Thursday, September 24, 2020
Home ലേഖനങ്ങൾ കോവിഡാനന്തരത

കോവിഡാനന്തരത

ലേഖനം

ഡോ. ജയ്സിമോൾ അഗസ്റ്റിൻ
അസി. പ്രൊഫ., മലയാള വിഭാഗം
അസംപ്ഷൻ കോളജ്, ചങ്ങനാശ്ശേരി

മനുഷ്യൻ പരിതോവസ്ഥകളുടെ സൃഷ്ടിയാണ്. അവന്റെ വഴികളിലും പ്രവൃത്തികളിലും പ്രതിഫലിപ്പിക്കപ്പെടുന്നത് പരിതോവസ്ഥകളുടെ ഭാവ വൈചിത്ര്യങ്ങൾ തന്നെയാണ്‌. കല കാലത്തിന്റെ കണ്ണാടിയാണെന്നു പ്രസ്താവിച്ചപ്പോൾ എഴുത്തുകാരനെ സ്വാധീനിക്കുന്ന സാമൂഹിക സാംസ്കാരിക അവസ്ഥകളെക്കൂടി കണക്കിലെടുക്കേണ്ടതിനെക്കുറിച്ച് ജോസഫ് മുണ്ടശ്ശേരി പ്രസ്താവിച്ചിട്ടുണ്ട്‌. രചനകൾ [കല്ലിലോ കടലാസിലോ ചില്ലിലോ ഉരുക്കിലോ എവിടെ വിരിയിക്കുന്ന സർഗ്ഗ പ്രതിഭയും രചനയാണല്ലോ] കലാകാരന്റെ സർഗ്ഗ സംവാദത്തിന്റെ വേദി തന്നെയാണ്. രചനോന്മുഖനായ കലാകാരനെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ് പരിതോവസ്ഥ.

മാറി മാറി വരുന്ന പരിതോവസ്ഥകൾ ജീവിതഗതിയിലുളവാക്കുന്ന നിമ്നോന്നതികളെ കലാകാരൻ തന്റെ രചനകളിൽ ആവാഹിക്കും. സാമൂഹിക സാംസ്കാരിക പരിതോവസ്ഥകളിൽ ഉണർന്നു നിന്ന ആഗോളീകരണത്തിന്റെ വ്യത്യസ്ത ഭാവങ്ങളായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രചനകളെ ഏറെ സ്വാധീനിച്ചിരുന്നത്. വിവരസാങ്കേതികതയുടെ ഉല്പന്നമായിത്തീർന്ന അറിവനുഭവങ്ങൾ, ആ അറിവിന്റെ അനന്തരഫലമായ സമ്പർക്ക സാധ്യതകൾ ഇവയെല്ലാം രചനയിലെ സ്ഥലകാല നിർമ്മിതികളെയും പശ്ചാത്തലങ്ങളെയും ശക്തമായി സ്വാധീനിച്ചിരുന്നു. സാങ്കേതിക അറിവനുഭവങ്ങളും സമ്പർക്ക സാധ്യതകളും ലോകത്തിന്റെ വലിപ്പം ചെറുതാക്കിക്കൊണ്ടുവന്നു. മാർക്സ് വിഭാവനം ചെയ്ത ‘ആഗോള ഗ്രാമം’ എന്ന സങ്കല്പത്തെ സാങ്കേതിക യുക്തി കൊണ്ട് കൈപ്പിടിയിലൊതുക്കി ആവിഷ്ക്കരിക്കാൻ വിവര സാങ്കേതികതയുടെ വക്താക്കളായ വ്യവസായ പ്രമുഖർ കച്ചകെട്ടിയിറങ്ങി. ആ കാഴ്ചയായിരുന്നു 2005 നു ശേഷം വളരെ ശക്തമായിത്തീർന്നു.

ആഗോളീകരണം സാധ്യതയായപ്പോൾ പ്രാദേശികത ചർച്ചയുടെ പുതിയ വഴി തുറന്നു. പ്രവാസത്തിന്റെ വേദന, സാധ്യത എന്നിവയെ രചനയുടെ തലമാക്കിയവരും പ്രാദേശിക മാനങ്ങളുടെ വ്യതിരിക്തതകൾ സംരക്ഷിക്കപ്പെടാൻ രചനയെ ആഹ്വാന വഴിയാക്കിയവരുമായിരുന്നു ഇക്കാലഘട്ടത്തിലെ എഴുത്തുകാർ. മലയാളത്തിലുളവായ ആടുജീവിതം, ബിരിയാണി മുതലായ പ്രസിദ്ധ എഴുത്തുകളിലെ പ്രമേയപരത ഇത്തരം പശ്ചാത്തലങ്ങളിൽ രൂപം കൊണ്ടതാണ്. കാലഘട്ടത്തിനൊത്തുള്ള സമകാലിക രചനകളും അന്നാളുകളിൽ ഉളവായിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങൾ വരുന്നുണ്ട് പോലെയുള്ള കവിതകൾ സമകാലികതയെ അടയാളപ്പെടുത്തിയിരുന്നു. ഇങ്ങനെ താൻ ജീവിക്കുന്ന പരിതോവസ്ഥ കലാകാരനെ കൃത്യമായി സ്വാധീനിക്കുന്നു എങ്കിൽ 2020 നു ശേഷമുളവാകുന്ന രചനാനുഭവങ്ങൾ ഏതു വിധമായിരിക്കും?

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകാരംഭമാണ് 2020. കിരീട രൂപമുള്ള ഒരു കുഞ്ഞൻ വൈറസിനെ ഭയന്ന്, ലോകം മുഴുവൻ മനുഷ്യർ തങ്ങളുടെ പ്രവൃത്തികളെ നിശ്ചലമാക്കി നിർത്തേണ്ടി വരുന്ന പുതിയൊരു ‘കയോസ്’ 2020-ൽ അരങ്ങേറിയിരിക്കുകയാണ്. വിഹ്വലതകളും ആശങ്കകളും പരിത്യക്തതകളും ഒറ്റപ്പെടലുകളും മനുഷ്യജീവിതത്തെ പല തലങ്ങളിലൂടെ അലട്ടിയപ്പോൾ സമ്പർക്കമെന്നത് പാടില്ലാത്തതാണ് എന്ന പുതിയ ചിന്ത ആരോഗ്യത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ മനുഷ്യനിലുണർത്തി. എങ്കിലും വിവരസാങ്കേതികതയുടെ അറിവനുഭവങ്ങൾ ആഗോളീകരണ പ്രക്രിയയുടെ ഒരുമിച്ചു ചേർക്കലിൽ മനുഷ്യസമൂഹത്തെ വീണ്ടും കെട്ടിയിട്ടു. അന്തർരാജ്യയാത്രകളും അന്തർസംസ്ഥാനയാത്രകളും അന്തർജില്ലായാത്രകളും
അന്തർഗ്രാമയാത്രകളും, എന്നു വേണ്ട അന്തർഭവനയാത്രകൾ വരെ അവസാനിപ്പിച്ച് അടച്ചു പൂട്ടലിൽ സ്വയം കഴിയാൻ വൈറസിനെക്കുറിച്ചുള്ള ഭയം മനുഷ്യനെ പ്രേരിപ്പിക്കുന്ന ഈ കാലഘട്ടം പുതിയ ചിന്താധാരകൾക്കു രൂപം നൽകുകയാണ്.

പോസിറ്റീവുകളെല്ലാം നെഗറ്റീവുകളാകുന്ന കാലമാണിത്. ’90’ കൾക്കു ശേഷം ചില പോസിറ്റീവുകളെ മനുഷ്യൻ വല്ലാതെ ഭയപ്പെട്ടിരുന്നു. H I V പോസിറ്റീവ്, എബോള പോസിറ്റീവ് ഇങ്ങനെയുള്ള പോസിറ്റീവ് പ്രഖ്യാപനങ്ങൾ ഭയമായിരുന്നു മനുഷ്യന് പകർന്നത്. ഇപ്പോഴാകട്ടെ കോവിഡ് 19 പോസിറ്റീവ് എന്നത് ഒരു വ്യക്തിയെയോ അയാളുടെ കുടുംബത്തെയോ മാത്രമല്ല, ആ പ്രദേശത്തെയാകമാനം ഉത്ക്കണ്ഠയിലും ഭയത്തിലുമാഴ്ത്തുന്നു. ‘കോവിഡ് പോസിറ്റീവ്’ എന്ന പോസിറ്റീവിനോടുള്ള ഭയം സമൂഹത്തിന്റെ മറ്റു തലങ്ങളിലുണ്ടായിരുന്ന പോസിറ്റീവ് ഭാവങ്ങളെപ്പോലും നെഗറ്റീവാക്കിക്കാട്ടാൻ കാരണമാകുകയാണ്. സമൂഹജീവിയാണ് മനുഷ്യൻ എന്നതിനാൽ, ഒത്തുചേരലുകളായിരുന്നു മനുഷ്യന്റെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്നതിൽ ഏറെ പങ്കു വഹിച്ചിരുന്നത്. സാമൂഹിക സാംസ്കാരിക ചിഹ്നങ്ങളെല്ലാം ഒത്തു ചേരലിനാണ് മനുഷ്യനെ പ്രേരിപ്പിച്ചിരുന്നത്. കോവിഡ് മനുഷ്യനെ ഒത്തുചേരലുകളിൽ നിന്ന് പിൻവലിക്കുന്നു.
മതവും സംസ്കാരവും ഒന്നുചേരുന്നതിന്റെ നന്മകളും കൂട്ടായ്മയുടെ ശക്തിയും എപ്പോഴും മനുഷ്യരെ ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒത്തു ചേരലുകൾ ഉപേക്ഷിക്കാൻ അഭ്യർത്ഥിക്കുകയും അവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണ്. ഒരേ മനസ്സോടെ കഴിയുന്നതിന്റെ സൂചകങ്ങളായിരുന്ന ആചാരവണക്കങ്ങൾ ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ ഒത്തു ചേരൽ എന്ന പോസിറ്റീവും നെഗറ്റീവായി!

‘അടുത്തു വാ…’ എന്ന പരസ്യം ‘അകന്നുപോ…’ എന്ന രീതിയിൽ പുന:ക്രമീകരിക്കേണ്ടി വരുകയാണ് പുതിയ വ്യവസ്ഥിതിയിൽ. സാമൂഹിക അകലം വ്യക്തിപര അകലമായി മാറുകയാണ്. അടുപ്പത്തിനുള്ള വഴി ഇലക്‌ട്രോണിക് മാധ്യമങ്ങൾ കയ്യടക്കിക്കഴിഞ്ഞു. ശാരീരികാരോഗ്യത്തിലും മാനസികാരോഗ്യത്തിലും പക്വതയെത്തേണ്ടതിനാൽ നവമാധ്യങ്ങളിൽ നിന്നും യന്ത്രവൽകൃത ബുദ്ധികളിൽ നിന്നും കുട്ടികളെയും യുവ വിദ്യാർത്ഥികളെയും അകറ്റി നിർത്തുന്നതായിരുന്നു 2019 ഉത്തര പകുതി വരെ പോസിറ്റീവ്. എന്നാൽ, 2020 ൽ കുട്ടികളും യുവതയും മണിക്കുറുകളോളം കൈകാര്യം ചെയ്യണ്ടത് നവമാധ്യമങ്ങളും യന്ത്രവൽകൃത ബുദ്ധികളുമായിത്തീർന്നിരിക്കുന്നു. ഓൺലൈനിലായിരിക്കുക എന്നത് സ്വാഭാവികതയും ഓഫ് ലൈനിലാകുന്നത് അസ്വാഭാവികതയുമായി ഗണിക്കപ്പെടുന്ന ശൈലിയിലേയ്ക്ക് ശരാശരി മനുഷ്യന്റെ ജീവിതശൈലി മാറിക്കഴിഞ്ഞു.

ഈ കാലത്തെ രചനകൾ വരകളിലും വർണ്ണങ്ങളിലും വരികളിലും അടയാളപ്പെടുത്തുന്നത് എന്തായിരിക്കും. ഭാവനകളിൽ സാമൂഹിക അകലം പുതിയ വിരഹയിടങ്ങൾ തീർക്കുമെന്നതിനാൽ പ്രണയം അസ്വസ്ഥമായ തർക്കിക തത്ത്വമോ മൗനമോ വളർത്തിയേക്കും, ഭ്രാന്തമായ ആവേശങ്ങളിൽ സ്വയം തളച്ചു നിർത്താനാവാതെ വരുന്നവന്റെ ഉന്മാദം സമൂഹത്തെ മുൾമുനയിൽ നിർത്തുന്ന ഭീതിയുടെ വരകളും വരികളും ഉളവാക്കിയേക്കും. ചരിത്രം പഴങ്കഥയുടെ മടുപ്പിക്കുന്ന ആവർത്തന വിരസതയായി ഗണിക്കപ്പെടാം, സാങ്കേതികത പോലും മടുപ്പു നല്കുന്ന സങ്കീർണ്ണ ജടിലതയാകാം, അറിവിടങ്ങൾ യന്ത്ര ഓർമ്മകളിലുള്ള പരതൽ പ്രക്രിയയാകുമ്പോൾ ഗുരുമുഖങ്ങൾ അജ്ഞാതങ്ങളാകാം, പണമെന്നത് എന്തിനു വേണ്ടി എന്നു തിരിച്ചറിയാനാകാത്ത നിരാശ കൂടിയാകുമ്പോൾ ഭൂമിയിലെ പ്രകാശം ഇരുളിലേയ്ക്ക് മാറുന്നതാണ് ഉത്തമമെന്ന് ചിന്തിക്കുന്നവന് തോന്നിയെന്ന് വരാം. അങ്ങനെ കോവിഡനന്തര സാഹിത്യ സാംസ്കാരിക സിദ്ധാന്തം ഇരുട്ടിന്റെ സിദ്ധാന്തമായിത്തീരാം. The Dark Theory- അതിന്റെ വിഭവമാകട്ടെ ഭയവും!
 ഈ സിദ്ധാന്തത്തെ ഉപജീവിച്ച് എഴുതുന്നവന്റെ എഴുത്ത് ഇരുട്ടിന്റെ പാഥേയമാകും…
വരയ്ക്കുന്നവന്റെ വരകൾ ഇരുളിന്റെ തിരശ്ശീല കോറലുകളുമാകാം!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

Leave a Reply

Most Popular

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...

ആയിരം പാഡിന് അരക്കപ്പ്

ആയിഷ ബഷീർ "ഡീ എന്റെ ബാക്ക് ഓക്കേയാണോ " ചോദ്യം കേട്ട് നടുവിന് വല്ലതും പറ്റിപ്പോയിട്ടാണോ എന്ന് സംശയിക്കല്ലേ.... ഇത് പെണ്ണുങ്ങൾക്ക് മാത്രം മറുപടി ആവശ്യമായി വരുന്ന ഒട്ടും കംഫോർട്ടബ്ൾ അല്ലാത്തൊരു ചോദ്യമാണ്. സ്കൂളിൽ, വീട്ടിൽ, തൊഴിലിടങ്ങളിൽ, യാത്രയിൽ,...
%d bloggers like this: