IMG 20190421 154033 761

വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

സുബൈർ സിന്ദഗി

തമിഴ് നാട്ടിൽ നിന്നും വന്ന്‌ ഒതളൂരിലും പരിസര പ്രദേശങ്ങളിലുമായി താമസമാക്കി മുടി വെട്ടുന്ന ജോലിയാണ് തങ്ക രാജിന്. കൈരളിയുടെ മണ്ണിൽ അദ്ദേഹം എത്തിയിട്ട് 42 വർഷമായി. കണ്ണാടിയടക്കം ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഒരു സഞ്ചിയിലാക്കി തൂക്കി പിടിച്ച് അദ്ദേഹം നടക്കും.

വഴിനീളെ അദ്ദേഹത്തിന്റെ വരവ് കാത്ത് മുടി വളർന്ന മക്കളെയും വീട്ടിൽ പിടിച്ചിരുത്തും അമ്മമാർ. തങ്കരാജ് വീടിന്റ മുറ്റത്ത്‌ രണ്ട് പലകയിട്ട് മുടി വെട്ടാനുള്ള ആളുടെ കയ്യിൽ മുഖം കാണാവുന്ന വലിപ്പത്തിലുള്ള ഒരു ചെറിയ കണ്ണാടി കൊടുക്കും. പിന്നെ, മുടി വെട്ടി തുടങ്ങും.

ഇതിന്നിടയിൽ കുടുംബ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കും.

ഒതളൂർ, കിഴിക്കര, പാവിട്ടപ്പുറം, കോലിക്കര, എറവറാംകുന്ന്, കോട്ടേം കുന്നു, പള്ളിക്കര, പള്ളിക്കുന്ന് തുടങ്ങി അഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ കിടക്കുന്നപ്രദേശങ്ങളിലും, തൃശ്ശൂർ ജില്ലയിലെ അക്കികാവ് കോട്ടോൽ കരിക്കാട് അയിനൂർ പഴഞ്ഞി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ വീടുകളിലും നേരിട്ട് ചെന്ന് മുടി വെട്ടി കൊടുത്തായിരുന്നു അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്‌. ഇന്ന് ബംഗാളികളും ആസാമികളും ഒറീസ്സക്കാരും സജ്ജീവമാണെങ്കിൽ അന്ന് തമിഴ് നാട്ടുകാരായിരുന്നു. അവർ എണ്ണത്തിൽ കുറവായിരുന്നു. അന്ന് കൃഷി പണി ആയിരുന്നു എല്ലാവരും ചെയ്തിരുന്നത്. ചിലർ സാമ്പത്തിക ശേഷി കൂടുതലുള്ള വീടുകളിൽ വീട്ടു ജോലിക്കും നിന്നിരുന്നു.
എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമായ ജീവിതമാണ് തങ്കരാജ് നയിച്ചിരുന്നത്.

ആ കാലഘട്ടത്തിൽ ദൂര സ്ഥലങ്ങളിലേക്ക് കാള വണ്ടിയിൽ ആയിരുന്നു കയ്യിൽ ഒരു സഞ്ചിയുമായി ജോലി തേടി പോവുക. നടത്തത്തിനു അസൗകര്യം ആവാത്ത രീതിയിൽ മടക്കി കുത്താതെ കയറ്റി
ഉടുത്ത തുണി, അതാണ് അദ്ദേഹത്തിന്റെ വസ്ത്ര ധാരണ രീതി.

നാല്പതോളം വീടുകളിൽ രാവിലെ മൂന്നര നാലു മണിമുതൽ പശുവിനെ കറക്കാനും പോയിരുന്നു. പെരുമ്പിലാവ് ചന്തയിലേക്ക് ആ കാലത്തൊക്കെ കന്നുകാലികളെ നടത്തിയാണ് കൊണ്ട് പോയിരുന്നത്. രാത്രിയിൽ ചൂട്ടും കത്തിച്ചു പെരുമ്പിലാവ് ചന്തയിലേക്കു കന്നുകാലികളെ കൊണ്ട് പോകുന്ന ജോലിയും തങ്കരാജ് ചെയ്തിരുന്നു. എന്നാൽ ഇന്നും എന്നും മുടിവെട്ടുന്ന അണ്ണാച്ചി എന്നാണ് നാട്ടുകാർക്കൊക്കെ അറിയൂ. കാരണം കുടുംബം നോക്കാൻ ഇരുട്ടിൽ ഉറങ്ങാതെ ചെയ്തു പോന്ന ജോലികളൊന്നും നാടറിഞ്ഞില്ല. മക്കളെ നല്ലനിലയിലെത്തിക്കുക എന്നതു മാത്രമായിരുന്നു തങ്കരാജിന്റെ ലക്ഷ്യം. അതിനുവേണ്ടി അയാൾ രാപ്പകലില്ലാതെ പണിയെടുത്തു. മക്കളെ പഠിപ്പിച്ചു. അവരെ ഉന്നത ഉദ്യോഗസ്ഥരാക്കി.

തന്റെ 36- മത്തെ വയസ്സിൽ വന്ന്‌ 42 വർഷത്തോളമായി ഈ മണ്ണിൽ നടന്നു ജീവിച്ചയാൾ. 78- കാരനായ തങ്കരാജ് ഇന്നും നടന്നു തന്നെയാണ് എല്ലാ ഇടത്തും എത്തുന്നത്.

ഗ്രാമങ്ങളുടെ വളർച്ച ഈ നാട്ടിൽ ജനിച്ചു വളർന്നവരേക്കാൾ കൂടുതൽ നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞ ആ മനുഷ്യൻ ഇന്നും നടക്കുന്നു. ആ നടത്തങ്ങളിൽ വിശപ്പെന്ന വലിയ സത്യം മാത്രം.

ചെമ്മൺ പാതകൾ ടാറിങ്ങിലേക്ക്, വേലികൾ മതിൽ കെട്ടിലേക്ക്, ഓലക്കുടിലുകൾ ഓടിലേക്കും മൂന്നു നിലയിലേക്കും മാറിയതിന് സാക്ഷിയായ ആൾ. ഓർമ്മ പിശക് ലവലേശമില്ലാതെ ഈ നാടിനെ ഓർത്തെടുക്കുന്നു. കാലത്തിന്റെ മാറ്റം അദ്ദേഹത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒപ്പമെത്താൻ ആകുന്നില്ലെങ്കിലും അദ്ദേഹത്തിനെ തേടി വരുന്ന കുറച്ചാളുകളുണ്ട്. അവർക്കായി ഒരു ചെറിയ കട, ചങ്ങരംകുളം പള്ളിക്കര പള്ളിപ്പീടികയിൽ തുറന്നിട്ടുണ്ട്.

മക്കൾ ഉന്നത ഉദ്യോഗസ്തരായപ്പോൾ അപ്പൻ അവർക്കൊരു ബാധ്യതയായി. ആരോടും പരാതിയും പരിഭവവും ഇല്ല. മരണം വരെ അധ്വാനിച്ചു ജീവിക്കുമെന്ന് തങ്കരാജ്. മനക്കരുതോടെ ഒരു സഞ്ചിയും തൂക്കി ഇടക്കൊക്കെ താൻ പണ്ട് നടന്ന വഴികളിലൂടെ നടന്നു നീങ്ങും. അന്നത്തെ അപ്പത്തിനു വേണ്ടിയുടെ സമരം.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍

1 thought on “വ്യത്യസ്തനാം ഒരു ബാർബറാം തങ്കരാജ്

Leave a Reply

%d bloggers like this: