കലാ കായിക മേളകള്‍ മാറ്റിവെക്കാന്‍ സാധിക്കാത്തത്: എ. കെ. അബ്ദുല്‍ ഹക്കീം

എ. കെ. അബ്ദുല്‍ ഹക്കീം / ബിലാല്‍ ശിബിലി

സംസ്ഥാനത്തെ ഒരു വര്‍ഷത്തേക്കുള്ള ഔദ്യോഗിക ആഘോഷങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ഉത്തരവിന് പല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള, കലോത്സവങ്ങള്‍ തുടങ്ങി എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഉപേക്ഷിക്കാനാണ് നിര്‍ദേശം. ഇതിനായി നീക്കിവെച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്.

അതേ സമയം ഉപേക്ഷിക്കാന്‍ തീരുമാനിച്ച പരിപാടികളില്‍ സ്കൂള്‍ കലോത്സവം, സ്കൂള്‍ കായിക മേള എന്നിവ ഉള്‍പ്പെടുത്തുന്നതില്‍ പലരും അതൃപ്തരാണ്. വിദ്യാര്‍ഥി സംഘടനകള്‍, അധ്യാപക സംഘടനകള്‍, കലാകാരന്മാരുടെ കൂട്ടായ്മകള്‍ തുടങ്ങി നിരവധി പേര്‍ ഇതിനകം രംഗത്ത് വന്നുകഴിഞ്ഞിട്ടുണ്ട്. കലോത്സവങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനെ പറ്റി ആകുലപ്പെടുന്നവര്‍ കൂട്ടത്തിലുണ്ട്.

വിദ്യാര്‍ഥി പക്ഷത്ത് നിന്നും മറ്റൊരു തലത്തില്‍ ഈ പ്രശ്നത്തെ വിശകലനം ചെയ്യണം എന്നാണ് വിദ്യാഭ്യാസ വിചക്ഷണനായ എ. കെ അബ്ദുല്‍ ഹക്കീം പറയുന്നത്. സംസ്ഥാന സ്കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായ അദ്ദേഹം ‘ആത്മ’യോട് തന്റെ നിലപാട് പങ്കുവെക്കുന്നു.

ഉത്തരവിനെ കുറിച്ച് പറഞ്ഞു തുടങ്ങാം

പൊതുഭരണ വകുപ്പിന്റെ ഒരു പൊതു ഉത്തരവ് ആണിത്. എല്ലാ സര്‍ക്കാര്‍ ഫണ്ടും മാറ്റി വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഉപയോഗിക്കണം എന്നതാണ് ഉള്ളടക്കം. ഉത്തരവില്‍ ചിലത് സൂക്ഷ്മമായി പറഞ്ഞപ്പോള്‍ മറ്റു ചിലത് പൊതുവായാണ് പറഞ്ഞത്. ഫിലിം ഫെസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാവില്ല എന്ന് അതുമായി ബന്ധപ്പെട്ട ആളുകള്‍ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പക്ഷെ, സ്കൂള്‍ കലോത്സവം, സ്കൂള്‍ കായികമേള എന്നിവ പൊതു തലത്തില്‍ മാത്രം വിശകലനം ചെയ്യേണ്ട ഒന്നല്ല. അതുകൊണ്ട് തന്നെ അവ രണ്ടും ഉപേക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ബാക്കിയെല്ലാം ഉപേക്ഷിച്ചാലും.

അതേ സമയം, അതിന്റെ സ്വഭാവം, ഘടന, നടത്തിപ്പ് രീതി, ചെലവ് എന്നിവയിലൊക്കെ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വലിയ മാറ്റം നമുക്ക് വേണ്ടി വരും. സ്വാഭാവികമാണ്. .

എന്ത് കൊണ്ട് മാറ്റി വെക്കാന്‍ കഴിയില്ല ?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരുപാട് നിയമങ്ങളുണ്ട്. ആ നിയമങ്ങളെയൊക്കെ മറികടന്നു കൊണ്ട് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുകയില്ല. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കുന്ന ഒന്നിനെയും തടസ്സപ്പെടുത്തുന്ന ഒരു തീരുമാനവും എടുക്കാന്‍ ഒരു സര്‍ക്കാറിനും സാധിക്കില്ല. അതില്‍ പ്രധാനപ്പെട്ടതാണ് കലാ കായിക പ്രവര്‍ത്തനങ്ങള്‍. കലാ കായിക കഴിവുകള്‍ പരിപോഷിപ്പിക്കുക, സര്‍ഗ്ഗാത്മക ഇടങ്ങള്‍ അവര്‍ക്ക് ലഭിക്കുക എന്നിവയൊക്കെ അവരുടെ അവകാശവുമായി ബന്ധപ്പെട്ട ഒന്നാണ്.

അതിനോടൊപ്പം ചേര്‍ത്ത് പറയേണ്ട ഒന്നാണ്, കഴിഞ്ഞ എട്ടോ പത്തോ കൊല്ലം പരിശീലനം നേടിയ സര്‍ഗ്ഗാത്മക ശേഷിയെ ഉചിതമായ വേദിയില്‍ അവതരിപ്പിക്കാന്‍ ഇടം ലഭിക്കുക എന്നുള്ളത്. അത് വിദ്യാര്‍ഥിയുടെ അവകാശമാണ്. വിദ്യാഭ്യാസ  അവകാശ നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണത്.

പ്രളയം ഉണ്ടായി. നശിച്ചു പോയ കെട്ടിടങ്ങള്‍, സ്കൂളുകള്‍ എന്നിവ നമ്മള്‍ നേരെയാക്കുന്നു. പുസ്തകങ്ങള്‍, നോട്ട് പുസ്തകങ്ങള്‍ തുടങ്ങി ഇന്‍സ്ട്രുമെന്റ് ബോക്സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നമ്മള്‍ കൊടുക്കുന്നു. കലോത്സവം വേണ്ട എന്ന് പറയുന്നു. എന്താണ് അത് മുന്നോട്ട് വെക്കുന്ന സന്ദേശം ? വിദ്യാഭ്യാസം എന്ന് പറയുന്നത് പുസ്തകവും ക്ലാസും നോട്ട് എഴുതലും പരീക്ഷയും ഒക്കെയാണ് എന്നതും ബാക്കിയുള്ളതൊക്കെ അതിന്‌ പുറത്തുള്ള, മാറ്റിവെക്കാന്‍ കഴിയുന്ന ഒന്നാണ് എന്ന സന്ദേശമാണ് അത് നല്‍കുന്നത്. ഇത് വിദ്യാഭ്യാസപരമായ കാഴ്ചപാടിന്റെ വൈകല്യമാണ്. പുസ്തകങ്ങളും പരീക്ഷയും വേണ്ട എന്ന് നമ്മള്‍ പറയുമോ ?

ഇടത്ത് നിന്ന്: അജ്മല്‍ എന്‍. കെ, ബിലാല്‍ ശിബിലി, എ. കെ അബ്ദുല്‍ ഹക്കീം

പാഠ്യേതരവും പഠനാനുബന്ധവും

പാഠ്യേതരം എന്നത് മുന്‍പുള്ള കാഴ്ച്ചപ്പാടാണ്. കലയും കായികവും അന്ന് എക്സ്ട്രാ കരിക്കുലര്‍ ആയിരുന്നു. ഇന്ന് നമ്മള്‍ അതിനെ വിളിക്കുന്നത് ‘പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍’ അഥവാ ‘കോ കരിക്കുലര്‍’ എന്നാണ്. പഠനത്തോടൊപ്പം സമഗ്ര വികസനവും നടക്കേണ്ടതുണ്ട്. കലാ വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കിയ സംസ്ഥാനമാണ് കേരളം. കലാ കായിക പഠനങ്ങള്‍ക്ക് സ്കൂളില്‍ അധ്യാപകരുണ്ട്. ക്രാഫ്റ്റിനും മ്യൂസിക്കിനുമുണ്ട്. ടാലെന്റ്റ് ഹണ്ട് എന്നൊക്കെ പറയുന്ന ആശയം നമ്മുടെ പൊതുവിദ്യാഭാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ്. ഇതിനൊക്കെ അത്രയേറെ പ്രാധാന്യമുള്ള ഒരു കാലത്ത്, മാറ്റിവെക്കാന്‍ പറ്റുന്ന ഒന്നല്ല കലോത്സവങ്ങള്‍.

എതിര്‍പ്പുകള്‍

രണ്ട് തരത്തിലാണ് ഇതിനെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത്. ഒന്ന് വൈകാരികം. മറ്റൊന്ന് സാമ്പത്തിക ശാസ്ത്രപരമായ വിശകലനം. പ്രളയദുരിതത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുമ്പോള്‍, ഇത് പോലെയുള്ള ആഘോഷങ്ങള്‍ വേണോ എന്നുള്ളതാണ് വൈകാരികമായ ചോദ്യം. ഈ വാദത്തിന് വസ്തുതയുണ്ട്. നമ്മുടെ കലോത്സവങ്ങളൊക്കെ വഴിവിട്ട രീതികളുള്ള ഒന്നായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ പ്രത്യേകിച്ച്. അത് പക്ഷെ, അതിന്റെ പ്രയോഗ തലത്തിലെ പോരായ്മകളാണ്.

ദുരന്തം കഴിഞ്ഞ ഉടനെയല്ല നമ്മള്‍ ഇത് നടത്തേണ്ടത്. മൂന്നാല് മാസങ്ങള്‍ മുന്നിലുണ്ട്. ഒരു വലിയ ദുരന്തത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഒരു ജനതയല്ല മലയാളികള്‍, ധൈര്യപൂര്‍വ്വം അതിജീവിച്ചവരാണ്. അതിജയിച്ച കേരളത്തില്‍ ഒന്നും നമുക്ക് ഉപേക്ഷിക്കാനില്ല.

എങ്ങനെ നടത്താം

വിഭ്യാഭ്യാസ കലണ്ടറിനെ ചെറുതായി ഒന്ന് പരിഷ്കരിക്കേണ്ടി വരും. പരീക്ഷ ഒരു മാസം നീട്ടാം. വലിയ രീതിയിലുള്ള ആര്‍ഭാടങ്ങള്‍ ഒഴിവാക്കാം. ഭക്ഷണമേളകള്‍ വേണ്ട എന്ന് വെക്കണം. കുട്ടികളും അവരുടെ പ്രകടനങ്ങളെ വിലയിരുത്താന്‍ പറ്റുന്ന വിദഗ്ദരും മാത്രമടങ്ങുന്ന ചെറിയ ക്രിയേറ്റീവ് ക്യാമ്പുകളെ കുറിച്ച് ആലോചിച്ചു കൂടെ ?

അതത് മേഖലകളില്‍ പ്രതിഭാ സംഗമം മാതൃകയില്‍ രണ്ടോ മൂന്നോ ദിവസം പരിപാടി നടത്താനുള്ള ആലോചനകള്‍ നടക്കട്ടെ. അവിടെ നിന്ന് തന്നെ ഗ്രേസ് മാര്‍ക്ക് അടക്കം നല്‍കുന്ന രീതിയില്‍ കലോത്സവത്തെ എങ്ങനെ പുനക്രമീകരിക്കം എന്ന ചര്‍ച്ചകള്‍ക്ക് ബലമേകാം.

സാമ്പത്തികം നമുക്ക് കുറയ്ക്കാവുന്നതാണ്. ഏതെല്ലാം മേഖലയില്‍ എങ്ങനെയൊക്കെ കുറയ്ക്കാം എന്നത് സാമ്പത്തിക വിദഗ്ദര്‍ ആലോചിക്കട്ടെ. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് കുട്ടികള്‍ പൊതിച്ചോറുമായെത്തട്ടെ. സുന്ദരമായി തന്നെ നമുക്ക് ഇത് നടത്താന്‍ പറ്റും.

കായികമേള

കായിക മേള എന്നത് കേരളത്തില്‍ നില്‍ക്കുന്ന ഒന്നല്ല. ദേശീയ – അന്തര്‍ദേശീയ ഇടങ്ങളിലേക്കുള്ള ഒരു തുടക്കം മാത്രമാണ്. അത് വേണ്ടെന്ന് വെക്കാന്‍ ഒരു സംസ്ഥാനത്തിനാവില്ല. അങ്ങനെ സംഭവിച്ചാല്‍, അത് പ്രതിഭാ ശാലികളായ കുട്ടികളോട് ചെയ്യുന്ന വലിയ പാതകമായിരിക്കും.

ഉത്തരവ് ഭേദഗതി ചെയ്യാം

കല എന്നത് വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട ഒന്നാണ് എന്നുള്ള തെറ്റായ ബോധത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള ഉത്തരവുകള്‍ വരുന്നത്. ഇതില്ലെങ്കിലും വിദ്യാഭ്യാസത്തിന് ഒരു പരിക്കും പറ്റുകയില്ല എന്ന തെറ്റായ ചിന്തയാണ് കാരണം. കൂടിയാലോചനകള്‍ നടക്കട്ടെ. ഉത്തരവ് ഭേദഗതി ചെയ്യാന്‍ പറ്റുന്നതാണ്. ഈ ഉത്തരവ് ഭേദഗതി ചെയ്തു കലോത്സവം നടക്കും എന്ന ഉറപ്പുണ്ട്. പുരോഗമന കാഴ്ചപാടുള്ള ഒരു സര്‍ക്കാറില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതും അതാണ്‌. അങ്ങനെ കുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഒരു സര്‍ക്കാറല്ല കേരളം ഭരിക്കുന്നത്. വിദ്യാര്‍ഥി പക്ഷത്ത് നിന്ന് ചിന്തിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് കുട്ടികള്‍ക്കെതിരായ ഒരു തീരുമാനവും ഉണ്ടാവില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു.

1 thought on “കലാ കായിക മേളകള്‍ മാറ്റിവെക്കാന്‍ സാധിക്കാത്തത്: എ. കെ. അബ്ദുല്‍ ഹക്കീം

  1. Government is requesting one month salary from all sectors of people. People will be ready to give the same. In this tragic situation if government do school kalotsava
    M it creates a wrong sign to the public. I strongly opposed toMr hakim about his views

Leave a Reply

Your email address will not be published. Required fields are marked *