her-2-wp

ഉടൽ എന്ന കൂടും മനുഷ്യനെന്ന വളർത്തുമൃഗവും

‘Her’ എന്ന Spike Jonz സിനിമയെ മുൻനിർത്തി സനൽ ഹരിദാസ്, കൃപ എന്നിവർ ചേർന്നെഴുതുന്ന ലേഖന പരമ്പര തുടരുന്നു.

രണ്ടാം ഭാഗം :

‘ഞാൻ ലൈംഗികത്തൊഴിലാളി’ എന്ന ആത്മകഥയിലൂടെ മലയാളികൾക്ക് സുപരിചിതയായ നളിനി ജമീല പങ്കെടുത്ത ഒരു ടെലിവിഷൻ പരിപാടിയിൽ പുരുഷന്റെ ലൈംഗിക മോഹങ്ങളെ സംബന്ധിക്കുന്ന നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.
”താൻ ലൈംഗികത്തൊഴിലാളിയാണെന്ന് അറിഞ്ഞുതന്നെ തന്നെ സമീപിച്ചിരുന്ന പുരുഷ ഭൂരിപക്ഷം താനൊരു കന്യകയായിരുന്നെങ്കിലെന്ന് കൊതിച്ചിരുന്നു” :- എന്ന ജമീലയുടെ വെളിപ്പെടുത്തലാണ് അതിൽ അതിപ്രധാനം.
അമേരിക്കൻ അണ്ടർ ഗ്രൗണ്ട് റൈറ്റർ ചാഴ്സ് ബുകോവ്സ്കിയുടെ ‘On losing my virginity’ എന്ന പേരിലുള്ള അഭിമുഖ സംഭാഷണമാണ് ഈയവസരത്തിൽ ഓർക്കുന്ന മറ്റൊന്ന്. “എന്റെ ആദ്യ വേഴ്ച ഒരു വേശ്യക്കൊപ്പാമാണ്. വളരെയേറെക്കഴിഞ്ഞാണ് എനിക്ക് ഇറുക്കമുള്ള യോനികൾ അനുഭവസാധ്യമാകുന്നത്” :- ബുകോവ്സ്കി പറയുന്നു. ‘കന്യകാത്വം’ കൊതിക്കുന്ന കേരളീയ പുരുഷന്റെ പ്രാചീനതാ തുടർച്ചകളിൽ നിന്ന് ‘ഇറുക്കമുള്ള യോനികൾ’ എന്ന അമേരിക്കൻ പ്രായോഗികതകളിലേക്കുള്ള ദൂരം കാലം, ദേശം, സംസ്കാരം എന്നിങ്ങനെ അനവധിയായ സാമൂഹിക വിഭിന്നാവസ്ഥകളാൽ മാത്രം അളവെടുപ്പു സാധ്യമായ ഒന്നാണ്. ആഗോളീകരിക്കപ്പെട്ടതും സൈബറീകരിക്കപ്പെട്ടതുമായ ആധുനികോത്തര കാലം മേൽപ്പറഞ്ഞ ‘ശരീര പരമായ സാമൂഹ്യ ബോധ്യങ്ങളെ’ മുൻപെങ്ങുമില്ലാത്ത വിധം ശിഥിലീകരിച്ചു കഴിഞ്ഞിരിക്കുന്നു. സമൂഹത്തിന് ആകമാനമായോ, വിഭജിതമായ സാമൂഹ്യ ഘടകങ്ങൾക്ക് പൊതുവായോ; ആത്യന്തികമായി വ്യക്തിക്കു തന്നെയോ സ്ഥായിയായ ഒരു നിലപാടുതറ ഇക്കാര്യത്തിൽ ഇല്ലാതെപോകുന്ന സവിശേഷ സാഹചര്യത്തെയാണ് നാമിന്ന് നേരിടുന്നതെന്ന് സാമാന്യമായി പറഞ്ഞുവക്കാം.

her-movie-01

മനുഷ്യനെ ഇതര ജീവിവർഗങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ‘വിവേചിക്കാനുള്ള വിശാലശേഷി’യാണെന്ന് പറയുന്നു ‘ആൽബേർ കാമു’. ഒരു പട്ടിയെ കല്ലെടുത്തെറിഞ്ഞാൽ അത് കുരക്കുകയോ മോങ്ങുകയോ ഓടുകയോ കടിക്കുകയോ ചെയ്യും. അതിനപ്പുറം അതിനൊന്നും ചെയ്യാനില്ല. മനുഷ്യനാകട്ടെ വൈവിധ്യപൂർണമായി അതിനോട് പ്രതികരണമറിയിക്കാനാകും. മാനവരാശിയുടെ ആത്മഹത്യകളിലും കൊലകളിലുമടക്കം തിരഞ്ഞെടുപ്പധിഷ്ഠിതമായ ഈ സർഗപരത ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ മനുഷ്യാവസ്ഥ നിർവചനാതീതമാകുന്നു. ഘടനാത്മകമായ ഏകകാലിക പഠനം മാത്രം ഈ സസ്തന ജീവിയിൽ സാധ്യമാകുന്നു.
നൂതന തലമുറക്കു മുൻപിൽ തുറന്നു കിടക്കുന്ന നിരന്തരപരിണാമത്തിന്റെ അനന്തസാധ്യതകൾ സിനിമാ ബാഹ്യമായ നിർവചന സ്ഥിരതയെ ചോദ്യം ചെയ്യുമെന്നും തീർച്ചയാണ്. ഈ പരിമിതികളെയെല്ലാം പരിഗണിച്ചു വേണം ‘തിയോഡോർ’ എന്ന ‘ഫ്യൂചറിസ്റ്റിക് ഇണപിടിയനെ’ സംബന്ധിക്കുന്ന പരിശോധനകളെ മനസ്സിലാക്കാൻ.

her-movie-02

മനുഷ്യന് ലൈംഗികമായ സർവസ്വാതന്ത്ര്യത്തിന്റെ ഭൂതകാലം ഉണ്ടായിരുന്നു എന്ന വസ്തുതയെ നിഷേധിക്കൽ ഒരു ഫാഷനായിത്തീർന്നിരിക്കുന്നു എന്ന വിമർശനത്തെ മുന്നോട്ടു വച്ചുകൊണ്ട്, ‘കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉത്ഭവം’ എന്ന ഗ്രന്ഥത്തിൽ എംഗൽസ് സദാചാരവാദത്തെ യുക്തിയുക്തമായി ഖണ്ഡിക്കുന്നു. പുരുഷന്മാർ ബഹുഭാര്യത്വത്തിലും സ്ത്രീകൾ ബഹുഭർതൃത്വത്തിലും കുട്ടികൾ അവർക്ക് പൊതുവും ആയിരുന്ന പ്രാചീന സമൂഹം പിൽക്കാലത്ത് ‘രക്തബന്ധ കുടുംബം’, ‘പുനലുവൻ കുടുംബം’, ‘യുഗ്മകുടുംബം’ എന്നിങ്ങനെ പരിണമിച്ച് ‘ഏക പത്നി/പതി’ സംവിധാനത്തിൽ ചെന്നെത്തിയത് എപ്രകാരമെന്നതിന്റെ ലഘു ചരിത്രവും ഈ ഗ്രന്ഥത്തിൽ കാണാം.

her-movie-03

ഈ ലഘു ചരിത്രത്തെ വീണ്ടും ഇങ്ങനെ സംഗ്രഹിക്കാം: രക്തബന്ധകുടുംബത്തിൽ തലമുറകൾ തമ്മിലുള്ള ലൈംഗിക ബന്ധങ്ങൾ മാത്രമേ വിലക്കപ്പെട്ടിരുന്നുള്ളൂ. സഹോദരീസഹോദരന്മാർ തമ്മിലുള്ള ലൈംഗിക വേഴ്ച സാഹോദര്യത്തിന്റെ ഒരു ഭാഗം മാത്രമായിരുന്ന സാധാരണ വൃത്തിയായിരുന്നു. പുനലുവൻ കുടുംബത്തിൽ ഇത് വിലക്കപ്പെട്ടതായി മാറി. യുഗ്മ കുടുംബഘടനയിൽ ഒരു പുരുഷൻ ഒരു സ്ത്രീയുടെ കൂടെ കഴിഞ്ഞുകൂടി. എങ്കിലും വല്ലപ്പോഴുമെല്ലാം അവൻ ബഹുഭാര്യത്വവും വ്യഭിചാരവും കൂടി നടത്തിപ്പോന്നു. സ്ത്രീ ഒരു പുരുഷന്റേതായി കഴിയവേ അവന്റേതായി മാത്രം കഴിയാൻ വിധിക്കപ്പെട്ടു. പിന്നീട് യുഗ്മ കുടുംബത്തിൽ നിന്ന് ഉടലെടുത്ത ഏകഭാര്യാത്വ കുടുംബം സംശയാതീതമായ പിതൃത്വം, സ്വത്തവകാശം, വിവാഹ മോചനമെന്ന പുരുഷന്റെ കുത്തക എന്നിവയ്ക്ക് ജന്മം നൽകി. (ഇത് ലോക സാമാന്യമായ ഒരു ഘട്ട വിഭജനമായി കാണാൻ കഴിയില്ല. എങ്കിലും ഏകദേശ സാമ്യത അവകാശപ്പെടാവുന്ന ഒന്നുമാണ്)

sanal-haridas-krupa

കുടുംബ/ലൈംഗികതാ പരിണാമങ്ങളിൽ അവസാനത്തേതായി എംഗൽസ് ചൂണ്ടിക്കാണിക്കുന്ന ഏക പത്നി/പതി സമ്പ്രദായം, പിൽക്കാലത്ത് ലോകം പിടിച്ചടക്കാൻ തുനിഞ്ഞിറങ്ങിയ ക്രൈസ്തവ ശക്തികളടക്കം പാവനമാം വിധം പരിപാലിക്കുകയും പ്രചരിപ്പിച്ചു പോരുകയും ചെയ്ത ഒന്നാണ്. അതിനാൽ തന്നെ അതിന് സർവ്വവ്യാപിയായ ഒരു വ്യവഹാര തലം കൈവരികയും ചെയ്തു. ലൈംഗിക വിലക്കുകൾക്ക് അതിന്റെ സമൂഹികതയിൽ കവിഞ്ഞുള്ള ഒരു ആത്മീയ/അസ്തിത്വ തലം രൂപപ്പെടുന്നതിനും പിൽക്കാലം സാക്ഷിയായി. ഇതിന്റെ പ്രഹരശേഷി ഇന്നും നാളെയും സ്ഥല-കാലങ്ങളെ അതിലംഘിച്ചുകൊണ്ട് വെളിപ്പെട്ടുകൊണ്ടേയിരിക്കാൻ തക്ക പ്രാപ്തിയുള്ളതുമാണ്. (മലയാളത്തിലടക്കം ഉടലെടുത്ത കാൽപനികതയിലടക്കം ഏക പങ്കാളിത്തത്തിന്റേതായ ഈ ചരടുകൾ കാണാം. ഒരേ സമയം ജാതി-വർഗ-വർണ-ദേശ ഭേദങ്ങളെ നിഷേധിക്കുന്ന വിപ്ലവ സ്വഭാവം പ്രകടിപ്പിച്ചപ്പോഴും, അത് പ്രണയം അഭൗമാനുഭൂതിയെന്ന മിഥ്യയെ വാർത്തു. ഒറ്റ ഇണയെന്ന ആദർശാത്മകതയെ മഹത്വവൽകരിച്ചു)

her-movie-04

സമൂഹം വളരെയേറെ മുന്നോട്ടേക്ക് എടുത്തറിയപ്പെട്ട ഒരു കാലഘട്ടത്തിൽ അപൂർവ്വമായി മാറിയ ‘സ്വന്തമായൊരാൾ’ എന്ന സാധ്യത/അസാധ്യതക്കായുള്ള തിയോഡോറിയൻ അന്വേഷണങ്ങളുടെ ചിന്തുകളിലൊന്നാണ് ‘Her’ അവതരിപ്പിക്കുന്നത്. ഭൂരിഭാഗവും അവയിലൊന്നായ കൃത്രിമ ബുദ്ധിയിൽ (സമാന്ത) യിൽ കേന്ദ്രീകരിക്കുമ്പോൾ ഈ ചിത്രം നായകകേന്ദ്രിത ആത്മാന്വേഷണ സ്വഭാവവും കൈവരിക്കുന്നു. ആദ്യ ബന്ധത്തിലെ അകൽച്ചക്കൊടുവിൽ മറ്റൊരു സ്ത്രീയുമായുള്ള ഡേറ്റിങ്ങിനിടെ അവർ സ്വവസതിയിലേക്ക് ക്ഷണിക്കുന്നതിനൊപ്പം, “എന്നോടൊപ്പം കിടന്ന മറ്റാണുങ്ങളെപ്പോലെ നീയുമെന്നെ ചതിച്ചേക്കുമോ” എന്ന ആശങ്കപങ്കുവക്കുന്നുണ്ട്.
“മറ്റാണുങ്ങളെന്ന” ഒറ്റവാക്കിനാൽ മാത്രം ആ ശയനസാധ്യത അവിടെയുപേക്ഷിക്കുന്ന തിയോയെ നമുക്കു കാണാം.
അതിനെ മുൻനിർത്തിയാൽ, പങ്കാളിയുടെ ശരീരത്തെയും അത് മറ്റൊരാൾക്ക് പങ്കുവക്കപ്പെടുന്നതിനേയും പ്രതിയുള്ള രോഗാതുരമായ ആകാംക്ഷയാണ് തിയോയെ AI യിലേക്ക് വലിച്ചടുപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനമായ ഒന്ന്. (ഉടൽ രഹിതമായ ഒരു സങ്കേതം ശുദ്ധിയേയും പങ്കുവയ്പിനേയും സംബന്ധിക്കുന്ന ആകുലതകളെ ശമിപ്പിക്കുമല്ലോ). എന്നാൽ ഉടൽ രഹിതമായ ലൈംഗിക സാധ്യതകളിലേക്ക് ആ ബന്ധം വളരുന്നു (വെർബൽ സെക്സ്). അത് സ്വാഭാവികമായും ഇരുവർക്കുമിടയിലെ ഇഴയടുപ്പത്തെ വർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ തിയോയുടെ സങ്കൽപങ്ങളെയെല്ലാം അസ്ഥാനത്താക്കി, സമാന്ത തന്നെ വെളിപ്പെടുത്തുന്ന അവളുടെ സമ്പർക്കനിര അവനെ തകർത്തുകളയുകയാണ്. “എന്റെ കൂടെയുള്ളതുപോലെയോ അവരോടും” – എന്ന തിയോഡോറിന്റെ ചോദ്യത്തിൽ കലർന്ന മൃതദേഹ സമാനമായ ശൈത്യം നമ്മളിലെ ഊഷ്മളതയേയും ഒരു നിമിഷം അപഹരിച്ചേക്കാം.
വർത്തമാന കാലത്തിന്റെ യുക്തിയിൽ മാനുഷികമാണത്; അതേ സമയം ഓർമയിലെ കാടുകൾ നഷ്ടപ്പെട്ട ഒരു ‘വളർത്തു മൃഗ’ത്തിന്റെ ദൈന്യത്തിനു സമാനവും.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

Leave a Reply

%d bloggers like this: