guru-chemanchery-anagha-thekkedath-wp

ആടിത്തിമര്‍ത്ത ജീവിതം

അനഘ തെക്കേടത്ത്‌

കണ്ണുകളില്‍ കൗമാരത്തിന്റെ‌ കുസൃതി, ചുണ്ടുകളില്‍ ബാല്യത്തിന്റെ‌‌ പുഞ്ചിരി, പ്രായത്തിന്റെ‌‌ അവശതകളും അപകടവും ഗുരുവിന്‌റെ പതിവ് സഞ്ചാരങ്ങളെ വീല്‍ചെയറില്‍ ഒതുക്കിയിരിക്കുന്നു. ഇടറിപോവുന്ന വാക്കുകളെ ചേര്‍ത്തുപിടിച്ച് ഗുരു ഓര്‍മകള്‍ ഒപ്പിയെടുക്കുകയാണ്.ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും പിന്നിട്ട് ഒരു പതിനഞ്ചുകാരനിലേക്ക്. ചേമഞ്ചേരി കിണറ്റുങ്കരയിലെ കുഞ്ഞിരാമന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരായായ കഥ തുടങ്ങുന്നത് അവിടെയാണ്.

1916 ജൂണ്‍ 26ന് കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് ചേലിയയിലെ മടയന്‍കണ്ടി ചാത്തുക്കുട്ടിനായരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായാണ് ഗുരു ചേമഞ്ചേരിയുടെ ജനനം. കോല്‍ക്കളി കലാകാരന്മാരുണ്ടായിരുന്ന തറവാട്, തെയ്യവും തിറയും ചുവടുറപ്പിച്ച ക്ഷേത്രമുറ്റങ്ങള്‍, കാര്‍ഷികതനിമയുടെ ഈണങ്ങള്‍ കേട്ടുണരുന്ന ഗ്രാമം. കുഞ്ഞിരാമനിലെ കലാകാരന് വളക്കൂറേകാന്‍ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. പ്രമാണിയായ വാര്യം വീട്ടില്‍ കുഞ്ഞിരാമന്‍ക്കിടാവിന്റെ‌ വീട്ടിലെ നാടക റിഹേഴ്‌സല്‍ കാണാന്‍ പോയതാണ് ഗുരുവിന്റെ വഴിത്തിരിവായത്. വള്ളിത്തിരുമണമെന്ന നാടകത്തില്‍ വള്ളിയുടെ തോഴിയായി വേഷം കിട്ടി. കൂട്ടത്തിലുണ്ടായ പാലക്കാട്ടുകാരനായ ഗോവിന്ദമേനോന്‍ കഥകളി പഠിക്കാന്‍ താത്പര്യമുള്ള കുട്ടികളെ അന്വേഷിച്ചപ്പോള്‍ കുഞ്ഞിരാമന്‍ നായര്‍ ആഗ്രഹം മറച്ചു വച്ചില്ല.

വീട്ടില്‍ നിന്നുള്ള എതിര്‍പ്പുകാരണം ഒളിച്ചോട്ടമായിരുന്നു കീഴ്പ്പയ്യൂരിലെ അപ്പുക്കുട്ടന്‍ നമ്പ്യാരുടെ കഥകളി യോഗത്തിലേക്ക്. കരുണാകരമേനോനായിരുന്നു ആദ്യ ഗുരു. കഥകളിയിലെ വടക്കന്‍ സമ്പ്രദായമായ കല്ലടിക്കോടന്‍ ചിട്ടയിലെ പ്രാമാണികനായിരുന്ന ഈച്ചരമേനോന്റെ‌ മകനായിരുന്നു അദ്ദേഹം. ആറു മാസം കഴിഞ്ഞാണ് ഗുരു കഥകളിയോഗത്തില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയത്. കുഞ്ഞിരാമന്‍ നായരുടെ കഥകളിയോടുള്ള താൽപര്യം മനസ്സിലാക്കിയ വീട്ടുകാരും പിന്നീട് എതിര്‍പ്പൊന്നും പറഞ്ഞില്ല.കഥകളിയോഗം വഴി പല വേദികളും ഗുരുവിന് ലഭിച്ചു. കഥകളിയോഗങ്ങളാണ് അക്കാലത്ത് കഥകളിയുടെ പ്രചാരണത്തിന് മുഖ്യ പങ്കുവഹിച്ചത്.
നാടുവാഴിത്തം അവസാനിച്ച നാല്‍പതുകളോടെ കഥകളിയും പ്രതിസന്ധിയിലായി. കഥകളി കൊണ്ട് മാത്രം ഉപജീവനം സാധ്യമല്ലാതിരുന്ന അക്കാലത്ത് പല കലാകാരന്മാരും മറ്റു മേഖലകളിലേക്ക് ചുവടുറപ്പിച്ചു, അങ്ങനെയാണ് ഗുരു നൃത്തത്തിലേക്ക് തിരിയുന്നത്. കണ്ണൂരിലായിരുന്നു ആദ്യ നൃത്ത വിദ്യാലയം. അതിന് പിന്തുണ നല്‍കിയതാവട്ടെ കൗമുദി ടീച്ചറും. പിന്നീട് പലയിടങ്ങളിലായി നൃത്തം പഠിപ്പിക്കാന്‍ തുടങ്ങി. നൃത്ത വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. 1983 ലാണ് ചേലിയയില്‍ കഥകളി വിദ്യാലയം ആരംഭിക്കുന്നത്. കുടുംബസ്വത്തായി കിട്ടിയ ഭൂമിയില്‍ കെട്ടിടം പണി കഴിപ്പിച്ചു. ജനകീയ കൂട്ടായ്മയാണ് വിദ്യാലയത്തിന്‌റെ മേല്‍നോട്ടം വഹിക്കുന്നത്. ആരംഭഘട്ടത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഇപ്പോള്‍ കേന്ദ്ര ഫെല്ലോഷിപ്പ് ലഭിക്കുന്നുണ്ട്. കഥകളി മാത്രം പ്രൊഫഷനായി സ്വീകരിച്ച് ആര്‍ക്കും മുന്നോട്ടു പോവാനാവില്ലെന്ന് ഗുരു അടിവരയിടുന്നു. വേദികള്‍ കുറവാണ്, തെക്കന്‍ കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഥകളിയുടെ കാര്യം പരിതാപകരമാണിവിടെ. അമ്പലങ്ങള്‍ ഈ കലാരൂപത്തെ കൈയൊഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത. കാലത്തിനൊപ്പം കഥകളിയുടെയും കോലത്തില്‍ ചെറിയ മാറ്റമുണ്ടായെന്ന് ഗുരു സാക്ഷ്യപ്പെടുത്തുന്നു. പതിഞ്ഞ പദങ്ങള്‍ക്കു പകരം മുറുകിയ പദങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഒരു പദം പത്തു തവണ വരെ ഒക്കെ ആവര്‍ത്തിക്കേണ്ടി വരും. ഇന്ന് അങ്ങനെ കണ്ടിരിക്കാനൊന്നും ആര്‍ക്കും ക്ഷമയില്ല. തോടയം, പുറപ്പാട്, തുടങ്ങിയ ചടങ്ങുകളൊക്ക വെട്ടിച്ചുരുക്കിയിട്ടുണ്ട്. മൂന്നര മണിക്കൂര്‍ നീളുന്ന കഥകളി കലോത്സവങ്ങളില്‍ മുപ്പത് മിനുറ്റിലേക്കാണ് ചുരുക്കുന്നത്. കലോത്സവത്തില്‍ മത്സര ഇനമായതോടെ കൂടുതല്‍ പേര്‍ പഠിക്കാനെത്തുന്നുണ്ട്. അതില്‍ ചിലര്‍ ഗൗരവത്തോടെ പഠനം മുന്നോട്ട് കൊണ്ടു പോകുന്നുണ്ടെന്നത് പ്രതീക്ഷാവഹമാണെന്നും ഗുരു കൂട്ടി ചേര്‍ക്കുന്നു.

ആത്മസമര്‍പ്പണമാണ് കഥകളി കലാകാരന് വേണ്ട ഏറ്റവും വലിയ ഗുണം, ചിട്ടയോടുള്ള ജീവിതം പ്രധാനമാണ്. 30 കിലോയിലധികം ഭാരം വരുന്ന ആടയാഭരണങ്ങളുമായി വേണം വേദിയില്‍ ചുവടുകള്‍ വെക്കാന്‍ അതിനുള്ള മെയ് വഴക്കം വേണം. തയ്യാറായൊരു മനസ്സും.നൂറാംവയസ്സിലും ഗുരു അപകടം സമ്മാനിച്ച കമ്പിയിട്ട കാലുകളുമായി വേദിയില്‍ നടനവൈഭവം കാഴ്ചവെച്ചെങ്കില്‍ അതിന് ഒരൊറ്റ കാരണം മാത്രമെയുള്ളു തളരാത്ത മനസ്സ്. നഷ്ടങ്ങളില്‍ തോറ്റുപോയിട്ടില്ല ഗുരു. ബാല്യത്തില്‍ അമ്മയേയും കൗമാരത്തില്‍ അച്ഛനേയും, ജനിച്ചു വീണ് മാസങ്ങള്‍ക്കപ്പുറം മകളെയും, മകളുടെ മരണം തന്ന മുറിവ് മായും മുന്‍പെ ഭാര്യയെയും നഷ്ടപ്പെട്ടു ഗുരുവിന്. നഷ്ടങ്ങളില്‍ ഉഴലാതെ തന്റെ‌ ജീവിതലക്ഷ്യത്തിലേക്കുള്ള യാത്രയിലായിരുന്നു ഗുരു. ചേര്‍ത്തുപിടിക്കാന്‍ വലിയൊരു ശിഷ്യസമ്പത്തുണ്ട്. ഗുരുക്കന്മാരുടെ ആശിര്‍വാദമുണ്ട്. 2017 ല്‍ ഇദ്ദേഹത്തെ തേടി പത്മശ്രീയെത്തിയപ്പോള്‍ ഗുരു ജന്മശതാബ്ദിയുടെ നിറവിലായിരുന്നു. വൈകിയെത്തിയ അംഗീകാരമെന്ന് അറിയുന്നവര്‍ അറിയുന്നവര്‍ പതം പറഞ്ഞപ്പോഴും ഗുരുവിന് പരിഭവമേതുമില്ല. നവരസം മിന്നിമായുന്ന മുഖത്ത് തന്റെ‌ പ്രിയവേഷമായ കൃഷ്ണന്റെ കുസൃതി ചാലിച്ച് ചിരിയോടെ ഗുരു പറയും എനിക്ക് കഥകളി ആത്മാവിഷ്‌കാരമാണെന്ന്.

കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം , കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് (1999), 2002 ല്‍ കേരള ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍.കലാദര്‍പ്പണം നാട്യകുലപതി അവാര്‍ഡ്, മലബാര്‍ സുകുമാര്‍ ഭാഗവതര്‍ പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം , നാട്യരത്‌ന പുരസ്‌കാരം, പാഞ്ചജന്യം പുരസ്‌കാരം, കേന്ദ്രസംഗീത നാടക അക്കാദമിയുടെ ടാഗോര്‍ പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം, 2018 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ വയോസുരക്ഷാപുരസ്‌കാരം തുടങ്ങിയവയാണ് ഗുരുവിനെ തേടിയെത്തിയ പ്രധാന അംഗീകാരങ്ങള്‍. പ്രായത്തെ തോല്‍പിച്ചാണ് ഓരോ തവണയും ഗുരു ചമയങ്ങളണിഞ്ഞ് വേദിയിലെത്തിയത് യൗവനത്തിലെ വാര്‍ധക്യം ബാധിക്കുന്നവര്‍ക്ക് ഒരു പാഠ പുസ്തകമാണ് ഗുരുവിന്റെ ജീവിതം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

Leave a Reply

%d bloggers like this: