Friday, July 1, 2022

വെയിൽ ഉലാത്തുന്ന കാടുകൾ

ബിനീഷ് പുതുപ്പണം

ഹിന്നൂ, ഗൂഢവനാന്തരത്തിലെ പ്രാചീനമായ ഏതോ ഗുഹയ്ക്ക് പുറത്തെന്ന പോലെ നമ്മൾ കണ്ടുമുട്ടി. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു ഭാഷ ഉള്ളിലൊളിപ്പിച്ചുകൊണ്ട് തൂവിപ്പോവാത്ത മൗനത്താൽ നോക്കി നിന്നു.

ഹിന്നൂ, നീ ഓർക്കുന്നോ നമ്മൾ കൃഷിപാഠങ്ങളിലൂടെ സഞ്ചരിച്ച ദിനം. കാടുകൾ ഇലകൾ പൊഴിക്കുന്നതിന്റെ സംഗീതം കേട്ടുനിന്നത്. എത്രയോ ജീവജാലങ്ങളുടെ കാഷ്ഠങ്ങളും മൂത്രവും വീണടിഞ്ഞ, പൂവും ഇലകളും കായും തുരുതുരെയടർന്നമർന്ന മണ്ണിനെ നമ്മൾ ചുംബിച്ചു. ഓരോ ചെടിയും എത്ര വായിച്ചാലും തീരാത്ത ഇതിഹാസങ്ങളാണെന്ന് തിരിച്ചറിഞ്ഞു. ഒറ്റച്ചില്ലയിൽ തന്നെ എത്ര ജീവിതങ്ങളാണ്. എന്നാൽ ഇത്രകാലവും നമ്മൾ പൂക്കളെ മാത്രമല്ലേ കണ്ടുള്ളൂ. കടലിൽ മുട്ടിനിൽക്കുന്ന ആകാശം പോലെ തുഴഞ്ഞടുക്കുന്തോറും അത്രയുമത്രയും വിശാലമാകുന്ന ജീവിതമത്രെ ഓരോ ചെടിയുടേതും.

ഹിന്നൂ, ആകാശം പോലെ ചില മനുഷ്യരുണ്ട്. അടുക്കുന്തോറും പിടി തരാതെ അകന്നകന്നു പോകുന്ന എന്നാൽ എല്ലായ്‌പ്പോഴും തൊട്ടു തൊട്ടുനിൽക്കുന്ന, ഏതു ഭാഗങ്ങളിലേക്കു നോക്കിയാലും കാണാവുന്ന, ശൂന്യതയിലും അസ്തിത്വമുള്ള ചിലർ. ഒരു കപ്പുവെള്ളത്തിലും വിശാലമായ സമുദ്രത്തിലും അവർ ഒരുപോലെ പ്രതിബിംബിക്കുന്നു. നോക്കൂ, അതുകൊണ്ടല്ലേ ഈ മരങ്ങളായ മരങ്ങളെല്ലാം ആകാശം തൊടാൻ ഉയർന്നുയർന്നു കൈവീശുന്നത്.

ഹിന്നൂ, കൃഷിപാഠങ്ങൾ എത്ര രസകരമാണ്. ചാണകം, മൂത്രം, പലതരം ഇലകൾ, ശർക്കര ഇവയൊരുമിച്ചാൽ കാട്ടിലെ മണ്ണുണ്ടാകുമത്രെ. ഈ മിശ്രിതം നമ്മളെവിടെ പരീക്ഷിക്കും? ടെറസിൽ? ഇന്റർലോക്ക് ചെയ്ത വാസസ്ഥലങ്ങളിൽ? ആലോചിച്ച് നമ്മൾ ചിരിച്ചു. പക്ഷെ കൊച്ചുപുരയിടത്തിൽ വിളവുണ്ടാക്കിയ മനുഷ്യരെ കേട്ട് /കണ്ട് നമ്മളതിശയിച്ചു. വീടിനു മുകളിൽ മൺതട്ടുണ്ടാക്കി മാവുനട്ടവർ, അവിശ്വസനീയമാം വിധം വളർന്നു മാമ്പഴമുണർന്ന മാവ്, ഉറച്ചു നിൽക്കുന്ന വാഴകൾ, ടെറസിൽ ശൂലം പോലെ നീണ്ട വെണ്ട, തക്കാളി, പയർ. ചെറിയ മുറ്റത്ത് പരന്നുല്ലസിച്ച വളളികളിൽ ഊഞ്ഞാലാടി ചിരിക്കുന്ന കോവക്കക്കുഞ്ഞുങ്ങൾ, പുഞ്ചിരിക്കുന്ന കയ്പവല്ലരി.

ഹിന്നൂ, ചില മനുഷ്യർ പടർന്നു പന്തലിച്ച മഹാവൃക്ഷമായി മാറിയ കാഴ്ചകൾ കണ്ട് നമ്മളമ്പരുന്നു. എത്രപേരുകളാണ് നമ്മൾ പഠിച്ചത് – സച്ച്ദേ, ധബോൽക്കർ, വത്സൽ, പൊക്കുടൻ. അങ്ങനെ പ്രകൃതിയായി സ്വയം പരിണമിച്ചവർ. കൃഷി ഒരു പാഠമല്ലല്ലോ, ഉള്ളിനുള്ളോളം വേരുകളുള്ള ജീവിതമല്ലേ.

ഹിന്നൂ, നീളൻ വണ്ടിയിൽ ഒരു സീറ്റിലിരുന്ന് തിരിച്ചു വരുമ്പോൾ നിന്റെ കൈകൾ നിറയെ പൂക്കളുള്ള ശാഖകളാകുന്നു. നമ്മുടെയുള്ളം മഹാവനമായി പരിണമിക്കുന്നു. എത്രയോ കൃഷിയിടങ്ങൾക്കു മുകളിൽ സ്ഥാപിച്ച റോഡുകളെ, കെട്ടിടങ്ങളെ നമ്മൾ ഓർമകൾ കൊണ്ടു തൊടുന്നു.

spot_img

Related Articles

ചില്ലകളിൽ തളിർക്കുന്ന ശ്വാസങ്ങൾ

ബിനീഷ് പുതുപ്പണം ഹിന്നൂ, മരങ്ങളെ തൊട്ടുതലോടി നടന്ന കാലമോർക്കുന്നുണ്ടോ? ബസ്സിറങ്ങി വരുമ്പോൾ ആകാശത്തിന്റെ അനന്തതയിലേക്ക് കൈകൾ നീട്ടിനിൽക്കുന്ന, നിറയെ പച്ചിലകളുള്ള, തായ്ത്തടിക്കു മുകളിൽ കാടുകൾ സൂക്ഷിക്കുന്ന ഒരു മഹാവൃക്ഷത്തെ ദൂരെ നിന്നും നമ്മൾ കണ്ടു....

ഇല കൊഴിഞ്ഞു കിടന്ന ആകാശം

ബിനീഷ് പുതുപ്പണം ഹിന്നൂ, ആകാശം കൊഴിച്ചിട്ട മേഘങ്ങള്‍ ഇലപ്പടര്‍പ്പുകളിലും മരങ്ങളിലും തുളുമ്പിനിന്ന പുലര്‍കാലമാണ് നമ്മള്‍ മലയാറ്റൂര്‍ മലകയറിയത്. പ്രതീക്ഷാഭരിതമായ കണ്ണുകളുമായി നോക്കി നിന്ന കുഞ്ഞുയേശു ദേവന്മാരില്‍ നിന്ന് നമ്മളെത്ര മെഴുകുതിരികളാണ് വാങ്ങിക്കൂട്ടിയത്. മഹാഗണികള്‍ക്കിടയിലൂടെ. കൂറ്റന്‍...

വേനലെഴുതുന്ന നഗരങ്ങള്‍

ബിനീഷ് പുതുപ്പണം ഹിന്നൂ, തിരക്കുകൂടിയ, തുണിക്കച്ചവടക്കാരും പലഹാരക്കടകളും നിറഞ്ഞ തെരുവിലൂടെ ഇളം വെയിലില്‍, വേനലിന്റെ വിരല്‍പ്പാടുകള്‍ തേടി ഒന്നും മിണ്ടാതെ നമ്മള്‍ നടന്നു. പീപ്പിയും പന്തും വില്പനയ്ക്ക് വെച്ചിരിക്കുന്നതു കണ്ട് നമ്മുടെ കുട്ടിക്കാലം ചിരിച്ചു....
spot_img

Latest Articles