Thursday, June 24, 2021

ലോക്ഡൗൺ കാലത്തെ ഗൂഗിൾ മാപ്പ്

വായന

ഡോ. കെ. എസ് കൃഷ്ണകുമാറിന്റെ ‘താങ്ക്യു വിസിറ്റ്‌ എഗെയിൻ’ എന്ന കവിതയെക്കുറിച്ച്‌…

പ്രസാദ്‌ കാക്കശ്ശേരി

നിശ്ചലമായ കാലത്ത് യാത്രയുടെ ഉള്‍പഥങ്ങളിലേക്ക് പ്രത്യാനയിക്കുന്ന കവിതയാണ് കെ.എസ്.കൃഷ്ണകുമാറിന്റെ ‘ താങ്ക്യൂ വിസിറ്റ് എഗയിന്‍’. യാത്ര ഒരു പ്രധാന രൂപകമായി കവിതയിൽ ആവർത്തിച്ചു ഉപയോഗിക്കുന്നത് ബാഷോയാണ്. യാത്ര തന്നെയായിരുന്നു ബാഷോയുടെ ധ്യാനവും. അവധൂതത്വവും നിര്‍മമത്വവും ചേര്‍ന്ന വിചാരപ്പൊരുളുകള്‍ ബാഷോയുടെ ഹൈകുവില്‍ ചലനാത്മകമായി. ജാപ്പനീസ് ഹൈക്കുവിന്റെ ആചാര്യനായ ബാഷോവിന്റെ യാത്രാ പുസ്തകം ഏറെ ശ്രദ്ധേയമാണ്.

prasad-kakkassery
പ്രസാദ് കാക്കശ്ശേരി

ലോകം മഹാമാരിയിൽ നിശ്ചലമായ കാലത്ത് മനസ്സിലൂടെ നിർവഹിക്കുന്ന യാത്രയും അനുഭവങ്ങളും ആതിഥ്യമര്യാദകളും വീട്ടു മുറിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അനുഭവമാണ് താങ്ക്‌ യൂ വിസിറ്റ് എഗയിന്‍ ‘ എന്ന കവിത. യാത്ര പോകാറുള്ള സ്ഥലങ്ങളെല്ലാം വീട്ടിലേക്ക് വിരുന്നെത്തുകയാണ്. അവരെ സൽക്കരിച്ച് നിശ്ചലമായ ഒരു കാലത്തിൻറെ സ്വച്ഛത ബോധ്യപ്പെടുത്തുകയാണ്. അതിർത്തികളില്ലാതെ, നിയമങ്ങളില്ലാതെ, സഞ്ചരിക്കുന്ന വൈറസ് ഭീതിയെ പുറത്താക്കിയടച്ച് സ്ഥലങ്ങൾ യാത്രികന്റെ ഉപചാരങ്ങൾ സ്വീകരിക്കുന്നു. കെട്ടിക്കിടപ്പിന്റെ, മരണ സംഖ്യയുടെ അസ്വസ്ഥതയിൽ നിന്ന് ആശ്വാസത്തിന്റെ പ്രപഞ്ച നീതിയിലേക്ക്, സാന്ത്വനത്തിലേക്ക് ആതിഥേയനെഉണർത്തുകയാണ് ബ്രേക്കിംഗ് ന്യൂസ്, മരണസംഖ്യ, പോസിറ്റീവ്, നെഗറ്റീവ് അപ്ഡേറ്റുകളില്‍ കുടുങ്ങിപ്പോയ ആതിഥേയനുള്ള സമ്മാനവും അവര്‍ നൽകി. ചില്ലു കൊണ്ട് പണിത മലയോര കാഴ്ച, കറൻറില്‍ തെളിയും വെളിച്ചം, ചുരം, താങ്ക്യു വിസിറ്റ് എഗയിന്‍ എന്ന ബോർഡ്.

ഫാന്റസിയിലൂടെ, സറ്റയര്‍ തോതില്‍ അഹംബോധത്തെ പരിക്കേൽപ്പിക്കുന്ന, നിശ്ചല കാലത്തെ യാത്രികന്റെ ഭൂപടമാണ് കെ .എസ് കൃഷ്ണകുമാറിന്റെ താങ്ക്യൂ വിസിറ്റ് എഗയിന്‍’ എന്ന കവിത.

athmaonline-dr-ks-krishnakumar-prasad-kakkassery-wp

താങ്ക്‌ യു വിസിറ്റ്‌ എഗേയ്ൻ

കെ എസ്‌ കൃഷ്ണകുമാർ

*താങ്ക്‌ യു*
*വിസിറ്റ്‌ എഗേയ്ൻ*
-കെ എസ്‌ കൃഷ്ണകുമാർ

യാത്ര പോകാറുള്ള
സ്ഥലങ്ങളെല്ലാംകൂടി
ഇന്നലെ വീട്ടിലേക്ക്‌
വിരുന്ന് വന്നു.

എങ്ങനെയെത്തി
എന്നൊന്നും ചോദിക്കരുതെന്ന് അവർ.
അടക്കം പറയുന്നുണ്ട്‌ അവ,
വഴിയിൽ കിട്ടിയ വഴക്കും വക്കാണങ്ങളും.

തെക്ക്‌ നിന്ന് വന്നവർ
നന്നായി മഴ നനഞ്ഞിരുന്നു.
വടക്കുനിന്നുള്ളവർ
വല്ലാതെ കരിവാളിച്ചിരുന്നു.
കിഴക്കൻ മലയോരങ്ങളിൽ
നിന്നു വന്നവർക്ക്‌ കുളിരുണ്ടായിരുന്നു.

ഞാൻ അവർക്ക്‌
കുടിക്കാനും കഴിക്കാനും കൊടുത്തു.
വീട്ടുഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ച്‌
എല്ലാവരും വാതോരാതെ സംസാരിച്ചു.
കുപ്പിവെള്ളം വായുമലിനീകരണം
വഴിയോരക്കച്ചവടങ്ങൾ തട്ടിപ്പുകൾ പീഡനം വനനശീകരണം
മാളുകൾ ടോൾപ്പിരിവ്‌
ന്യുജെൻ ഓൺലൈൻ ഓയോ
യൂടൂബ്‌ ആമസോൺ
ചാനലുകൾ രാഷ്ട്രീയം
പച്ചക്കറി തമിഴ്‌നാട്‌
കീടനാശിനി രാസവളം
തീന്മേശ ഒരു ചർച്ചാസമ്മേളനമായി.

കൊറോണയെയും
നിസാമുദ്ദീനെയും പ്രവാസികളെയും
അതിഥി തൊഴിലാളികളെയും കുറിച്ച്‌
ഞാൻ സംസാരിച്ചപ്പോൾ
ആരും ഒന്നും പറഞ്ഞില്ല.
പെട്ടെന്ന് അവർക്കിടയിൽ
ഒരു മൗനം പരക്കും.
വീണ്ടും തമാശകൾ.
അമ്പലങ്ങളിൽ പോകാതെ
ഹോട്ടലുകൾ കാണാതെ
എങ്ങനെ ജീവിക്കുന്നു
എന്ന് അവർ എന്നെ കളിയാക്കി.

മുറ്റത്തിറങ്ങി
എല്ലാവരും
തൊടിയിലൊക്കെ നടന്നു.
കണ്ണുകൾ വിടർത്തി
മുഖം തെളിയിച്ച്‌
മരങ്ങൾക്ക്‌ പച്ചപ്പ്‌ കൂടിയെന്നും
ആഞ്ഞ്‌ ശ്വാസമെടുത്തുവിട്ട്‌
വായു ശുദ്ധമായെന്നും
വണ്ടികളൊന്നുമില്ലാത്തതിനാൽ
കണ്ണും മൂക്കും കേൾക്കാമെന്നും
പലവിഷയങ്ങളിൽ
അങ്ങനെ
സംസാരങ്ങളായിരുന്നു
ചുറ്റിനടന്ന് കാണുമ്പോൾ.

രണ്ടാഴ്ച മാത്രം പ്രായമായ
പച്ചക്കറികൃഷിയുടെ അടുത്ത്‌ എത്തിയപ്പോൾ
ഊണു കാലമായെന്ന്
വീടിന്നുള്ളിൽ നിന്ന് വിളി വന്നു.

ഈ സമയത്ത്‌
മീൻ എവിടന്ന് കിട്ടി
സാധനങ്ങളൊക്കെ കിട്ടുന്നുണ്ടോ
തൊട്ടടുത്ത്‌ ഒരു സൂപ്പർ മാർക്കറ്റുണ്ട്‌
പതിനഞ്ച്‌ കിലോ സൗജന്യ അരി വാങ്ങാതിരിക്കരുത്‌
വെളിച്ചെണ്ണ മില്ലിൽ നിന്നാണോ
ഇത്ര നല്ല കൊടമ്പുളി
ഞങ്ങളുടെ നാട്ടിൽ കിട്ടില്ല
കഴിഞ്ഞ തവണ
ചുരം കയറി വന്നപ്പോൾ
തന്ന ഏലക്കായയല്ലേ ഇത്‌
സഹായത്തിനു ആരാണുള്ളത്‌
മേശ നിറയെ
വിഭവങ്ങളും സംസാരങ്ങളും.

എല്ലാം നല്ല സ്വാദുണ്ടെന്ന് കേട്ടപ്പോൾ
അവൾക്കും സന്തോഷമായി,
കുട്ടികൾ ജനലിലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു
വിരുന്നുകാർ പായസം കുടിക്കുന്നത്‌.

ഉച്ചഭക്ഷണം കഴിഞ്ഞ്‌
സ്വീകരണമുറിയിൽ
ഫാനിനു കീഴെ വിശ്രമിക്കുമ്പോൾ
ചെറിയ മകൻ കാണുന്ന
കാർട്ടുൺ മാറ്റി
വാർത്തകൾ വച്ചു.
അപ്ഡേറ്റ്സ്‌ വന്നുകൊണ്ടിരുന്നു.
ഓരോ ഇടങ്ങളിലെയും
ഇന്ന് കൂടിയ അക്കങ്ങൾ
ഭൂപടങ്ങൾ
ഇന്ന് വന്ന പോസിറ്റീവുകളും നെഗറ്റീവുകളും.
അതൊന്നും ശ്രദ്ധിക്കാതെ
വിരുന്നുകാർ.
ബ്രേക്കിങ്‌ ന്യൂസ്‌
വലിയക്ഷരങ്ങൾ വായിച്ച്‌
അസ്വസ്ഥനാകുന്ന എന്നെ
അവർ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
കൂട്ടത്തിലൊരാൾ
പശ്ചാത്തലസംഗീതം മുഴങ്ങുന്ന
വാർത്തകൾ ഓഫാക്കി.

ചായ കുടിച്ചിട്ടാണു
അവർ ഇറങ്ങിയത്‌.
മുറ്റത്തിറങ്ങിയിട്ടും
കുറെ നേരം
യാത്ര പറഞ്ഞുതീരാതെ.

പൂമുഖത്ത്‌
കുട്ടിമേശമേൽ
ഒരു സമ്മാനപ്പൊതി.
ചില്ലുകൊണ്ട്‌ പണിത
മലയോരക്കാഴ്ചകൾ.
കറന്റിൽ കുത്തിയാൽ
അതിനുള്ളിൽ വെളിച്ചം തെളിയും,
മഞ്ഞ്‌ പെയ്തുകൊണ്ടിരിക്കും.
ചുരം അവസാനിക്കുന്നയിടത്ത്‌
വലിയൊരു ബോർഡ്‌.
താങ്ക്യു വിസിറ്റ്‌ എഗേയ്ൻ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

വരൂ, കവിതയുടെ ഈ ഉമ്മറത്ത് നമുക്കും ഉറക്കമിളയ്ക്കാം

വിജേഷ് എടക്കുന്നി അമ്മയുടെ കണ്ണ് (കവിതകൾ) ജയപ്രകാശ് എറവ് യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ് ജയപ്രകാശ് എന്ന വ്യക്തിയെ നേരിൽ പരിചയപ്പെടുന്നതിന് എത്രയോ മുൻപ് അദ്ദേഹത്തിന്റെ കവിതകളുമായി അടുപ്പത്തിലായ ഒരാളാണ് ഞാൻ. തൃശൂരിൽ നിന്നും പുറത്തു വന്നിരുന്ന പിൽക്കാലത്ത് നിന്നു പോയ...

പുസ്തകം തുന്നുമ്പോൾ

സുരേഷ് നാരായണൻ പോസ്റ്റുമാൻറെ കയ്യിലിരുന്നു വിറയ്ക്കുന്ന ഒരു കത്താണ് 'ടണൽതേർട്ടിത്രീ'. അതൊരിക്കലും മേൽവിലാസക്കാരനിലേക്ക് എത്തുന്നതേയില്ല. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള കിടങ്ങിലേക്കാണ് പ്രിൻസ് ജോൺ ഈ നീണ്ട കവിതയെ പെറ്റിടുന്നത്. എത്ര പെട്ടെന്നാണത് ഒരു പെൺകോമരമായ്...

കലഹമെന്ന ക്രിയാനൈരന്തര്യം

സനൽ ഹരിദാസിന്റെ റെബൽ നോട്ട്സിന് എഴുതിയ അവതാരിക കൃപ ജോൺ സംസ്കാരമെന്നത് ചലനാത്മകവും പരിണാമോന്മുഖവുമായ ഘടനകളുടെ സംഘാതമാണ്. അവ പരസ്പരം നിർണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുപോരുന്നു. പരിണാമ പ്രക്രിയയെ ജൈവികമാക്കുന്നത്, നിലനിൽക്കുന്നതിനുമേൽ / സമാന്തരമായി ഉയർന്നെഴുന്നേൽക്കുന്ന ചോദ്യങ്ങളും...

Leave a Reply

Stay Connected

14,715FansLike
18FollowersFollow
1,170SubscribersSubscribe

Latest Articles

error: Content is protected !!
WhatsApp chat