അവശതയിലും തിടമ്പേറ്റിക്കുന്നവരുടെ പേരാണ് ആനപ്രേമി

എം.എൻ.ശശിധരൻ

ഒരുത്സവത്തിനും ആനകളെ കൊടുക്കില്ലെന്ന് ആന മുതലാളിമാർ. തകർത്തു. കോടി പുണ്യം കിട്ടും. കാട്ടിൽ അടിച്ച്പൊളിച്ച് നടക്കേണ്ട ആ ജീവികളെക്കൊണ്ട് മലയാളി കാണിക്കാത്ത ക്രൂരതകളും കോപ്രായങ്ങളുമില്ല. തല പൊട്ടിത്തെറിക്കുന്ന നട്ടപ്ര വെയിലത്ത് നടയാനേ തിരിയാനേ മറിയാനേ എന്ന കുന്തംകൊണ്ട് കുത്തിയും ചങ്ങലയുരഞ്ഞ് പൊട്ടിപ്പഴുത്ത കാലിലെ വ്രണങ്ങളിൽ കറുത്ത പെയിന്റടിച്ച് വീണ്ടും ചങ്ങല കെട്ടി നടത്തിച്ച്, പുറത്ത് കോലവും വെഞ്ചാമരവും പിടിച്ച ആളുകളെയും കയറ്റി വെച്ച്, ചുറ്റിനും ചെണ്ടയും കുഴലും കുഞ്ചിഞ്ചിയും പെരുക്കി കാലിന്നിടയിൽ വെച്ച് പടക്കവും പൊട്ടിച്ച് പീഢിപ്പിക്കുന്ന വിനോദത്തിനെയാണ് മലയാളി പൂരമെന്ന് വിളിക്കുന്നത്. സഹിക്കാനാവാതെ വരുമ്പോൾ ഇതുങ്ങള് ഒന്ന് കുലുങ്ങിത്തിരിഞ്ഞാൽ കാലിന്നടിയിൽപ്പെട്ട് ചത്ത് ബലിദാനികളാകാൻ തയ്യാറായി നടക്കുന്ന കുറെ മന്ദബുദ്ധികളാണ് പൂരക്കമ്മറ്റിക്കാർ.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന പേരിട്ട് കേരളം മുഴുവൻ നടത്തിച്ച് കൊലപ്പൂരം എഴുന്നള്ളിക്കുന്ന വിവാദ മൃഗം കാഴ്ച നഷ്ടപ്പെട്ട ഒരു വന്യ ജീവിയാണ്. പീഢനങ്ങളുടെ പഞ്ചാരികൾക്കിടയിൽ സഹിക്കവയ്യാതെയായിരിക്കും ആ പാവം ജീവി അതിന് പറ്റാവുന്ന രീതിയിൽ പ്രതികരിച്ചതും ആറേഴ് കുടുംബങ്ങൾ അനാഥമായതും. ഇനിയും അതിനെ എഴുന്നള്ളിപ്പിക്കണ്ട എന്ന അധികൃതരുടെ തീരുമാനത്തിന് ആയിരം ലൈക്ക്. അതിന്റെ പേരിൽ ഇനി ഒരാനയെയും പരിപാടിക്കിറക്കില്ലെന്ന് ഉടമകൾ പറഞ്ഞാൽ മത്തായിക്ക് മലരാണെന്നാണ് സർക്കാർ പറയേണ്ടത്. ആചാര സംരക്ഷണത്തിന്റെ പേരിൽ നടത്തിയ കോപ്രായങ്ങൾ വേണ്ടത്ര ക്ലച്ച് പിടിച്ചില്ലെന്ന് ബോധ്യപ്പെട്ട സംഘപരിവാരം ഈ സാധുമൃഗത്തെ ഇനിയും പീഢിപ്പിക്കണം എന്ന ആവശ്യവുമായി വീണ്ടും തെരുവിലിറങ്ങുന്നത് അവരർഹിക്കുന്ന അവജ്ഞയോടെ നേരിടണം. വേണമെങ്കിൽ പൂഞ്ഞാറ് കേശന്നായരെയോ സുവർണ്ണമയൂരം ശ്രീധരൻപിള്ളയെയോ നെറ്റിപ്പട്ടം കെട്ടിച്ച് കളത്തിലിറക്കാവുന്നതാണ്. ബോധത്തിന്റെ കാര്യത്തിൽ ജീവികളോളം വരില്ലെങ്കിലും അന്തക്കേടിന്റെ കാര്യത്തിൽ മദയാനയെ വെല്ലും. നല്ല ഏക്കവും കിട്ടും. പറ്റിയാൽ തടിപിടിക്കാനും കൊണ്ടു പോണം.

അപ്പോൾ കാര്യങ്ങൾ ആ വഴിക്ക് പോട്ടെ എന്നാശിച്ചു കൊണ്ട്
ഒരു ആനപ്രേമി.

Leave a Reply

Your email address will not be published. Required fields are marked *