Sunday, August 7, 2022

ഈ സ്വപ്നങ്ങളുടെ ഒരു കാര്യം

കവിത

ഡോ. കല സജീവൻ

ഇന്നലെ രണ്ടു വെള്ളപ്പക്ഷികൾ വന്ന് അവളുടെ ഉറക്കത്തെ കൊത്തിക്കൊണ്ടുപോയി.
കറുത്ത നിറത്തിലുള്ള ഉറുമാലായിരുന്നു അത്.
ഉറക്കത്തിന്റെ വക്കിൽ മൂന്ന് സ്വപ്നങ്ങൾ തുന്നിച്ചേർത്തിരുന്നു.
രണ്ടെണ്ണം രാത്രിയുടെ ആദ്യത്തെ പടവുകളിലിരുന്ന് കാണേണ്ടവ,
അവസാനത്തേത് പുലർകാലത്തിനു വേണ്ടി പ്രത്യേകം നിർമ്മിച്ചതായിരുന്നു.
തനിക്കേറ്റവും പ്രിയപ്പെട്ടവനുമായി ചേർന്നിരുന്ന് വറുത്ത ചോളം തിന്നുന്ന ശബളാഭമായ സ്വപ്നമായിരുന്നു അത്.
ചോളത്തിന് ഉപ്പുരസമുണ്ടാവണമെന്ന് അവൾക്ക് നിർബന്ധമുണ്ട്.
ആരും എത്തിനോക്കരുതെന്നും.
പക്ഷേ വെള്ളപ്പക്ഷികൾ സ്വപ്നങ്ങളുടെ കാര്യത്തിൽ നിസ്സഹായരായിരുന്നു.
അവരുറക്കത്തെ കൊത്തിക്കൊണ്ട് പറന്നു പോയി.
അന്നേരമവൾ എഴുത്തുമേശയ്ക്കപ്പുറമിരുന്ന് വിരഹിയായ കാമുകന്റെ പതിനേഴാമത്തെ സന്ദേശം വായിക്കുകയായിരുന്നു.
അയാൾ ആസന്നമരണനാണെന്ന്
അതിലൊരിടത്ത് മഷി കടുപ്പിച്ചെഴുതിയിരുന്നു.
അവളുടെ അരക്കെട്ടിൽ ചുറ്റിക്കിടന്നിരുന്ന വെള്ളിയിൽ കറുപ്പു വരകളുള്ള കാവൽ നാഗം ചുറ്റഴിച്ച് മെല്ലെ ഇഴഞ്ഞു പോയി.-
ഉറങ്ങേണ്ട നേരമായെന്നറിയിച്ചു.
മേലുടുപ്പഴിക്കണമെന്നും പകൽ മുഴുവൻ പ്രണയിച്ചു തളർന്ന മുലകളിൽ തണുപ്പിച്ച ചുവപ്പൻവീഞ്ഞു പുരട്ടണമെന്നും അവൾക്കു തോന്നി.
ജാലകത്തിരശ്ശീലകൾ വകഞ്ഞു മാറ്റി കാറ്റിനെ മാത്രം
ഉടൽച്ചുഴികളിൽ ചുംബിക്കാനനുവദിക്കുന്നത് രസകരമായ കളിയാണെന്നവൾക്കറിയാം.
ഓർത്തിരിക്കാനൊരു പ്രണയമുണ്ടെങ്കിൽ
ഒറ്റയ്ക്കാവുന്ന രാത്രികളെല്ലാം സുന്ദരമെന്ന് ചിരവിരഹികളായ  കാമുകൻമാർ പറയാറുണ്ട്.
എന്റെ രാത്രികൾ എന്റ്തു മാത്രമാണെന്ന് അവളപ്പോഴൊക്കെ വിചാരിക്കാൻ തുടങ്ങും.
ഒരു പെണ്ണിനോളം സന്തോഷിക്കാൻ
അവൾക്കുമവകാശമുണ്ടല്ലോ.
നിങ്ങളെന്റെ ഉറക്കമെടുത്തോളു,
എന്റെ സ്വപ്നങ്ങളെ തിരികെത്തന്നാലും എന്ന പ്രധാനപ്പെട്ട സൂചനയോടെ
അവൾ വെള്ളപ്പക്ഷികൾക്കു കത്തെഴുതാൻ തുടങ്ങി.

ഡോ.കല സജീവൻ

തൃശ്ശൂർ ശ്രീകേരള വർമ കോളേജ്, മലയാള വിഭാഗത്തിൽ അസി.പ്രൊഫസറാണ്. താമസം ആമ്പല്ലൂരിൽ – വള്ളത്തോൾ സാഹിത്യമഞ്ജരീ പുരസ്കാര ജേതാവ്. ഭാഷാപോഷിണി, തോർച്ച, ചന്ദ്രിക, സ്ത്രീ ശബ്ദം എന്നീ ആനുകാലികങ്ങളിൽ കവിതകളും അംഗീകൃത അക്കാദമിക് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദ്യത്തെ കവിതാ സമാഹാരം ജിപ്സിപ്പെണ്ണ്. ഈ സമാഹാരത്തിന് എഴുത്തുകാരികളുടെ മികച്ച കവിതാ സമാഹാരത്തിനുള്ള ഇന്ത്യൻ ട്രൂത്ത് കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

spot_img

Related Articles

നീന്തൽ

കവിത  യഹിയാ മുഹമ്മദ് കടൽ. കുഞ്ഞിനെ കൈവെള്ളയിൽ കിടത്തി കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു. വെള്ളത്തിൽ നീന്തുന്നത് പോലെ എളുപ്പമല്ലല്ലോ കരയിലെ നീന്തൽ കല്ലും മുള്ളും നിറഞ്ഞത് കൊണ്ട് മേനിയാകെ ഉരഞ്ഞു പൊട്ടും. കടൽ കുഞ്ഞ് നീന്തി നീന്തി നാടും കാടും കടന്ന് മലയുടെ ഉച്ചി വരെയെത്തി. കടലെത്ര തിരിച്ചുവിളിച്ചിട്ടും അവനുച്ചിയിൽ നിന്ന് താഴെക്കിറങ്ങി വന്നതേയില്ല. കുഞ്ഞുങ്ങൾ. വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു! നീന്തിപ്പോയ...

കല്ലുവിളയിലെ കവടികളിസംഘം

കഥ ബിനുരാജ് ആർ. എസ് 1. "തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം." ഒരു...

തോട്ടോഗ്രഫി 2

തോട്ടോഗ്രഫി 2 പ്രതാപ് ജോസഫ് "a good photograph is knowing where to stand" Ansel Adams നിൽപ്പ്‌ വെറും നിൽപ്പല്ല, നിലപാടുകൂടിയാണ്‌. എവിടെ നിൽക്കണം/ എന്ത് നിലപാടെടുക്കണം എന്നറിയുന്നതാണ്‌ ജീവിതത്തിലെയും ഏറ്റവും അനിവാര്യമായ അറിവ്‌. ഫോട്ടോഗ്രഫിയും...
spot_img

Latest Articles