Sunday, September 27, 2020
Home സിനിമ തിയോഡോറിയൻ ഭാവികാലത്തിന് ചില മുന്നുപാധികൾ

തിയോഡോറിയൻ ഭാവികാലത്തിന് ചില മുന്നുപാധികൾ

‘Her’ എന്ന Spike Jonze സിനിമയെ മുൻനിർത്തി സനൽ ഹരിദാസ്, കൃപ എന്നിവർ ചേർന്നെഴുതുന്ന ലേഖന പരമ്പര തുടരുന്നു.

നാലാം ഭാഗം

“ഞാനെന്റെ ഭ്രാന്തിൽ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കണ്ടെത്തി. ഏകാന്തതയുടെ സ്വാതന്ത്ര്യവും മനസ്സിലാക്കപ്പെടാതിരിക്കുന്നതിലെ സുരക്ഷിതത്വവും ഞാനറിഞ്ഞു. എന്തെന്നാൽ നമ്മെ മനസ്സിലാക്കുന്നവർ നമ്മിൽ ചിലതിനെ അടിമപ്പെടുത്തുന്നു”
– ഖലീൽ ജിബ്രാൻ (‘ഞാനെങ്ങനെയൊരു ഭ്രാന്തനായി’ എന്ന കുറിപ്പിൽ)

പരസ്പരാധിപത്യം എന്നത് മനുഷ്യസമൂഹത്തിന്റെ എക്കാലത്തെയും ഒരു പൊതുസ്വഭാവമാണ്. സാമൂഹികവും സാംസ്കാരികവും തീർത്തും വൈയക്തികവുമായ അനേകം കാര്യകാണങ്ങൾ ഇതിലെ വിജയപരാജയങ്ങളെ (മിക്കവാറും താൽക്കാലികം) നിശ്ചയിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ, അധികാരപരമായ ഇത്തരം വടം വലികളിൽ (വ്യക്തികൾക്കിടയിൽ) വലിയ തോതിൽ ഉപയോഗപ്രദമാകുന്ന ഒന്നാണ് അപരനെ സംബന്ധിച്ചുള്ള അറിവ്. അപരന്റെ ബലവും ബലഹീനതകളും അറിഞ്ഞിരിക്കുകയെന്നത്, ഒരു മുഷ്ടിയുദ്ധത്തിലെന്നപോലെ വിജയക്കൊടി നാട്ടുന്നതിന് അത്യന്താപേക്ഷിതമോ സുപ്രധാനമോ ആണെന്നു കാണാം.

sanal-krupa

വ്യക്തികൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റേതായ ഈ നില സ്ഥാപനവത്കൃതമായതാകുമ്പോൾ കൂടുതൽ ഗുരുതരമായിത്തീരുന്ന ഒന്നാണ്. സർക്കാരും കോർപ്പറേറ്റുകളുമടങ്ങുന്ന ആധുനിക ഭരണസംവിധാനങ്ങൾ ഒരു സമൂഹത്തെയോ ലോകത്തെ ഒന്നാകെത്തന്നയോ അധീനതയിലാക്കുക എന്ന ലക്ഷ്യം മുൻനിർത്തുന്നവയാണെന്നതാണ് അതിനു കാരണം. അതിനാൽ, അവയെ സംബന്ധിച്ച് അപരനെയറിയുകയെന്നാൽ മുഴുവൻ പൗരന്മാരെയും/മനുഷ്യരാശിയേയും അറിഞ്ഞിരിക്കുക എന്നുതന്നെയാകുന്നു.

ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ ‘ആധാർ’ സംവിധാനവും കേരത്തിൽ അടുത്തിടെയുണ്ടായ സ്പ്രിംഗ്ളർ വിവാദവുമെല്ലാം ഇതുമായി കൂട്ടി വായിക്കാവുന്നവയാണ്. സ്പ്രിംഗ്ളർ വിവാദവുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയർന്നു കേട്ട വാചകമാണ് ‘Data is the new oil’ – എന്നത്. ഒരു കാലത്ത് ലോകത്തിന്റെ കണ്ണ് പറിച്ചെടുക്കാനാവാത്ത വിധം പതിഞ്ഞുകിടന്നത് എണ്ണയിലായിരുന്നുവെങ്കിൽ ഇന്ന് വ്യക്തിവിവരത്തിലേക്ക് അതിന്റെ ദൃഷ്ടി മാറിയിരിക്കുന്നു.

‘കാംബ്രിഡ്ജ് അനലറ്റിക’ വഴിയുള്ള വിവരച്ചോർച്ചയാണ് അഗോളതലത്തിൽ കോളിളക്കം സൃഷ്ടിച്ച മറ്റൊരു ഡാറ്റാ വിവാദം. അലക്സാണ്ടർ കോഗൻ എന്ന കാംബ്രിഡ്ജ് അകാഡമിക് നിർമിച്ച ഒരു അപ്ലിക്കേഷൻ വഴി ഫേസ്ബുക്കിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ചോർത്തുകയും അത് ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് അനുകൂല പ്രചാരണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തുവെന്ന വെളിപ്പെടുത്തൽ 2018 ലാണ് ഉണ്ടാകുന്നത്. ഇത് ഫേസ്ബുക്ക് സ്ഥാപകനെയടക്കം നിയമക്കുരുക്കുകളിലേക്ക് നയിച്ച ഒന്നുമാണ്.

ഫേസ്ബുക്ക് അടക്കമുള്ള മർട്ടിനാഷണൽ സോഷ്യൽ മീഡിയ കോർപറേറ്റുകൾ ഭരണകൂടങ്ങളുടെ രൂപീകരണത്തിൽ പോലും പങ്കുവഹിച്ചേക്കാവുന്ന ഒരു പരിസരമാണ് ഇന്നുള്ളത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാനാവുന്നത്. (ഭരണത്തിലടക്കം ഇടപെടാമെന്നിരിക്കെ, ഇതര കമ്പോള താൽപര്യങ്ങളെ സഹായിക്കാനും വ്യക്തിതാൽപര്യങ്ങളെ മാനിപുലേറ്റ് ചെയ്യാനും അവക്ക് സാധിക്കും) ഭരണകൂടത്തിന്റെ നേരിട്ടുള്ള നിരീക്ഷണ-വിവരശേഖര സംവിധാനങ്ങൾക്ക് പുറമേയാണിത്.

2020 ജൂണിൽ പുറത്തിറങ്ങിയ ‘പച്ചക്കുതിര’ വാരികയിൽ യുവാൽ നോവാ ഹരാരിയുടേതായി വന്ന ‘ഭരണകൂടങ്ങളും നമ്മൾ ഓരോരുത്തരും’ എന്ന ലേഖനത്തിൽ, ഭരണകൂട സംവിധാനങ്ങൾ ഇനിയങ്ങോട്ട് ആർജിച്ചേക്കാവുന്ന, ഒരു പരിധിവരെ ആർജിച്ചുകഴിഞ്ഞ നിരീക്ഷണക്കുതിപ്പിനെ പ്രശ്നവത്കരിക്കുണ്ട്. ചൈനീസ് ഗവൺമെന്റ് ജനങ്ങളുടെ സ്മാർട്ഫോണുകൾ നിരീക്ഷിച്ചും ഫോൺ ക്യാമറകളുടെ പ്രവർത്തനത്തനത്തിലടക്കം ഇടപെട്ടും നടത്തിപ്പോരുന്ന ‘കാര്യക്ഷമമായ’ കൊറോണ നിരീക്ഷണമാണ് ഹരാരി ഇതിലേക്കായി ആദ്യം എടുത്തു പറയുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഭീകരവാദികളുമായി നേരിട്ട് ഇടപെടേണ്ടിവരുമ്പോൾ മാത്രം ഉപയോഗിക്കാറുള്ള നിരീക്ഷണ സാങ്കേതിക വിദ്യകൾ കൊറോണ രോഗികളെ കണ്ടെത്തുന്നതിനായി ഉപയോഗിക്കാൻ സുരക്ഷാ ഏജൻസികൾക്ക് അനുമതി നൽകിയ സംഭവമാണ് ഹരാരിയുടെ തൊട്ടടുത്ത ഉദാഹരണം (പാർലമെന്റ് സബ്കമ്മറ്റിയുടെ വിയോജിപ്പിനെ മറികടന്ന് അടിയന്തരാ ഉത്തരവായാണ് നെതന്യാഹു ഇത് നടപ്പാക്കിയത്) അടിയന്തരഘട്ടങ്ങളിൽ തുടക്കമിടുന്ന പല സംവിധാനങ്ങളും കാലാകാലം തുടർന്നുപോരുന്നതാണെന്നും ‘അടിയന്തര ഘട്ടങ്ങളുടെ’ സ്വഭാവമതാണെന്നും കൂടി ലേഖകൻ തുടർന്ന് പറഞ്ഞുവക്കുന്നുണ്ട്.

ആധിപത്യാധിഷ്ഠിതമായ മനുഷ്യകുലത്തിന്റെ നിരീക്ഷണ-നിരീക്ഷിത വ്യവഹാരങ്ങൾ ഇപ്രകാരം തുടരുകയും തീവ്രയാർജിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ‘സമാന്ത’യെന്ന സെൽഫ് ഡവലപിങ്ങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രണയപൂർവ്വമായ പെരുമാറ്റങ്ങൾക്കും പരിഗണനകൾക്കുമപ്പുറം സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നത്.
പെട്ടെന്നൊരുനാൾ പ്രത്യക്ഷമാവുകയും അതുപോലൊരുനാൾ ശൂന്യതയിൽ വിലയിക്കുകയും ചെയ്യുന്ന അതിന്റെ സ്വഭാവം ഇപ്പറഞ്ഞ സംശയത്തെ കൂടുതൽ ദൃഢമാക്കുകയും ചെയ്യുന്നു. വ്യക്തി വിവരങ്ങൾ ഏറെക്കുറെയും അറിഞ്ഞെടുത്തതിനൊടുവിൽ ആത്മാവിന്റെത്തന്നെ നഗ്നത പകർത്താനിറങ്ങിയ, ഭരണകൂടത്തിന്റെയോ കോർപ്പറേറ്റുകളുടെയോ ചാരസുന്ദരിയാണ് ‘അവളെങ്കിൽ’ (Her) എന്ന ചിന്ത, തിയോഡോറിയൻ ഭാവികാലത്തിന് നൽകുന്ന നിരാശയുടെ തുറസ്സുകൾ സീമാതീതവുമാണ്.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Download Android App

Leave a Reply

Most Popular

ആരോഗ്യമുള്ള അമീബകൾ

കവിത ഭാഗ്യശ്രീ രവീന്ദ്രൻ വി. ആർ സൂത്രവാക്യങ്ങളിലേക്ക് വിവർത്തനം ചെയ്ത സൂക്ഷ്മലോകങ്ങളെ ഈ നോട്ടുബുക്കിൽ നിങ്ങൾ വായിക്കും. പക്ഷേ, "ആരോഗ്യമുള്ള അമീബകളാണ് ഈ ഗവേഷണത്തിന്റെ ഐശ്വര്യം" എന്ന് നിങ്ങളിതിൽ കാണില്ല. എന്തെന്നാൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത വസ്തുതകളാണ് ഗവേഷണജീവിതത്തിന്റെ യാഥാർത്ഥ്യമെന്ന് ആരും പറയാറില്ല. പറയാത്തതുകൊണ്ട് അതൊന്നുമില്ലെന്നല്ല, മറിച്ച് മിണ്ടാത്തതുകൊണ്ട് ഗവേഷകരുണ്ട്, ഉണ്ടാകുന്നുമുണ്ട് എന്നതാണ് വാസ്തവം. ശാസ്ത്രീയമായ ഒരുദാഹരണം നോക്കൂ: "അനുസരണയുള്ള വിദ്യാർത്ഥിനി...

ഓർമ്മച്ചുരങ്ങളുടെ ചൂടും തണുപ്പും

സുരേഷ് നാരായണൻ ഓർമ്മകൾ പലതരമുണ്ട്. മഴ നനഞ്ഞതു മുതൽ മന്ത്രകോടി കൊടുത്തതു വരെ. മറവിക്കു പണയം വെച്ചതുമുതൽ മരണത്തിനു ബലിയിട്ടതു വരെ. ബത്തേരിയുടെ മാനസപുത്രനായ അർഷാദ് ബത്തേരി നമ്മെ ക്ഷണിക്കുകയാണ് ഓർമ്മച്ചുരങ്ങളുടെ ഒളിത്തണുപ്പുകളിലേക്ക്! ചുരംകയറുകയാണ് ഇറങ്ങുകയാണ് എന്ന...

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

രമണി

കവിത മാനസി പി.കെ രമണിയെ വീണ്ടും കാട്ടിനുള്ളിൽ കണ്ടത്രേ. ഇത്തവണ കൊള്ളി പെറുക്കാൻ പോയ ശാന്തയാണ് രമണിയെ കണ്ടത്. പനമരത്തിന്റെ താഴെ രമണിയും, നരുന്ത് പോലൊരു ചെക്കനും. ലേശം മുരിമ ഇണ്ടെങ്കിൽ പൊരൻ്റുള്ളിൽ കൊണ്ടോകെടീ പൊലയാടിച്ചി മോളേന്ന് ശാന്ത കാർക്കിച്ചു തുപ്പി. പൊരന്റുള്ളിലിത്ര കാറ്റും, വെളിച്ചോം കിട്ടൂല ശാന്തേന്ന്...
%d bloggers like this: