ഗുരുസമക്ഷം

നിയാസ് ബക്കർ

അരുതരുത് കരയരുത്
കാരിരുമ്പാവുക.
പിഴച്ചതാർക്കെന്നറിയില്ല
കാലത്തിനോ
കാലക്കേടിലാക്കുമീ
ഗുരുക്കന്മാർക്കോ!

മാതാ പിതാ ഗുരു ദൈവമെന്നല്ലോ
കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ
ഒളിച്ചു നിന്നും
അസ്ത്രവിദ്യ പഠിച്ചൊരു
ഏകലവ്യനും
ഒരു പെരുവിരലല്ലോ
ഗുരുദക്ഷിണ

ഒളിക്കാതെ മറക്കാതെ
വിദ്യ അർത്ഥിക്കും
പെൺകുരുന്നു ഞാൻ
നൽകുന്നു
ഗുരുദക്ഷിണയായ്
എന്റെ പ്രാണൻ.

ഉഗ്ര വിഷം ചീറ്റും സർപ്പമോ
ചിന്ത വിഷം തീണ്ടിയ ഗുരുനാഥനോ
എടുത്തു കൊൾകെന്റെ പ്രാണൻ.

അരുതരുത് കരയരുത്
കാരിരുമ്പാവുക.
കാലചക്രം തിരിക്കുവാൻ
കരുത്തുള്ള പെണ്ണായ്
കരയാതെ തളരാതെ
കാരിരുമ്പാവുക.

Leave a Reply

Your email address will not be published. Required fields are marked *