subair zindaki

മിഠായി സ്വാമി എന്ന കോക്കൂരിലെ ചാച്ചാജി

സുബൈര്‍ സിന്ദഗി

ഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് ചിലപ്പോള്‍ കൗതുകം തോന്നിയേക്കാം, മിഠായി സ്വാമി ആരാണെന്ന കാര്യത്തില്‍. എന്നാല്‍ നമുക്കിടയില്‍ അങ്ങനെ ഒരാളുണ്ടായിരുന്നു. കോക്കൂരിലെ ചാച്ചാജി. കുട്ടികളെ ജീവന് തുല്യം സ്നേഹിച്ചിരുന്ന, തന്റെ അധ്വാനത്തിന്‍റെ വലിയൊരു ഭാഗം കുട്ടികള്‍ക്ക് മിഠായി വാങ്ങാനായി ചിലവിട്ട ഒരു മനുഷ്യന്‍. മിഠായിപൊതിയുമായി ഓരോ ദിവസവും ഇടവിടാതെ, ഒരു പരിചയമില്ലാത്ത കുഞ്ഞുങ്ങളെ, സ്വന്തം മക്കളെപോലെ സ്നേഹിച്ച, നമുക്ക് കോക്കൂരിന്റെ ചാച്ചാജി എന്ന് വിളിക്കാന്‍ യോഗ്യതയുള്ള വാളത്തു വളപ്പില്‍ അപ്പുട്ടസ്വാമിയാര്‍.

കുട്ടിയായിരിക്കുമ്പോള്‍ കോലിക്കര മദ്രസയില്‍ നിന്നും കുറച്ച് കുട്ടികള്‍ കൂട്ടം കൂടി തിരക്ക് കൂട്ടുന്നു കണ്ട് പോയി നോക്കി. അവര്‍ക്കു നടുവിലായി ദേഹം മൊത്തം ഭസ്മം കൊണ്ട് കുറിവരച്ച്, കറുപ്പുടുത്തു ശബരിമലക്ക് പോവാന്‍ മാലയിട്ട ഒരു സ്വാമി. എല്ലാ കുട്ടികള്‍ക്കും മിഠായി കൊടുക്കുന്നു. മാമ്പയിലെ ഷംസുക്ക കടയിലുണ്ട്. ഗോലി സോഡയും, നാരങ്ങ മിഠായി, പുളിയച്ചാര്‍ അങ്ങിനെ അന്നത്തെ സ്പെഷ്യല്‍ എല്ലാം കിട്ടുന്ന ഒരു കട. അതിന്റെ മുമ്പിലാണ് ഈ തിരക്ക് ഇത് പതിവാണെന്ന് പിന്നീട് മനസ്സിലായി. ഞാനും സ്ഥിരം അംഗത്വം സ്വയം നേടി. മുപ്പത് വയസ്സിനു മുകളിലുള്ള കോക്കൂര്‍ പാവിട്ടപ്പുറം കോലിക്കര പ്രദേശങ്ങളിലെ മിക്കവാറും ആളുകള്‍ അദ്ദേഹത്തിന്റെ ആ സ്നേഹം മിഠായിയുടെ മധുരമറിഞ്ഞവരായിരിക്കും. രക്ത ബന്ധമോ അയല്‍ ബന്ധമോ ഇല്ലാത്ത കുട്ടികളെ ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യനെ കണ്ടിട്ടില്ല. പേരക്കുട്ടികളെ സ്നേഹിക്കുന്ന അപ്പൂപ്പന്‍മാര്‍ ഒരിക്കലും ഇദ്ദേഹത്തിന് തുല്യരല്ല.

subair zi

ഇന്നത്തെ കാലഘട്ടത്തില്‍ ആയിരുന്നു സ്വാമിയെങ്കില്‍, മാറിയ കാലത്തിന്റെയോ മനുഷ്യന്റെയോ മാറ്റങ്ങള്‍ക്കനുസരിച്ച് അടയാളപ്പെടുത്താന്‍ സാധിക്കാതെ പോകുമായിരുന്നു. സ്‌നേഹം മധുരമായി പകര്‍ന്ന ഈ മനുഷ്യനെ, വരുംതലമുറയ്ക്ക് ആശ്ചര്യത്തോടെയും കൗതുകത്തോടെയും കേട്ടുപഠിക്കാനേ കഴിയൂ.
മിഠായി സ്വാമി ജീവിച്ചത് അദ്ദേഹത്തിന്റെ സഞ്ചാരലോകത്തു സ്വയം തീര്‍ത്ത സ്വര്‍ഗ്ഗത്തിലായിരുന്നു.

നിങ്ങള്‍ക്ക് സ്മാരകങ്ങളോ സ്മരണ ഉയര്‍ത്തുന്ന സമ്മേളനങ്ങളോ നടത്തുന്നില്ല. നിങ്ങള്‍ക്ക് പകരക്കാരനായി ആരും ഈ നാട്ടിലെ ജനിച്ചിട്ടില്ല. ആ മിഠായിയുടെ മധുരം നാവിന്‍ തുമ്പിലുണ്ടെന്നത് കളവാകും, പക്ഷെ മനസ്സില്‍ മായാത്ത ആ ചിത്രവും അരക്കെട്ടില്‍ തിരുകി വെച്ച ആ സ്നേഹത്തിന്റെ മിഠായി പൊതിയും മനസ്സിലുണ്ട്. ഈ നാട് നിങ്ങളെ ഓര്‍ക്കും. തീര്‍ച്ച!

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 

Leave a Reply

%d bloggers like this: