received 320888895506724 2

ഒരു നൂറ്റാണ്ടിനപ്പുറമിപ്പുറം

നന്ദിനി മേനോൻ

കെ ആർ ഗൗരിയമ്മക്ക് നൂറ്റൊന്നു തികയുന്നു. ഒരു നൂറ്റാണ്ടു കണ്ട സ്ത്രീ ജീവിതത്തെക്കുറിച്ച് ഏറെ അവലോകനങ്ങൾ നടക്കുന്നുണ്ടാവാം. വിദ്യ കൊണ്ട് സമ്പന്നയായവൾ, ആറു പതിറ്റാണ്ടിനു മുമ്പ് സഹപ്രവർത്തകനായ ടി വി തോമസുമായുള്ള പ്രണയ വിവാഹം, രാഷ്ട്രീയ വിശ്വാസങ്ങളുടെ വഴിപിരിയലിൽ വേർപിരിഞ്ഞു പോയവർ, ഒരു കാലത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ഏറെ പരിഗണിക്കപ്പെട്ട വനിത നേതാവ്, നൂറിന്റെ നിറവിലും വിശ്രമമില്ലാത്ത പൊതു ജീവിതം…… ഏറെ ചർച്ചകൾ മാധ്യമങ്ങളിൽ നടക്കുമായിരിക്കും.

കേരള സ്ത്രീ ജീവിത പൊതുധാരയുടെ പ്രതീകമായും സ്ത്രീ ശാക്തീകരണത്തിന്റെ തുടക്കമായും പലരും ആ ജീവിതത്തെ വിലയിരുത്തിയേക്കാം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനെ ഇത്തരത്തിൽ വാഴ്ത്തും മുന്നെ ഒരല്പം ചിന്തിക്കണമെന്നു തോന്നുന്നു.

ആറു പതിറ്റാണ്ടുകൾക്കു മുമ്പ് സ്വന്തം രാഷ്ട്രീയ വീക്ഷണ ഗതിയോടൊത്തു നീങ്ങുന്ന സഹപ്രവർത്തകനെ ഗൗരിയമ്മ ജീവിത സഖാവായി തിരഞ്ഞെടുക്കുമ്പോൾ, അവിടെ രണ്ടു വ്യക്തികളുടെ സ്വതന്ത്ര ചിന്താഗതികളും പൊതു ബോധവും ജീവിതാശയങ്ങളുമാണ് സംഗമിച്ചത്. അവരുടെ കുടുംബ സാമ്പത്തിക മതപരമായ പിന്നാമ്പുറങ്ങൾ ഒന്നും വിരൽ ചൂണ്ടി നിന്നില്ല. ഇന്ന്, വിദ്യാസമ്പന്നരായ പ്രായപൂർത്തിയെത്തിയ രണ്ടു പേർ നിയമപ്രകാരം വിവാഹം ചെയ്തു ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോൾ, ആ കൊച്ചു ലോകത്തിലേക്ക് ആഴ്ന്നിറങ്ങുന്ന കഠാരകളുടെ എണ്ണം ഭയാനകമാം വണ്ണം വർദ്ധിച്ചിരിക്കുന്നു. പ്രണയവും വിവാഹവും ജീവിതവും, പല വർണങ്ങളിലുള്ള അലകുകൾ പിടിപ്പിച്ച കത്തികളാൽ കീറി മുറിച്ചു പരിശോധിക്കപ്പെടുന്നു. എന്നും എന്തും നമുക്ക് അപരിചിതരായ ഒരു കൂട്ടം ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടതായി വരുന്നു.

കേരളത്തിലെ വൻ നഗരങ്ങളിൽ, ഒരേ മതവിശ്വാസം പുലർത്തുന്നവർക്ക് ഒന്നിച്ചു ജീവിക്കുവാനുള്ള കൂറ്റൻ ആഢംബര പാർപ്പിടങ്ങൾ ഉയരുന്നു എന്നതിലേക്കെത്തുന്നതുവരെ നമ്മുടെ സാമൂഹ്യബോധം അപചയിച്ചിരിക്കുന്ന വേളയിൽ, ഗൗരിയമ്മയുടെ ജീവിതം എവിടെയാണ് സാധാരണ മലയാളി സ്ത്രീക്കു മാതൃകയാവുന്നത്?

രാഷ്ട്രീയ വിശ്വാസങ്ങൾ വേർപിരിയവെ, ഒരാൾ അപരന്റ സ്വാതന്ത്ര്യത്തെയും കാഴ്ച്ചപ്പാടിനെയും ചിന്താഗതിയെയും പരസ്പരം തടയാതെ തളരാതെ തകർക്കാതെ ഇരു വഴിക്കൊഴുകിയ ദമ്പതികൾ. സ്ത്രീ ശാക്തീകരണത്തിന്റെ മൂർദ്ധന്യനാളുകളിൽ ടെലിവിഷൻ സ്ക്രീനുകളിൽ പീഡകനായ ഭർത്താവിന്റെ ഇടതു വശം ചാരി ചിരിച്ചു കൊണ്ടു നില്ക്കുന്ന ഭാര്യമാരും, അഴിമതിക്കേസിന്റെ വിചാരണക്ക് കോടതിയിലേക്കു പോകുന്ന നേതാവിനു പുറകിൽ ഉറച്ച സാന്നിധ്യമായി തളച്ചപോലെ നിലക്കുന്ന സഹധർമ്മിണികളും, മകളുടെ കൂട്ടുകാരിയോട് അതിക്രമം കാണിച്ച ഭർത്താവിനെ പത്രക്കാരുടെ മുന്നിലിരുന്നു ന്യായീകരിക്കേണ്ടി വരുന്ന പത്നിമാരും, ജീവിതത്തെക്കാളും വലിയ ഇമേജുള്ള മഹാരഥൻമാർക്കു വേണ്ടി വീടകത്തേക്കു വലിയുന്ന വനിതാരത്നങ്ങളും എങ്ങിനെയാണ് ഗൗരിയമ്മയുടെ പിൻമുറക്കാരായി വാഴ്ത്തപ്പെടുന്നത്?

മുഖ്യമന്ത്രി പദത്തിലേക്ക് ഏറെ പരാമർശിക്കപ്പെട്ട പേരാണ് കെ ആർ ഗൗരി. അറുപതു വർഷങ്ങൾക്കിപ്പുറം നിന്നു നോല്ക്കുമ്പോൾ, കക്ഷി രാഷ്ട്രീയ ഭേദമന്യെ എത്ര വനിതകൾ ഉന്നതാധികാരത്തിന്റെ അടുത്തെങ്കിലുമെത്തിയിട്ടുണ്ട്? ആഭ്യന്തരം സാമ്പത്തികം തുടങ്ങിയ അതീവ ഗൗരവമർഹിക്കുന്ന വകുപ്പുകളിൽ പോലും ഒരു സ്ത്രീയെ ചൂണ്ടിക്കാണിക്കാനില്ല.

സ്ത്രീകൾക്കായി സംവരണം ചെയ്തതു പോലുള്ള ചില ചുമതലകൾ തുടർന്നു കൊണ്ടു പോകുന്നതല്ലാതെ വനിത പ്രതിനിധികൾ എന്തു നേടി? വലിയ നേതാക്കൻമാരുടെ ചെയ്തികളെ ജനങ്ങൾക്കു മുന്നിലിട്ടലക്കി വെളുപ്പിച്ചു കൊടുക്കുവാനുള്ള പ്രതികരണ തൊഴിലാളികളായി എന്നും സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതെന്തുകൊണ്ട് ?

നൂറിലും പൊതുജീവിതത്തിൽ അനിഷേധ്യ സാന്നിധ്യമറിയിച്ചു കൊണ്ട് തുടരുന്ന ഗൗരിയമ്മ. എളുപ്പത്തിൽ തുടച്ചും മായ്ച്ചും അടിച്ചും ചിതറിച്ചും കളയുവാൻ കഴിയുന്നതായിട്ടുണ്ട് സ്ത്രീയുടെ പൊതു ജീവിതം. വൈകിയ വേളകളിൽ യാത്ര ചെയ്യുന്നവൾ, തനിച്ചു താമസിക്കുന്നവൾ, തുറന്നെഴുതുന്നവൾ, അക്രമം സഹിച്ചു കൊടുക്കാൻ തയ്യാറല്ലാത്തവൾ, നീതി നിഷേധിക്കപ്പെട്ടവൾ, ചോദ്യം ചെയ്യുന്നവൾ…… ഇവരിലാരാണ് ഗൗരിയമ്മയുടെ പിൻമുറക്കാർ? ഒരു സ്ത്രീയെ ഇല്ലായ്മ ചെയ്യുവാൻ ഏറ്റവുമെളുപ്പം അവളെ ലൈംഗികമായി ആക്രമിക്കുകയും, അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കരുതുന്നവർക്കിടയിൽ എന്താണ് സ്വതന്ത്ര പൊതുജീവിതം? അശ്ളീലച്ചുവയുള്ള ആഭാസങ്ങൾ പറയുന്നതാണ് കയ്യടികൾ നേടാനുള്ള കുറുക്കുവഴി എന്നു കരുതുന്ന പ്രശസ്തർക്കിടയിൽ, സ്ത്രീയുടെ ആത്മാഭിമാനം കാത്തു സൂക്ഷിക്കേണ്ടതെവിടെയാണ്?

ഒരു നൂറ്റാണ്ടിനിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ, മധ്യവർഗ സ്ത്രീകളുടെ ജീവിതത്തിൽ ഗൗരിയമ്മ കാണുന്ന കാഴ്ചകളെന്താവും? കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിൽ ഇടക്കൊക്കെ സംഭവിക്കുന്ന ചില അത്ഭുതങ്ങളിൽ ഒന്നു മാത്രമായി ഗൗരിയമ്മയുടെ ജീവിതത്തെ നമുക്കു കാണേണ്ടി വരുന്നു. കണ്ണിവിടാത്ത ഒരു നീണ്ട നിര അവർക്കു പിന്നിലില്ലായെന്നതും സത്യമാകുന്നു.

Advertisements

Leave a Reply

%d bloggers like this: