Friday, July 1, 2022

കടലിലെ മഴ

ബിനീഷ് പുതുപ്പണം

ഹിന്നൂ,
ഓർക്കുന്നുണ്ടോ കടലിൽ മഴപെയ്യുന്നതു കാണാൻ പോയ ദിനം. നഗരത്തിരക്കുകൾ പോലും തണുത്തുനിന്ന ഉച്ചമഴയിൽ, ഉൾവിളിയുടെ കാറ്റിൽ ആഹാരം പോലുമുപേക്ഷിച്ച് നമ്മളാ കടപ്പുറമെത്തിപ്പെട്ടു. തിരകൾക്കൊപ്പം വന്ന ചാറ്റലിൽ ആകാശം തൊടാൻ കുടകൾ മത്സരിച്ച നേരം അനർഘമായ ഓർമകൊണ്ട് നമ്മളും പറന്നു. അധിനിവേശത്തിൻ പായക്കപ്പലുകളുടെ പെരുമുഴക്കം കേട്ട കടലാണിത്. ഒരു കൊതുമ്പുവള്ളത്തിൽ സഞ്ചരിച്ച് സൂര്യവെളിച്ചം ചിതറിത്തെറിച്ച വാൾത്തിളക്കംകൊണ്ട് പോർച്ചുഗീസ് പടയെ വിറപ്പിച്ച കുഞ്ഞാലി മരയ്ക്കാർ ഉറച്ചുനിന്ന മണലാണിത്. ഇതിലെ ഓരോ തരിയും നൂറ്റാണ്ടുകളുടെ ഓർമകൾ ഘനീഭവിക്കപ്പെട്ട, കനം പേറുന്ന ഹൃദയങ്ങളാണ്. ഇവിടെ കാണുന്ന പുല്ലിനു പോലും ഓർമയുടെ മൂർച്ചയുണ്ട്. അല്ലെങ്കിലും ഓർമകൊണ്ട് മുറിഞ്ഞവരാണല്ലോ നമ്മളും.

ഹിന്നൂ,
കടലിൽ വെള്ളിയാങ്കല്ലു കണ്ടോ നീ? മരിച്ചവർ തുമ്പികളായി പറക്കുന്ന വെറും കല്ലല്ല അത്.

ഹിന്നൂ…
ആയിഷയെ മറന്നോ നീ? പോർച്ചുഗീസ് പട വെള്ളിയാങ്കല്ലിലേക്കു പിടിച്ചു കൊണ്ടുപോയി ക്രൂരമായി പീഢിപ്പിച്ചു കൊന്ന കടലിന്റെ മകൾ ആയിഷയെ? അവളുടെ നിരാശ്രയത്വം പേറിയ നിലവിളികൾ ഇതാ കാല്പനികതയുടെ നാണിച്ച പൂവുകൾ പൊഴിയുന്ന നിന്റെ / എന്റെ ഇരിപ്പിടംവരെ എത്തിയിട്ടുണ്ടാവും. പിച്ചിച്ചീന്തിയ ആയിഷയെയോർത്ത് പോർച്ചുഗീസ് കാരാഗൃഹത്തിലിരുന്ന് മനുഷ്യപറ്റുള്ളൊരാൾ എഴുതിയ പോർച്ചുഗീസ് കാവ്യമുണ്ട് – “ആയിഷ “. ആ വിലാപഗാനത്തിനു സാക്ഷിയായ കടപ്പുറത്താണ് ഹിന്നൂ നമ്മളിരിക്കുന്നത്. എത്ര പടയൊരുക്കങ്ങൾ, ചോരപ്പുറപ്പാടുകൾ, പൂർവികരുടെ വിയർപ്പുകൾ, കണ്ണീര്, ആധിപത്യത്തിന്റെ സ്ഖലനങ്ങളിൽ പൊലിഞ്ഞ നമ്മുടെ കുഞ്ഞുങ്ങൾ.

ഹിന്നൂ…

ഇതൊക്കെ ആ കാലത്തായിരുന്നല്ലോ എന്നാശ്വസിച്ചിരുന്നു നമ്മൾ.. എന്നാൽ ഇന്ന്? ചത്തുപോയ ആട് പോത്തുകളായി കൊമ്പുകുലുക്കി വരുന്നല്ലോ… അടുപ്പുകല്ലിൽ ഏതോ സഹോദരന്റെ ചോര പുരളുന്നല്ലോ…

ഹിന്നൂ, മതത്തിന്റെ മുനകളിലേക്ക് എവിടെയോ ഈ മഴ പെയ്യുമ്പോൾ കടലിൽ തെളിഞ്ഞു പൊങ്ങി വരുന്നല്ലോ സാമൂതിരിയെ രക്ഷിച്ച കുഞ്ഞാലി, സാമൂതിരിയാൽ ഒറ്റുകൊടുക്കപ്പെട്ട കുഞ്ഞാലി, തല വെട്ടിമാറ്റപ്പെട്ട കുഞ്ഞാലി..

ദുരിത പെയ്ത്തിലും സ്നേഹം പൊഴിച്ചതെരേസ – കുഷ്ഠരോഗങ്ങളിൽ ചുംബിച്ചിട്ടും അവഗണിക്കപ്പെട്ട മദർ, കരഞ്ഞകണ്ണുകളാൽ കരയെനോക്കുന്ന നാരായണ ഗുരു……. അങ്ങനെ ആരൊക്കെയാണ് മഴയത്തു നിൽക്കുന്നത്?

ഹിന്നൂ… കടലിലെ മഴകാണാൻ വന്നതല്ലേ നമ്മൾ? എന്നിട്ടെന്തിനാണ് മറ്റേതോ പെയ്ത്തിനെ നനയുന്നത്? സാരമില്ല… ഈ കടലിനേക്കാൾ വലുപ്പമുണ്ടല്ലോ ചില മനുഷ്യരുടെ ഓർമകൾക്ക്…

spot_img

Related Articles

ചില്ലകളിൽ തളിർക്കുന്ന ശ്വാസങ്ങൾ

ബിനീഷ് പുതുപ്പണം ഹിന്നൂ, മരങ്ങളെ തൊട്ടുതലോടി നടന്ന കാലമോർക്കുന്നുണ്ടോ? ബസ്സിറങ്ങി വരുമ്പോൾ ആകാശത്തിന്റെ അനന്തതയിലേക്ക് കൈകൾ നീട്ടിനിൽക്കുന്ന, നിറയെ പച്ചിലകളുള്ള, തായ്ത്തടിക്കു മുകളിൽ കാടുകൾ സൂക്ഷിക്കുന്ന ഒരു മഹാവൃക്ഷത്തെ ദൂരെ നിന്നും നമ്മൾ കണ്ടു....

ഇല കൊഴിഞ്ഞു കിടന്ന ആകാശം

ബിനീഷ് പുതുപ്പണം ഹിന്നൂ, ആകാശം കൊഴിച്ചിട്ട മേഘങ്ങള്‍ ഇലപ്പടര്‍പ്പുകളിലും മരങ്ങളിലും തുളുമ്പിനിന്ന പുലര്‍കാലമാണ് നമ്മള്‍ മലയാറ്റൂര്‍ മലകയറിയത്. പ്രതീക്ഷാഭരിതമായ കണ്ണുകളുമായി നോക്കി നിന്ന കുഞ്ഞുയേശു ദേവന്മാരില്‍ നിന്ന് നമ്മളെത്ര മെഴുകുതിരികളാണ് വാങ്ങിക്കൂട്ടിയത്. മഹാഗണികള്‍ക്കിടയിലൂടെ. കൂറ്റന്‍...

വേനലെഴുതുന്ന നഗരങ്ങള്‍

ബിനീഷ് പുതുപ്പണം ഹിന്നൂ, തിരക്കുകൂടിയ, തുണിക്കച്ചവടക്കാരും പലഹാരക്കടകളും നിറഞ്ഞ തെരുവിലൂടെ ഇളം വെയിലില്‍, വേനലിന്റെ വിരല്‍പ്പാടുകള്‍ തേടി ഒന്നും മിണ്ടാതെ നമ്മള്‍ നടന്നു. പീപ്പിയും പന്തും വില്പനയ്ക്ക് വെച്ചിരിക്കുന്നതു കണ്ട് നമ്മുടെ കുട്ടിക്കാലം ചിരിച്ചു....
spot_img

Latest Articles