HomeTHE ARTERIASEQUEL 22നിശബ്ദമായി കരയുന്ന കവിതകൾ (അനൂപ് ചന്ദ്രന്റെ കവിതകൾ )

നിശബ്ദമായി കരയുന്ന കവിതകൾ (അനൂപ് ചന്ദ്രന്റെ കവിതകൾ )

Published on

spot_imgspot_img

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍
ഡോ. രോഷ്‌നി സ്വപ്ന

കവിതയിലൂടെ മാത്രമേ തനിക്ക് കണ്ണാടി നോക്കാനാവൂ എന്ന് ഒരാൾക്ക് തോന്നിയാൽ അയാൾ എഴുതുന്ന കവിതകളിൽ എല്ലാമയാൾ നമ്മെക്കണ്ടെത്തും. അനൂപ് ചന്ദ്രന്റെ കവിതകളും അതേ അനുഭവം പകരുന്നു.
കണ്ടു കണ്ടെഴുതിയ കേട്ടു കേട്ടെഴുതിയ കവിതകൾ എന്ന് നിശബ്ദമായി പറയുകയും തൊട്ടടുത്ത നിമിഷം നിശബ്ദമായിത്തന്നെ കരയുകയും ചെയ്യുന്നു ഈ കവിതകൾ. വ്യാവഹാരിക ജീവിതത്തിൻറെ സാമ്പ്രദായികതക്കു വേണ്ടി നാം മനപ്പൂർവ്വം നിർമ്മിച്ചെടുക്കുന്ന ഒരു അച്ച് നമ്മുടെ ബോധ്യങ്ങൾക്കുണ്ട്. ചില കാര്യങ്ങൾ അങ്ങനെയല്ല എന്ന് ഉറപ്പുണ്ടായിട്ടും അങ്ങനെ തന്നെ എന്ന് ശഠിക്കുന്ന ചില ബോധ്യങ്ങളുമുണ്ട്.
കവിക്ക് ഇത്തരം മുൻ ബോധ്യങ്ങൾ അലങ്കാരമല്ല. അനൂപ് ചന്ദ്രൻ എന്ന കവിക്ക് ഇതറിയാം. യാഥാർത്ഥ്യം എന്ന ചിന്തയിൽ നിന്ന് അയാൾ ഉടനെ തന്നെ പടം പൊട്ടി വീഴും. പക്ഷേ താഴെ ഭൂമിയിൽ അയാളുടെ സ്വപ്നങ്ങൾ അയാളെ വലവിരിച്ചുപിടിക്കുന്നുണ്ട്. സ്വപ്നങ്ങൾ കാത്തുനിൽക്കുകയാണ് ആകാശത്തുനിന്നും ഭൂമിയിലേക്കുള്ള അയാളുടെ ചാട്ടത്തിന്റെ ഗതി മറ്റൊന്നാണ്. ഭൂമിയിലേക്ക് ചാടുമ്പോളും ആകാശത്തേക്കുള്ള പറക്കൽ ആണ് അയാളുടെ സ്വപ്നം. അതുകൊണ്ടാണ് “അതിനാൽ ഏത് ആഴത്തിലേക്ക് എനിക്ക് എത്താനാകും ഏതു പാതാളത്തിൽ നിന്നും കര പിടിക്കാനും ഏത് പ്രണയത്തിലും എനിക്കൊരു കയറേണ്ടി ഉണ്ട് ”
എന്ന് എഴുതാൻ അയാൾക്ക് ആവുന്നത്.
“Everything you invent is true. You can be sure of that poetry is a subject as precise as geometry.”
എന്ന ജൂലിയൻ ബാർനസ് പറഞ്ഞത് എത്ര ശരിയാണ് അനൂപ് ചന്ദ്രനെ വായിക്കുമ്പോൾ എന്ന് തോന്നിപ്പോകും.
കാരണം
“ഒതുക്കുകൾ എനിക്കുമാത്രം അറിയുന്നത് ഓരോ പടവുകളും പടുത്തത്
ഓരോ അന്ധമായ കൂപ്പുകുത്തിലെ നിലയില്ലാ തണുപ്പിന്റെ നിലവിളികളാൽ ഓരോ തകർച്ചയും
ഓരോ ഒതുക്കുകൾ ” എന്നയാൾ എഴുതുന്നുണ്ട്. കവിതയും ജീവിതവും കയറ്റിറക്കങ്ങളിലൂടെ പെരുക്ക പ്പട്ടികയാണെന്ന് ഒക്ടോവിയ പാസ്! ഓക്സിജൻ സിലിണ്ടർ എന്ന കവിതയിൽ അയാൾ ഊക്കിൽ പടികയറിപ്പോകുന്നതിന്റെ അദൃശ്യമായ താളമുണ്ട്. അയാൾ കിടക്കുന്നുണ്ട് പ്രണയ ഓർത്തു മാത്രം ശ്വാസം എടുക്കുന്നവന്റെ ഉന്മാദമുണ്ട്. ഇറക്കങ്ങൾ അറിയുന്നവനേ പടികളെ കുറിച്ചും അതിൻറെ എണ്ണത്തെക്കുറിച്ചും അറിയൂ എന്നുമുള്ള ഉള്ളറിവും ഉണ്ട്. ചോരിവാ തുറന്നപ്പോൾ പ്രപഞ്ചം കണ്ട ആ പഴയ അമ്മയുടെ കഥ ഓർത്തുപോകും “വിത്തുകൾ” വായിക്കുന്നു “ആരുടെ പെരും വായിലേക്ക് എളുപ്പത്തിൽ ചവക്കാൻ വിഴുങ്ങാൻ!?” എന്ന അത്ഭുതമാണ് ഇവിടെ അച്ഛനിൽ. എളുപ്പം കൊറിക്കാനായി വീണ്ടും വീണ്ടും അടർത്തി വെക്കൂ. അച്ഛന്റെ വിത്തല്ലേ ഞാനും “?എന്ന് കുഞ്ഞ് ആവശ്യപ്പെടുന്നു. ലോക ജ്ഞാനത്തിലേക്ക് ഇവിടെ അത്ഭുതം കൂറുന്നത് കുഞ്ഞല്ല.അച്ഛനാണ്. ഈ കുഞ്ഞ് പല കവിതകളിലും കടന്നുവരുന്നു “മകൾ സൂര്യൻ” എന്ന കവിതയിൽ ഭൂമിയെക്കുറിച്ച് അച്ഛനെ അറിയിക്കുന്ന ജ്ഞാനമാണ് മകൾ.എങ്കിലും ഉള്ളറകളിൽ ഒന്ന് ശൂന്യമാണ്. വായനയിൽ ഈ ഇടം കരടായി തടയുന്നുണ്ട്. കണ്ണിലും, തൊണ്ടയിലും വിശപ്പോ ദാഹമോ അല്ല പ്രണയമോ കാമമോ അല്ല വിശദീകരിച്ചു പറയാനാവാത്ത, അല്ലെങ്കിൽ ഒരു ഭാഷയിലും ഒതുങ്ങാത്ത, ചങ്കിൽ ചരൽക്കല്ലുകൾ തടയുന്ന സ്നേഹമാണ്. ലോകമെത്ര മേൽ തടഞ്ഞു നിർത്തിയാലും ഒഴുക്കിൽപ്പെട്ടു പോകുന്ന ഒരു വാടിയ ഇലയെ പിടിച്ചുനിർത്താൻ ഈ കവിതകൾക്ക് കഴിയും. അതിതീവാനന്ദത്തിൽ നീറുന്ന
നീറി മുറിയുന്ന പ്രണയമാണ് ഈ കവിതകളുടെ കണ്ണുകളിൽ. അക്ഷരങ്ങളിലൂടെ വായിച്ചാൽ കാണാനാവില്ല അത്. ചുണ്ടുകൾ ഉരുകി വീഴും വരെ ഉമ്മ വയ്ക്കാൻ ആണ് ഈ കവിതകൾ ആഗ്രഹിക്കുന്നത്. ഇടിമിന്നലായി മഴയായും പ്രണയത്തെ കാണാനും പ്രാപിക്കാനുമാകുന്ന ഊക്കുണ്ട് ഈ കവിതകൾക്ക്. ജീവിതത്തിൽ നിന്ന് ജീവിതത്തിലേക്ക് തന്നെയാണ് ഈ കവിതകൾ ഒഴുകുന്നത്. അതിനിടയിൽ കവിത താണ്ടിക്കടക്കുന്ന മരുഭൂമികളും ലോകങ്ങളും അയാളുടെ ഓർമ്മയിൽ ഭദ്രമാണ്. ഓർമ്മയിലാണയാൾ കണ്ണാടിയാകുന്നത്.
ആർക്കവകാശപ്പെട്ടതാണ് ഭൂമിയിലെ വഴികൾ മരിച്ചവർക്കോ ജീവിച്ചിരിക്കുന്നവർക്കോ?
എന്നെഴുതാൻ അയാൾക്കാവുന്നത് അയാൾ ജീവിതത്തിനും മരണത്തിനുമിടയിൽ തുറന്നുവച്ച മനസ്സിന് ഉടമയായതുകൊണ്ടാണ്. ബോധാബോധങ്ങൾക്കിടയിലെ സൗന്ദര്യത്തെക്കുറിച്ച് ചാൾസ് ബോദ്ലയർ എഴുതിയിട്ടുണ്ട്.
“ഉറക്കത്തിൽ ഞാനൊരു ഇഴജന്തു അയേക്കാം. ഉറപ്പില്ല കാരണം ഞാൻ ഉറപ്പിച്ചു പറഞ്ഞാൽ, ഞാൻ ഉറങ്ങുകയായിരുന്നു എന്നത് നിനക്ക് നിഷേധിക്കാൻ എളുപ്പമാണ് പക്ഷേ ഞാൻ നിൻറെ അടുത്ത് വന്നത് ഉറക്കത്തിൽ തന്നെ ആയിരുന്നു. കടംവാങ്ങിയ ശരീരത്തിലേക്ക് തിരികെ പോകും മുമ്പ്,എൻറെ പെൺകുട്ടീ ഞാൻ ഒരിക്കൽ കൂടി നിന്നെ ഇന്ന് വയ്ക്കട്ടെ കൃത്യമായ ചതുരങ്ങളിൽ അടുക്കിവെച്ച ജീവിതങ്ങളല്ല അനൂപിനെ കവിതകളിൽ ഉള്ളത്. അതിനെ പ്രണയം എന്ന് വിളിക്കാം. പ്രണയമാണ് ഈ കവിതകളുടെ കാതൽ. പ്രണയിയേ ഓർത്ത് മാത്രം ശ്വാസം കിട്ടുന്ന ഒരാളാണ് ഈ കവിതകൾ എഴുതുന്നത്. “ആത്മാവിൻറെ ഉടലിനെ ആദ്യം കാണുന്ന നായ പോലും മൗനത്തിലാകും.”ഈ പ്രണയതീക്ഷണതയി യിൽ അത്രയും ഒച്ചയില്ലാതെ ഞാൻ അരികിലെത്തും എന്ന് എത്ര നിശബ്ദമായാണ് പറയുന്നത്! (ഡ്രാക്കുള ഒരു പ്രേമ(ത)കവിത ) പ്രണയത്തിൻറെ ഓരോ ഞരമ്പിലും കുതിച്ചൊഴുകുന്ന വൈദ്യുതിസ്പർശമേറ്റ കവിതയാണിത്.
“നീ ഒന്നും അറിയില്ല
എൻറെ സാമീപ്യത്തിന്
നിൻറെ ഒടുവിലെ സ്വപ്നത്തിന്
അപഭ്രംശം ഉണ്ടാകാം ”
എന്ന കാന്തികതയാണ് ഈ കവിതയുടെ ഉറപ്പ്. ചിതറിക്കിടക്കുന്ന കഴുകാത്ത അടിവസ്ത്രവും, മുഷിഞ്ഞ ദിവസങ്ങൾ രേഖപ്പെടുത്തിയ ഏകാന്ത വിചാരങ്ങളുടെ ഭൂപടങ്ങളും മലർന്നും കമിഴ്ന്നും ചെരിഞ്ഞും നിവർന്നും
കിടക്കുന്ന പുസ്തകങ്ങളും വിളിച്ചുപറയുന്നത് അവൾ അഗാധ സ്നേഹത്തിൽ ആണെന്നാണ്. ലോർക്കയുടെ ഒരു കവിതയിൽ വെയിലിൽ വാടി ഒരു സായാഹ്നത്തെക്കുറിച്ച് പറയുന്നതും ഇങ്ങനെയാണ്”വെയിൽ വാടിയിരിക്കുന്നു ചുവപ്പും മഞ്ഞയും പച്ചയും കലർന്ന വൈകുന്നേരം. എൻറെ കണ്ണുകൾ നിന്റെ കിടപ്പു മുറിയിലേക്ക് കടന്നു. അവിടെ, പറന്നുനടക്കുന്ന കവിതകളുടെ താളുകൾ ശിരോവസ്ത്ര ങ്ങളുടെ നേർത്ത വെണ്മ നിൻറെ തലയിൽ നിന്ന് ചിതറിപ്പോയ തൂവലുകൾ” വിഭിന്ന അടരുകളിലാണ് ഡ്രാക്കുള എന്ന കവിതയിൽ പ്രണയം പ്രകാശിക്കുന്നത്. അലമാരയിൽ തൂങ്ങിക്കിടക്കുന്ന ശരീരമില്ലാത്ത ആത്മാവുകൾ ആയി, വസ്ത്രങ്ങളുടെ ആത്മാവുകൾ ആയി, ഒരേസമയം ജീവൻറെയും മൃത്യുവിന്റെയും ഏറ്റെടുക്കലിനെയും നിരാസ ത്തെയും ഇരുളിനെയും വെട്ടത്തെയും ആഞ്ഞു പുണരുകയും കുടഞ്ഞു കളയുകയും ചെയ്യുന്നു.
ഡ്രാക്കുള യിൽ ശരീരം ഒരപരലോകമാണ്.
” പുലരും മുമ്പേ ഈ ഉടൽ
തിരികെ കൊടുക്കണം
ആരുടെ ഉടലാണിത് “?
എന്ന് ആശങ്കപ്പെടുന്നുണ്ട്. തൻറെ ഭൗതിക ചിന്തയിൽ നിന്ന് കുതറി നിൽക്കുന്ന സ്വത്വമാണ് ഇവിടെ പ്രണയത്തിന്റെത്.
തീവ്രമായ ബിംബവാലികളുടെ പൊള്ളുന്ന വായനാനുഭവമാണ് ഈ കവിത. പ്രണയിയുടെ ശരീരം മരക്കുരിശ് പോലെ തന്നെ തെറിപ്പിക്കുമെന്ന് ഉറപ്പുണ്ട് കവി അപ്പോൾ യേശുവും യേശുവിൻറെ പീഡയും ആകുന്നു. തനിക്ക് അപ്രാപ്യമാകുന്ന കട്ടിൽ ദൈവത്തിൻറെ കല്ലറ ആകും എന്ന് അയാൾ തിരിച്ചറിയുന്നു. എങ്കിലും
“നിന്നെ ഉണർത്താതെ
നിൻറെ ആത്മാവിന്റെ ശരീരത്തിൽ
എന്നെ സന്നിവേശിപ്പിക്കണം.
എന്നാണ് കവിയുടെ ആഗ്രഹം എന്നിട്ട്
“നിൻറെ സ്വപ്നം ഞാനാകണം”
എന്ന സ്വാർത്ഥത കൂടി കവിയിലുണ്ട്.
അതുകൊണ്ട് തന്നെയാണ്
“തൊട്ടാൽ സംഗീതം ചുരത്തുന്ന കഴുത്തിലെ
ഒറ്റ ഞരമ്പിൽ
വയ്ക്കുന്ന ഉമ്മകൾ കോമ്പല്ലുകൾ ആയി പരിണമിക്കുന്നത് നീ അറിയുമോ” എന്ന് അയാൾക്ക് ചോദിക്കാൻ ആവുന്നത്
ലോകക്രമത്തോട് സമരസപ്പെടാൻ ആവുന്നില്ല തനിക്ക് എന്ന്‌ കവിക്കറിയാം. അത് ഉചിതവും അല്ല.
” ഒരേ ഭാഷയിൽ
ഒരേ രൂപത്തിൽ ലോകത്തിനോട്
ഒരുമപ്പെടുന്നതിനാൽ എതിർപ്പുകൾ
തീരെ ഉണ്ടാകില്ല
എന്ന തത്വം കവി തിരിച്ചറിയുന്നുണ്ട്.
പക്ഷേ ഒറ്റ കുഴലൂത്തിൽ എലികളെപ്പോലെ കുഴിമാടത്തിലേക്ക് കുതിക്കുന്ന,എല്ലാവരും ഒരേ ശബ്ദത്തിൽ താഴ്ന്ന സ്ഥായിയിൽ ഒച്ചയിടുന്ന, ചെറിയ വാക്ക് എറിയുമ്പോഴേക്കുമത് ഒരു പ്രളയമാ യിരിക്കും എന്ന് വിശ്വസിക്കുന്ന,അമിത വിശ്വാസികളെ പെട്ടെന്ന് തിരിച്ചറിയുന്നു ഈ കവിതകൾ.
കവിതയായാലും പ്രണയമായാലും ജീവിതമായാലും മരണമെന്നറിഞ്ഞു വിഴുങ്ങുന്ന കവിയാണ് അയാൾ.
ഒരു കവി ഒരു കവിക്ക് മറ്റൊരു കവിയുടെ നോട്ടമാണ് “ചുള്ളിക്കാട്”.
തീവ്രമായ ഒരു അനുഭവസാക്ഷ്യമാണ് “മകൾ പിറന്ന ദിവസത്തിന്റെ ഓർമ്മയ്ക്ക് ”
പ്രവാസ ജീവിതത്തിലേക്ക് മുറിപ്പാടുകളിൽ തലോടുന്ന കവിതകളാണ്” പ്രവാസം”, ” ഹോട്ട് ഡോഗ് “,”പത്മിനി”,” മഴ”, “അറേബ്യൻ ട്രാജഡി “തുടങ്ങിയ കവിതകൾ.
മനുഷ്യർ ദേശങ്ങളാകുന്നു
പ്രവാസ സന്ധികളിൽതാൻ മാത്രവും കൂട്ടത്തിനൊപ്പവും നിൽക്കുമ്പോൾ കവിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്.
“എനിക്കറിയില്ല
ഏതാണ് യാഥാർത്ഥ്യം? മരിച്ചവരുടെ ജീവിതമോ ജീവിച്ചിരിക്കുന്നവരുടെ മരണമോ?”
വിനിമയങ്ങൾ സാധ്യമല്ലാത്ത, ഇപ്പോഴും തെളിയാത്ത,ഒരു വർണ്ണത്തിലും രേഖപ്പെടുത്താത്ത, രേഖാംശ അക്ഷാംശങ്ങൾ എപ്പോഴും മാറിമറയുന്ന, ഒഴുകിക്കൊണ്ടിരിക്കുന്ന ഒരിടമാണ് ഈ കവിതകളിലെ പുറം ദേശം.
അകത്താകട്ടെ ദൈനംദിന വ്യവഹാരങ്ങളുടെ പൊള്ളത്തരങ്ങളെ വിശദമായി വിമർശിക്കുകയും ചെയ്യുന്നു. മനുഷ്യരും പ്രദേശങ്ങളും ഇടകലർന്നു വരുന്ന ഭൂപടങ്ങളിലെ രേഖകൾക്ക് അഹിംസയുടെയും അക്രമത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മണവും നിറവും ആണ് എന്ന് പറയാൻ ഈ കവിതകൾക്ക് ഒട്ടും മടിയില്ല.
ഗാന്ധിയും ശിവ, രാമനും കൃഷ്ണനും എല്ലാം എളുപ്പത്തിൽ ഊരാനും ഉടുക്കാനുള്ള കുപ്പായങ്ങളാണെന്ന പൊതുവെ ധാരണകളെ കവിത വലിച്ചു കീറുന്നു. നിങ്ങൾ എന്നും ഞങ്ങൾ എന്നും രണ്ടായി മുറിച്ച മുറിവിലൂടെ നീണ്ടകാലം ഇഴഞ്ഞു നീങ്ങുമ്പോൾ കവിക്ക് പറയാനുള്ളത് “അമർത്തി വയ്ക്കപ്പെട്ടവരുടെ ആത്മകഥകളല്ല
ലോകത്തിൻറെ ആത്മകഥ” എന്നാണ്. അനൂപിൻറെ കവിതകളിൽ ഉടനീളം അച്ഛനായതിൻ സുഖദുഃഖങ്ങൾ അനുഭവിക്കുന്ന മനുഷ്യനുണ്ട്. “സൺറൈസ് സൂപ്പർമാർക്കറ്റിലെ റഷീദ് “, “മകൾ സൂര്യൻ “,”ഞാൻ പുരുഷൻ”, “നവംബർ 19- 2007” “ആവിഷ്കാരം” തുടങ്ങിയ കവിതകളിലെല്ലാം ഒരു പെൺകുട്ടിയുടെ അച്ഛൻ ഉണ്ട്. പുരുഷനും കാമുകനും അച്ഛനും കലരുന്ന സ്വത്വത്തിൽ നിന്നാണ് കവിത പിറക്കുന്നത്. ജീവിതം മരണത്തെ നേർക്കുനേർ കാണുന്നു.
ജീവിതത്തെക്കുറിച്ച് ആഴത്തിൽ പറയുമ്പോൾ അതീവ നേർമയുള്ള ഒരു കലർ ച്ചർച്ചയായിത്തന്നെ മരണവും അനൂപിനെ കവിതകളിൽ കടന്നുവരുന്നു. ജീവിതത്തെക്കുറിച്ച് എങ്ങനെയൊക്കെ എഴുതിയാൽ ആണ് അത് മരണത്തെക്കുറിച്ച് ആവാതിരിക്കുക എന്ന ചിന്ത കവിയിൽ ശക്തമാണ്. മയക്കോവ്സ്കിയുടെ മരണ ചിന്തയും ഇതുപോലെ തന്നെയല്ലേ!
“മരണത്തെക്കുറിച്ച് ഓർക്കാതിരിക്കാൻ മരണത്തെക്കുറിച്ചു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത് അപൂർവ്വമായ മരണ ചിന്തകളിലേക്ക് പെട്ടെന്ന് വഴുതിവീഴുന്ന സ്വഭാവമാണ് ഈ കവിതകൾക്ക്. ഓക്സിജൻ സിലിണ്ടറിൽ പ്രണയത്തിനു പുറത്ത് മരണം കാവൽ നിൽക്കുന്നുണ്ട്.
“ജീവിതത്തിൻറെ ഒറ്റക്കമ്പിയിൽ ബാലൻസ് തെറ്റാതെ ഇപ്പോഴും ഉണ്ടെന്നോ ശിഷ്ടജീവിതം?” (ബാലൻസ് )
“നിന്നെ കാണാതെ ഞാൻ മരിച്ചുപോകുമോ മരണമേ നീ മാറി നിൽക്കൂ ”
“ജീവിതത്തിൽ മരണം എന്നതുപോലെ മരണത്തിനു ജീവിതം കാണുമായിരിക്കും ”
(എസ്എംഎസ് ) “മരിച്ചവരുടെ പരേഡ് തീരും വരെ എനിക്ക്മു റിച്ചുകടക്കാൻ ആവില്ല ഭൂമിയിലെ വഴികൾ” മരിച്ചവർക്കോ ജീവിച്ചിരുന്നവർക്കോ (മരിച്ചവരുടെ പരേഡ് ) “അത്രയും ഒച്ചയില്ലാതെ ഞാൻ അരികിലെത്തും എൻറെ നിശ്വാസം മരിച്ചവരുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കില്ല (ഡ്രാക്കുള ഒരു പ്രേമ(ത)കവിത)”
“മരണമാണെന്ന് അറിഞ്ഞും വിഴുങ്ങും കവികൾ അല്ലേ എളുപ്പമായിരിക്കും കാര്യങ്ങളെല്ലാം “(കൊട്ടേഷൻ)
” മരണമല്ലാതെ തൂങ്ങിയാടുന്ന തെന്ത് “(ചുള്ളിക്കാട് )
“എനിക്കറിയില്ല ഏതാണ് യാഥാർത്ഥ്യം മരിച്ചവരുടെ ജീവിതമോ ജീവിച്ചിരിക്കുന്നവരുടെ മരണമോ”(പ്രവാസം)
“എത്ര വ്യക്തവും സുതാര്യവുമായിരിക്കുമത്! മരണത്തിന്റെയും എൻറെയുംതൊട്ടുതൊട്ടില്ല എന്ന കളിയുടെ
ഒടുക്കം! (മരണം മറ്റൊരു തെന്നിവീഴൽ) ഇങ്ങനെ പോകുന്നു അനൂപിനെ കവിതകളിലെ മരണപ്പെയ്ത്ത്.
രാഷ്ട്രീയം പ്രണയ കാമനയുടെ ചിത്രങ്ങൾ മനുഷ്യനും ഭൂമിയും ചരിത്രവും കലർന്ന കത്തുന്ന രാഷ്ട്രീയമാണ് ഈ കവിതകളുടെ വർത്തമാനവും ഭാവിയും അടയാളപ്പെടുന്നത്. അതിൽ ചിലപ്പോൾ മനുഷ്യർ മാത്രമാകുന്നു.
ചുരുട്ടിവച്ച് മുടിയിലെ തത്വശാസ്ത്രം കാമനകളുടെ പുറംതള്ളലിന് അതിനുവേണ്ടിയുള്ള മദജലമായി പരിണമിക്കുന്നു. ചരിത്രം മനുഷ്യനോട് ചെയ്യുന്ന ഹിംസാത്മകതകളെ സ്ഖലിച്ചു വിഫലമായി തെറിപ്പിക്കാനുള്ള ഊക്കുണ്ട് ഈ കവിതകൾക്ക്. തത്വശാസ്ത്രങ്ങളുടെ വിശാലമായ പ്രയോഗ സാധ്യതകളിൽ ഗാന്ധിയും കൃഷ്ണനും സാധാരണ മനുഷ്യരായി വിചാരണക്കൂട്ടിൽ എത്തുന്നു. ഓർമ്മകളുടെ കനം കൊണ്ടാണ് കവി ഇതിനെ പ്രതിരോധിക്കുന്നത്. ഭൂമിയിൽ ആഘോഷിക്കാൻ ദൈവം അനുവദിച്ച രാത്രിയുടെ അദൃശ്യതയിൽ കവി അഭിരമിക്കുന്നു. ദൈവത്തിനു പകരം ചെകുത്താനെ വിൽക്കേണ്ടി വരുന്ന മനുഷ്യൻറെ നിസ്സഹായതയും പരമാനന്ദവും ആണ് ചിലപ്പോൾ ഈ കവിതകളുടെ അടയാളമാകുന്നത്. മനുഷ്യൻ മനുഷ്യനായിത്തന്നെ നിലനിൽക്കുകയും, അങ്ങനെതന്നെയാണ് തൻറെ രാഷ്ട്രീയവുമെന്ന് അടി വരച്ചു പറയുകയും ചെയ്യുന്നുണ്ട് അനൂപ് ചന്ദ്രന്റെ കവിതകൾ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...