പോക്കുട്ടി മുസ്‌ലിയാർ

സുബൈർ സിന്ദഗി

പോക്കുട്ടി മുസ്‌ലിയാർ, സുഗന്ധം പരത്തിയ ഒരു സാധു മനുഷ്യൻ. പാവിട്ടപ്പുറം ഏപിജെ നഗറിന് സ്വന്തമായി അങ്ങനെ ഒരാളുണ്ടായിരുന്നു. കുട്ടിക്കാലത്ത് വെള്ളിയാഴ്ചകളിൽ കോക്കൂർ ജുമാ മസ്ജിദിന്റെ പടിപ്പുരയിൽ ഒരു പ്രത്യേക പെട്ടിയിൽ വിവിധ തരം അത്തറുകളുമായി അയാളെത്തും. വെളുത്ത കോട്ടൺ പഞ്ഞി ചെറിയ ഉണ്ടകളാക്കി അതിൽ നമ്മൾ ആവശ്യപ്പെടുന്ന അത്തർ പുരട്ടി തരും. അത് കുപ്പായത്തിലാകെ തേക്കും, കുറെ വാസനിക്കും, ചെവിയിൽ പുരട്ടും. അങ്ങനെ ആ പരിസരം മൊത്തം അത്തറിന്റെ വ്യത്യസ്ത സുഗന്ധം പരത്തിയാണ് മിക്ക ആളുകളും കുട്ടികളും പള്ളിയിൽ കയറുന്നത്.

അദ്ദേഹത്തിന്റെ വസ്ത്ര രീതിയും നടത്തവും ഏറെ ബഹുമാനം അർഹിക്കുന്നതായിരുന്നു. കൊമ്പഞ്ചാതി ഗുളിക വാങ്ങാനും ആളുകൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുള്ളതായി ഓർക്കുന്നു. ഒരു നീളൻ ജുബ്ബയും തലയിൽ കെട്ടും കയ്യിൽ ചെറിയൊരു പെട്ടിയും ആണ് അദ്ദേഹത്തിന്റെ രൂപം. ഇന്ന് പ്രവാസജീവിതം പുരോഗതി വരുത്തിയപ്പോൾ ബ്രാൻഡഡ് സ്പ്രേ ആണ് താരങ്ങൾ.  വഴിയോരങ്ങളിൽ ഇന്ന് അത്തർ വ്യാപാരികളെ കാണുമ്പോൾ മനസ്സിൽ തോന്നാറുണ്ട് പാവിട്ടപ്പുറത്ത് പതിറ്റാണ്ടുകൾക്കു മുമ്പ് അത്തര്‍ കച്ചവടത്തിന് മാതൃകയായ മനുഷ്യൻ ഉണ്ടായിരുന്നു എന്ന്. അദ്ദേഹത്തെ പോലെ തന്നെ മാറി ചിന്തിച്ച പലരും പാവിട്ടപ്പുറത്തുണ്ടായിരുന്നു. ഇന്ന് വലിയ സംഭവമായി കരുതുന്ന പലതിനെയും മുൻകൂട്ടി കണ്ട്, പരിമിതികളിൽ നിന്ന് സാധ്യതകളെക്കുറിച്ച് ചിന്തിച്ചവര്‍. ആ വഴിയെ ഭ്രാന്തമായി നടന്നവര്‍. പാവിട്ടപ്പുറത്തിന്റെ അടയാളങ്ങളിലെ മറ്റൊരു നഷ്ടമായിരുന്നു അദ്ദേഹവും. അള്ളാഹു ആഖിറം വെളിച്ചമാക്കട്ടെ.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 

Leave a Reply

Your email address will not be published. Required fields are marked *