Friday, May 27, 2022

മുറിഞ്ഞു വീണ മഴവില്ല്

ചെറുകഥ
ഹാഷിദ ഹൈദ്രോസ് 

തൊട്ടാവാടിപ്പടർപ്പിൽ കണങ്കാലുരഞ്ഞ് ചോര പൊടിഞ്ഞിട്ടും അവൾ ഓട്ടം നിർത്തിയില്ല. കരിയിലകൾ വീണ് ചിതറിയ ഇടവഴിയിലാകെ മഞ്ചാടിക്കുരുകൾ അവളുടെ പാവാടക്കീശയിൽ നിന്നും ചോരത്തുള്ളികൾ പോലെ ഊർന്നു വീണു. മഞ്ചാടിത്തോപ്പും കടന്ന് ആ ഇടവഴി തീരുന്നിടം, കശുവണ്ടി മരങ്ങൾ പെറ്റുപെരുകിയ ഒരു കുന്നിൻ ചെരിവാണ്. അവിടെ നിന്നാൽ കരിമ്പനകൾ അതിരു തീർക്കുന്ന പച്ച വയലേലകൾ കാണാം. അതിനും മീതെ ആകാശം നീണ്ടു നീണ്ടു പോവുന്നത് കാണാം. അവിടെയാണ് മഴവില്ല് ഉണ്ടാവ! അവൾടെ ഉമ്മാമ പറഞ്ഞതാണ്.

ഓടിക്കിതച്ച് ഒരു വിധത്തിൽ അവളാ കുന്നിൻ ചെരിവിലെത്തി. മഴ ഇപ്പം പെയ്യും. പെയ്യട്ടെ! മഴവില്ലും വരട്ടെ! ഇന്ന് അത് കണ്ടിട്ടേ പോവുന്നുള്ളൂ.

ആകാശം ഇരുണ്ട നിഴലായ് പച്ച വയലിനെ ആകെ മൂടി. അവശേഷിച്ച മഞ്ചാടികളെടുത്ത് അവൾ പാടത്തേക്കെറിഞ്ഞു കളിച്ചു.

മഴ വന്നെന്നാരോ പറഞ്ഞറിഞ്ഞ പോലെ എവിടെന്നോ ഒരു കൂട്ടം കൊക്കുകളപ്പോൾ ചിറകടിച്ച് പറന്നു പോയി.
പെയ്തു തുടങ്ങിയപ്പോളാണ് കുട എടുക്കായ്രുന്നൂന്ന് അവൾ ചിന്തിച്ചത്. സാരമില്ല മറ്റന്നാളെ കഴിഞ്ഞ് സ്കൂൾ തുറന്നാൽ മഴവില്ല് കണ്ടതിനെപ്പറ്റി ഷാഹിനയോടും മാജിയോടും പറയാലോ . അവർ ശെരിക്കും ഞെട്ടും.
താൻ കാണാൻ പോവുന്ന അദ്ഭുത കാഴ്ചയെപ്പറ്റി കൂട്ടുകാരികളോട് പറയുന്നതോർത്തിട്ട് അവൾക്ക് ഹരമേറി.
കരിമ്പനകൾക്കു മീതെ കണ്ണുകൾ നട്ട് അവൾ കാത്തിരുന്നു…

‘മഴയത്ത് ന്ന് കളിക്കാ ? പനി പിടിപ്പിക്കാനായിട്ട്? ‘ ഇടിയൊച്ച കേട്ട പോലെ അവളൊന്നു ഞെട്ടി.

വല്ല്യാപ്പ!..പള്ളി കഴിഞ്ഞുള്ള വരവാണ്. ഇന്ന് വെള്ളിയാഴ്ചയാണല്ലേ?. സ്കൂൾ പൂട്ടിയതിൽ പിന്നെ ദിവസങ്ങളൊന്നും മനസ്സിലാവാറില്ല. വെള്ളിയാഴ്ച മാത്രം അറിയാം.

‘ഇബ് ലീസിനെ കാണണോ? ജുമാ തീരുന്ന യ്നു മുന്നെ പള്ളീന്നിറങ്ങി വരുന്നവനെ നോക്ക്യാ മതി.’ –  മദ്റസയിലെ ഉസ്താദ് പറഞ്ഞത് അവളോർത്തു.
ശെരിയാ , ഇയാളൊരു ഇബ് ലീസ് തന്നെ.! ഇനിയിപ്പോ വീട്ടിൽ പോയി പറഞ്ഞ് കൊടുക്കും. മഴയത്ത് ന്ന് കളിച്ചതിന് അടി വാങ്ങിത്തരും.!

അയാളെ അവൾ മനസ്സിൽ ശപിച്ചു കൊണ്ട് തിരിഞ്ഞോടി. പക്ഷെ മഴവെള്ളത്തിൽ കാലു വഴുതി അവൾ ഊരി വീണു. അണ്ണാൻ കടിച്ചു തുപ്പിയ കശുവണ്ടികൾക്കിടയിൽ ബാക്കി വന്ന മഞ്ചാടികൾ കൂടി തെറിച്ച് വീണു.
ഓടിയതിന് വല്യാപ്പ അവളെ വഴക്ക് പറഞ്ഞു. പിടിച്ചെഴുന്നേൽപ്പിച്ച് നിലത്ത് ചാഞ്ഞ് കിടന്ന ഒരു കിഴവൻകശുവണ്ടി മരക്കൊമ്പിൽ അവളെയെടുത്തിരുത്തി.

‘സാരല്ലാട്ടോ’ – മുട്ട് പൊട്ടി ചോര വന്നത് തുടച്ചു കൊണ്ടയാൾ പറഞ്ഞു ..
നനഞ്ഞു ചെളി പുരണ്ട പാവാടക്കുള്ളിൽ കൈത്തലം അമർന്നത് പിടിച്ച് മാറ്റാൻ നോക്കിയപ്പോളും അയാൾ പറഞ്ഞു:

‘സാരല്ലാട്ടോ’ .!

കെട്ട് ചീഞ്ഞ ഒരു കശുവണ്ടി ചെളി വെള്ളത്തിൽ ഒലിച്ചു പോവാതെ തങ്ങി നിന്നു.
വേദന കൊണ്ടവൾ കരഞ്ഞപ്പോൾ വാ പൊത്തിപ്പിടിച്ച് അയാൾ- ‘കരയണ്ടാട്ടോ ,  വല്യാപ്പ മോൾക്ക് കശുവണ്ടി പറിച്ച് തരാം. മഴയത്ത് കളിച്ച കാര്യം വീട്ടിപ്പറഞ്ഞ് കൊടുക്കൂല’..

കരിമ്പനകൾക്ക് മീതെ ശക്തമായ് ഇടി വെട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകൾ, ആകാശത്ത് നിന്ന് ഒരു മഴവില്ല് പാടത്ത് മുറിഞ്ഞു വീഴുന്നത് കണ്ടു.
വരമ്പു മുറിച്ച് പാടത്തേക്കോടുന്ന ഷാഹിനയും മാജിയും പിറകെ മുണ്ടു മടക്കിക്കുത്തി കുട ചൂടി ഇബ് ലീസ്.!
ആകാശം മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ട്….  പച്ച വയലുകളെ മുഴുവൻ മുക്കിക്കളഞ്ഞു.!
അവൾ ഓടി… ഇബ് ലീസ് എത്തുന്ന യ്ന് മുന്നേ ഷാഹിനയേം മാജിയേം കൂട്ടി വേഗം  മഴവില്ലിൻ്റെ മുറിഞ്ഞ അറ്റത്തെത്തണം.!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

Related Articles

ഐലന്റ് ഓഫ് ലവ്

നോവലെറ്റ് അഞ്ജലി മാധവി ഗോപിനാഥ് അയേഷ റോഡ്രിഗസിനെ ആദ്യമായി കാണുമ്പോൾ അയാൾ നീല നിറത്തിലുള്ള ഒരു ഷർട്ടും പാന്റുമാണ് ധരിച്ചിരുന്നത്. വെള്ളാരം കണ്ണുകളുള്ള, നേർത്ത പുഞ്ചിരി കൈമുതലായുള്ള ഒരു ചെറുപ്പക്കാരൻ. കൊടുങ്കാറ്റു പോലെയാണ് അയാൾ അയേഷയുടെ...

പ്രണയസങ്കേതം

കഥ വി.രൺജിത്ത് കുമാർ  'ആരോഗ്യമാണ് അഹങ്കാര' മെന്ന ദീപന്റെ പുതിയ വാട്സ്ആപ്പ് സ്റ്റാറ്റസ് വന്നയുടനെ ഗോപിക എന്താണ് സംഭവിച്ചത് എന്ന് തിരക്കി മെസ്സേജ് വിട്ടു. അവന്റെ മറുപടിക്കായി ഒന്ന്  രണ്ട് മിനിറ്റുകൾ കൂടി നിന്ന...

ഭൗമികമാകുന്ന കവിതാബോധ്യങ്ങൾ

വായന ഉണ്ണികൃഷ്ണൻ കളമുള്ളതിൽ ഇംഗ്ലീഷ് വിഭാഗം ശ്രീവ്യാസ എൻ എസ് എസ് കോളേജ് വടക്കാഞ്ചേരി   'പ്രകൃതി മനുഷ്യന്റെ അജൈവ ശരീരമാണ്, മനുഷ്യന്റെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയോട് ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിനർത്ഥം, പ്രകൃതി അതിനോടു തന്നെ ബന്ധിതമായിരിക്കുന്നു എന്നാണ്....
spot_img

Latest Articles