മലമുഴക്കം തേടി

PhotoStories-SreeHari-athmaonline

ഫോട്ടോസ്റ്റോറി

ശ്രീഹരി

സമയം നട്ടുച്ച ഒരു മണിയോട് അടുക്കുന്നു. നെല്ലിയാമ്പതിയിലെ ചെക് പോസ്റ്റിനടുത്ത് നിന്ന് കുറച്ചു മാറി കരടി എസ്റ്റേറ്റ് എന്ന കാട്ടിൽ അക്ഷമനായി അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. കോവിഡിന്റെ മടുപ്പൻ ദിനങ്ങൾക്ക് ശേഷം ഒന്ന് കാട് കയറിയതാണ്, എന്റെ ‘വേഴാമ്പലുകളെ’ അന്വേഷിച്ച്. പക്ഷെ ഏറെ നേരം അലഞ്ഞിട്ടും അതിന്റെ മുഴക്കൻ ശബ്ദങ്ങളല്ലാതെ ദർശനഭാഗ്യം ലഭിച്ചില്ല.

പുലർച്ചെ 3 മണിക്ക് ഞാനും അച്ഛനും അമ്മയും പെങ്ങളും കൂടി കാറെടുത്തിറങ്ങിയതാണ്. എന്റെ ഫോട്ടോഗ്രാഫി പ്രാന്തുകണ്ട് എന്നെ സപ്പോട്ട് ചെയ്യാൻ ഇറങ്ങിത്തിരിച്ചതാണ് ഇവർ (സത്യം പറഞ്ഞാൽ ഈ ഒരു സമയത്തു എന്നെ ഒറ്റക്ക് വിടാൻ മടിച്ചിട്ടാണ് അവരും കൂടെ പോന്നത് ❤️ ) എന്നെ കാടിനടുത്ത് വിട്ട് മണിക്കൂറുകളോളം പ്രകൃതി രമണീയതയും നോക്കി അവർ അവിടത്തന്നെ കാത്തു നിന്നു.

 

PhotoStories-SreeHari-001
© sreehari
PhotoStories-SreeHari-003
© sreehari

8 മണി ആവുമ്പോഴേക്കും നെല്ലിയാമ്പതി ചെക്പോസ്റ്റിൽ എത്തി. 2.30 ആവുമ്പോഴേക്കും തിരിച്ചിറങ്ങണം അത്രയും സമയം മാത്രമാണ് അവിടെ നിയമപരമായി അനുവദിച്ചിട്ടുള്ളത്. അവിടെ എത്തിയപാടെ കുറച്ചു സിംഹവാലൻ കുരങ്ങുകളുടെ ഫോട്ടോ എടുക്കാൻ സാധിച്ചെങ്കിലും മനസ്സു മുഴുവൻ ആ വലിയ പക്ഷി ആയിരുന്നു.കുറേ നേരം മുന്നോട്ട് നടന്നു ഏകദേശം 12 മണി ആയിക്കാണും കുറച്ച് ദൂരത്തായിട്ട് പെട്ടന്ന് രണ്ട് വേഴാമ്പലുകൾ പറന്നു പോകുന്നത് കണ്ടു. ഒരു ഫ്ലയിങ് ഷോട്ട് എടുക്കാൻ സാധിച്ചു, ആവേശം കൂടി. പിന്നെയും മുന്നോട്ടേക്ക് നടന്നു. കാടിന്റെ അകത്തേക്ക് കടക്കാൻ പേടിതോന്നി, ഫോറസ്റ്റ് ഗാഡ്‌ ഉണ്ട്. 10000 രൂപയാണ് പിഴ. പക്ഷെ നന്നായിട്ടൊന്നു കാണാതെ പടമെടുക്കാതെ തിരുച്ചു പോവുന്നതെങ്ങനെയാ. 2,3 മണിക്കൂറുകളോളം അലഞ്ഞു. അവിടെ വെച്ച് ഒരു ചേട്ടനെ പരിചയപ്പെട്ടു. പുള്ളി അവിടടുത്ത് നെന്മാറ ഭാഗത്ത്‌തന്നെ ഉള്ള ആളാണ്. ഫോട്ടോ എടുക്കാനായി തന്നെ വന്നതാണ്. പിന്നെ ഞങ്ങൾ ഒരുമിച്ചായി യാത്ര.

PhotoStories-SreeHari-004
© sreehari

ഷൂവിന്റെ ഉള്ളിൽ എന്തോ ആശ്വസ്ത തോന്നി അഴിച്ചപ്പോഴാണ് വേറൊരു വിരുതന്മാരെ കണ്ടത്. ‘അട്ടകൾ’ കാല് മൊത്തം രക്തത്തിൽ കുളിച്ച് നിൽക്കുന്നു. കൊറോണയെ തുരത്താനുള്ള സാനിടൈസർ കയ്യിൽ ഉള്ളത് കൊണ്ട് അവറ്റകളെയൊക്കെ തുരത്തി. ചെറിയ മഴ പെയ്തത് കൊണ്ട് കാലവസ്ഥയൊക്കെ മോശമായി തുടങ്ങി. ലൈറ്റും പോയി തിരിച്ചിറങ്ങാനുള്ള സമയവും അടുത്തു.

PhotoStories-SreeHari-002
© sreehari

അങ്ങനെ നിരാശരായി ഞങ്ങൾ നിൽക്കുമ്പോൾ കണ്ണിന് കുളിർമ്മയേകി ഒരു വേഴാമ്പൽ കപ്പിൾസ് അതാ മരത്തിൽ ഇരുന്ന് കൊക്കുരുമ്മുന്നു. ചറ പറ ക്ലിക്കി. ഒന്നു രണ്ട് നല്ല പടങ്ങൾ കിട്ടി. അതിന്റെ വലിയ കൊക്കുകളും ചിറകുകളും ഒക്കെ ക്യാമറയിലൂടെ അല്ലാതെ തന്നെ കുറച്ചു നേരം നോക്കി നിന്നുപോയി. വലിയ ഒരു ആഗ്രഹം സാധിച്ചതിന്റെ ഒരു സംതൃപ്തി ഉണ്ടായിരുന്നു അപ്പോൾ.ഒക്ടോബർ മുതൽ ജനുവരി അവസാനം വരെ ഉള്ള മാസങ്ങളിലാണത്രേ ഇവ കുടുംബ സമേതം പുറത്തിറങ്ങുന്നത്. ഈ ഒരു സമയമാണ് കാട്ടിലെ വലില വലിയ മരങ്ങൾ കായ്ക്കുന്നതും. കുഞ്ഞുങ്ങളെ ആദ്യമായി കൂട്ടിന്റെ പുറത്തിറക്കുന്നതും പഴങ്ങൾ പാകമായി നിൽക്കുന്ന ഈ അവസരത്തിലാണ്. അതുകൊണ്ടു തന്നെ കുറേയേറെ വേഴാമ്പലുകളെ അവരുടെ ഫാമിലിയോട് കൂടി കാണാൻ കഴിഞ്ഞു.വംശംനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മലമുഴക്കി വേഴാമ്പലിനെ സാധാരണയായി ഇന്ത്യയിലെ മഴക്കാടുകളിലും മലായ് പെനിൻസുലയിലും, സുമാത്ര, ഇന്തോനേഷ്യയിലുമാണ് കണ്ടുവരുന്നത്. 50 വർഷമാണ് ശരാശരി ആയുസ്. നെല്ലിയാമ്പതി, അതിരപ്പിള്ളി-വാഴച്ചാൽ, ചെന്തുരുണി കാടുകളിലുമാണ് മലമുഴക്കി വേഴാമ്പലിനെ പ്രധാനമായും കാണാറുണ്ട്. ചെറിയ ഒരനക്കം മതി, വേഴാമ്പൽ ചിറകടിച്ച് പറന്നുപോകും. കൂട്ടിനുള്ളിലെ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും തീറ്റതേടി അലഞ്ഞ് അവ പകർന്നുകൊടുക്കുകയാണ് ആണിന്റെ ജോലി. പരിസരത്ത് അപരിചിതർ ഉണ്ടെന്നുകണ്ട് ഭയന്നാൽ ആൺപക്ഷി മണിക്കൂറുകൾക്കുശേഷമേ തിരിച്ചെത്തൂ. ആ സമയത്ത് അതീവ ജാഗ്രതയാണ് വേഴാമ്പലിന്. ചുരുങ്ങിയത് 50 അടിയെങ്കിലും ഉയരത്തിലുള്ള വൃക്ഷത്തിലാണ് കൂടുകൾ വെക്കാറുള്ളത്. അങ്ങനെ സന്തോഷത്തോടെ ഞങ്ങൾ തിരിച്ചിറങ്ങി. വരുന്ന വഴിക്ക് ഒരു കുരങ്ങു ഫാമിലിയുടെ ഫോട്ടോയും കിട്ടി.

PhotoStories-SreeHari-005
© sreehari

കൂടെയുള്ള ചേട്ടനോട് ബൈ പറഞ്ഞ് തിരിച്ച് കാറിന്റെ അടുത്ത് എത്തിയപ്പോഴേക്കും മണിക്കൂർ 6 കഴിഞ്ഞിരുന്നു. അത്രയും നേരം കാത്തു നിന്നതിന്റെ ഒരു മുഷിപ്പും അവർക്കുണ്ടായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. വേഴാമ്പലിന് കുടുംബത്തോടുള്ള ജാഗ്രതയെ ഓർമ്മിപ്പിക്കും വിധം അവരെനിക്കും എന്റെ സ്വപ്നങ്ങൾക്കും വേണ്ടി കാത്തുനിന്നു. ഞങ്ങൾ തിരിച്ചു പോരുമ്പോൾ ഉൾക്കാടുകളിൽ എവിടെ നിന്നോ വേഴാമ്പലുകൾ മലമുഴക്കുമാറുച്ചത്തിൽ അതിന്റെ ഇണയെ ആകർഷിക്കുവാൻ വേണ്ടി കരഞ്ഞുകൊണ്ടിക്കുന്നുണ്ടായിരുന്നു.

തയ്യാറാക്കിയത് – സുർജിത്ത് സുരേന്ദ്രൻ

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക. 

കൂടുതൽ വിവരങ്ങൾക്ക് : 9048906827

Leave a Reply