ഡോ. ഡി ബാബുപോള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും, സാംസ്‌കാരിക പ്രവര്‍ത്തകനും, കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ. ഡി. ബാബുപോള്‍(78) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല), മക്കള്‍: മറിയം ജോസഫ് (നിബ), ചെറിയാന്‍ സി. പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എ.കെ.ജോസഫിന്റെ മകന്‍ സതീഷ് ജോസഫ്, മുന്‍ ഡ്ജിപി സി.എ. ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയുെ യുപിഎസ്സി അംഗവുമായിരുന്ന കെ. റോയ് പോള്‍ സഹോദരനാണ്.

എറണാകുളം കുറുപ്പംപടി ചീരത്തോട്ടത്തില്‍ പി.എ. പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റെയും മകനായി 1941-ല്‍ ജനനം. ഹൈസ്‌കൂളില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെയും സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സ്‌കോളര്‍ഷിപ്പ്, എസ്എസ്എല്‍സിക്കു മൂന്നാം റാങ്കും എംഎയ്ക്ക്‌ ഒന്നാം റാങ്കും ഐഎഎസ്സിന് ഏഴാമ റാങ്കും നേടി. സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാളസാഹിത്യത്തിലും ഉപരിപഠനം.

ഇടുക്കി ജില്ലയുടെ ആദ്യ കലക്ടര്‍ ആയിരുന്നു ബാബുപോള്‍. ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ജല വൈദ്യൂത പദ്ധതി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക സെക്രട്ടറിയായും ബാബുപോള്‍ നല്‍കിയ സംഭാവനകള്‍ മികച്ചതാണ്. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59-ാം വയസ്സില്‍ ഐഎഎസില്‍ നിന്നും വിരമിച്ചു.

4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന ‘വേദശബ്ദ രത്‌നാകര’മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. 22 വര്‍ഷം ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ് വേദശബ്ദ രത്‌നാകരമെന്ന ഈ നിഘണ്ടു. 2000-ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചു.

മൃതദേഹം രാവിലെ ഒമ്പത് മണിക്ക് പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഞായറാഴ്ച രാവിലെ നാലുമണിക്ക് പെരുമ്പാവൂരെ കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *