Friday, November 27, 2020

കോവിഡിനൊപ്പം ജീവിച്ചു തുടങ്ങുക

സോമൻ പൂക്കാട്

പട്ടേൽ എന്ന പൈ പട്ടേലിനേയും, റിച്ചാർഡ് പാർക്കർ എന്ന കടുവയേയും മറന്നോ നിങ്ങൾ ? പട്ടേൽ എന്ന പൈ പട്ടേലിനേയും, റിച്ചാർഡ് പാർക്കർ എന്ന കടുവയേയും സിനിമ ആസ്വാദകർക്ക് അങ്ങനെ പെട്ടെന്ന് മറക്കാനാകില്ല. അതെ ഓസ്‌കർ അവാർഡുകൾ വാരിക്കൂട്ടിയ ഇന്ത്യൻ പശ്ചാത്തലമുള്ള ലോകപ്രശസ്ത സിനിമയായ ‘ലൈഫ് ഓഫ് പൈ’ തന്നെ. ‘ SURVIVAL OF THE FITTEST’ എന്ന ഡാർവിയൻ സിദ്ധാന്തം ഒന്ന് പരത്തിപ്പറഞ്ഞാൽ പൈയുടെയും കടുവയുടെയും കഥയാകും.

ഒരു കപ്പലപകടത്തെ തുടർന്ന്‌ ഒരു രക്ഷാബോട്ടിൽ അവശേഷിക്കുന്ന പട്ടേൽ എന്ന പൈ പട്ടേലും, റിച്ചാർഡ് പാർക്കർ എന്ന കടുവയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഒരു വന്യമൃഗവും മനുഷ്യനും തമ്മിലുള്ള സ്വാഭാവിക സ്ഥിതി വിശേഷ ത്തിൽ നിന്നും ആരംഭിച്ച അവരുടെ ബന്ധം ക്രമേണ ആ ചെറിയ സംവിധാനത്തിൽ ജീവിക്കുക സാദ്ധ്യമല്ലെന്ന് മനസ്സിലാക്കുന്നതോടെ പൈ കടുവയോടൊപ്പം താമസിക്കുന്നതിനായി അതിനെ പരിശീലിപ്പിക്കാൻ ആരംഭിക്കുന്നു. ദിവസങ്ങൾക്കകം പൈയും റിച്ചാർഡ് പാർക്കറും സഹജീവിതം ആരംഭിക്കുന്നതാണ് ഇതിവൃത്തം.

soman-pookkad
സോമൻ പൂക്കാട്

മനുഷ്യ കുലവും പ്രകൃതിയിലെ ഓരോ ജീവജാലവും ആരംഭകാലം മുതൽ പ്രകൃതിയോടും വന്യ മൃഗങ്ങളോടും രോഗങ്ങളോടും പടപൊരുതിയാണ് ഇന്നേവരെ ജീവിച്ചു പോന്നിട്ടുള്ളത്. അതിജീവനത്തിന്റെ കഥയാണ് മനുഷ്യ ചരിത്രം എന്നാൽ. ശാസ്ത്രം വളർന്നോതോടെ പ്രതിരോധ മാർഗ്ഗങ്ങളും കരുതലുകളും മനുഷ്യ ജീവിതത്തെ ഇതര ജീവി വർഗ്ഗത്തെ അപേക്ഷിച്ചു കൂടുതൽ കരുത്തരും നിശ്ചയ ദാർഢ്യമുള്ളവരുമാക്കി മാറ്റിയെങ്കിലും “അർഹതയുള്ളവർ അതിജീവിക്കും എന്ന ആപ്ത വാക്യം ചിലപ്പോഴൊക്കെ ചോദ്യ ചിഹ്നമായി നിസ്സഹമായി നിർത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.അത് പ്രകൃതി ക്ഷോഭംകൊണ്ടാകാം .അല്ലെങ്കിൽ പ്രതിരോധ ഔഷധങ്ങൾ കണ്ടത്താത്ത മഹാമാരികൾ കൊണ്ടാകാം. പ്ലേഗ്, വസൂരി, കോളറ, സ്പാനിഷ് ഫ്ലൂ, എബോള എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചെറുതും വലുതുമായ മഹാമാരികൾക്ക് മുമ്പിൽ മനുഷ്യർ നിസ്സഹായരായി നിൽക്കുകയും ലക്ഷങ്ങൾ മരണത്തിന് കീഴടങ്ങിയ കഥയും ചരിത്രത്തിന്റെ ഭാഗമാണ്.അവിടെയും നേരത്തെ സൂചിപ്പിച്ച പോലെ അതിജീവനവും കരുത്തും ശാസ്ത്രത്തിന്റെ നിതാന്ത പരിശ്രമവും തന്നെയാണ് മാനവരാശിയെ വേരറ്റുപോകാതെ നിലനിർത്തി കൊണ്ടുപോന്നിട്ടുള്ളത്.ഈ ‘ചലഞ്ച് ‘എക്കാലവും മനുഷ്യർ അഭിമുഖരിച്ചിട്ടുണ്ട് തക്കതായ ‘റെസ്പോൺസ്; മനുഷ്യർ നെല്കിയിട്ടുമുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി ലോകത്തെ ആകമാനം പിടിച്ചുലക്കുന്ന ഒരു ‘വെല്ലുവിളി’ കൊറോണ വൈറസ്‌ എന്ന പേരിൽ മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ ലക്ഷങ്ങൾ തന്നെ മരണം വരിച്ചുകഴിഞ്ഞു.രോഗം പിടിപെട്ടവരുടെ കണക്ക് കോടിയിലധികം വരും.ലോക് ഡൗണ് അടക്കമുള്ള പല മാർഗ്ഗങ്ങളും തകൃതിയായി നടപ്പിലാക്കിയെങ്കിലും പല രാജ്യങ്ങളുടെയും അവസ്ഥ രോഗം കൊണ്ടും സാമ്പത്തിക ദുരിതം കൊണ്ടും അതിദയനീയവുമാണ്.പല വമ്പൻ രാജ്യങ്ങളും ആടിയുലഞ്ഞു കഴിഞ്ഞു.ലോകാരോഗ്യ സംഘടനക്കുപോലും കൃത്യമായ ഒരു നിഗമനത്തിൽ എത്താൻ സാധിക്കാതെ പോകുന്നു എന്നത് കൊറോണയുടെ വ്യാപന ശേഷി തെളിയിക്കുന്നു.എങ്കിലും മാസ്കും,അപരിചിതരോടുള്ള കൃത്യമായ അകൽച്ചയും,സോപ്പോ സെനറ്റായിസെറോ ഉപയോഗിച്ചു ഇടക്കിടെ കൈ ശുദ്ധികരിക്കലും,(അപരിചിത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും) എന്നി മൂന്നു മുൻകരുതലുകൾ കൃത്യമായി മറക്കാതെ ശീലമാക്കിയാൽ കൊറോണ എന്ന ഭീകരനെ ‘പൈ കടുവയെ മെരുക്കി’ കൊണ്ടുപോയതുപോലെ നമുക്കും കൊറോണയെ കൊണ്ടുപോകാൻ സാധിക്കുമെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ തോന്നിയിട്ടുള്ളത് .(നാളെ എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ല സുഹൃത്തുക്കളെ).

മനുഷ്യർ വസ്ത്രം ധരിക്കുന്നത് ശരീരം മറക്കൻമാത്രമല്ല സുരക്ഷക്ക് കൂടിയാണ്.ഓരോ പ്രൊഫെഷനനുസ്സരിച്ച് മനുഷ്യരുടെ വസ്ത്രധാരണരീതിയും ഒരു ശീലമായിമാറാറുണ്ട്. അതുപോലെ ഒരു ശീലമായി മാറേണ്ട ഒന്നാണ് കൊറോണ പ്രതിരോധ ശീലങ്ങളും ചര്യകളൂം.എങ്കിൽ കൊറോണയോടപ്പം സഞ്ചരിക്കാം എത്രവേണമെങ്കിലും ഭയലേശമില്ലാതെ.പട്ടേൽ എന്ന പൈ പട്ടേലും, റിച്ചാർഡ് പാർക്കർ എന്ന കടുവയും രക്ഷാബോട്ടിൽ യാത്രചെയ്തതുപോലെ.ഇവിടെ കൊറോണക്ക് കടവയെപോലെ സാഹചര്യങ്ങളുടെ സമ്മർദ്ദമനുസ്സരിച്ചുള്ള വിവേക ബുദ്ധിയൊന്നുമില്ല എന്ന് ഓർമ്മവേണം. ഏറ്റവും വലിയ റിസ്ക് അതൊന്നുമല്ല പാർക്കറെ കാണാനും അവന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും പൈക്ക് സാധിച്ചിരുന്നെങ്കിൽ കൊറോണയുടെ കാര്യം നേരെ മറിച്ചാണ്.അവൻ എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് പിന്നെ ആയിരവും പതിനായിരവും ലക്ഷങ്ങളുമായി വിഹരിക്കുന്ന നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ശത്രുവാണ്. ശ്രദ്ധയുടെയും സൂഷ്മതയുടെയും നിരീക്ഷണ കുഴലുമായി ഊണിലും ഉറക്കത്തിലും നിതാന്ത ജാഗ്രത പുലർത്തിയില്ലെങ്കിൽ സംഗതി പാളും. അതിനാൽ എല്ലാ ബുദ്ധിയും വിവേകവും മനുഷ്യർ തന്നെ പാലിക്കണം.അവൻ നമ്മെ കീപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും രക്ഷപെടാൻ നമ്മളും.അതൊരു കളിയാണ്.’ഔഷധമെന്ന മറുകര’ കണ്ടെത്തുന്നതുവരെ ബുദ്ധി പൂർവ്വവും ക്രിയാത്മകവുമായ ഒരു സാഹസിക യാത്രയാണത്.. ….
എല്ലാവർക്കും ശുഭയാത്ര നേരുന്നു !!!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Reply

YOU MAY ALSO LIKE