പൂരക്കളിയുടെ ഗുരുപ്രിയൻ

അശ്വതി രാജൻ

പൂരക്കളിയുടെ ഈ ചേലിന് ഒരു പ്രത്യേകതയുണ്ട്. സമ്മാനത്തേക്കാൾ മിന്നുന്ന തിളക്കമുണ്ട്. എന്തെന്നാൽ ഈ സംഘാഭ്യാസം മുഴുവൻ ഒരു കൊച്ചു മിടുക്കന്റെ ഇച്ഛാശക്തിയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാടു വെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരച്ച പള്ളുരുത്തി SDPY പൂരക്കളി ടീമിനെ കുറിച്ചും. അതിന്റെ സാരഥിയായ ഗുരുപ്രിയനെക്കുറിച്ചുമാണ് ഈ കുറിപ്പ്.

എട്ടാം തരത്തിൽ പഠിക്കുമ്പോഴാണ് ഗുരു പ്രിയൻ ആദ്യമായി പൂരക്കളിക്ക് ചുവടുവെയ്ക്കുന്നത്. ദഫ്മുട്ടിൽ ആയിരുന്നു ഗുരുപ്രിയന്റെ തുടക്കം.

സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധികൃതരുടെയും അധ്യാപകരുടെയും പ്രോത്സാഹനം തുടർച്ചയായി മൂന്നു വർഷം ഗുരുപ്രിയനും കൂട്ടുകാർക്കും സംസ്ഥാനതലത്തിൽ വിജയകരമായി പൂരക്കളി അവതരിപ്പിക്കുന്നതിന് പ്രചോദനം നൽകി. 2017 ൽ സ്റ്റേറ്റ് വിന്നർ കൂടി ആയിരുന്നു പള്ളുരുത്തി സെന്റ് ഡൊമെനിക്കിന്റെ ഈ പൂരക്കളി ടീം. 

അഞ്ചുവർഷമായി ഗുരുപ്രിയൻ പൂരക്കളി അഭ്യസിച്ചു വരുന്നു. എട്ടു മുതൽ പത്തു വരെ ശ്രീ തമ്പാൻ ആയിരുന്നു ഗുരുപ്രിയനെ പൂരക്കളി പരിശീലിപ്പിച്ചത്. ശേഷം SDPY ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ പഠനം തുടരുമ്പോഴും കലാപഠനം പ്രതികൂല സാഹചര്യങ്ങൾ നേരിടുമ്പോഴും ഈ കായികാഭ്യാസിക്ക് പൂരക്കളിയോടുള്ള ആത്മാർപ്പണവും ആവേശവും വർധിച്ചു വന്നു. തൽഫലമായി SDPY യിൽ പൂരക്കളിക്ക് പുതിയ ഒരു ടീം ഉണ്ടാക്കുന്നതിനായി ഗുരുപ്രിയൻ സ്വയം മുന്നിട്ടിറങ്ങി. സഹപാഠികളിൽ കലാകായിക അഭിരുചിയുള്ളവരെ തെരഞ്ഞെടുത്തു പരിശീലിപ്പിക്കുന്ന ചുമതല സ്വയം  ഏറ്റെടുത്തു. 

ക്ലേശകരമായ സങ്കേതങ്ങളുള്ള പൂരക്കളി എന്ന മഹാവിദ്യ ഗുരുപ്രിയനിൽ നിന്നും സഹപാഠികൾ കർക്കശക്കാരനായ ഒരു ആശാനിൽ നിന്നെന്ന പോൽ ഹൃദിസ്ഥവും ദേഹസ്ഥവുമാക്കി. രാപ്പകലുകൾ ഒരുമിച്ച് അദ്ധ്വാനിച്ച് അവർ ഈ കലാവിദ്യയെ മനസ്സിലും ശരീരത്തിലും കുടിയിരുത്തി. ഐക്യദാർഢ്യവും ഇച്ഛാശക്തിയും കഠിനാധ്വാനവും നിറഞ്ഞ നൂറ്റിമുപ്പത് ദിനങ്ങൾ.

പള്ളുരുത്തി SDPY ഹയർ സെക്കണ്ടറിയിലെ വീറും വാശിയുമുള്ള ചുണക്കുട്ടികൾ മുതിർന്ന ഒരു ആശാന്റെ അസാന്നിദ്ധ്യത്തിലും ഗുരുപ്രിയൻ എന്ന ഊർജ്ജത്തിന്റെ സാരഥ്യത്തിൽ വിജയത്തിന്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി.  ആശാൻ ആരെന്നു ചോദിക്കുമ്പോൾ ഗുരുപ്രിയൻ ഭയഭക്തിയോടെ പറയും `തമ്പാൻ സാർ’ എന്ന്. സ്വയം ടീമുണ്ടാക്കി ഒരുമിച്ചധ്വാനിച്ച് മുന്നേറുമ്പോഴും ഗുരുപ്രിയൻ നെഞ്ചോടു ചേർത്ത് അഭിമാനിക്കുന്നതും അവനു ലഭിച്ച ഈ ഗുരുത്വത്തെയാണ്. വടക്കിന്റെ ഈ കായിക സൗന്ദര്യത്തെ ഇത്രയധികം നെഞ്ചിലേറ്റുന്ന കൊച്ചിയിലെ ഈ മിടുക്കൻ ചെറുപ്പം മുതലേ ഒരു ചെണ്ട കലാകാരൻ കൂടിയാണ്. ഗുരുപ്രിയന്റെ പൂരക്കളി സ്വപ്നങ്ങൾക്ക് ചിറകേകാൻ അച്ഛനും അമ്മയും ഊഷ്മളമായ പ്രോത്സാഹനം നൽകിക്കൊണ്ട് ഈ കലാകാരനെ ചേർത്തു പിടിക്കുന്നു.  ഗുരുപ്രിയന്റെ സർഗാത്മകതയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്ന കലാഭ്യാസത്തിലും വിദ്യാഭ്യാസത്തിലും അവനെ ഏറെ സ്വാധീനിക്കുന്ന ഏക സഹോദരി സീതാലക്ഷ്മി തിരുവനന്തപുരം ശാന്തിഗിരിയിൽ BSMS (സിദ്ധ മെഡിസിൻ ആൻറ് സർജറി) അവസാനവർഷ വിദ്യാർത്ഥിനിയാണ്. ഹോമിയോപ്പതി ജനകീയമാക്കിയ പ്രശസ്ത ഹോമിയോ ഡോക്ടറും മർമ്മ തെറാപ്പിസ്റ്റുമായ ഡോ.കിഷോർ രാജിന്റെയും ബിന്ദു കിഷോറിന്റെയും ഇളയമകനാണ് കലോത്സവ വേദികളിലൂടെ കലയുടെ യഥാർത്ഥമണ്ണിലേക്ക് വളർന്നു വരുന്ന ഈ യുവ കലാകാരൻ.

 

Leave a Reply

Your email address will not be published. Required fields are marked *