her-wp

ഹെർ (Her) : മനുഷ്യാവസ്ഥയുടെ അന്തഃസാര ശൈഥില്യങ്ങൾ

‘Her’ എന്ന Spike Jonz സിനിമയെ മുൻനിർത്തി കൃപ, സനൽ ഹരിദാസ് എന്നിവർ ചേർന്നെഴുതുന്ന ലേഖന പരമ്പര ആരംഭിക്കുന്നു.

ഒന്ന്.

ഏകാകിയായ വ്യക്തിയെന്നതിനേക്കാൾ വ്യക്തിക്കുള്ളിൽ തന്നെ ഏകാന്തനായ മനുഷ്യന്റെ അന്വേഷണാത്മകമായ യാത്രകളാണ് Spike Jonz ന്റെ ‘Her’ എന്ന സിനിമയുടെ പ്രാഥമികമായ ഉള്ളടക്കം.
നായകനാകട്ടെ, കാലാന്തരത്തിൽ സാധ്യമോ അനിവാര്യമോ ആയ; വിശേഷിച്ചൊരു തിരിച്ചറിവുകളിലേക്കും എത്തിപ്പെടാതെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സ്വയം പറിച്ചുനടുന്ന വ്യക്തി/കഥാപാത്രവും.
(Jaquin Fenix As Theodore) മനുഷ്യന്റെ അടിസ്ഥാനപരമായ ആത്യന്തികതകൾ നിർവ്വചനങ്ങളെ അതിലംഘിക്കുന്നു എന്നതിനൊരു കലാ സാധൂകരണം കൂടിയായി ഈ സിനിമയെ പരിഗണിക്കാവുന്നതാണ്.

kripa
കൃപ

വ്യക്തിയും ‘അപര’നും/യും ചേരുന്നതാണ് ഒരു ബാന്ധവം. അടിസ്ഥാനപരമായി പരസ്പര ലാഭമുള്ളൊരു വ്യവഹാരമാണിത്. ലാഭം ആശയപരമോ ഭൗതികമോ വൈകാരികമോ ആകാം. സ്വഭാവ നിശ്ചിതത്വങ്ങൾ ഒന്നുമില്ല എന്നുതന്നെ. ‘താൻ’ എന്ന ഒന്നും തനിക്ക് ഏറ്റവും ഹിതകരമായ മറ്റൊന്നും ചേർന്ന് സാഹചര്യബദ്ധമായി മാത്രം തികച്ചും അസ്ഥിരമായ മറ്റൊന്ന് രൂപപ്പെടുത്തുന്നു/രൂപപ്പെടുന്നു. സ്വന്തം ജീവിതത്തെ സുഗമമാക്കാനുള്ള ശ്രമങ്ങൾക്കിടെ ഈ വ്യക്ത്യന്തര ബന്ധങ്ങളും രൂപപ്പെടുന്നു. നിർബാധമായ ഒഴുക്കിനെ തടയുന്ന എന്തോ ചിലത് നിലനിൽക്കുന്നതിനാലാണ് വ്യക്തി ചില സ്വപ്രയത്നങ്ങളിലൂടെ സാക്ഷാത്കാരങ്ങൾ നിർദ്ധാരണം ചെയ്യാൻ ബദ്ധപ്പെടുന്നത് (വൃഥാ).

sanal-haridas
സനൽ ഹരിദാസ്

മനുഷ്യന്റെ സാമൂഹികവും വൈയക്തികവുമായ ബാഹ്യ പ്രകൃതിയാണ് ഇവിടെ മുഖ്യ സംഘർഷ സാധ്യതയാകുന്നത്. ഇവിടെ തിയോഡോർ എന്ന നായകൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ (Self developing OS – Artificial Intelligence) ഇണയാക്കിക്കൊണ്ട് ജീവിതാധിഷ്ഠിതവും അബോധപൂർവ്വവുമായ പരീക്ഷണങ്ങൾക്ക് മുതിരുന്നത്. പരീക്ഷണമെന്നല്ല; ആത്യന്തികമായി മാനുഷിക പരിമിതികളെ അതിലംഘിക്കുന്ന ഒരു ആദേശം സാധ്യമാണ് എന്നു തന്നെ അയാൾ വിശ്വസിക്കുന്നുണ്ട്. എന്നാൽ, മനുഷ്യന് തന്റെ അനുഭവ പരിസരങ്ങളെ മാത്രമേ ബോധവ്യവസ്ഥയായി വളർത്തിയെടുക്കാൻ കഴിയൂ എന്ന പരിമിതിയിലേക്കുള്ള ഒരു പിൻവിളിയായി അതു മാറുന്നു.

spike-jonze
സ്പൈക്ക് ജോൺസ്

സാങ്കേതികതയ്ക്ക് വ്യക്തിയുമായുള്ള താരതമ്യാത്മക പരിമിതികളെപ്പറ്റി തിയോഡോർ സമന്തായെ (OS) ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ, അയാൾ ആ ബോധ്യത്തിന് അകത്തും പുറത്തുമായി കടന്നും കയറിയുമാണ് നിലകൊള്ളുന്നത്. ബോധപൂർവ്വം തന്നെ അത് അബോധമായി തുടരുന്നു.

മറ്റൊരു സത്തയെയോ അസ്തിത്വത്തെയോ പൂർണ്ണമായ അർത്ഥത്തിൽ സ്വന്തമാക്കാനുള്ള വ്യഗ്രത മനുഷ്യന്റെ സഹജസ്വഭാവമാണ്. താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും ആത്മാന്ധകാരങ്ങളെയും
ഭൗതികപ്രതീക്ഷകളെയും സംതൃപ്തമാക്കുന്ന തരത്തിൽ മറ്റൊന്നിനെ തനിക്ക് അപരമല്ലാത്ത ഒന്നാക്കി ചുരുക്കിയെടുക്കുവാനുള്ള വ്യഗ്രത തന്നെ. ഈ, സംതൃപ്തമാക്കൽ എന്ന വ്യവസ്ഥാപരിമിതിക്കുള്ളിൽ നിന്ന് ചില വിട്ടുവീഴ്ചകൾ ചെയ്യുവാൻ ഒന്നാം subjectivity തയ്യാറുമാണ്. ബോധതലമായാലും ഭൗതികതയായാലും ആത്യന്തികമായ പരിഗണന ‘അഹം’ തന്നെ. ഈ ജൈവ താല്പര്യത്തെ കമ്പോള വ്യവസ്ഥ ഉപയുക്തമാക്കുന്നു.
സ്വന്തമല്ല, പങ്കിടപ്പെടപ്പെടുന്നതാണ്, മുതലായ വാസ്തവങ്ങളെ സങ്കീർണമായൊരു ഘട്ടം വരെ അത് മറച്ചുവയ്ക്കുന്നു (ഒരേ സമയം ആയിരക്കണക്കിനു മനുഷ്യരും ഒ.എസ് കളുമായി നായകനോടുള്ളതിന് സമാനമായതോ വിഭിന്നമായതോ ആയ ബന്ധങ്ങൾ സമാന്ത പുലർത്തിപ്പോന്നിരുന്നു എന്ന വസ്തുത അന്ത്യത്തോടെ മാത്രം വെളിപ്പെടുന്നുണ്ട്). ലക്ഷ്യം വിപണിയോ മനുഷ്യനെപ്പറ്റിയുള്ള അന്വേഷണങ്ങളോ ആയിരിക്കെ, ‘സ്വന്തമാക്കൽ’ വ്യഗ്രതയെ ഊട്ടി വളർത്തുന്ന ഒന്നായാണ് വിപണിയുടെ ഈ അത്യന്താധുനിക നിർമിതി ആദ്യമവതരിക്കുന്നത്.

her-spike-jonze-02

മനുഷ്യന്റെ മറ്റൊരു ജൈവ മഹാ മോഹമാണ് ‘തിരിച്ചറിയപ്പെടൽ’. അസ്ഥിത്വ/വ്യക്തി തലത്തിൽ പൂർണ്ണമായി മറ്റൊന്നിനാൽ തിരിച്ചറിയപ്പെടുക എന്ന കാംക്ഷ. വെറുതെ തിരിച്ചറിയപ്പെടുകയല്ല; താൻ ആഗ്രഹിക്കുന്ന തരത്തിൽ എന്നുതന്നെ. മറയ്ക്കാൻ ആഗ്രഹിക്കുന്നവ മറഞ്ഞും തുറക്കാൻ ആഗ്രഹിക്കുന്നവ മാത്രം തുറന്നും selective ആയുള്ള തിരിച്ചറിയപ്പെടൽ. പലർ ചേരുന്ന ഒരു മനുഷ്യ വ്യക്തിത്വം മറ്റൊരാൾ വൈയക്തികമായി മാത്രമാവും കണ്ടെത്തുക. ഓരോ നോട്ടവും വിഭിന്നങ്ങളായ കാഴ്ചകളെ രൂപീകരിക്കുന്നതാണ്. സ്വയം തുറന്നിടാനുള്ള ഏക സംവേദന മാതൃക ഭാഷയാണെന്ന പരിമിതിയും(സാധ്യതയും) നിലനിൽക്കുകയാണ്. ടെക്നോളജിയുടെ ഡിജിറ്റൽ ഭാഷ മനുഷ്യഭാഷയ്ക്ക് അപ്പുറമോ ഇപ്പുറമോ ഒപ്പമോ എന്നത് ഉത്തരങ്ങളെ മറികടന്ന് ഓടുന്നൊരു ചോദ്യവുമാണ്.

her-01

എല്ലാ കാലത്തും, വിശേഷിച്ച് പുതുയുഗത്തിന്റെ അന്തരീക്ഷത്തിൽ സ്വന്തമാക്കലും തിരിച്ചറിയപ്പെടലും അസ്പൃശ്യമായൊരു മറുകര തന്നെ. വർഗ്ഗം, ജാതി, കുടുംബം, ഭാഷ, ദേശം, സമ്പദ്സ്ഥിതി മുതലായ സാംസ്കാരിക അന്തരങ്ങൾ പ്രതിജനഭിന്നവിചിത്രമായ വ്യക്തിബോധങ്ങളെ രൂപപ്പെടുത്തുന്നു. അങ്ങനെ സ്വന്തമാക്കുക, തിരിച്ചറിയപ്പെടുക മുതലായവ വ്യക്തികളോ സംഘങ്ങളോ ആയുള്ള മനുഷ്യബന്ധങ്ങൾക്ക് നടുവിൽ അസംതൃപ്തികാരണങ്ങളായി കാലാകാലം തെളിഞ്ഞുകിടക്കുന്നുണ്ട്.
അതിനവമായൊരു ഹോമോസാപ്പിയനിലും തിയോഡോറിലും.

google play logo

Leave a Reply

%d bloggers like this: