഏറെ നേരം തിരിഞ്ഞ് കളിച്ച് അവിടെയുള്ള ഫിറമോണുകൾ തന്റെ ശരീരത്തിലും പറ്റിപ്പിടിപ്പിക്കും. വേലക്കാർ ഈച്ചകളെ ഫിറമോൺ കൊണ്ട്പറ്റിച്ച് , രാജ്ഞിയെ കൊന്ന് കൂടിന്റെ നിയന്ത്രണം കൈക്കലാക്കും. ശരിയ്ക്കും ഉള്ള സമ്പൂർണ്ണ കൈയേറ്റവും പിടിച്ചെടുക്കലും തന്നെ! പിന്നെ കുയിലീച്ച മുട്ടയിട്ട് കൂട്ടാൻ തുടങ്ങും . അവ ആണിനങ്ങളും പ്രജനനശേഷിയുള്ള പെൺ ഇനങ്ങളും മാത്രമായാണ് വിരിയുക. തേനീച്ചകളെ പോലെ സാമൂഹ്യ ജീവിതം നയിക്കുന്നവരുടെ കൂടുകളിലെ വേലക്കാർ എന്നു വിളിക്കുന്ന പ്രജനന ശേഷിയില്ലാത്ത പെൺ ഇനങ്ങൾ കൂട്ടിലെ ഈ കടന്നു കയറ്റക്കാരിയുടെ മക്കളെ ആളുമാറി പോറ്റുകയും തീറ്റുകയും ചെയ്യും.

പല മരതക പരാദക്കടന്നലുകളും ഇത്തരം പണി ഒപ്പിക്കുന്നവരാണ്. ഒറ്റയാൻ വാസ്പുകളായി ജീവിക്കുന്നവരും Chrysididae വിഭാഗത്തിൽ പെട്ടവരുമാണ് ഇവർ. ലോഹത്തിളക്കമുള്ള കടും വർണ്ണങ്ങളിൽ ഉള്ള ഇവ jewel wasp, gold wasp, emerald wasp, ruby wasp എന്നീ പല സുന്ദര രസികനാമങ്ങളിൽ അറിയപ്പെടുന്നുണ്ട്.

ഇത്തരം പരാദ ജീവിതത്തിനായി അത്ഭുതകരമായ സവിശേഷ ഗുണങ്ങൾ പരിണാമപരമായി ആർജ്ജിച്ചിട്ടുണ്ട് ഇവർ . ആഥിതേയ ജീവിയുടെ ഗന്ധം മിമിക്ക് ചെയ്തു വരെ തെറ്റിദ്ധരിപ്പിക്കാൻ ഇതിന് കഴിയും. ഒരു ബന്ധവും ഇല്ലാത്ത മറ്റ് പ്രാണികളുടെ കൂട്ടിൽ കയറി മുട്ടയിടുകയാണ് ഇവരുടെ ഇഷ്ടം. മുട്ടയിട്ട് കടന്നുകളയുന്ന ഇവരുടെ മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞൻ ലാർവകൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ആഥിതേയ പ്രാണിയുടെ മുട്ടകളും കുഞ്ഞുങ്ങളേയും തിന്നും. എന്നിട്ട് അവരുടെ അമ്മ ശേഖരിച്ച് കൊണ്ട് വന്ന ഭക്ഷണം കൂടി ശാപ്പിടും.

സൗകര്യം പോലെ ഭക്ഷണം തേടി നടക്കാൻ ആണ് ഇവർ കൂടുതൽ സമയം മാറ്റി വെക്കുന്നത്. പിന്നെ സുഖിയൻ വിശ്രമവും. ആരെങ്കിലും ആക്രമിക്കാൻ വന്നാൽ ഉള്ളോട്ട് മടങ്ങി ചുരുണ്ട് ബോളു പോലെ ഉരുണ്ട് ചത്തത് പോലെ കിടക്കാനും അറിയാം.

വിജയകുമാർ ബ്ലാത്തൂർ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...