ട്രാൻസ് വിമന് അന്തിയുറങ്ങാൻ സർക്കാർ വീടൊരുങ്ങി;ഏഴു പേർക്ക് ജോലിയും

കോഴിക്കോട്: കോഴിക്കോട്ടെത്തുന്ന ട്രാൻസ‌് വിമന്‌ ഇനി താമസിക്കാൻ തെരുവുകളിൽ അലയേണ്ടിവരില്ല. ഭക്ഷണമുൾപ്പെടെ എല്ലാ സൗകര്യവുമുള്ള ഇരുനില വീട‌് ഒരുങ്ങി. പണം നൽകാതെ സുരക്ഷിതമായി കഴിയാം. സാമൂഹിക നീതി വകുപ്പിന്റെ ‘മഴവില്ല‌്’ പദ്ധതിയുടെ ഭാഗമായാണ‌് ട്രാൻസ‌് വുമണിന‌് ഷോർട്ട‌് സ‌്റ്റേ ഹോം സജ്ജമാക്കിയത‌്. ഫാറൂഖ‌് കോളേജിന‌് സമീപം സർക്കാർ വാടകയ‌്ക്ക‌് എടുത്ത ഇരുനില കെട്ടിടത്തിൽ ഫർണിച്ചർ ക്രമീകരിക്കുന്ന പ്രവൃത്തിയാണ‌് നടക്കുന്നത‌്. ജൂൺ 10നകം ഇത‌് പൂർത്തീകരിച്ച‌് ഉദ‌്ഘാടനം നടക്കും.
കുടുംബങ്ങളിൽനിന്ന‌് ഒറ്റപ്പെട്ട‌് കഴിയുന്നവരാണ‌് ഭൂരിഭാഗം ട്രാൻസ‌് വുമണും. ഒരു ജോലി കണ്ടെത്തുന്നതുവരെ താമസിക്കാൻ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടുന്നവരുമുണ്ട‌്. 25 പേർക്ക‌് താമസിക്കാനുള്ള സൗകര്യമാണ‌് ഈ കെട്ടിടത്തിൽ ഉള്ളത‌്. മൂന്ന‌് മാസംവരെ ഇവിടെ താമസിക്കാം. ട്രാൻസ‌്ജെൻഡേഴ‌്സിനായി പ്രവർത്തിക്കുന്ന പുനർജനി കൾചറൽ സൊസൈറ്റിക്കാണ‌് നടത്തിപ്പ‌് ചുമതല.
മാനേജർ, രണ്ട‌് കെയർ ടേക്കർ, പാചക തൊഴിലാളി തുടങ്ങി ഏഴ‌് ട്രാൻസ‌് വുമൺസിനും ഇവിടെ ജോലിനൽകും‌. ഈ തസ‌്തികകളിലെ നിയമനത്തിന‌് അടുത്ത ആഴ‌്ച ഇന്റർവ്യൂ നടത്തും. കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടാ‌യ‌്മകളുമായി സഹകരിച്ച‌് ഈ വീട്ടിൽ ട്രാൻസ‌് വുമണിനായി പരിശീലന ക്ലാസുകൾ നടത്താനും ആലോചനയുണ്ട‌്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട‌്, കോട്ടയം എന്നിവിടങ്ങളിലും ഷോർട്ട‌് സ‌്റ്റേ ഹോം സജ്ജമായിട്ടുണ്ട‌്. ജൂൺ രണ്ടാം വാരത്തിൽ ഉദ‌്ഘാടനം നടത്താനാണ‌് അധികൃതർ ആലോചിക്കുന്നത‌്.

Leave a Reply

Your email address will not be published. Required fields are marked *