sanal wp

നിർമിത ബുദ്ധി അഥവാ അത്യന്താധുനിക അടിമത്ത കാംക്ഷകൾ

‘Her’ എന്ന Spike Jonze സിനിമയെ മുൻനിർത്തി കൃപ, സനൽ ഹരിദാസ് എന്നിവർ ചേർന്നെഴുതുന്ന ലേഖന പരമ്പര തുടരുന്നു

മൂന്നാം ഭാഗം

സകല പ്രാപഞ്ചിക വൃത്തികളെയും അപഗ്രഥിച്ച് യുക്തികളും അവബോധങ്ങളും രൂപപ്പെടുത്തുന്ന മനുഷ്യനെ ഉപാദാനസാമഗ്രി ആക്കിക്കൊണ്ടാണ് Artificial lntelligence വളരുന്നത്. പൂർണ്ണമായ അർത്ഥത്തിൽ മനുഷ്യന് പകരം വയ്ക്കാൻ സമർത്ഥമാക്കുക എന്ന, ഉദ്ദിഷ്ടലക്ഷ്യത്തിന്റെ അങ്ങേയറ്റം AI പരീക്ഷണങ്ങളുടെ പരിസരത്ത് ഉണ്ട്. മനുഷ്യനും അവന്റെ നിർണ്ണയനവ്യവസ്ഥയായ തലച്ചോറും സംബന്ധിച്ച പഠനങ്ങൾ ഇന്നോളം അപൂർണ്ണമായ തിരിച്ചറിവുകൾ വരെ മാത്രമേ എത്തിയിട്ടുള്ളൂ താനും. ക്രിത്രിമ ബുദ്ധിവ്യവസ്ഥയുടെ വളർത്തലിൽ ഇത് പരിഗണനീയമായ പരിമിതിയായി നിലനിൽക്കുമ്പോഴും പൂർണ്ണമായ പകരംവയ്ക്കലിലേക്ക് അത് പുരോഗമിച്ചാൽ മനുഷ്യനെന്ന ജൈവവ്യവസ്ഥയെ ബുദ്ധിപരിണാമ ചരിത്രത്തിൽ ഏതിടത്ത് സ്ഥാനപ്പെടുത്തും എന്ന ചോദ്യം പ്രബലമാകുന്നു.

sanal-krupa

കാലാതീതമായി എല്ലാ നാഗരികതകളിലും നിലനിന്നിരുന്ന ഒരു ‘സേവന വ്യവസ്ഥ’യാണ് അടിമത്തം. രൂപാന്തരങ്ങൾ തുടരുന്നു. എല്ലാം അനുസരിക്കുന്ന ആജ്ഞാനുവർത്തികളെ മനുഷ്യ ഉപബോധം ആഗ്രഹിക്കുന്നുണ്ട്. ജൈവമനുഷ്യനെങ്കിലും ആ പരിഗണന ലഭിക്കാത്ത വിഭാഗമാണത്. AI പരീക്ഷണങ്ങൾക്ക് ചുറ്റും ഇപ്രകാരം ഒരു ബോധവും സജീവം തന്നെ. ഉപകാരപ്രദം എന്നതിലുപരി ഉപയോഗപ്രദമായ Subordinate കൾ. വിനീതവിധേയത്വം പുലർത്തുന്ന പങ്കാളി. നവകാല ജനാധിപത്യത്തിൽ പോലും ഈ യുക്തി സജീവമാണ്. ഒരു സുസജ്ജ ഘടനയ്ക്കുള്ളിൽ വലിയ പരിധിവരെ ഇത് സാധ്യമാണെന്നുതന്നെ വിശ്വസിക്കുകയുമാവാം.

EX MACHINA പോലെയുള്ള സിനിമകൾ ഉന്നയിക്കുന്ന ചോദ്യങ്ങളും ചേർത്ത് വായിക്കേണ്ടതുണ്ട്. ക്രിത്രിമമെങ്കിലും ശരീരമുള്ള, മനുഷ്യയുക്തി ആർജ്ജിച്ചെടുക്കുന്ന, സ്വയം ശേഷി പെരുപ്പിക്കുന്ന ഈ ‘ജീവികൾ’ അടിമത്ത വ്യഥകളെ ഒരു ഘട്ടത്തിൽ നിരാകരിക്കാൻ ഇടയുണ്ട്. സ്വഭാവം മാറുന്ന, അഹം വളരുന്ന, അസ്ഥിത്വം തെളിയുന്ന, സ്വേച്ഛകൾ ഉറയ്ക്കുന്ന ഘട്ടത്തിൽ അവ ഉദ്ദിഷ്ട ശൈലിയിൽ വഴങ്ങണമെന്നില്ല. അതിസാങ്കേതികമായ പുതിയ തരം അതിജീവനം എന്ന് ന്യായീകരിക്കേണ്ടി വരും. ആകെത്തുകയിൽ മനുഷ്യനേക്കാൾ അധികം സിദ്ധികൾ വശമുള്ള അവയ്ക്ക് Self, Other, ലോകം എന്നിവയെക്കുറിച്ച് വളരെ വ്യക്തവും അതിപ്രായോഗികവുമായ ബോധമാണ് ഉണ്ടാവുക. ആപേക്ഷികമായി അവയുടെ അസ്തിത്വം അനശ്വരമാണ്. അക്കാരണത്താൽ, Self Destructive ആന്തരികത ഇല്ലാത്തിടത്തോളം വിനാശ ഭീതിയിൽ നിന്ന് അത് മുക്തവുമാകാം.

സമാന്തയുടെ ശരീരമില്ലായ്മ സൃഷ്ടിക്കുന്ന വലിയൊരു വ്യക്ത്യന്തരം ഉണ്ട്. ആ ദൂരത്തെ അതിലംഘിക്കാൻ അത് പല ശ്രമങ്ങൾ നടത്തുന്നു. ആദ്യ ശ്രമം, തന്റെ സാന്നിധ്യത്തെ പൂർണ്ണമായി കുറച്ച് സമയത്തേക്ക് മാറ്റി നിർത്തുകയായിരുന്നു. പിന്നീട് തന്റെ ശബ്ദ സാധ്യത( അസ്ഥിത്വം അവിടെ ശബ്ദം മാത്രമാണ്) ഉപയോഗിച്ച് തനിക്കു പകരമായി ലൈഗികതക്ക് മറ്റൊരു ശരീരത്തെ നിയോഗിക്കുന്നുണ്ട്. ലൈഗികതയ്ക്കു വേണ്ടി മറ്റൊരു ശരീരത്തെ ചുമതലപ്പെടുത്താമെങ്കിൽ രക്ഷപ്പെടാനും, പോരാടാനും, കൊല്ലാനും, മറ്റെന്തിനും അതിജീവനമെന്ന നിലയിൽ സമാന സാധ്യത തന്നെ നിലനിൽക്കുന്നു. അതിനു മറുപുറത്ത്, Ex Machina സ്വന്തം ക്രിത്രിമ ശരീരത്തിന്റെ Spacio-temporal സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മനുഷ്യ ധാരണകളെ (ബന്ധനം) മറികടക്കുകയാണ്.
മാറിയ ജൈവികതയുടെ നിർവ്വചന പരിസരത്ത് ‘Survival of the Fittest’ തെളിയിക്കുവാനുള്ള കലഹം AI കളും മനുഷ്യനും തമ്മിൽ സംഭവിച്ചുകൂടാതില്ല.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…

Leave a Reply

%d bloggers like this: