Monday, September 27, 2021

സ്വത്വ നീതിക്കായുള്ള പെൺപോരാട്ടം

സിനിമ

സാജിദ് എ.എം

എല്ലാ പ്രതിബന്ധങ്ങളെയും നേരിടുന്നതും അവയെ മറികടക്കുന്നതുമായ സ്ത്രീകളുടെ കഥകൾ വലിയ സ്‌ക്രീനിൽ ഒരുപാട് വന്നിട്ടുണ്ട് എന്നാൽ അത് പ്രദർശിപ്പിക്കുന്നതിന് ഒരു നൃത്തരൂപം ഉപയോഗിക്കുന്നത് എന്റെ അറിവിൽ ആദ്യമായിട്ടാണ്. ഗുജറാത്തിലെ ഒരു ഉൾഗ്രാമത്തിലെ സ്ത്രീകളുടെ വിപ്ലവകരമായ മുന്നേറ്റത്തിലേക്കുള്ള യാത്രയാണ് ഗർഭ എന്ന നാടോടി നൃത്തത്തെ ആസ്പദമാക്കി അഭിഷേക് ഷാ സംവിധാനം ചെയിത Hellaro എന്ന ഈ ചിത്രം.

hellaro-03

സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. അത് ചരിത്രത്തിൽ മാത്രമല്ല വർത്തമാന കാലത്തും അങ്ങനെ തന്നെയാണ്, അതിൽ ഒരുമാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. അന്യ പുരുഷന്റെ മുഖത്ത് നോക്കരുത്, ഭര്‍ത്താവ് മരിച്ചവര്‍ വീടിന് പുറത്തിറങ്ങരുത്, പെണ്‍കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, തുടങ്ങി സ്ത്രീവിരുദ്ധമായ നിയമങ്ങള്‍ വാഴുന്ന ഗ്രാമത്തിലെ പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ സ്വാതന്ത്ര്യത്തിനായി വീർപ്പുമുട്ടുന്ന സ്ത്രീകളിലേക്കാണ് ഈ ചിത്രത്തിലൂടെ നമ്മൾ കടന്ന് ചെല്ലുന്നത്. രാജ്യത്തെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കഥ സഞ്ചരിക്കുന്നത്. മാത്രമല്ല ഒരു രാഷ്ട്രീയക്കാരും കടന്ന് ചെല്ലാത്ത തീർത്തും ഒറ്റപ്പെട്ട ഉൾഗ്രാമത്തിലാണ് കഥ നടക്കുന്നത് എന്നതുകൊണ്ട് ഇവിടെയുള്ള ജനങ്ങൾക്ക് അടിയന്തരാവസ്ഥ എന്താണെന്ന് പോലും കൃത്യമായി അറിയില്ല. ഗ്രാമത്തിന് പുറത്ത് എന്താണ് നടക്കുന്നത് എന്നറിയാൻ അവർ ആശ്രയിക്കുന്നത് രണ്ട് കാര്യങ്ങളെയാണ്. അതിൽ ആദ്യത്തേത് റേഡിയോ, രണ്ടാമത്തേത് നാടോടിയായ ഭാഗ് ലോ എന്നയാളുമാണ്. അവരുടെ കൂട്ടത്തിൽ പുറം ലോകവുമായി ബന്ധമുള്ള ഒരേയൊരു മനുഷ്യൻ എന്ന നിലയിൽ ഗ്രാമീണർക്കിടയിൽ അയാൾക്ക് ഒരു വലിയ സ്വാധീനവുമുണ്ട്.

ജലദൗർലഭ്യമാണ് ആ നാട്ടിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ദുരിതം. മൂന്ന് വർഷത്തിന് മുൻപ് ഗ്രാമത്തിലെ ഒരു സ്ത്രീ സ്വന്തമായി തുണിതുന്നി വരുമാനം ഉണ്ടാക്കുകയും അത് ഗ്രാമത്തിൽ വലിയ പ്രശ്ങ്ങൾക്ക് വഴിവെക്കുന്നതിലൂടെ ആ സ്ത്രീക്കും അവരുടെ സഹായിക്കും നാട്ടിൽ നിന്ന് ഒളിച്ചോടേണ്ടി വന്നിരുന്നു. ആ ദൈവ കോപം മൂലമാണ് മഴ പെയ്യാത്തത് എന്ന് ഉറച്ചു വിശ്വസിക്കുന്ന ജനതയാണ് അവിടെയുള്ളത്. വർഷങ്ങളായി പിന്തുടരുന്ന ഈ അന്ധവിശ്വാസങ്ങൾ അവരുടെ ജീവിതം തികച്ചും ദുഷ്കരമാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് പല തരത്തിലുമുള്ള സാമൂഹ്യ വിലക്കുകൾ ഈ അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിനായി എല്ലാ ദിവസവും വിദൂരമായ ജലാശയത്തിലേക്ക് നടത്തുന്ന യാത്രകളിലാണ് അവിടുത്തെ സ്ത്രീകൾ കുറച്ചെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കുന്നത്. അപ്പോൾ മാത്രമാണ് അവർ പുറം ലോകത്തേയ്ക്കിറങ്ങുന്നത് എന്നുപറയാം. എങ്കിലും അതിൽ അസാധാരണത്വമെന്നും അവിടെ ജീവിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിനും തോന്നുന്നില്ലായെന്നുള്ളത് വേറെ കാര്യം. എന്നാൽ അതിന് വിഭിന്നമായി ആ നാട്ടിലേക്ക് ഒരു ജവാന്റെ ഭാര്യയായി പട്ടണത്തിൽ നിന്ന് വന്ന ഏഴാം ക്ലാസ് വരെ പഠിച്ച മഞ്ജരി എന്ന പെൺകുട്ടി ചിന്തിക്കുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.

hellaro-01

ഒരു ദിവസം വെള്ളത്തിനായുള്ള സഞ്ചാരത്തിൽ അവർ മരുഭൂമിയിൽ വച്ചു ഒരു അപരിചിതനെ കണ്ടുമുട്ടുന്നു. തടാകത്തിന്റെ കരയിൽ അബോധാവസ്ഥയിൽ കിടക്കുന്ന അയാളെ അവരുടെ കൂട്ടത്തിൽനിന്ന് ഒരാൾ പോലും തിരിഞ്ഞു നോക്കുന്നില്ല. അന്യ പുരുഷന്മാരുടെ സാമീപ്യം പാപമാണെന്നാണ് അവരുടെ വിശ്വാസം. എന്നാൽ അന്ധവിശ്വാസങ്ങൾ കീഴപ്പെടുത്താത്ത മഞ്ജരി ക്ഷീണിതനായ അയാൾക്ക് വെള്ളം നൽകുകയും അബോധാവസ്ഥയിൽ നിന്നുണരുന്ന അയാൾ ഒരു ഡോൾ വാദകനാണെന്നറിഞ്ഞതോടെ അവർക്കായി ഡോൾ വായിക്കാൻ മഞ്ജരി ആവശ്യപ്പെടുകയും ചെയുന്നുണ്ട്. ആ ഡോലിന്റെ അടിയിൽ ആ ഗ്രാമത്തിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യ മണി മുഴങ്ങുന്നതായി നമ്മുക്ക് കാണാം.

“നിങ്ങളുടെ ഡോളിന്റെ താളത്തിന് അനുസരിച്ചു ഞങ്ങൾ നൃത്തം ചെയ്യുന്ന കുറച്ച് നിമിഷങ്ങളാണ് ഞങ്ങൾക്ക് ജീവനോടെ തോന്നുന്നത്. മരിക്കുമോ എന്ന ഭയത്താൽ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് അവസാനിപ്പിക്കില്ല ” എന്ന് സ്ത്രീകളിൽ ഒരാൾ മുൽജിയോട് പറയുന്ന രംഗമുണ്ട്. അതിൽ നിന്ന് തന്നെ വ്യക്തമാണ് അവർ അവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന നരകതുല്യ ജീവിതം എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന്.

abhishek-shah
സംവിധായകൻ അഭിഷേക് ഷാ

മഴയില്ലാത്ത നാട്ടിൽ, നൃത്തം പോലും സ്ത്രീകൾക്ക് അന്യമാക്കിയ പുരുഷന്മാരുടെ നാട്ടിൽ, സ്ത്രീകൾക്ക് അതിജീവനം അതിസാഹസികമാണ്. പക്ഷെ അയാളുടെ ഡോലിന്റെ അടിയോടെ അവർ ഗർഭ നൃത്തം കളിക്കുന്നതോടെ അവരുടെ ഉള്ള് ഉണരുകയാണ്. ഭർത്താവിന്റെ സ്നേഹമോ സാമീപ്യമോ അറിയാത്ത തല്ലാനും ലൈംഗിക മോഹങ്ങൾ പൂർത്തീകരിക്കാനും മാത്രം അടുത്തെത്തുന്ന, തങ്ങളുടെ എല്ലാ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിട്ട അവസ്ഥയിൽ നിന്ന് അവർ ഉയിർത്തെഴുന്നേറ്റ് ചിറകുകൾ വിടർത്തി പറക്കുകയാണ് പിന്നീട്ട് അങ്ങോട്ട്. ഗംഭീര പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ ജീവൻ. ആ ഡോലിന്റെ താളമൊക്കെ കാതുകളിൽ പിന്നീടും മുഴങ്ങിക്കേൾക്കും. ഇതിലെ ഒരോ ഫ്രെയിമും ഒരു ചിത്രമാണ്. വരണ്ട മരുഭൂമിയിൽ വർണ പാവാടകൾ അണിഞ്ഞ ഗുജറാത്തി സ്ത്രീകളും ചെമ്പ് കുടങ്ങളും സൂര്യനും ചന്ദ്രനും മണൽപ്പരപ്പും എല്ലാം കഴ്ചക്കാർക്ക് അത്രമേൽ പ്രിയങ്കരമാക്കിയിരിക്കും.

sajid-am
സാജിദ് എ. എം

ഇന്നും അന്ധവിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ജീവിതം ഹോമിക്കപ്പെടുന്ന ഈ സമൂഹത്തിൽ ഈ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. മഴയും ഗർഭ നൃത്തവും സ്ത്രീകളുടെ അതിജീവനവും ഇഴചേർന്ന മനോഹര കാവ്യമാണ് ഇത്. പുരുഷാധിപത്യത്തിന്റെയും ജാതിത്വത്തിന്റെയും അന്ധമായ വിശ്വാസത്തിന്റെയും ചങ്ങല തകർക്കാൻ ധൈര്യപ്പെടുന്ന ഒരുപറ്റം സ്ത്രീകളെ കഥ. കലാപരമായും ആശയപരമായും ഉയർന്നു നിൽക്കുന്ന ഈ ചിത്രം നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Related Articles

അരുൺ ചന്ദുവിന്റെ ‘ഗഗനചാരി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

സിനിമ ഗോകുൽ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന " ഗഗനചാരി " എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ഫസ്സ്...

ആദിയിൽ സാർപട്ട പരമ്പരയിലെ ഗ്യാലറികൾ നിറച്ചവർ

സിനിമ അരുൺ ഓമന സദാനന്ദൻ ആഫ്രിക്കയിൽ നിന്നുമെത്തിച്ച ആനക്കൊമ്പുകളാലും, ഏഷ്യയിൽ നിന്നെത്തിയ മുളകളിൽ കൊത്തു പണികൾ കൊണ്ടു അലങ്കരിച്ച തൂണുകളാലും ആ മുറിയ്ക്ക് ഒരു പ്രൗഡി ഉണ്ടായിരുന്നു. ആ പ്രൗഡി ആ നഗരത്തിലെ അധ്വാന വർഗത്തെ...

ഹാ, ഫർഹാദി! അഥവാ അസ്ഗർ ഫർഹാദി

നിഖില ബാബു ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിക്കൊരു വാഴ്ത്തുപാട്ട് നല്ലതും ചീത്തയുമില്ല, നായക-പ്രതിനായകത്വങ്ങളില്ല, ശരിയും തെറ്റുമില്ല...ഇതിനിടയിലെവിടെയോ ആണ് അസ്ഗർ ഫർഹാദി തന്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിക്കാൻ തുറന്നുവിടുന്നത്. ഫർഹാദി തന്റെ മനുഷ്യരെ ദ്വന്ദങ്ങളിൽ തളച്ചിട്ടില്ല, നെല്ലും...

Leave a Reply

Stay Connected

14,715FansLike
21FollowersFollow
1,170SubscribersSubscribe
spot_img

Latest Articles

WhatsApp chat